സൂറഃ അൽജാസിയ (മുട്ടുകുത്തുന്നവ), ഭാഗം 1

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

അധ്യായം: 45, ഭാഗം 1 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

حمٓ (١) تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّهِ ٱلْعَزِيزِ ٱلْحَكِيمِ (٢) إِنَّ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّلْمُؤْمِنِينَ (٣) وَفِى خَلْقِكُمْ وَمَا يَبُثُّ مِن دَآبَّةٍ ءَايَـٰتٌ لِّقَوْمٍ يُوقِنُونَ (٤) وَٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزْقٍ فَأَحْيَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا وَتَصْرِيفِ ٱلرِّيَـٰحِ ءَايَـٰتٌ لِّقَوْمٍ يَعْقِلُونَ (٥) تِلْكَ ءَايَـٰتُ ٱللَّهِ نَتْلُوهَا عَلَيْكَ بِٱلْحَقِّ ۖ فَبِأَىِّ حَدِيثٍۭ بَعْدَ ٱللَّهِ وَءَايَـٰتِهِۦ يُؤْمِنُونَ (٦) وَيْلٌ لِّكُلِّ أَفَّاكٍ أَثِيمٍ (٧) يَسْمَعُ ءَايَـٰتِ ٱللَّهِ تُتْلَىٰ عَلَيْهِ ثُمَّ يُصِرُّ مُسْتَكْبِرًا كَأَن لَّمْ يَسْمَعْهَا ۖ فَبَشِّرْهُ بِعَذَابٍ أَلِيمٍ (٨‬) وَإِذَا عَلِمَ مِنْ ءَايَـٰتِنَا شَيْـًٔا ٱتَّخَذَهَا هُزُوًا ۚ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مُّهِينٌ (٩) مِّن وَرَآئِهِمْ جَهَنَّمُ ۖ وَلَا يُغْنِى عَنْهُم مَّا كَسَبُوا۟ شَيْـًٔا وَلَا مَا ٱتَّخَذُوا۟ مِن دُونِ ٱللَّهِ أَوْلِيَآءَ ۖ وَلَهُمْ عَذَابٌ عَظِيمٌ (١٠) هَـٰذَا هُدًى ۖ وَٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ (١١) ٱللَّهُ ٱلَّذِى سَخَّرَ لَكُمُ ٱلْبَحْرَ لِتَجْرِىَ ٱلْفُلْكُ فِيهِ بِأَمْرِهِۦ وَلِتَبْتَغُوا۟ مِن فَضْلِهِۦ وَلَعَلَّكُمْ تَشْكُرُونَ (١٢) وَسَخَّرَ لَكُم مَّا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ جَمِيعًا مِّنْهُ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يَتَفَكَّرُونَ (١٣)

1. ഹാമീം.

2. ഈ വേദഗ്രന്ഥത്തിന്‍റെ അവതരണം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവിങ്കല്‍ നിന്നാകുന്നു.

3. തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

4. നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട് ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്ടാന്തങ്ങളും.

5. രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

6. അല്ലാഹുവിന്‍റെ തെളിവുകളത്രെ അവ. സത്യപ്രകാരം നാം നിനക്ക് അവ ഓതികേള്‍പിക്കുന്നു. അല്ലാഹുവിനും അവന്‍റെ തെളിവുകള്‍ക്കും പുറമെ ഇനി ഏതൊരു വൃത്താന്തത്തിലാണ് അവര്‍ വിശ്വസിക്കുന്നത്‌?

7. വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം.

8. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക.

9.നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ.

10. അവരുടെ പുറകെ നരകമുണ്ട്‌. അവര്‍ സമ്പാദിച്ചു വെച്ചിട്ടുള്ളതോ, അല്ലാഹുവിനു പുറമെ അവര്‍ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളോ അവര്‍ക്ക് ഒട്ടും പ്രയോജനം ചെയ്യുകയില്ല. അവര്‍ക്കാണ് കനത്ത ശിക്ഷയുള്ളത്‌.

11.ഇത് ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌.

12.അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി.

13.ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്‍റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

2). ക്വുർആനിനെ ശ്രദ്ധിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യണം എന്ന നിർദേശം ഉൾകൊള്ളുന്ന ഒരു കാര്യമാണ് അല്ലാഹു ഇവിടെ ഉണർത്തുന്നത്. അത് (ഈ വേദഗ്രന്ഥത്തിന്റെ അവതരണം അല്ലാഹുവിങ്കൽനിന്നാകുന്നു). ആരാധനക്കർഹനായവൻ പൂർണ വിശേഷണങ്ങളെ സ്വീകരിച്ചതിനാലും അനുഗ്രഹങ്ങൾ നൽകുന്നത് അവൻ മാത്രമായതിനാലും തികഞ്ഞ പ്രതാപിയും സമ്പൂർണജ്ഞാനിയുമാണ്.

3-5). ശേഷം ശാരീരികവും പ്രാപഞ്ചികവുമായ ദൃഷ്ടാന്തങ്ങൾ, ആകാശഭൂമികളുടെ സൃഷ്ടിപ്പ്, അതിൽ അവൻ വ്യാപിപ്പിച്ച ജീവജാലങ്ങൾ, പ്രയോജനങ്ങൾ, ആകാശത്തുനിന്ന് മഴയിറക്കി സൃഷ്ടികളെയും നാടുകളെയും ജീവസ്സുറ്റതാക്കിയത് തുടങ്ങിയവയെല്ലാം എടുത്തുപറഞ്ഞ് അവന്റെ ആരാധ്യതയെ ശക്തിപ്പെടുത്തുന്നു. ഇതെല്ലാം ക്വുർആനിന്റെ സത്യതയ്ക്കുള്ള തെളിവുകളും ദൃഷ്ടാന്തങ്ങളുമാണ്. ക്വുർആൻ ഉൾക്കൊള്ളുന്ന ആശയങ്ങളുടെ സ്വീകാര്യതയെയും ഇത് തെളിയിക്കുന്നു. അല്ലാഹുവിന്റെ പരിപൂർണതക്കും ഉയിർത്തെഴുന്നേൽപിനുമുള്ള തെളിവുകളും കൂടിയാണിത്.

6-10). അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ പ്രയോജനപ്പെടുത്തുന്നവരെന്നും അല്ലാത്തവരെന്നും രണ്ടായി ജനങ്ങളെ അവൻ വേർതിരിക്കുന്നു.

ഒരുവിഭാഗം ഇവയെയെല്ലാം തെളിവാക്കുകയും അതിനെക്കുറിച്ച് ചിന്തിക്കുകയും, അതിനെ പ്രയോജനപ്പെടുത്തി ഉയർച്ച പ്രാപിക്കുകയും ചെയ്യുന്നവരാണ്. അവരാണ് അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും അന്ത്യദിനത്തിലും വിശ്വാസം പൂർണമായവർ. അവരുടെ ബുദ്ധി വളർന്നു. അവരുടെ അറിവും വിജ്ഞാനവും ചിന്താശേഷിയും അതുമൂലം വർധിക്കുകയും ചെയ്തു.

തങ്ങൾക്ക് എതിരെ തെളിവാകത്തക്കവിധം അല്ലാഹുവിന്റെ വചനങ്ങളെ കേൾക്കുന്നവരാണ് മറ്റൊരു വിഭാഗം. പിന്നീട് അവർ അതിൽനിന്ന് തിരിഞ്ഞുകളയുകയും അഹങ്കരിക്കുകയും ചെയ്യുന്നു. കാരണം, അതുമൂലം അവരുടെ ഹൃദയം പരിശുദ്ധിയും സംശുദ്ധിയും പ്രാപിച്ചില്ല. അതിലുപരി (അഹങ്കരിക്കാൻ കാരണമായി. ധിക്കാരം വർധിച്ചു. അല്ലാഹുവിന്റെ വല്ല ദൃഷ്ടാന്തങ്ങളും മനസ്സിലാക്കിയാൽ അതിനെ അവർ പരിഹാസ്യമാക്കും. അവർക്ക് നാശത്തെയാണ് അല്ലാഹു താക്കീത് നൽകുന്നത്. (വ്യാജവാദിയും അധർമകാരിയുമായ ഏതൊരാൾക്കും നാശം) അതായത് സംസാരത്തിൽ കളവ് പറയുന്നവനും തന്റെ പ്രവർത്തനങ്ങളിൽ മഹാപാപം ചെയ്യുന്നവനും. അല്ലാഹു അറിയിക്കുന്നത് അവന് വേദനയേറിയ ശിക്ഷയുണ്ടെന്നാണ്. (അവരുടെ പുറകെ നരകമുണ്ട്) ഉയർന്ന ശിക്ഷയാവാൻ അതെത്രയോ മതി. (അവർ സമ്പാദിച്ചുവെച്ചത് അവർക്ക് ഒട്ടും പ്രയോജനം ചെയ്യുകയില്ല) സ്വത്തുക്കൾ. (അല്ലാഹുവിന് പുറമെ അവർ സ്വീകരിച്ചിട്ടുള്ള രക്ഷാധികാരികളും) അവർ അവരോട് സഹായം ചോദിക്കും. ഉപകാരപ്പെടുകയാണെങ്കിൽ ഉപകാരം ഏറ്റവും ആവശ്യമുള്ള സമയത്ത് അവർ അവരെ കൈവെടിയും.

11). നേരിൽ കാണുന്നതും ക്വുർആനികവുമായ തെളിവുകളുടെ കാര്യത്തിൽ ജനങ്ങൾ രണ്ട് വിഭാഗമാണെന്നു വ്യക്തമാക്കിയതിനു ശേഷം ഏറ്റവും ഉന്നതമായ ഒരു കാര്യത്തെ ക്വുർആൻ ഉൾക്കൊള്ളുന്നു എന്ന് അറിയിക്കുകയും ചെയ്തു. അതാകട്ടെ, ഹുദ (മാർഗദർശനം) ആണ്. (ഇത് ഒരു മാർഗദർശനമാകുന്നു) ക്വുർആൻ മതത്തിന് നൽകുന്ന ഒരു വിശേഷണമാണിത്. കാരണം, അത് അല്ലാഹുവിന്റെ പരിശുദ്ധമായ വിശേഷണങ്ങളിലൂടെയും സ്തുത്യർഹമായ അവന്റെ പ്രവർത്തനങ്ങളിലൂടെയും അല്ലാഹുവിനെ അറിയാൻ മാർഗം കാണിക്കുന്നു. പ്രവാചകന്മാരെ മനസ്സിലാക്കുന്നതിലേക്കും അവരുടെ മിത്രങ്ങളും ശത്രുക്കളും പ്രത്യേകതകളും മനസ്സിലാക്കുന്നതിനും അത് വഴികാണിക്കുന്നു. സൽപ്രവർത്തനങ്ങളിലേക്ക് അത് ക്ഷണിക്കുന്നു. ചീത്തപ്രവർത്തനങ്ങൾ വ്യക്തമായി അറിയിക്കുകയും അതിനെ വിരോധിക്കുകയും ചെയ്യുന്നു. അതിനുള്ള പ്രതിഫലങ്ങളെയും അത് വിശദീകരിച്ചുതരുന്നു. സന്മാർഗം പ്രാപിച്ചവർ അതിനാൽ (ക്വുർആനിനാൽ) സന്മാർഗം പ്രാപിച്ചു. അങ്ങനെ അവർ വിജയിക്കുകയും സൗഭാഗ്യമടയുകയും ചെയ്തു. (തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിൽ അവിശ്വസിച്ചവരാരോ) ഇവ വ്യക്തവും ഖണ്ഡിതവുമായ തെളിവുകളാണ്. അങ്ങേയറ്റത്തെ അക്രമി മാത്രമെ അതുമൂലം വഴിപിഴക്കുകയുള്ളൂ. അവന്റെ അതിരുകവിയൽ ഇരട്ടിക്കുന്നു. (അവർക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്).

12). വാഹനങ്ങളും കപ്പലുകളും അല്ലാഹുവിന്റെ അനുഗ്രഹമാണ്. കടലിൽ സഞ്ചരിക്കത്തക്കവിധം അതിനെ കീഴ്‌പ്പെടുത്തിയത് തന്റെ ദാസന്മാർക്ക് അവൻ ചെയ്തുകൊടുത്ത ഒരു അനുഗ്രഹവും കാരുണ്യവുമായി ഇവിടെ പരാമർശിക്കുന്നു. വ്യത്യസ്തമായ കച്ചവടങ്ങളിലൂടെയും സമ്പാദ്യമാർഗങ്ങളിലൂടെയും (അവന്റെ അനുഗ്രഹത്തിൽനിന്നും നിങ്ങൾ തേടുവാനും). (നിങ്ങൾ നന്ദി കാണിക്കുന്നവരായേക്കാനും വേണ്ടി) അല്ലാഹുവിന് നിങ്ങൾ നന്ദി കാണിക്കുന്നപക്ഷം അവന്റെ അനുഗ്രഹങ്ങളെ നിങ്ങൾക്ക് വർധിപ്പിച്ചുതരികയും നന്ദി ചെയ്തതിന് മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും.

13). (ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവൻ നിങ്ങൾക്ക് അധീനപ്പെടുത്തിത്തരികയും ചെയ്തിരിക്കുന്നു) അവന്റെ ഔദാര്യങ്ങളാലും നന്മയാലും. ആകാശഭൂമിഗോളങ്ങളെല്ലാം ഇതിൽപെടും. അവ രണ്ടിലും അല്ലാഹു സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, വാഹനങ്ങൾ, വ്യത്യസ്ത ജീവജാലങ്ങൾ, മരങ്ങൾ, പഴങ്ങൾ, വിവിധ ഖനിജങ്ങൾ, മറ്റു പലതിനെയും ഉണ്ടാക്കി. ഇതെല്ലാം മനുഷ്യന്റെ ഗുണത്തിനുവേണ്ടിയാണ്. അവയെല്ലാം അവന്റെ ജീവിത നന്മക്ക് ഏറെ അനിവാര്യവുമാണ്. ഇതെല്ലാം പരമാവധി നന്ദി ചെയ്യാൻ അവരെ നിർബന്ധിക്കുകയും അല്ലാഹുവിന്റെ വിധികളെക്കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. അതാണ് അല്ലാഹു പറഞ്ഞത്: (ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട്). അതിന്റെയെല്ലാം സൃഷ്ടിപ്പിലും നിയന്ത്രണത്തിലും സൗകര്യപ്പെടുത്തലിലുമെല്ലാം അല്ലാഹു അവന്റെ ഉദ്ദേശ്യങ്ങൾ നടപ്പിലാക്കാൻ പരിപൂർണ കഴിവുള്ളവനാണെന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ്. അതിലുള്ള മറ്റൊന്ന്, അവയുടെ സൃഷ്ടിപ്പിലെ അന്യൂനതയും ദൃഢതയുമാണ്. നിർമാണ ഭംഗിയും സൃഷ്ടിസൗന്ദര്യവും അല്ലാഹുവിന്റെ അറിവിന്റെയും യുക്തിയുടെയും തെളിവിലേക്ക് വിരൽ ചൂണ്ടുന്നു. മറ്റൊന്ന്, അതിലുള്ള വിശാലതയും വലിപ്പവും ആധിക്യവുമെല്ലാം അവന്റെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും. മറ്റൊന്ന്, അവയുടെ ചില സവിശേഷതകളും വസ്തുക്കൾ തമ്മിലുള്ള വൈരുധ്യങ്ങളും അറിയിക്കുന്നത് അവനുദ്ദേശിക്കുന്നതെന്തും ചെയ്യാൻ അവനൊരു തടസ്സവുമുണ്ടാക്കിയിട്ടില്ലെന്നതാണ്. മറ്റൊന്ന്, അതിലുള്ള മതപരവും ഭൗതികവുമായ ഗുണങ്ങളും പ്രയോജനങ്ങളും അവന്റെ കാരുണ്യത്തിന്റെ വിശാലതയക്കും ഔദാര്യത്തിനും നന്മക്കും സ്‌നേഹത്തിനുമെല്ലാം തെളിവാണ്. ഇവയെല്ലാം അറിയിക്കുന്നത് ആരാധന അവനുമാത്രമായിരിക്കണമെന്നും സ്‌നേഹവും കീഴ്‌പ്പെടലും അവനല്ലാതെ മറ്റാർക്കും നൽകിക്കൂടെന്നുമാണ്. പ്രവാചകന്മാർ കൊണ്ടുവന്നത് സത്യമാണെന്നുകൂടി ഇത് തെളിയിക്കുന്നു. ഇവയെല്ലാം ശങ്കയോ സംശയമോ ഇല്ലാതെ സ്വീകരിക്കാൻ കഴിയുന്ന ബുദ്ധിപരവും വ്യക്തവുമായ തെളിവുകളാണ്.