സൂറഃ അദ്ദാരിയാത് (വിതറുന്നവ), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

അധ്യായം: 51, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَلَا تَجْعَلُوا۟ مَعَ ٱللَّهِ إِلَـٰهًا ءَاخَرَ ۖ إِنِّى لَكُم مِّنْهُ نَذِيرٌ مُّبِينٌ (٥١) كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ (٥٢) أَتَوَاصَوْا۟ بِهِۦ ۚ بَلْ هُمْ قَوْمٌ طَاغُونَ (٥٣) فَتَوَلَّ عَنْهُمْ فَمَآ أَنتَ بِمَلُومٍ (٥٤) وَذَكِّرْ فَإِنَّ ٱلذِّكْرَىٰ تَنفَعُ ٱلْمُؤْمِنِينَ (٥٥) وَمَا خَلَقْتُ ٱلْجِنَّ وَٱلْإِنسَ إِلَّا لِيَعْبُدُونِ (٥٦) مَآ أُرِيدُ مِنْهُم مِّن رِّزْقٍ وَمَآ أُرِيدُ أَن يُطْعِمُونِ (٥٧) إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ (٥٨) فَإِنَّ لِلَّذِينَ ظَلَمُوا۟ ذَنُوبًا مِّثْلَ ذَنُوبِ أَصْحَـٰبِهِمْ فَلَا يَسْتَعْجِلُونِ (٥٩) فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن يَوْمِهِمُ ٱلَّذِى يُوعَدُونَ (٦٠)

(51). അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് അവന്റെ അടുക്കല്‍ നിന്നുള്ള വ്യക്തമായ താക്കീതുകാരനാകുന്നു. (52). അപ്രകാരം തന്നെ ഇവരുടെ പൂര്‍വികന്‍മാരുടെ അടുത്ത് ഏതൊരു റസൂല്‍ വന്നപ്പോഴും ജാലവിദ്യക്കാരനെന്നോ, ഭ്രാന്തനെന്നോ അവര്‍ പറയാതിരുന്നിട്ടില്ല. (53). അതിന് (അങ്ങനെ പറയണമെന്ന്) അവര്‍ അന്യോന്യം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? അല്ല, അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു. (54). ആകയാല്‍ നീ അവരില്‍നിന്ന് തിരിഞ്ഞുകളയുക. നീ ആക്ഷേപാര്‍ഹനല്ല. (55). നീ ഉല്‍ബോധിപ്പിക്കുക. തീര്‍ച്ചയായും ഉല്‍ബോധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും. (56). ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. (57). ഞാന്‍ അവരില്‍നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. (58). തീര്‍ച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും. (59). തീര്‍ച്ചയായും (ഇന്ന്) അക്രമം ചെയ്യുന്നവര്‍ക്ക് (പൂര്‍വികരായ) തങ്ങളുടെ കൂട്ടാളികള്‍ക്കു ലഭിച്ച വിഹിതം പോലെയുള്ള വിഹിതം തന്നെയുണ്ട്. അതിനാല്‍ എന്നോട് അവര്‍ ധൃതികൂട്ടാതിരിക്കട്ടെ. (60). അപ്പോള്‍ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നതായ ആ ദിവസം നിമിത്തം സത്യനിഷേധികള്‍ക്കു നാശം.

51. (അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെയും നിങ്ങള്‍ സ്ഥാപിക്കാതിരിക്കുകയും ചെയ്യുക). ഇതാണ് അല്ലാഹുവിലേക്കുള്ള യഥാര്‍ഥ ഓടിച്ചെല്ലല്‍. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ക്വബ്‌റുകള്‍, സമന്മാര്‍, ബിംബങ്ങള്‍ എന്നിവയെ ആരാധ്യന്മാരായി സ്വീകരിക്കുന്നതിൽ നിന്നും ഒരു അടിമ ഓടിച്ചെല്ലുക. തന്റെ ആരാധനയും ഭയവും പ്രതീക്ഷയും പ്രാര്‍ഥനയും മടക്കവും തന്റെ രക്ഷിതാവിന് മാത്രമാക്കുകയും ചെയ്യുക.

52. അല്ലാഹുവിനെ കളവാക്കുന്ന മുശ്‌രിക്കുകളെക്കുറിച്ച് പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു. അദ്ദേഹത്തെയും അവര്‍ കളവാക്കുന്നു. വിശുദ്ധമാക്കപ്പെട്ട അദ്ദേഹത്തിന്റെ കാര്യങ്ങളില്‍വരെ മോശമായ ആരോപണങ്ങളും അവര്‍ പറയുന്നു. ഈ വാക്കുകളെല്ലാം തന്നെ പ്രവാചകന്മാരെ കളവാക്കുന്ന കുറ്റവാളികള്‍ സ്ഥിരം പറയാറുള്ള കാര്യങ്ങള്‍ തന്നെയാണ്. തന്റെ ജനതയാല്‍ ഭ്രാന്തും സിഹ്‌റും ആരോപിക്കപ്പെടാതെ ഒരു ദൂതനെയും അല്ലാഹു അയച്ചിട്ടില്ല.

53. അല്ലാഹു പറയുന്നു; ഇവരില്‍നിന്നും പൂര്‍വികന്മാരില്‍നിന്നുമുണ്ടാകുന്ന ഒരേ വാക്കുകള്‍ പറയണമെന്നവര്‍ പരസ്പരം വസ്വിയ്യത്ത്‌ചെയ്തതാണോ? അവര്‍ പരസ്പരം ചൊല്ലിക്കൊടുക്കുകയുമാണോ? ഇതിലവര്‍ യോജിക്കുന്നതിന്റെ കാരണം അത്ഭുതമല്ലേ? (അല്ല അവര്‍ അതിക്രമകാരികളായ ഒരു ജനതയാകുന്നു) അതിക്രമത്തിലും അവിശ്വാസത്തിലും അവരുടെ പ്രവര്‍ത്തനങ്ങളും ഹൃദയങ്ങളും പരസ്പരം സാദൃശ്യമായിരിക്കുന്നു. അവരുടെ അതിക്രമങ്ങളില്‍നിന്നുണ്ടാകുന്ന വാക്കുകള്‍ പരസ്പരം സദൃശ്യമായിരിക്കുന്നു. ഇതാണ് യാഥാര്‍ഥ്യം

‘‘അപ്രകാരം തന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ സത്യത്തിന് കീഴൊതുങ്ങാനും അതിനെ അന്വേഷിക്കാനും അതില്‍ പരിശ്രമിക്കാനുമാണ് പരസ്പരം സാദൃശ്യമുണ്ടായിരിക്കുന്നത്. അവര്‍ പ്രവാചകന്മാരില്‍ വിശ്വസിക്കാനും അവരെ ആദരിക്കാനും ബഹുമാനിക്കുവാനും ശരിയായ നിലയില്‍ അവരോട് സംസാരിക്കാനും ധൃതികാണിക്കുകയും ചെയ്യുന്നു'' (2:118).

54. സത്യത്തില്‍നിന്ന് തിരിഞ്ഞുകളയുന്ന സത്യനിഷേധികളെ അവഗണിക്കാന്‍ തന്റെ ദൂതനോട് അല്ലാഹു കൽപ്പിക്കുന്നു: (ആകയാല്‍ നീ അവരില്‍നിന്ന് തിരിഞ്ഞുകളയുക). അതായത്, നീ അവരെ അവഗണിക്കുക. അവരുടെ കാര്യങ്ങളില്‍ നീ നടപടി സ്വീകരിക്കേണ്ടതില്ല. നീ നിന്റെ കാര്യവുമായി മുന്നോട്ടുപോവുക. അവരുടെ തെറ്റുകളില്‍ യാതൊരാക്ഷേപവും നിനക്കില്ല. എത്തിച്ചുകൊടുക്കല്‍ മാത്രമാണ് നിനക്ക് ബാധ്യത. നിന്നെ ഏല്‍പിച്ചത് നീ നിര്‍വഹിക്കുക. നീ നിയോഗിക്കപ്പെട്ട കാര്യം നീ എത്തിച്ചു.

55. (നീ ഉദ്‌ബോധിപ്പിക്കുക, തീര്‍ച്ചയായും ഉദ്‌ബോ ധനം സത്യവിശ്വാസികള്‍ക്ക് പ്രയോജനം ചെയ്യും). ഉദ്‌ബോധനം രണ്ടുവിധമുണ്ട്. മൊത്തത്തില്‍ ബുദ്ധികൊണ്ടും പ്രകൃതികൊണ്ടും മനസ്സിലാക്കിയതും വിശദമല്ലാത്തതുമായ ഉദ്‌ബോധനം. കാരണം അല്ലാഹു ബുദ്ധിയുടെ പ്രകൃതി പൊതുവെ സത്യത്തെ സ്‌നേഹിക്കുകയും അതിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്നതും തിന്മയെ വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നതുമാണ്. മതനിയമങ്ങള്‍ അതിനോട് യോജിക്കുകയും ചെയ്യും.

എന്നാല്‍ ഈ ഉദ്‌ബോധനം പൂര്‍ത്തിയാകുന്നതും നന്മ വരുത്തുന്നതും ഉത്തമവും നന്മയായ വിധികളെയും ദ്രോഹകരമായ വിരോധങ്ങളെയും ഉദ്‌ബോധിപ്പിക്കലിലൂടെയാണ്. ഉദ്‌ബോധനങ്ങളില്‍ രണ്ടാമത്തെ ഇനം സത്യവിശ്വാസികള്‍ക്ക് പരിചിതമായ ഉദ്‌ബോധനമാണ്. എന്നാല്‍ അതില്‍ സ്വാഭാവികമായും അശ്രദ്ധയും അവഗണനയും വരും. അപ്പോള്‍ അവര്‍ ഉദ്‌ബോധിപ്പിക്കപ്പെടും. അവരോട് അത് ആവര്‍ത്തിച്ചുകൊണ്ട് മനസ്സുകളില്‍ അത് ഉറപ്പിക്കും. അവര്‍ ബോധവാന്മാരാവുകയും ചെയ്യും. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കും. പുതിയ ഉന്മേഷമുണ്ടാകും. അത് പ്രയോജനപ്പെടുത്താനും ഉയരാനുമുള്ള മനശ്ശക്തിയുണ്ടാക്കും. അല്ലാഹു പറയുന്നുണ്ട്; ഉദ്‌ബോധനം വിശ്വാസികള്‍ക്ക് ഉപകരിക്കുമെന്ന്. അതിന് കാരണം അവര്‍ക്ക് വിശ്വാസവും ഭക്തിയും പശ്ചാത്താപവും അല്ലാഹുവിന്റെ തൃപ്തിക്കുള്ള മനസ്സുമുണ്ടെന്നുള്ളതാണ്. അതുകൊണ്ട് ഉദ്‌ബോധനം അവര്‍ക്ക് പ്രയോജനപ്പെടും. ഉപദേശങ്ങള്‍ അത് കൊള്ളേണ്ടിടത്ത് കൊള്ളും.

എന്നാല്‍ വിശ്വാസവും ഉദ്‌ബോധനവും സ്വീകരിക്കാനുള്ള മാനസിക തയ്യാറെടുപ്പ് ഇല്ല. അവര്‍ക്ക് ഈ ഉദ്‌ബോധനം ഫലപ്പെടില്ല. ചതുപ്പ് ഭൂമിയില്‍ മഴ പ്രയോജനപ്പെടില്ല. ഇത്തരക്കാര്‍ക്ക് എത്രതന്നെ ദൃഷ്ടാന്തങ്ങള്‍ വന്നാലും വേദനയേറിയ ശിക്ഷ കാണുന്നതുവരെ അവര്‍ വിശ്വസിക്കില്ല.

56. മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചതിന്റെ ലക്ഷ്യമിതാണ്. എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തതും ഇതുതന്നെ. അത് അല്ലാഹുവിനെ മനസ്സിലാക്കിയും അവനെ സ്‌നേഹിച്ചും അവനിലേക്ക് ഖേദിച്ചുമടങ്ങിയും മറ്റുള്ളവരില്‍നിന്നും തിരിഞ്ഞുകളഞ്ഞ് അവനിലേക്ക് മുന്നിട്ടും അവനെ ആരാധിക്കുക എന്നതാണ്. അതാവട്ടെ അല്ലാഹുവിനെ ശരിയായവിധം അറിയുന്നതില്‍ മാത്രം പരിമിതമാണ്. ശരിയായ ആരാധന അല്ലാഹുവിനെ അറിയുമ്പോള്‍ മാത്രമാണ് ഉണ്ടാകുന്നത്. തന്റെ രക്ഷിതാവിനെക്കുറിച്ചുള്ള അറിവ് വര്‍ധിക്കുമ്പോഴേക്കും അവന്റെ ആരാധന പൂര്‍ണത പ്രാപിക്കുന്നു. ഇതിനാണ് അല്ലാഹു മതമനുഷ്ഠിക്കാന്‍ ബാധ്യതയുള്ളവരെ സൃഷ്ടിച്ചത്. അവന്റെ ആവശ്യത്തിനുവേണ്ടി അവരെ അവന്‍ സൃഷ്ടിച്ചിട്ടില്ല.

57. (ഞാന്‍ അവനില്‍നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല). ഒരു നിലക്കും ഒരാളിലേക്കും ഒരാവശ്യവുമില്ലാത്ത ഐശ്വര്യവാനും ധന്യനുമാണ് അല്ലാഹു. എന്നാല്‍ സര്‍വ സൃഷ്ടികളും സര്‍വ ആവശ്യങ്ങള്‍ക്കും -അത്യാവശ്യമായതിനാവട്ടെ, അല്ലാത്തതിനാവട്ടെ- അവനിലേക്ക് ആവശ്യമുള്ളവരാണ്.

58. അല്ലാഹു പറയുന്നു: (തീര്‍ച്ചയായും അല്ലാഹുതന്നെയാണ് ഉപജീവനം നല്‍കുന്നവന്‍). ധാരാളം ഭക്ഷണം നല്‍കുന്നവന്‍. ആകാശത്തിലാവട്ടെ ഭൂമിയിലാവട്ടെ യാതൊരു ജീവിയും തന്നെയില്ല; അതിന്റെ ഭക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടല്ലാതെ. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവുംഅവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്. (ശക്തനും പ്രബലനും). അവന് ശക്തിയുണ്ട്, എല്ലാറ്റിനുമുള്ള കഴിവുമുണ്ട്. ഉപരിയിലും അല്ലാത്തതുമായ മഹത്തായ ഗോളങ്ങളെ അതിനാല്‍ (കഴിവിനാല്‍) അവനാണ് ഉണ്ടാക്കിയത്. ആ ശക്തിയില്‍ ബാഹ്യവും ആന്തരികവുമായ എല്ലാം അവന്‍ നിയന്ത്രിക്കുന്നു.

എല്ലാ സൃഷ്ടികളിലും അവന്റെ ഉദ്ദേശ്യം അവന്‍ നടപ്പിലാക്കുന്നു. അവനുദ്ദേശിച്ചാല്‍ അത് ഉണ്ടാകും, അവനുദ്ദേശിക്കാത്തത് ഉണ്ടാകുന്നുമില്ല. ഓടിപ്പോകുന്നവന്‍ അവനെ പരാജയപ്പെടുത്തുന്നില്ല. അവന്റെ അധികാരത്തില്‍ നിന്ന് ഒരാളും പുറത്തുപോകുന്നില്ല. അവന്റെ ശക്തിയാല്‍ അവന്‍ ലോകത്ത് മുഴുവന്‍ ഭക്ഷണമെത്തിക്കുന്നു. മരിച്ചവരെ അവന്‍ ജനിപ്പിക്കുന്നു. അവന്റെ ശക്തിയാല്‍ ചിന്നിച്ചിതറി നുരുമ്പിയശേഷം, കാറ്റ് അവരില്‍ വീശിയശേഷം, പക്ഷികളും മൃഗങ്ങളും അവരെ വിഴുങ്ങിയശേഷം, വിജനതകളിലും സമുദ്രതിരമാലകളിലും ചിതറിയതിനുശേഷം അവരില്‍ ഒരാള്‍പോലും നഷ്ടപ്പെട്ടുപോകാതെ, ഭൂമി അവരുടെ ശരീരങ്ങളില്‍ വരുത്തുന്ന കുറവ് അവന്‍ അറിയുന്നു. ശക്തനും പ്രബലനുമായവന്‍ മഹാപരിശുദ്ധന്‍.

59. (തീര്‍ച്ചയായും അക്രമം ചെയ്തവര്‍ക്ക്) മുഹമ്മദ് നബി ﷺ യെ കളവാക്കിയവര്‍ക്ക് ഗുണപാഠവും ശിക്ഷയുമുണ്ട്. (വിഹിതം) അതായത് ഓഹരി, ഭാഗം. കളവാക്കുകയും അക്രമം കാണിക്കുകയും ചെയ്ത ആളുകള്‍ക്ക് ലഭിച്ചതുപോലെ. (അതിനാല്‍ എന്നോടവര്‍ ധൃതികൂട്ടാതിരിക്കട്ടെ) ശിക്ഷയ്ക്ക്. സമുദായങ്ങളില്‍ അല്ലാഹുവിന്റെ നടപടിക്രമം എപ്പോഴും ഒന്നാണ്. പശ്ചാത്താപമോ മനസ്താപമോ ഇല്ലാതെ നിഷേധത്തില്‍ തുടരുന്ന എല്ലാ നിഷേധിക്കും അല്‍പം വൈകിയാലും ശിക്ഷ അനിവാര്യമാണ്.

60. ഉയിര്‍ത്തെഴുന്നേല്‍പ് നാളിനെക്കുറിച്ച് അല്ലാഹു അവരെ താക്കീത് ചെയ്യുന്നു: (അപ്പോള്‍ തങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നതായ ആ ദീവസം നിമിത്തം സത്യനിഷേധികള്‍ക്ക് നാശം). ഉയിര്‍ത്തെഴുന്നേല്‍പ് ദിനമാണത്. അതിലവര്‍ക്ക് വ്യത്യസ്തമായ ശിക്ഷകളും ഗുണപാഠങ്ങളും ചങ്ങലകളും കയ്യാമങ്ങളും സംബന്ധിച്ച് താക്കീത് ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷപ്പെടുത്തുന്നവനോ സഹായിക്കുന്നവനോ ഒരാളുമില്ല. അതില്‍നിന്ന് നാം അല്ലാഹുവോട് രക്ഷ ചോദിക്കുന്നു.