സൂറഃ അഹ്ക്വാഫ്, ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

അധ്യായം: 46, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَٱذْكُرْ أَخَا عَادٍ إِذْ أَنذَرَ قَوْمَهُۥ بِٱلْأَحْقَافِ وَقَدْ خَلَتِ ٱلنُّذُرُ مِنۢ بَيْنِ يَدَيْهِ وَمِنْ خَلْفِهِۦٓ أَلَّا تَعْبُدُوٓا۟ إِلَّا ٱللَّهَ إِنِّىٓ أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ (٢١) قَالُوٓا۟ أَجِئْتَنَا لِتَأْفِكَنَا عَنْ ءَالِهَتِنَا فَأْتِنَا بِمَا تَعِدُنَآ إِن كُنتَ مِنَ ٱلصَّـٰدِقِينَ (٢٢) قَالَ إِنَّمَا ٱلْعِلْمُ عِندَ ٱللَّهِ وَأُبَلِّغُكُم مَّآ أُرْسِلْتُ بِهِۦ وَلَـٰكِنِّىٓ أَرَىٰكُمْ قَوْمًا تَجْهَلُونَ (٢٣) فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا۟ هَـٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا ٱسْتَعْجَلْتُم بِهِۦ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ (٢٤) تُدَمِّرُ كُلَّ شَىْءٍۭ بِأَمْرِ رَبِّهَا فَأَصْبَحُوا۟ لَا يُرَىٰٓ إِلَّا مَسَـٰكِنُهُمْ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ (٢٥) وَلَقَدْ مَكَّنَّـٰهُمْ فِيمَآ إِن مَّكَّنَّـٰكُمْ فِيهِ وَجَعَلْنَا لَهُمْ سَمْعًا وَأَبْصَـٰرًا وَأَفْـِٔدَةً فَمَآ أَغْنَىٰ عَنْهُمْ سَمْعُهُمْ وَلَآ أَبْصَـٰرُهُمْ وَلَآ أَفْـِٔدَتُهُم مِّن شَىْءٍ إِذْ كَانُوا۟ يَجْحَدُونَ بِـَٔايَـٰتِ ٱللَّهِ وَحَاقَ بِهِم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ (٢٦) وَلَقَدْ أَهْلَكْنَا مَا حَوْلَكُم مِّنَ ٱلْقُرَىٰ وَصَرَّفْنَا ٱلْـَٔايَـٰتِ لَعَلَّهُمْ يَرْجِعُونَ (٢٧) فَلَوْلَا نَصَرَهُمُ ٱلَّذِينَ ٱتَّخَذُوا۟ مِن دُونِ ٱللَّهِ قُرْبَانًا ءَالِهَةًۢ ۖ بَلْ ضَلُّوا۟ عَنْهُمْ ۚ وَذَٰلِكَ إِفْكُهُمْ وَمَا كَانُوا۟ يَفْتَرُونَ (٢٨‬)

21. ആദിന്റെ സഹോദരനെ (അഥവാ ഹൂദിനെ)പ്പറ്റി നീ ഓർമിക്കുക. അഹ്ക്വാഫിലുള്ള തന്റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നൽകിയ സന്ദർഭം. അദ്ദേഹത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാർ കഴിഞ്ഞുപോയിട്ടുമുണ്ട്.അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. നിങ്ങളുടെമേൽ ഭയങ്കരമായ ഒരുദിവസത്തെ ശിക്ഷ ഞാൻ ഭയപ്പെടുന്നു. (എന്നാണ് അദ്ദേഹം താക്കീത് നൽകിയത്).

22. അവർ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളിൽനിന്ന് ഞങ്ങളെ തിരിച്ചുവിടാൻ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. എന്നാൽ നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്കു നീ താക്കീത് നൽകുന്നത് ശിക്ഷ) ഞങ്ങൾക്കു കൊണ്ടുവന്നു തരൂ.

23. അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു. ഞാൻ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാൻ നിങ്ങൾക്ക് എത്തിച്ചുതരുന്നു. എന്നാൽ നിങ്ങളെ ഞാൻ കാണുന്നത് അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്.

24. അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്‌വരകൾക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവർ കണ്ടപ്പോൾ അവർ പറഞ്ഞു: ഇതാ നമുക്ക് മഴ നൽകുന്ന ഒരു മേഘം! അല്ല, നിങ്ങൾ എന്തൊന്നിന് ധൃതി കൂട്ടിയോ അതുതന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉൾകൊള്ളുന്ന ഒരു കാറ്റ്.

25. അതിന്റെ രക്ഷിതാവിന്റെ കൽപന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവർ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയിൽ അവർ ആയിത്തീർന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങൾക്ക് നാം പ്രതിഫലം നൽകുന്നത്.

26. നിങ്ങൾക്ക് നാം സ്വാധീനം നൽകിയിട്ടില്ലാത്ത മേഖലകളിൽ അവർക്കു നാം സ്വാധീനം നൽകുകയുണ്ടായി. കേൾവിയും കാഴ്ചകളും ഹൃദയങ്ങളും അവർക്കു നൽകുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകൊണ്ടിരുന്നതിനാൽ അവരുടെ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും അവർക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവർ പരിഹസിച്ചിരുന്നുവോ അത് അവരിൽ വന്നുഭവിക്കുകയും ചെയ്തു.

27. നിങ്ങളുടെ ചുറ്റുമുള്ള ചില രാജ്യങ്ങളെയും നാം നശിപ്പിക്കുകയുണ്ടായി. ആ രാജ്യക്കാർ സത്യത്തിലേക്കു മടങ്ങുവാ ൻവേണ്ടി നാം തെളിവുകൾ വിവിധ രൂപത്തിൽ വിവരിച്ചുകൊടുക്കുകയും ചെയ്തു.

28. അല്ലാഹുവിന് പുറമെ (അവനിലേക്ക്) സാമീപ്യം കിട്ടുവാനായി അവർ ദൈവങ്ങളായി സ്വീകരിച്ചവർ അപ്പോൾ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? അല്ല, അവരെ വിട്ട് അവർ (ദൈവങ്ങൾ) അപ്രത്യക്ഷരായി. അത് (ബഹുദൈവവാദം) അവരുടെ വകയായുള്ള വ്യാജവും അവർ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയിരുന്നതുമത്രെ.

21). (നീ ഓർമിക്കുക) ഭംഗിയാർന്ന പ്രശംസ കൊണ്ട്. (ആദിന്റെ സഹോദരനെ-ഹൂദ് (അ) ആണത്) അല്ലാഹുവിലേക്ക് വഴി കാണിക്കാനും അവന്റെ ദീനിലേക്ക് പ്രബോധനം ചെയ്യാനും അല്ലാഹു പ്രത്യേകം തെരഞ്ഞെടുത്ത ആദരണീയരായ പ്രവാചകന്മാരിൽ പെട്ടവനായിരുന്നു അദ്ദേഹം. (തന്റെ ജനതയ്ക്ക് അദ്ദേഹം താക്കീത് നൽകിയ സന്ദർഭം). ആദ് സമുദായമാണത്. (അഹ്ക്വാഫിലുള്ള) അതായത് അഹ്ക്വാഫിലുള്ള പ്രസിദ്ധമായ അവരുടെ ഭവനങ്ങളിൽ, യമൻ പ്രദേശത്തുള്ള ധാരാളം മണലുള്ള പ്രദേശങ്ങളാണത്. (അദ്ദേഹത്തിന്റെ മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാർ കഴിഞ്ഞുപോയിട്ടുണ്ട്) അവരിൽ ആദ്യമായി വന്നവനോ അവർക്കെതിരായി വന്നവനോ അല്ല. അവരോട് അദ്ദേഹം പറയുന്നത് (അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. നിങ്ങളുടെമേൽ ഭയങ്കരമായ ഒരുദിവസത്തെ ശിക്ഷ ഞാൻ ഭയപ്പെടുന്നു). പ്രശംസനീയമായ പ്രവർത്തനങ്ങളും ശരിയായ വാക്കും ഉൾക്കൊള്ളുന്നു. ആരാധന അല്ലാഹുവിനായിരിക്കണമെന്നാണ് അദ്ദേഹം അവരോട് കൽപിച്ചത്. ശിർക്കിനെയും അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുന്നതിനെയും അവരോട് വിരോധിക്കുകയും ചെയ്തു. അദ്ദേഹത്തെ അനുസരിക്കാതിരുന്നാലുണ്ടാകുന്ന കഠിന ശിക്ഷയെക്കുറിച്ച് അവരെ താക്കീത് ചെയ്യുകയും ചെയ്തു. ആ പ്രബോധനമൊന്നും അവരിൽ ഫലം കണ്ടില്ല.

22). (അവർ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളിൽനിന്ന് ഞങ്ങളെ തിരിച്ചുവിടാൻ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്തുവന്നിരിക്കുന്നത്?). സത്യം നിന്നോടൊപ്പമില്ല. ഞങ്ങളുടെ ദൈവങ്ങളോടുള്ള അസൂയയല്ലാതെ മറ്റൊരുദ്ദേശ്യവും നിനക്കില്ല. ആ ദൈവങ്ങളിൽനിന്ന് ഞങ്ങളെ തെറ്റിക്കാനാണ് നീ ഉദ്ദേശിക്കുന്നത്. (എന്നാൽ നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കിൽ ഞങ്ങൾക്ക് നീ താക്കീത് നൽകുന്ന ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവന്ന് തരൂ). ധിക്കാരത്തിന്റെയും അജ്ഞതയുടെയും പരമാവധിയാണിത്.

23). (അദ്ദേഹം പറഞ്ഞു:അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാകുന്നു). കാര്യങ്ങളുടെ കടിഞ്ഞാണും നിയന്ത്രണങ്ങളുമെല്ലാം അവന്റെ കൈകളിലാണ്. അവനുദ്ദേശിക്കുമ്പോൾ ശിക്ഷ അവൻ നിങ്ങൾക്ക് കൊണ്ടുവരും. (ഞാനെന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അത് ഞാൻ നിങ്ങൾക്ക് എത്തിച്ചുതരുന്നു). വ്യക്തമായ പ്രബോധനമല്ലാതെ എന്റെമേൽ ബാധ്യതയില്ല. (എന്നാൽ നിങ്ങളെ ഞാൻ കാണുന്നത് അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്) അതാണ് ഇത്ര വലിയ ധൈര്യം നിങ്ങളിൽനിന്നുണ്ടാകാൻ കാരണം.

24,25). അങ്ങനെ വമ്പിച്ച ശിക്ഷ അല്ലാഹു അവരുടെമേൽ അയച്ചു. അവരെ നശിപ്പിക്കുകയും തകർത്തുകളയുകയും ചെയ്ത കാറ്റായിരുന്നു അത്. അതാണ് അല്ലാഹു പറഞ്ഞത്: (അങ്ങനെ അതിനെ അവർ കണ്ടപ്പോൾ) അതായത് ശിക്ഷയെ. (തങ്ങളുടെ താഴ്‌വരകൾക്കഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി) ഒരു കാർമേഘംപോലെ അത് പ്രത്യക്ഷപ്പെട്ടു. അവരുടെ താഴ്‌വരകൾക്ക് അഭിമുഖമായി അത് വന്നു. അവ വെള്ളമൊഴുകുന്നതും അവരുടെ കൃഷിക്ക് നനക്കുന്നതും അവയിലെ കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും അവർ കുടിക്കുകയും ചെയ്യാറുള്ളതാണ്. (അവർ പറഞ്ഞു:) സന്തോഷത്തോടെ. (ഇതാ നമുക്ക് മഴ നൽകുന്ന ഒരു കാർമേഘം) അതായത്, ഈ മേഘം വഴിയെ നമുക്ക് മഴതരും. അല്ലാഹു പറഞ്ഞു: (അപ്പോൾ നിങ്ങൾ എന്തൊന്നിന് ധൃതി കൂട്ടിയോ അതുതന്നെയാണിത്). ഇത് നിങ്ങളുടെ വാക്കിലൂടെ നിങ്ങൾ നിങ്ങളോടുതന്നെ ചെയ്ത അപരാധമാണ്. (ഞങ്ങൾക്ക് നീ താക്കീത് ചെയ്യുന്നത്-ശിക്ഷ-കൊണ്ടുവന്ന് തരൂ) (46:22). (അതെ, വേദനയേറിയ ശിക്ഷ ഉൾക്കൊള്ളുന്ന ഒരു കാറ്റ്; സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു). ദുശ്ശകുനത്തിന്റെയും കാഠിന്യത്തിന്റെയും ആ കാറ്റ് കടന്നുപോയി. അതുമൂലം അല്ലാഹു അവരെ കീഴ്‌പ്പെടുത്തി.

سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَـٰنِيَةَ أَيَّامٍ حُسُومًا فَتَرَى ٱلْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ

“തുടർച്ചയായ ഏഴു രാത്രിയും എട്ട് പകലും അത് (കാറ്റ്) അവരുടെ നേർക്ക് അവൻ തിരിച്ചവിട്ടു. അപ്പോൾ കടപുഴകി വീണ ഈന്തപ്പനത്തടികൾപോലെ ആ കാറ്റിൽ ജനങ്ങൾ വീണ് കിടക്കുന്നതായി നിനക്ക് കാണാം’’ (69:7).

(അതിന്റെ രക്ഷിതാവിന്റെ കൽപനപ്രകാരം) അവന്റെ അനുവാദവും ഉദ്ദേശ്യവും അനുസരിച്ച്. (അങ്ങനെ അവർ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയിൽ അവർ ആയിത്തീർന്നു) അത് അവരുടെ നാൽക്കാലികളെയും സമ്പത്തിനെയും ശരീരങ്ങളെയും നശിപ്പിച്ചുകളഞ്ഞു. (അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങൾക്ക് നാം പ്രതിഫല നൽകുന്നത്) അവരുടെ അക്രമവും പാപവും നിമിത്തം.

26). ഇവിടെ പറയുന്നത് അല്ലാഹു അവർക്ക് മഹത്തായ അനുഗ്രഹങ്ങൾ നൽകിയിട്ടും അവർ അവനോട് നന്ദി കാണിക്കുകയോ അവനെ ഓർക്കുകയോ ചെയ്തില്ല എന്നാണ്. അതാണ് അല്ലാഹു പറഞ്ഞത്: (നിങ്ങൾക്ക് നാം സ്വാധീനം നൽകിയിട്ടില്ലാത്ത മേഖലയിൽ ഞാൻ അവർക്ക് സ്വാധീനം നൽകുകയുണ്ടായി). അതായത് ഭൂമിയിലെ വിശിഷ്ട വസ്തക്കൾ അനുഭവിക്കാനും തങ്ങളുടെ ഇഷ്ടങ്ങൾ ആസ്വദിക്കാനും നാം അവർക്ക് സൗകര്യം ചെയ്തുകൊടുത്തു. ആലോചിച്ച് മനസ്സിലാക്കുന്നവന് ആലോചിക്കാനും സന്മാർഗം സ്വീകരിക്കാൻ ഉദ്ദേശിക്കുന്നവന് ഉപദേശം സ്വീകരിക്കാനുമുള്ള ആയുസ്സും നാം അവർക്ക് നൽകി. ഇത് കേൾക്കുന്നവരേ, നിങ്ങൾക്കും ആദ് സമൂദായത്തിന് നൽകിയതുപോലെ സൗകര്യങ്ങൾ നാം നൽകിയിട്ടുണ്ട്. അതായത് ഈ സൗകര്യങ്ങളെല്ലാം നിങ്ങൾക്ക് മാത്രമാണെന്നും ഇത് നിങ്ങളുടെ ശിക്ഷയെ തടുക്കുവാൻ പര്യാപ്തമാണെന്നും നിങ്ങൾ വിചാരിക്കരുത്. മറിച്ച്, നിങ്ങളെക്കാൾ സൗകര്യം മറ്റുള്ളവർക്കുണ്ടായിരുന്നു. അവരുടെ സ്വത്തോ സന്താനങ്ങളോ സൈന്യങ്ങളോ അല്ലാഹുവിൽനിന്ന് രക്ഷപ്പെടാൻ അവർക്ക് ഉപകരിച്ചിട്ടില്ല. (കേൾവിയും കാഴ്ചയും ഹൃദയങ്ങളും അവർക്ക് നൽകുകയും ചെയ്തു) അവരുടെ ബുദ്ധിക്കോ കാഴ്ചയ്‌ക്കോ കേൾവിക്കോ യാതൊരു കുറവുമുണ്ടായിരുന്നില്ല.

അജ്ഞത നിമിത്തം അവർ സത്യത്തെ അ വഗണിക്കുകയും അതിനെക്കുറിച്ച് പഠിക്കാൻ കഴിയാതെവരികയും ചെയ്തുവെന്ന് പറയാനാകും. അതല്ലാതെ ബുദ്ധിത്തകരാറുമൂലമല്ല. നൽകുന്നവൻ അല്ലാഹുവാണല്ലോ. (അവരുടെ കേൾവിയും കാഴ്ചകളും ഹൃദയങ്ങളും അവർക്ക് യാതൊരു പ്രയോജനവും ചെയ്തില്ല) അൽപമോ അധികമോ; കാരണം: (അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചുകൊണ്ടിരുന്നതിനാൽ) അവന്റെ ഏകത്വത്തിനും ആരാധന അവന് മാത്രമായിരിക്കാനുള്ള തെളിവുകളെ. (എന്തൊന്നിനെ അവർ പരിഹസിച്ചിരുന്നുവോ അത് അവരിൽ വന്നുഭവിക്കുകയും ചെയ്തു). അതായത്, സംഭവിക്കുമെന്നതിനെ അവർ നിഷേധിക്കുന്ന ശിക്ഷ, ആ ശിക്ഷയെ താക്കീത് ചെയ്ത പ്രവാചകന്മാരെ അവർ പരിഹസിക്കുകയും ചെയ്തു.

27,28). അറബികളായ മുശ്‌രിക്കുകളെയും മറ്റുള്ളവരെയും, അവരുടെ താമസസ്ഥലങ്ങൾക്ക് ചുറ്റുമുണ്ടായിരുന്ന നിഷേധികളായ മുൻ സമുദായങ്ങളെ നിശിപ്പിച്ചിനെക്കുറിച്ച് പറഞ്ഞ് താക്കീത് ചെയ്യുകയാണിവിടെ. അറേബ്യൻ പ്രദേശങ്ങളിൽതന്നെയാണുണ്ടായിരുന്നത്. അവർ തങ്ങളുടെ ദുഷിച്ച വഴികളിൽനിന്ന് പിന്തിരിയാ ൻ വേണ്ടി, അതായത് അവിശ്വാസത്തിന്റെയും തിരസ്‌കരണത്തിന്റെയും വഴികൾ ഉപേക്ഷിക്കാൻ വേണ്ടി, അല്ലാഹു അവർക്ക് പലതരത്തിലു ള്ള ദൃഷ്ടാന്തങ്ങൾ അയച്ചുകൊടുത്തു. അവർ മടങ്ങാതെ വന്നപ്പോൾ കഴിവുള്ള പ്രതാപശാലിയുടെ ശിക്ഷിക്കൽ അല്ലാഹു അവരെ ശിക്ഷിച്ചു. അല്ലാഹുവിന് പുറമെ അവർ വിളിച്ചു പ്രാർഥിച്ചിരുന്ന അവരുടെ ദൈവങ്ങൾ അവർക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. അതാണ് അല്ലാഹു ഇവിടെ പറയുന്നത്: (അല്ലാഹുവിന് പുറമെ അവനിലേക്ക് സാമീപ്യം കിട്ടുവാനായി അവർ ദൈവങ്ങളായി സ്വീകരിച്ചവർ അപ്പോൾ എന്തുകൊണ്ട് അവരെ സഹായിച്ചില്ല?) അവരിലേക്കവർ സാമീപ്യം തേടുകയും അവരിൽനിന്നും ഉപകാരം പ്രതീക്ഷിച്ച് അവരെ ദൈവങ്ങളാക്കുകയം ചെയ്തിരുന്നു. (അല്ല അവരെവിട്ട് അവർ -ദൈവങ്ങൾ- അപ്രത്യക്ഷരായി). അവർ അവർക്ക് ഉത്തരം നൽകുകയോ അവരെ പ്രതിരോധിക്കുകയോ ചെയ്തില്ല. (അത്-ബഹുദൈവവാദം-അവരുടെ വകയായുള്ള വ്യാജവും അവർ കൃത്രിമമായി സൃഷ്ടിച്ചുണ്ടാക്കിയതുമത്രെ. അവർ അവരെക്കുറിച്ച് വെച്ചുപുലർത്തിയിരുന്ന വ്യാമോഹങ്ങളായ കളവുകൾ. അവർ സത്യത്തിലാണെന്നും അവരുടെ പ്രവർത്തനങ്ങളെക്കൊണ്ട് അവർക്ക് പ്രയോജനമുണ്ടാകുമെന്നും അവർ വാദിച്ചുകൊണ്ടിരുന്നു. അങ്ങനെ അവർ വഴിപിഴക്കുകയും നിഷ്ഫലരായിത്തീരുകയും ചെയ്തു.