സൂറഃ അല്‍ഫത്ഹ് (വിജയം), ഭാഗം 7

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഏപ്രിൽ 30, 1442 റമദാൻ 28

അധ്യായം: 48, ഭാഗം 7 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

ഹുദൈബിയ ചരിത്രം - 2

അങ്ങനെ അദ്ദേഹം നബി ﷺ യുടെ അടുക്കൽ ചെന്നു സംസാരിക്കാൻ തുടങ്ങി. ബദീലിനോട് മുമ്പ് പറഞ്ഞതുപോലെത്തന്നെ നബി ﷺ  അദ്ദേഹത്തോടും പറഞ്ഞു. ആ സന്ദർഭത്തിൽ ഉർവ അദ്ദേഹത്തോട് പറഞ്ഞു: ‘ഓ മുഹമ്മദ്, ഞാൻ നിന്റെ ജനതയെ നാമാവശേഷമാക്കുന്നതിനെക്കുറിച്ച് നിന്റെ അഭിപ്രായമെന്താണ്? ആ അറബികളിൽനിന്ന് ആരെങ്കിലും മുമ്പ് തന്റെ കുടുംബത്തെ നശിപ്പിച്ചത് നീ കേട്ടിട്ടുണ്ടോ? നീ മറിച്ചാവുകയാണെങ്കിൽ, അല്ലാഹുവാണെ, ഞാൻ ചില മുഖങ്ങൾ കാണുന്നു; ചില ജനങ്ങളിലെ ചില അധമന്മാരെയും, വിരണ്ടോടുന്നവരും നിന്നെ ഉപേക്ഷിക്കുന്നവരുമായ.’ അപ്പോൾ അബൂബക്ർ(റ) പ്രതികരിച്ചു: ‘ലാത്തയുടെ മുല നീ മുത്തിക്കുടിക്കുക. ഞങ്ങൾ അദ്ദേഹത്തെ ഉപേക്ഷിക്കുകയും ഓടിപ്പോവുകയും ചെയ്യുകയോ?’ അവൻ ചോദിച്ചു: ‘അതാരാണ്?’ അവർ പറഞ്ഞു: ‘അബൂബക്ർ.’ അവൻ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, നിനക്ക് എന്റെയടുക്കൽ ചില സ്വാധീനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഞാൻ നിനക്ക് മറുപടി തരുമായിരുന്നു.’ അവൻ നബിയോട് സംസാരിച്ചുകൊണ്ടേയിരുന്നു. സംസാരിക്കുമ്പോഴെല്ലാം നബിയുടെ താടിക്ക് അവൻ പിടിക്കുന്നുണ്ടായിരുന്നു. നബിയുടെ തലയുടെ അടുത്തായി മുഗീറത്തുബ്‌നു ശുഅ്ബ ഒരു വാളുമായി നിൽപ്പുണ്ടായിരുന്നു. തലയിൽ ഇരുമ്പുതൊപ്പിയുമുണ്ട്. ഉർവ നബിയുടെ താടിയിലേക്കെത്തുമ്പോഴെല്ലാം അയാളുടെ കൈക്ക് മുഗീറ വാളുകൊണ്ട് അടിച്ചുകൊണ്ടിരുന്നു. അദ്ദേഹം പറയുകയും ചെയ്തു: ‘അല്ലാഹുവിന്റെ ദൂതന്റെ താടിയിൽനിന്നും നിന്റെ കൈ മാറ്റുക.’ അപ്പോൾ ഉർവ തലയുയർത്തി ചോദിച്ചു: ‘ആരാണ്?’ അദ്ദേഹം പറഞ്ഞു: ‘മുഗീറത്തുബ്‌നു ശുഅ്ബ.’ അപ്പോൾ അവൻ പറഞ്ഞു: ‘ഒറ്റിക്കൊടുക്കുന്നവനേ! നിന്റെ ഒറ്റിക്കൊടുക്കലിൽ ഞാനിപ്പോഴും പ്രയാസപ്പെടുന്നില്ലേ?’ ജാഹിലിയ്യകാലത്ത് മുഗീറ ഒരു സംഘത്തോടൊപ്പം യാത്രപോവുകയും അവരെക്കൊന്ന് അവരുടെ സ്വത്ത് കൈക്കലാക്കുകയും ചെയ്തിരുന്നു. പിന്നീടദ്ദേഹം മുസ്‌ലിമായി. അപ്പോൾ നബി ﷺ  പറഞ്ഞു: ‘എന്നാൽ ഇസ്‌ലാം; അതിനെ ഞാൻ സ്വീകരിച്ചു. എന്നാൽ സമ്പത്ത്; അതിൽനിന്ന് എനിക്കൊന്നും ആവശ്യമില്ല.’

പിന്നീട് ഉർവ അല്ലാഹുവിന്റെ പ്രവാചകന്റെ അനുചരന്മാരെ നിരീക്ഷിക്കാൻ തുടങ്ങി. അല്ലാഹുവാണെ, നബി ﷺ  ഒന്നു തുപ്പിയാൽ അത് അവരിൽ ഒരാളുടെ കയ്യിലല്ലാതെ വീഴില്ല. അതയാൾ അയാളുടെ മുഖത്തും തൊലിയിലും പുരട്ടും. അദ്ദേഹം അവരോട് വല്ലതും കൽപിച്ചാൽ അതവർ വേഗം നിർവഹിക്കും. നബി  ﷺ  വുദൂഅ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വുദൂഇന്റെ വെള്ളത്തിന്നവർ പോരടിക്കും. അദ്ദേഹം സംസാരിക്കുകയാണെങ്കിൽ അവരുടെ ശബ്ദം അവർ താഴ്ത്തും. ബഹുമാനത്താൽ അദ്ദേഹത്തിലേക്ക് നേർക്കുനേർ നോക്കാറില്ല. ഇതെല്ലാം കണ്ടുകൊണ്ട് ഉർവ തന്റെ ജനതയിലേക്ക് തിരിച്ചുപോയി. എന്നിട്ട് അയാൾ പറഞ്ഞു: ‘ഓ, ജനതയേ. അല്ലാഹുവാണെ ഞാൻ പല രാജാക്കന്മാരുടെ അടുക്കലും നിവേദകനായി പോയിട്ടുണ്ട്; കിസ്‌റായുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കൽവരെ. മുഹമ്മദിന്റെ അനുചരർ മുഹമ്മദിനെ ആദരിക്കുന്നതുപോലെ ഒരു രാജാവും ആദരിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. അവരിൽ ഒരാളുടെ കയ്യിൽ അദ്ദേഹത്തിന്റെ തുപ്പൽവീണാൽ അതയാൾ മുഖത്തും ദേഹത്തും പുരട്ടും. അവരോടദ്ദേഹം വല്ലതും കൽപിച്ചാൽ അതവർ വേഗത്തിൽ നടപ്പിലാക്കും. വുദൂഅ് ചെയ്യുമ്പോൾ ആ വെള്ളത്തിന്നവർ മത്സരിക്കും. അദ്ദേഹം സംസാരിക്കുമ്പോൾ അവർ അദ്ദേഹത്തിന്റെയടുക്കൽ ശബ്ദം താഴ്ത്തും. ബഹുമാനത്താൽ അവർ അദ്ദേഹത്തിലേക്ക് നേർക്കുനേരെ നോക്കാറില്ല. നല്ലൊരു പദ്ധതിയാണ് അദ്ദേഹം നിങ്ങൾക്ക് സമർപ്പിച്ചത്. അത് നിങ്ങൾ സ്വീകരിക്കുക.’

അപ്പോൾ ബനൂകിനാനയിൽപെട്ട ഒരാൾ പറഞ്ഞു: ‘എന്നെ അനുവദിക്കൂ, ഞാൻ അവന്റെ അടുക്കലൊന്ന് പോകട്ടെ.’ അപ്പോൾ അവർ പറഞ്ഞു: ‘നീ ചെല്ലൂ.’ അയാൾ നബി ﷺ യുടെ അടുക്കലെത്തിയപ്പോൾ നബി ﷺ  പറഞ്ഞു: ‘ഇതാ ഒരാൾ. അയാൾ ബലിയൊട്ടകങ്ങളെ ആദരിക്കുന്ന ജനതയിൽപെട്ടവനാണ്. അവയെ അവന് കാണിക്കൂ.’ അവർ അവയെ കാണിച്ചു. തൽബിയത് ചൊല്ലി അയാളെ സ്വീകരിച്ചു. അത് കണ്ടപ്പോൾ അയാൾ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്. ഇവരെ കഅ്ബയിൽനിന്ന് തടഞ്ഞുകൂടാ.’ ഉടൻ അയാൾ തന്റെ ആളുകളിലേക്ക് മടങ്ങി. എന്നിട്ട് പറഞ്ഞു: ‘ഞൻ ബലിയൊട്ടകങ്ങളെ കണ്ടു. അവയെ മാലയിട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. അവരെ കഅ്ബയിൽനിന്ന് തടയണമെന്ന് എനിക്കഭിപ്രായമില്ല.’

അപ്പോൾ മക്‌റബ്ബ്‌നു ഹഫ്‌സ വന്ന് പറ ഞ്ഞു: ‘എന്നെ അനുവദിക്കൂ, ഞാനൊന്ന് പോയി നോക്കാം.’ അപ്പോൾ അവർ പറഞ്ഞു: ‘നീ പോയി നോക്ക്.’ അയാൾ അവരുടെ അടുത്തെത്തിയപ്പോൾ നബി ﷺ  പറഞ്ഞു: ‘ഇത് മക്‌റസ്ബ്‌നു ഹഫ്‌സ. അവനൊരു അധർമകാരിയാണ്.’ അങ്ങനെ അവൻ നബി ﷺ യോട് സംസാരിക്കാൻ തുടങ്ങി. സംസാരിച്ചുകൊണ്ടിരിക്കെ, സുഹൈലുബ്‌നു അംറ് വന്നു. അപ്പോൾ നബി ﷺ  പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ കാ ര്യം എളുപ്പമാക്കിത്തരട്ടെ.’ അപ്പോൾ അയാൾ പറഞ്ഞു: ‘വരൂ. നിനക്കും ഞങ്ങൾക്കുമിടയിൽ ഒരു രേഖയുണ്ടാക്കാം.’

അങ്ങനെ എഴുത്തുകാരനെ വിളിച്ചു. എന്നിട്ട് നബി ﷺ  പറഞ്ഞു. ‘ബിസ്മില്ലാഹിർറഹ്‌മാനിർറഹീം’ بسم الله الرحمن الرحيم എന്നെഴുതിയപ്പോൾ സുഹൈൽ പറഞ്ഞു: ‘റഹ്‌മാനോ?(പരമകാരുണികനോ?) അല്ലാഹുവാണെ, അതെന്താണെന്ന് ഞങ്ങൾക്കറിയില്ല. ബിസ്മികല്ലാഹുമ്മ باسمك اللهم (അല്ലാഹുവിന്റെ നാമത്തിൽ) എന്നെഴുതാം; നീ എഴുതാറുള്ളതുപോലെ.’ അപ്പോൾ മുസ്‌ലിംകൾ പറഞ്ഞു: ‘പരമകാരുണികനും കരുണാനിധിയുമായവന്റെ നാമത്തി ൽ’ എന്നല്ലാതെ ഞങ്ങൾ എഴുതില്ല.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘ബിസ്മികല്ലാഹുമ്മ (അല്ലാഹുവേ, നിന്റെ നാമത്തിൽ) എന്നെഴുതിക്കോളൂ.’

തുടർന്ന് നബി ﷺ  പറഞ്ഞു: ‘എഴുതൂ. ഇത് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് കരാർ ചെയ്യുന്നത്’ എന്ന്. അപ്പോൾ സുഹൈൽ പറഞ്ഞു: ‘താങ്കൾ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ നിന്നെ കഅ്ബയിൽനിന്ന് തടയുകയോ നിന്നോട് യുദ്ധം ചെയ്യുകയോ ചെയ്യുമായിരുന്നില്ല. മുഹമ്മദുബ്‌നു അബ്ദുല്ല എന്നെഴുതാം.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘നിങ്ങൾ എന്നെ കളവാക്കിയാലും ഞാൻ അല്ലാഹുവിന്റെ ദൂതൻതന്നെയാണ്. മുഹമ്മദുബ്‌നു അബ്ദുല്ല എന്നെഴുതിക്കോളൂ.’ എന്നിട്ട് നബി ﷺ  പറഞ്ഞു: ‘നിങ്ങൾ ഞങ്ങളെ കഅ്ബയിലേക്ക് പോകാനും ത്വവാഫ് ചെയ്യാനും അനുവദിക്കണം.’ അപ്പോൾ സുഹൈൽ പറഞ്ഞു: ‘അല്ലാഹുവാണെ, അറബികളെ അക്കാര്യത്തിൽ നിർബന്ധിക്കാനാവില്ല. എന്നാൽ നിനക്ക് അത് അടുത്തവർഷം നിർവഹിക്കാനാകും.’ അതെഴുതി. സുഹൈൽ പറഞ്ഞു: ‘ഞങ്ങളിൽനിന്ന് ഒരാൾ നിങ്ങളിലേക്ക് വന്നാൽ- അത് നിന്റെ മതം വിശ്വസിച്ചിട്ടായാലും ശരി- നീ അവനെ ഞങ്ങളിലേക്ക് തിരിച്ചയക്കണം.’ അപ്പോൾ മുസ്‌ലിംകൾ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, മുസ്‌ലിമായി വന്നവനെ എങ്ങനെയാണ് മുശ്‌രിക്കുകളിലേക്ക് തിരിച്ചയക്കുന്നത്?’ ഇത് സംസാരിച്ചുകൊണ്ടിരിക്കെ അബൂജൻദൽ ഇബ്‌നു സുഹൈൽ ചങ്ങലയും വലിച്ചിഴച്ച് മക്കയിൽ നിന്ന് രക്ഷപ്പെട്ടുവന്നു. മുസ്‌ലിംകളുടെ അടുക്കൽ അഭയം തേടിയെത്തിയതാണദ്ദേഹം.

അപ്പോൾ സുഹൈൽ പറഞ്ഞു: ‘മുഹമ്മദേ, ഇദ്ദേഹത്തെ തിരിച്ചയക്കാൻ ഈ അടിസ്ഥാനത്തിൽ ആദ്യമായി നിന്നോട് ആവശ്യപ്പെടുന്നു.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘കരാർ ഇതുവരെയും പൂർത്തിയായിട്ടില്ല.’ അപ്പോൾ അയാൾ പറഞ്ഞു: ‘അല്ലാഹുവാണെ, അങ്ങനെയാണെങ്കിൽ നീയുമായി ഒരിക്കലും യാതൊരു സന്ധിയുമില്ല.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘അവന്റെ കാര്യം എനിക്ക് വിട്ടുതരൂ.’ അപ്പോൾ അവൻ പറഞ്ഞു: ‘അവനെ നിനക്ക് വിട്ടുതരികയില്ല.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘എന്നാൽ അങ്ങനെ ചെയ്യൂ.’ അപ്പോൾ അബൂജൻദൽ പറഞ്ഞു: ‘ഓ, മുസ്‌ലിംകളേ! മുസ്‌ലിമായി വന്ന എന്നെ മുശ്‌രിക്കുകളിലേക്ക് തിരിച്ചയക്കുകയോ? ഞാൻ എൽക്കേണ്ടിവന്നത് നിങ്ങൾ കണ്ടില്ലേ?’ അല്ലാഹുവിന്റെ മാർഗത്തിൽ അതിനുമാത്രം പീഡനം അദ്ദേഹത്തിന് ഏൽക്കേണ്ടിവന്നിരുന്നു.

ഉമർ(റ) ചോദിച്ചു: ‘അല്ലാഹുവാണെ, ഞാൻ മുസ്‌ലിമായതിനുശേഷം അന്നല്ലാതെ ഞാൻ സംശയത്തിലായിട്ടില്ല. ഞാൻ നബി ﷺ യുടെ അടുക്കൽചെന്നു ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾ അല്ലാഹുവിന്റെ നബിയല്ലേ?’ നബി ﷺ  പറഞ്ഞു: ‘അതെ.’ അദ്ദേഹം ചോദിച്ചു: ‘നാം സത്യത്തിലും നമ്മുടെ ശത്രുക്കൾ അസത്യത്തിലുമല്ലേ?’ നബി  ﷺ  പറഞ്ഞു: ‘അതെ.’ അപ്പോൾ ഞാൻ ചോദിച്ചു: ‘നമ്മുടെ മതത്തിൽ എന്തിനാണ് നാം നിന്ദ്യത ഏറ്റുവാങ്ങുന്നത്? നമുക്ക് മടങ്ങാം. നമ്മുടെയും ശത്രുക്കളുടെയും ഇടയിൽ അല്ലാഹു തീരുമാനിക്കട്ടെ.’ അപ്പോൾ നബി ﷺ  പറഞ്ഞു: ‘തീർച്ചയായും ഞാൻ അല്ലാഹുവിന്റെ ദൂതനാണ്. അവനെന്റെ സഹായിയുമാണ്. ഞാൻ അവന് എതിരു പ്രവർത്തിക്കില്ല.’ അപ്പോൾ ഞാൻ ചോദിച്ചു: ‘കഅ്ബയിൽ എത്തുമെന്നും ത്വവാഫ് ചെയ്യുമെന്നും താങ്കൾ ഞങ്ങളോട് പറഞ്ഞിരുന്നില്ലേ?’ നബി ﷺ  പറഞ്ഞു: ‘അതെ. ഏത് വർഷമാണെന്ന് താങ്കളോട് ഞാൻ പറഞ്ഞിരുന്നോ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ നബി ﷺ  പറഞ്ഞു: ‘നീ അവിടെ എത്തുകയും ത്വവാഫ് ചെയ്യുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു: ‘ഞാൻ അബൂബക്‌റിന്റെ അടുത്തുചെന്ന് നബി ﷺ യോട് പറഞ്ഞതുപോലെ പറഞ്ഞു. നബി ﷺ  പറഞ്ഞ അതേ മറുപടിതന്നെയാണ് അബൂബക്ർ(റ) പറഞ്ഞത്: ‘മരിക്കുന്നതുവരെ അദ്ദേഹത്തെ മുറുകെപിടിക്കുക. അല്ലാഹുവാണെ സത്യം, അദ്ദേഹം സത്യത്തിൽതന്നെയാണ്.’ ഉമർ(റ) പറഞ്ഞു: ‘ആ പ്രതീക്ഷയിൽ ഞാൻ ധാരാളം കർമങ്ങൾ പ്രവർത്തിച്ചു.’

എഴുത്ത് അവസാനിച്ചപ്പോൾ നബി ﷺ  പറഞ്ഞു: ‘നിങ്ങൾ അറവ് നിർവഹിക്കുകയും പിന്നീട് തല മുണ്ഡനം ചെയ്യുകയും ചെയ്യുക.’ അല്ലാഹുവാണെ അവരിലൊരാളും എഴുന്നേറ്റില്ല. മൂന്നു പ്രാവശ്യം നബി ﷺ  അതാവർത്തിച്ചു. എന്നിട്ടും ഒരാളും എഴുന്നേൽക്കാതിരുന്നപ്പോൾ നബി ﷺ  ഉമ്മുസലമയുടെ അടുക്കൽ ചെന്നു. ജനങ്ങളിൽനിന്നുണ്ടായ അനുഭവം അവരോട് പറഞ്ഞു. അപ്പോൾ ഉമ്മുസലമ (റ) പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കൾ അത് ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ടോ? പുറത്തിറങ്ങൂ. താങ്കളുടെ ബലിയൊട്ടകത്തെ അറുക്കുന്നതുവരെയും താങ്കൾ തലമുണ്ഡനം ചെയ്യുന്നതുവരെയും ഒരാളോടും ഒന്നും പറയേണ്ടതില്ല.’ അപ്പോൾ നബി ﷺ  എഴുന്നേറ്റു പുറത്തുവന്നു. അത് ചെയ്യുന്നതുവരെ ഒരാളോടും സംസാരിച്ചില്ല.

തന്റെ ഒട്ടകത്തെ അറുക്കുകയും തല മു ണ്ഡനം ചെയ്യുന്നവനെ വിളിപ്പിച്ച് മുടി കളയുകയും ചെയ്തു. അതുകണ്ടപ്പോൾ ജനങ്ങളും എഴുന്നേറ്റു. അവരും അറവ് നടത്തി. പരസ്പരം മുടി കളയാൻ തുടങ്ങുകയും ചെയ്തു. ദുഃഖത്താൽ ചിലർ അങ്ങേയറ്റം അവശരായി. പിന്നീട് സത്യവിശ്വാസിനികൾ വന്നു. അപ്പോൾ അല്ലാഹു ഈ വചനമിറക്കി:

اذا جاءكم المؤمنات مهاجرات (സത്യവിശ്വാസിനികളായ സ്ത്രീകൾ അഭയാർഥികളായിക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ) ഈ വചനം بعصم الكوافر എന്നതുവരെ ഇറങ്ങി. അന്നേരം ബഹുദൈവവിശ്വാസിനികളായി തന്റെ കീഴിലുണ്ടായിരുന്ന രണ്ടുപേരെ ഉമർ(റ) വിവാഹമോചനം ചെയ്തു. അതിലൊരാളെ മുആവിയയും രണ്ടാമത്തവളെ സ്വഫ്‌വാനുബ്‌നു ഉമയ്യയും വിവാഹം ചെയ്തു.

പിന്നീട് നബി ﷺ  മദീനയിലേക്ക് തിരിച്ചു. ആ മടക്കത്തിലാണ്  انا فتحنا لك فتحا مبينا എന്ന വചനം അവസാനംവരെ ഇറങ്ങിയത്. അപ്പോൾ ഉമർ(റ) ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അത് വിജയം തന്നെയാണോ.’ നബി ﷺ  പറഞ്ഞു: ‘അതെ.’ അപ്പോൾ സ്വഹാബത്ത് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, നിങ്ങൾക്ക് മംഗളം. ഞങ്ങൾക്കെന്താണുള്ളത്?’ അപ്പോൾ അല്ലാഹു ഈ വചനമിറക്കി: هو الذي انزل السكينة في قلوب المؤمنين

(സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ശാന്തി ഇറക്കിയവനാകുന്നു അവൻ).

സൂറ അൽഫത്ഹിന്റെ വ്യാഖ്യാനം പൂർത്തിയായി, അല്ലാഹുവിന് സ്തുതി.