സൂറഃ അദ്ദുഖാൻ (പുക), ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

അധ്യായം: 44, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ (١٩) وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ (٢٠) وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ (٢١) فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ (٢٢) فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ (٢٣) وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ (٢٤) كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ (٢٥) وَزُرُوعٍ وَمَقَامٍ كَرِيمٍ (٢٦) وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ (٢٧) كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ (٢٨‬) فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ (٢٩) وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ (٣٠) مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ (٣١) وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ (٣٢) وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌا۟ مُّبِينٌ (٣٣) إِنَّ هَـٰٓؤُلَآءِ لَيَقُولُونَ (٣٤) إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ (٣٥) فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ (٣٦) أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ (٣٧) وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ (٣٨‬) مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ (٣٩)

19. അല്ലാഹുവിനെതിരില്‍ നിങ്ങള്‍ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും ഞാന്‍ സ്പഷ്ടമായ തെളിവും കൊണ്ട് നിങ്ങളുടെ അടുത്ത് വരാം.

20. നിങ്ങളെന്നെ കല്ലെറിയാതിരിക്കാന്‍ എന്‍റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട് തീര്‍ച്ചയായും ഞാന്‍ ശരണം തേടിയിരിക്കുന്നു.

21. നിങ്ങള്‍ക്കെന്നെ വിശ്വാസമായില്ലെങ്കില്‍ എന്നില്‍ നിന്ന് നിങ്ങള്‍ വിട്ടുമാറുക.

22. ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ത്ഥിച്ചു.

23. (അപ്പോള്‍ അല്ലാഹു നിര്‍ദേശിച്ചു:) എന്‍റെ ദാസന്‍മാരെയും കൊണ്ട് നീ രാത്രിയില്‍ പ്രയാണം ചെയ്തുകൊള്ളുക. തീര്‍ച്ചയായും നിങ്ങള്‍ (ശത്രുക്കളാല്‍) പിന്തുടരപ്പെടുന്നതാണ്‌.

24. സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു.

25. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്‌.!

26. (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും!

27. അവര്‍ ആഹ്ലാദപൂര്‍വ്വം അനുഭവിച്ചിരുന്ന (എത്രയെത്ര) സൌഭാഗ്യങ്ങള്‍!

28. അങ്ങനെയാണത് (കലാശിച്ചത്‌.) അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു.

29. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല.

30. ഇസ്രായീല്‍ സന്തതികളെ അപമാനകരമായ ശിക്ഷയില്‍ നിന്ന് നാം രക്ഷിക്കുക തന്നെ ചെയ്തു.

31. ഫിര്‍ഔനില്‍ നിന്ന്‌. തീര്‍ച്ചയായും അവന്‍ അഹങ്കാരിയായിരുന്നു. അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.

32. അറിഞ്ഞു കൊണ്ട് തന്നെ തീര്‍ച്ചയായും അവരെ നാം ലോകരെക്കാള്‍ ഉല്‍കൃഷ്ടരായി തെരഞ്ഞെടുക്കുകയുണ്ടായി.

33. വ്യക്തമായ പരീക്ഷണം ഉള്‍കൊള്ളുന്ന ചില ദൃഷ്ടാന്തങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയുമുണ്ടായി.

34. എന്നാല്‍ ഇക്കൂട്ടരിതാ പറയുന്നു;

35. നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.

36. അതിനാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഞങ്ങളുടെ പിതാക്കളെ നിങ്ങള്‍ (ജീവിപ്പിച്ചു) കൊണ്ട് വരിക എന്ന്‌.

37. ഇവരാണോ കൂടുതല്‍ മെച്ചപ്പെട്ടവര്‍, അതല്ല തുബ്ബഇന്‍റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി. കാരണം അവര്‍ കുറ്റവാളികളായിരുന്നത് തന്നെ.

38. ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല.

39. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്‌. പക്ഷെ അവരില്‍ അധികപേരും അറിയുന്നില്ല.

19). (അല്ലാഹുവിന്നെതിരിൽ നിങ്ങൾ പൊങ്ങച്ചം കാണിക്കുകയും ചെയ്യരുത്) അവനെ ആരാധിക്കുന്നതിൽനിന്ന് അഹങ്കരിച്ചുകൊണ്ടും അല്ലാഹുവിന്റെ അടിമകളോട് പൊങ്ങച്ചവും ഔന്നിത്യവും കാണിച്ചുകൊണ്ടും. (തീർച്ചയായും ഞാൻ സ്പഷ്ടമായ തെളിവുംകൊണ്ട് നിങ്ങളുടെ അടുത്തുവരാം) വ്യക്തവും പ്രകടവുമായ തെളിവുംകൊണ്ട്. അദ്ദേഹം കൊണ്ടുവന്നത് വ്യക്തമായ അമാനുഷികദൃഷ്ടാന്തങ്ങളും ബോധ്യപ്പെടുത്തുന്ന തെളിവുകളുമാണ്.

20). അവർ അദ്ദേഹത്തെ കളവാക്കുകയും വധിക്കാൻ ഉദ്ദേശിക്കുകയും ചെയ്തു. അപ്പോൾ അവരുടെ ഉപദ്രവത്തിൽ നിന്നും അല്ലാഹുവിലേക്ക് അദ്ദേഹം അഭയംതേടി. അദ്ദേഹം പറഞ്ഞു: (നിങ്ങളൈന്നെ കല്ലെറിയാതിരിക്കാൻ എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവനോട് തീർച്ചയായും ഞാൻ ശരണം തേടിയിരിക്കുന്നു). അതായത് കല്ലുകൊണ്ടെറിഞ്ഞ് നിങ്ങളെന്നെ ക്രൂരമായി കൊല ചെയ്യുന്നതിൽനിന്ന്.

21) (നിങ്ങൾക്കെന്നെ വിശ്വാസമായില്ലെങ്കിൽ എന്നിൽ നിന്ന് നിങ്ങൾ വിട്ടുമാറുക) മൂന്ന് വഴികളാണ് നിങ്ങൾക്കുള്ളത്; എന്നിൽ വിശ്വസിക്കുക. അതാണ് ഞാൻ നിങ്ങളിൽനിന്ന് ഉദ്ദേശിക്കുന്നത്. ഈ നിലപാട് നിങ്ങളിൽനിന്നുണ്ടാകുന്നില്ലെങ്കിൽ (എന്നിൽനിന്ന് നിങ്ങൾ വിട്ട് പിൻമാറുക). എനിക്ക് അനുകൂലമായോ പ്രതികൂലമായോ ഒന്നും ചെയ്യാതെ എന്നെ വിട്ടുകളയുക, എന്നെ ദ്രോഹിക്കാതിരിക്കുക. ഈ രണ്ടുവഴികളും നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ ധിക്കാരികളായും അല്ലാഹുവോടും അവന്റെ പ്രവാചകനായ മൂസാനബി(അ)യോടും യുദ്ധംചെയ്യുന്നവരായും തന്റെ ജനതയായ ഇസ്‌റാഈൽ സന്തതികളെ വിട്ടുകൊടുക്കാത്തവരായും നിങ്ങൾ തുടർന്നുകൊണ്ടിരിക്കും.

22) (ഇക്കൂട്ടർ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാൽ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് പ്രാർഥിച്ചു) ശിക്ഷ വേഗത്തിൽ ലഭിക്കാവുന്ന കുറ്റമാണവർ ചെയ്തത്. അപ്പോൾ അവരുടെ അവസ്ഥ മൂസാ നബി(അ) അറിയിക്കുന്നു.

ഇത് അവർക്കെതിരെയുള്ള പരോക്ഷമായ ഒരു പ്രാർഥനയായിരുന്നു. അവർക്കെതിരെ വ്യക്തമായി പ്രാർഥിക്കുന്നതിനെക്കാൾ വാചാലമാണ് അവരെ ദുഷ്ടരെന്ന് വിശേഷിപ്പിച്ചത്. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്:

رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ

“എന്റെ രക്ഷിതാവേ, നീ എനിക്കിറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാകുന്നു’’ (28:24).

23). തന്റെ ദാസന്മാരെയും കൊണ്ട് രാത്രിയി ൽ പോകാൻ അല്ലാഹു മൂസാ നബി(അ)യോട് നിർദേശിക്കുന്നു. ഫിർഔനും അവന്റെ ജനതയും പിന്നാലെ വരുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്യുന്നു.

24) (സമുദ്രത്തെ ശാന്തമായ നിലയിൽ നീ വിട്ടേക്കുകയും ചെയ്യുക) അതായത്, അതിനെ അതേപടി വിട്ടേക്കുക. അല്ലാഹു കൽപിച്ചപ്രകാരം ഇസ്‌റാഈൽ സന്തതികളെയും കൂട്ടി മൂസാ നബി(അ) രാപ്രയാണം ചെയ്യുകയും തുടർന്ന് ഫിർഔൻ പിറകെ കൂടുകയും ചെയ്ത സന്ദർഭമാണ് ഇവിടെ ഉദ്ധരിക്കുന്നത്. കടലിലടിക്കാൻ അല്ലാഹു മൂസാ(അ)യോട് നിർദേശിച്ചു. അങ്ങനെ അദ്ദേഹം അടിച്ചു. അങ്ങനെ പന്ത്രണ്ട് വഴികളുണ്ടായി. ആ വഴികൾക്കിടയിൽ വെള്ളം വലിയ പർവതങ്ങൾ കണക്കെ ആയിത്തീർന്നു. അങ്ങനെ മൂസാ(അ)യും തന്റെ ജനയും അതിൽ പ്രവേശിച്ചു. അതിൽനിന്ന് പുറത്തുകടന്നപ്പോൾ അല്ലാഹു അതിനെ വിട്ടുകളയാൻ നിർദേശിച്ചു. (ശാന്തമായ നിലയിൽ). ഫിർഔനും സൈന്യവും അതിൽ പ്രവേശിക്കുവാൻ വേണ്ടി. (തീർച്ചയായും അവർ മുക്കിനശിപ്പിക്കപ്പെടാൻ പോകുന്ന ഒരു സൈന്യമാകുന്നു). മൂസാ(അ)യുടെ ജനത പൂർണമായും അതിൽനിന്ന് പുറത്തുകടക്കുകയും ഫിർഔനിന്റെ ജനത പൂർണമായി അതിൽ പ്രവേശിക്കുകയും ചെയ്തു. അല്ലാഹു കടലിനോട് അവരെ മൂടാൻ കൽപിച്ചു. അങ്ങനെ അവരിൽ അവസാനത്തെ ആളും മുങ്ങി. ഇഹലോകത്ത് അവർ ആസ്വദിക്കുന്നതെല്ലാം അവർ വിട്ടുകളഞ്ഞു. അവർ അടിമകളാക്കിവെച്ച ഇസ്‌റാഈൽ സന്തതികൾക്ക് അതെല്ലാം അല്ലാഹു അനന്തരമായി നൽകി.

25-28). അതാണ് അല്ലാഹു പറഞ്ഞത്: (എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവർ വിട്ടേച്ചുപോയത്. കൃഷികളും മാന്യമായ പാർപ്പിടങ്ങളും അവർ ആഹ്ലാദപൂർവം അനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങൾ! അങ്ങനെയാണത്-കലാശിച്ചത്-അതെല്ലാം നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു). അതായത് ഈ പറഞ്ഞ അനുഗ്രഹങ്ങളെല്ലാം (മറ്റൊരു ജനതയ്ക്ക്).

മറ്റൊരു വചനത്തിലുള്ളത് ഇങ്ങനെയാണ്:

كَذَٰلِكَ وَأَوْرَثْنَـٰهَا بَنِىٓ إِسْرَٰٓءِيلَ

“അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈൽ സന്തതികൾക്ക് നാം അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു’’ (26: 59).

29) (അപ്പോൾ അവരുടെ പേരിൽ ആകാശവും ഭൂമിയും കരഞ്ഞില്ല) അല്ലാഹു അവരെ നശിപ്പിച്ചപ്പോൾ ആകാശവും ഭൂമിയും അവർക്കുവേണ്ടി കരഞ്ഞില്ല. അവർക്കുവേണ്ടി ദുഃഖിക്കുകയോ അവരുടെ വേർപാടിൽ നിരാശപ്പെടുകയോ ചെയ്തില്ല. മറിച്ച് ആകാശവും ഭൂമിയും അവരുടെ നാശത്തിൽ സന്തോഷിച്ചു. അവർ വിട്ടേച്ചുപോയ അവശിഷ്ടങ്ങൾ അവരുടെ മുഖങ്ങൾ കറുപ്പിക്കുന്നതും ശാപം നേടിക്കൊടുക്കുന്നതും ലോകരുടെ മുഴുവൻ ശാപം അനിവാര്യമാക്കുന്നതും മാത്രമായിരുന്നു. (അവർക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല) ശിക്ഷക്ക് സാവകാശം ഉണ്ടായില്ല. മറിച്ച് ആ അവസ്ഥയിൽ അവരെ നാമാവശേഷമാക്കി.

30,31). പിന്നീട് അല്ലാഹു ഇസ്‌റാഈൽ സന്തതികൾക്ക് അനുഗ്രഹം നൽകിയത് ഓർമപ്പെടുത്തുന്നു: (ഇസ്‌റാഈൽ സന്തതികളെ അപമാനകരമായ ശിക്ഷയിൽനിന്ന് നാം രക്ഷപ്പെടുത്തുകയും ചെയ്തു) അവർ അകപ്പെട്ടിരുന്ന. (ഫിർഔനിൽ നിന്നും) അവരുടെ ആൺമക്കളെ അറുക്കുകുയും സ്ത്രീകളെ ജീവിക്കാനുവദിക്കുകയം ചെയ്ത. (തീർച്ചയായും അവൻ അഹങ്കാരിയായിരുന്നു) അന്യായമായി ഭൂമിയിൽ അഹങ്കരിക്കുന്നവൻ. (അതിക്രമകാരികളിൽ പെട്ടവനുമായിരുന്നു) അല്ലാഹുവിന്റെ അതിരുകൾ മറികടക്കുന്നവൻ; അവനോട് ഏറ്റുമുട്ടാൻ ധൈര്യം കാണിക്കുന്നവൻ.

32). (അവരെ നാം തെരഞ്ഞെടുക്കുകയു ണ്ടായി) അവരെ നാം തെരഞ്ഞെടുത്തു. (അറിഞ്ഞുകൊണ്ടുതന്നെ) ആ മഹത്ത്വത്തിനുള്ള അവരുടെ അർഹതകൊണ്ടും അവരോടുള്ള കാരുണ്യംകൊണ്ടും. (ലോകരെക്കാൾ) അവരുടെ കാലത്തുള്ളവരും മുമ്പും ശേഷവുമുള്ള എല്ലാവരെക്കാളും. മുഹമ്മദ് നബി  ﷺ യുടെ സമുദായത്തെ കൊണ്ടുവരുന്നതുവരെ. അവരെ സർവരെക്കാളും ശ്രേഷ്ഠരാക്കി. ജനങ്ങൾക്കുവേണ്ടി രംഗത്തുകൊണ്ടുവരപ്പെട്ട ഉത്തമസമുദായമാക്കി. അവരുടെ മുമ്പുള്ളവർക്കാർക്കും നൽകാത്ത അനുഗ്രഹം അവർക്ക് നൽകുകയും ചെയ്തു.

33). (നാം അവർക്ക് നൽകുകയുണ്ടായി) ഇസ്‌റാഈൽ സന്തതികൾക്ക്. (ചില ദൃഷ്ടാന്തങ്ങൾ) വ്യക്തമായതും പ്രത്യക്ഷമായതും; അമാനുഷികമായ ദൃഷ്ടാന്തങ്ങളും. (വ്യക്തമായ പരീക്ഷണം ഉൾക്കൊള്ളുന്ന) അവർക്ക് അനുഗ്രഹമായ, പ്രത്യക്ഷമായ ഒട്ടനവധി അനുഗ്രങ്ങൾ, മൂസാ നബി(അ) കൊണ്ടുവന്നത് സത്യമാണെന്നതിനുള്ള പ്രമാണവും.

34,35). അല്ലാഹു അറിയിക്കുന്നു: (ഇക്കൂട്ടർ) നിഷേധികൾ. (പറയുന്നു) ഉയിർത്തെഴുന്നേൽപും ഒരുമിച്ചുകൂട്ടലുമെല്ലാം അസംഭവ്യമായി കണ്ടുകൊണ്ട്. (നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ മറ്റൊന്നുമില്ല; നാം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരുമല്ല). അതായത് ഇഹലോക ജീവിതമല്ലാതെ ഒന്നുമില്ല. ഉയിർത്തെഴുന്നേൽപോ തിരിച്ചുവരവോ സ്വർഗമോ നരകമോ ഇല്ല.

36). തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തിൽ ധൈര്യപ്പെട്ടുകൊണ്ടും അവനെ അശക്തനായി കണ്ടുകൊണ്ടും അവർ പറഞ്ഞു: (നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഞങ്ങളുടെ പിതാക്കളെ നിങ്ങൾ ജീവിപ്പിച്ചുകൊണ്ടുവരിക എന്ന്) അങ്ങേയറ്റം ധിക്കാരികളും വിഡ്ഢികളുമായ ഒരു വിഭാഗത്തിന്റെ ആവശ്യമായിരുന്നു അത്. പൂർവപിതാക്കളെ തിരിച്ചുകൊണ്ടുവരലും പ്രവാചകന്റെ സത്യതയും തമ്മിൽ എന്ത് ബന്ധമാണുള്ളത്? പ്രവാചകൻ അവർക്ക് കൊണ്ടുവന്നതിനെ സ്ഥാപിക്കാൻ വ്യക്തമായ തെളിവുകളുണ്ട്. അസത്യത്തിന് സാധ്യതയില്ലാത്തവിധം എല്ലാ രൂപത്തിലും അത് വന്നിട്ടുമുണ്ട്.

37). അല്ലാഹു പറയുന്നു: (ഇവരാണോ കൂടുതൽ മെച്ചപ്പെട്ടവർ?) ഈ അഭിസംബോധിതരായ ക്വുറൈശികൾ ആണോ? (അതല്ല തുബ്ബഇന്റെ ജനതയും അവർക്ക് മുമ്പുള്ളവരുമാണോ? അവരെയെല്ലാം നാം നശിപ്പിക്കുകയുണ്ടായി; അവർ കുറ്റവാളികൾ ആയിരുന്നതുകൊണ്ട്) അവർ ഇവരെക്കാൾ ഉത്തമരല്ല. കുറ്റത്തിൽ അവർ പങ്കുചേർന്നു. അങ്ങനെ കുറ്റവാളികളായ അവരുടെ സഹോദരങ്ങൾക്ക് സംഭവിച്ചതെല്ലാം അവർക്കും സംഭവിച്ചു.

38,39). അല്ലാഹു തന്റെ സമ്പൂർണ യുക്തിയും കഴിവുമാണ് ഇവിടെ പരാമർശിക്കുന്നത്. ആകാശഭൂമികളെ അവൻ കളിയായിക്കൊണ്ടോ വിനോദമായിക്കൊണ്ടോ സൃഷ്ടിച്ചതല്ല. ഒരു ലക്ഷ്യവുമില്ലാതെ വെറുതെ സൃഷ്ടിച്ചതുമല്ല. അവയെ സൃഷ്ടിച്ചത് (ശരിയായ ഉദ്ദേശ്യത്തോടെതന്നെ). അവയുടെ സൃഷ്ടിപ്പ് ഒരു യാഥാർഥ്യത്തെ അടിസ്ഥാനമാക്കിയും അവയിലൊരു യാഥാർഥ്യം ഉൾക്കൊണ്ടുമാണ്. അവയെ അവൻ സൃഷ്ടിച്ചത് അവനെ മാത്രം അവർ ആരാധിക്കുവാനും അവനിൽ മറ്റൊന്നിനെയും പങ്കുചേർക്കാതിരിക്കാനുമാണ്. അവൻ തന്റെ ദാസന്മാരോട് കൽപിക്കുകയും വിരോധിക്കുകയും പ്രതിഫലം നൽകുകയും ശിക്ഷിക്കുകയും ചെയ്യുന്നു. (പക്ഷേ, അവരിൽ അധികപേരും അറിയുന്നില്ല) ആകയാൽ ആകാശഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ച് അവർ ചിന്തിച്ചിട്ടില്ല.