സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

അധ്യായം: 43, ഭാഗം 7 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ ظَلَمُوا۟ مِنْ عَذَابِ يَوْمٍ أَلِيمٍ (٦٥) هَلْ يَنظُرُونَ إِلَّا ٱلسَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ (٦٦) ٱلْأَخِلَّآءُ يَوْمَئِذٍۭ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا ٱلْمُتَّقِينَ (٦٧) يَـٰعِبَادِ لَا خَوْفٌ عَلَيْكُمُ ٱلْيَوْمَ وَلَآ أَنتُمْ تَحْزَنُونَ (٦٨) ٱلَّذِينَ ءَامَنُوا۟ بِـَٔايَـٰتِنَا وَكَانُوا۟ مُسْلِمِينَ (٦٩) ٱدْخُلُوا۟ ٱلْجَنَّةَ أَنتُمْ وَأَزْوَٰجُكُمْ تُحْبَرُونَ (٧٠) يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ ۖ وَفِيهَا مَا تَشْتَهِيهِ ٱلْأَنفُسُ وَتَلَذُّ ٱلْأَعْيُنُ ۖ وَأَنتُمْ فِيهَا خَـٰلِدُونَ (٧١) وَتِلْكَ ٱلْجَنَّةُ ٱلَّتِىٓ أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ (٧٢)

65. എന്നിട്ട് അവർക്കിടയിലുള്ള കക്ഷികൾ ഭിന്നിച്ചു. അതിനാൽ അക്രമം പ്രവർത്തിച്ചവർക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം!

66. അവർ ഓർക്കാതിരിക്കെ പെട്ടെന്ന് ആ അന്ത്യസമയം അവർക്ക് വന്നെത്തുന്നതിനെയല്ലാതെ അവർ നോക്കിയിരിക്കുന്നുണ്ടോ?

67. സുഹൃത്തുക്കൾ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.

68. എന്റെ ദാസൻമാരേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല. നിങ്ങൾ ദുഃഖിക്കേണ്ടതുമില്ല.

69. നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും കീഴ്‌പെട്ടു ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ (നിങ്ങൾ).

70. നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക.

71. സ്വർണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടുനടക്കപ്പെടും. മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. നിങ്ങൾ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും.

72. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗമത്രെ അത്.

65). ഈ സന്ദേശങ്ങളുമായി ഈസാനബി (അ) വന്നപ്പോൾ ഭിന്നിച്ചുപോയ (കക്ഷികൾ). സത്യത്തെ നിഷേധിക്കുവാൻ വ്യത്യസ്ത കക്ഷികളായിത്തീർന്നവർ. (അവർക്കിടയിലുള്ള) അല്ലാഹു സന്മാർഗം നൽകിയ വിശ്വാസികളൊഴികെ മറ്റെല്ലാവരും ഈസാ നബി(അ)യുടെ സന്ദേശത്തെക്കുറിച്ച് അസത്യമായതാണ് പറഞ്ഞത്. വിശ്വാസികൾ അദ്ദേഹത്തിന്റെ സന്ദേശത്തിന് സാക്ഷികളാണ്. അവർ അദ്ദേഹത്തിന്റെ സന്ദേശത്തെ സത്യപ്പെടുത്തുകയും ചെയ്തു. അവർ പറഞ്ഞു: തീർച്ചയായും അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമാണ്. (അക്രമം പ്രവർത്തിച്ചവർക്ക് നാശം) അതായത് അക്രമികളുടെ ദുഃഖം എത്ര കഠിനമാണ്. (വേദനയേറിയ ഒരു ദിവസത്തെ ശിക്ഷമൂലം നാശം) ആ ദിവസത്തിൽ എത്ര വലിയ നഷ്ടമായിരിക്കും അവർക്കുണ്ടാവുക!

66) തുടർന്ന് അല്ലാഹു പറയുന്നു: (അവർ നോക്കിയിരിക്കുന്നുണ്ടോ?) ഈ നിഷേധികൾ കാത്തിരിക്കുകയാണോ? അവർ കാത്തിരിക്കുന്നത് (അവർ ഓർക്കാതിരിക്കെ പെട്ടെന്ന് ആ അന്ത്യസമയം അവർക്ക് വന്നെത്തുന്നതിനെ മാത്രമാണ്). അതായത് അത് വന്നുകഴിഞ്ഞാൽ പരലോകത്തെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്തവരെക്കുറിച്ച് നിങ്ങൾ ചോദിക്കരുത്.

67). (സുഹൃത്തക്കൾ ആ ദിവസം) ഉയിർത്തെഴുന്നേൽപുനാളിൽ, അല്ലാഹുവോട് എതിര് ചെയ്യാനും നിഷേധിക്കാനും കളവാക്കാനും പരസ്പരം കൂട്ടുചേർന്നവർ. (അന്യോന്യം ശത്രുക്കളായിരിക്കും) കാരണം അവരുടെ സ്‌നേഹവും സൗഹാർദവും ഇഹലോകത്ത് അല്ലാഹു അല്ലാത്തവർക്കുവേണ്ടിയായിരുന്നു. അതിനാൽ പരലോകത്തത് ശത്രുതയായി മാറി. (സൂക്ഷ്മത പാലിക്കുന്നവരൊഴികെ) ശിർക്കും പാപവും സംഭവിക്കാതെ, അല്ലാഹുവിന് വേണ്ടിയുള്ള സ്‌നേഹമാണെങ്കിൽ അത് നിത്യമായും നിരന്തരമായും തുടരും.

68). പിന്നീട് സൂക്ഷ്മത പാലിക്കുന്നവർക്കുള്ള പ്രതിഫലമാണ് പറയുന്നത്. ഹൃദയത്തിന് സന്തോഷം നൽകുന്ന വിധത്തിലായിരിക്കും അവരെ ഉയിർത്തെഴുന്നേൽപുനാളിൽ അല്ലാഹു വിളിക്കുക. എല്ലാവിധ അപകടങ്ങളിൽനിന്നും ദുരന്തങ്ങളിൽനിന്നും അവരെ അവർക്കവൻ ഒഴിവാക്കിക്കൊടുക്കും. അവൻ അവരോട് പറയും: (എന്റ ദാസന്മാരേ, ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല, നിങ്ങൾ ദുഃഖിക്കേണ്ടതുമില്ല) നിങ്ങൾ ഭാവിയിൽ അഭിമുഖീകരിക്കുന്ന കാര്യങ്ങളിൽ യാതൊരു ഭയവും നിങ്ങൾക്കുണ്ടാവില്ല. കഴിഞ്ഞ് കടന്നുപോയ കാര്യങ്ങളിൽ യാതൊരു ദുഃഖവും നിങ്ങളെ ബാധിക്കുകയുമില്ല. എല്ലാ അനിഷ്ടങ്ങളും ഇല്ലാതാകുമ്പോൾ അവിടെ പിന്നെ ഇഷ്ടങ്ങൾ മാത്രമായിരിക്കും.

69). (നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുന്നവരാണെന്നാണ് അല്ലാഹു അവരെ വിശേഷിപ്പിച്ചത്. ആ വിശ്വാസത്തെ അവർ സത്യപ്പെടുത്തുന്നുണ്ടെന്ന് അതിൽനിന്ന് മനസ്സിലാക്കാം. ആശയമറിയാതെയും അറിഞ്ഞതനുസരിച്ച് പ്രവർത്തിക്കാതെയും സത്യപ്പെടുത്തുന്നത് പൂർണമാവുകയില്ല. (കീഴ്‌പ്പെട്ട് ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരത്രെ) എല്ലാ ജീവിതസാഹചര്യങ്ങളിലും അവർ അല്ലാഹുവിന് കീഴ്‌പ്പെട്ടുകൊണ്ട് ജീവിക്കും. ഉള്ളിലും പുറത്തുമെല്ലാം അവർ ചെയ്യേണ്ട കാര്യങ്ങളെല്ലാം അവർ ഒരുപോലെ ചെയ്യുന്നു.

70). (നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക) സ്ഥിരതാമസത്തിന്റെ ഭവനത്തിൽ. (നിങ്ങളും നിങ്ങളുടെ ഇണകളും) നിങ്ങളെപ്പോലെ പ്രവർത്തിച്ച നിങ്ങളുടെ ഉറ്റവരായ ഭാര്യയും സന്താനങ്ങളും സുഹൃത്തുക്കളുമായവരെല്ലാം. (സന്തോഷഭരിതരായി) ആദരിക്കപ്പെടുന്നവരും ആഹ്ലാദിക്കുന്നവരുമായി. നാവുകൾക്ക് വർണിക്കാനാകാത്ത ആസ്വാദനങ്ങളും സന്തോഷങ്ങളും സുഖങ്ങളും നിങ്ങളുടെ രക്ഷിതാവിന്റെ ഔദാര്യമായി നിങ്ങൾക്ക് ലഭിക്കും.

71).(സ്വർണത്തിന്റെ തളികകളും പാനപാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടുനടക്കപ്പെടും) ശാശ്വതരാക്കപ്പെട്ട സേവകരായ കുട്ടികൾ ഉന്നതമായ പാത്രങ്ങളിൽ ഭക്ഷണങ്ങളുമായി അവരെ ചുറ്റിക്കൊണ്ടിരിക്കും. സ്വർണത്തിന്റെ തളികകളായിരിക്കും അത്. അതിലുള്ള പാനീയം ഏറ്റവും ഹൃദ്യമായിരിക്കും. ആ കോപ്പകൾക്ക് ഒഴിക്കാനുള്ള വാലുകളുണ്ടാവില്ല. തെളിമയുള്ള പാത്രങ്ങൾ. സ്ഫടികങ്ങളെക്കാൾ തെളിമയാർന്ന വെള്ളികൊണ്ട്. (അവിടെ) സ്വർഗത്തിൽ. (മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായി കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും) ഇതൊരു പൊതുവായ പ്രയോഗമാണ്. ഹൃദയത്തിന് സന്തോഷകരവും കണ്ണിന് ആനന്ദകരവുമായ എല്ലാ അനുഗ്രഹങ്ങളും ഇതിൽപെടും. മനസ്സാഗ്രഹിക്കുന്ന വസ്ത്രങ്ങളും പാനീയങ്ങളും ശാരീരിക ബന്ധങ്ങളും കണ്ണിന് ആനന്ദം പകരുന്ന ഭംഗിയുള്ള കാഴ്ചകളും ഫലവൃക്ഷങ്ങളും നല്ല സുഖങ്ങളും മോടിയുള്ള സൗധങ്ങളും, ഇതെല്ലാം അവിടെ ലഭിക്കും. ഏറ്റവും ശ്രേഷ്ഠവും എല്ലാനിലയിലും സമ്പൂർണവുമായി സ്വർഗക്കാർക്കായി തയ്യറാക്കപ്പെട്ടവയാണിവയെല്ലാം. അല്ലാഹു പറയുന്നു:

(٥٧) لَهُمْ فِيهَا فَـٰكِهَةٌ وَلَهُم مَّا يَدَّعُونَ 

“അവർക്കവിടെ പഴവർഗങ്ങളുണ്ട്. അവർക്ക് തങ്ങൾ ആവശ്യപ്പെടുന്നതെല്ലാമുണ്ട്’’ (36:57).

(നിങ്ങളവിടെ നിത്യവാസികളായിരിക്കും) ഇതെല്ലാം സ്വർഗവാസികൾക്കുള്ള സുഖാനുഗ്രഹങ്ങളാണ്. അതെല്ലാം നിത്യവും ശാശ്വതവുമാണ്. ആ അനുഗ്രഹങ്ങളെല്ലാം നിത്യമാണെന്നതിനോടൊപ്പം അത് വർധിച്ചുകൊണ്ടിരിക്കുകയും നിന്ന് പോകാതിരിക്കുകയും ചെയ്യും.

72). (സ്വർഗമത്രെ അത്) ഉന്നത വിശേഷണങ്ങളാൽ വിശേഷിക്കപ്പെട്ട സ്വർഗം. (നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ളത്) നിങ്ങളുടെ പ്രവർത്തനഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്ന അവന്റെ ഔദാര്യത്തിൽ നിന്നുള്ള പ്രതിഫലമായി അതിനെ അവൻ നിശ്ചയിച്ചു. അതിൽ അവൻ കരുണയായി പലതും സംവിധാനിച്ചു.