സൂറഃ അൽ ഹുജറാത്ത്, ഭാഗം 2

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഫെബ്രുവരി 26, 1442 റജബ്  25

അധ്യായം: 49, ഭാഗം 2 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

ضْلًا مِّنَ ٱللَّهِ وَنِعْمَةً ۚ وَٱللَّهُ عَلِيمٌ حَكِيمٌ (٨‬) وَإِن طَآئِفَتَانِ مِنَ ٱلْمُؤْمِنِينَ ٱقْتَتَلُوا۟ فَأَصْلِحُوا۟ بَيْنَهُمَا ۖ فَإِنۢ بَغَتْ إِحْدَىٰهُمَا عَلَى ٱلْأُخْرَىٰ فَقَـٰتِلُوا۟ ٱلَّتِى تَبْغِى حَتَّىٰ تَفِىٓءَ إِلَىٰٓ أَمْرِ ٱللَّهِ ۚ فَإِن فَآءَتْ فَأَصْلِحُوا۟ بَيْنَهُمَا بِٱلْعَدْلِ وَأَقْسِطُوٓا۟ ۖ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ (٩) إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا۟ بَيْنَ أَخَوَيْكُمْ ۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تُرْحَمُونَ (١٠) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَـٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَـٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ (١١)

(08). അല്ലാഹുവിങ്കല്‍നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു.

(09). സത്യവിശ്വാസികളില്‍നിന്നുള്ള രണ്ടു വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചാല്‍ നിങ്ങള്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം. എന്നിട്ടു രണ്ടില്‍ ഒരുവിഭാഗം മറുവിഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിക്കുന്ന വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങിവരുന്നതുവരെ നിങ്ങള്‍ സമരം നടത്തണം. അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വം ആ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുകയും നിങ്ങള്‍ നീതിപാലിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

(10). സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.

(11). സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്. സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് (വിളിക്കുന്നത്) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍.

8. അല്ലാഹു പറയുന്നു: (അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു) ആ ഗുണം അവര്‍ക്ക് കിട്ടിയത് അവരോട് അല്ലാഹു കാണിച്ച നന്മയും ഔദാര്യവുമാണ്. അവരുടെ ശക്തിയോ കഴിവോ അല്ല. (അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമാകുന്നു). അവന്റെ അനുഗ്രഹത്തിന് നന്ദി ചെയ്യുന്നവര്‍ ആരാണെന്ന് അവന് നന്നായറിയാം. നന്ദി കാണിക്കാത്തവരില്‍നിന്ന് വ്യത്യസ്തമായി അവര്‍ക്ക് അല്ലാഹു പ്രത്യേക സഹായം നല്‍കും. അവന്റെ യുക്തി താല്‍പര്യപ്പെടുന്നേടത്ത് അവന്റെ ഔദാര്യത്തെ അവന്‍ നല്‍കും.

9. സത്യവിശ്വാസികള്‍ പരസ്പരം കൊല ചെയ്യുവാനോ അതിക്രമം കാണിക്കുവാനോ പാടില്ലെന്നതാണ് ഈ വചനത്തിന്റെ ഉള്ളടക്കം. ഇനി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പോരടിച്ചാല്‍ മറ്റു വിശ്വാസികള്‍ ഈ വലിയ തിന്മയെ അവര്‍ക്കിടയില്‍ രഞ്ജിപ്പും സന്ധിയുമുണ്ടാകത്തക്കവിധത്തില്‍ മധ്യസ്ഥത വഹിക്കുകയും അതിലേക്കെത്തിക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. അങ്ങനെ അവര്‍ യോജിപ്പിലെത്തിയാല്‍ വളരെ നല്ലത്. (എന്നിട്ട് രണ്ടിലൊരുവിഭാഗം മറുഭാഗത്തിനെതിരില്‍ അതിക്രമം കാണിച്ചാല്‍ അതിക്രമം കാണിച്ച വിഭാഗത്തോട് അവര്‍ അല്ലാഹുവിന്റെ കല്പനയിലേക്ക് മടങ്ങുന്നതുവരെ നിങ്ങള്‍ ധര്‍മസമരം നടത്തണം). അല്ലാഹുവിന്റെയും റസൂലിന്റെയും നിയമത്തിലേക്ക് നന്മ പ്രവര്‍ത്തിച്ചും ഏറ്റവും വലിയ തിന്മയായ പരസ്പരം ഏറ്റുമുട്ടലില്‍ ഉപേക്ഷിച്ചും അവര്‍ മടങ്ങുന്നതുവരെ. (അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കില്‍ നീതിപൂര്‍വം ആ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ നീ രഞ്ജിപ്പുണ്ടാക്കുക).

ഇത് രഞ്ജിപ്പുണ്ടാക്കാനും രഞ്ജിപ്പില്‍ നീതി പാലിക്കാനുമുള്ള നിര്‍ദേശമാണ്. രഞ്ജിപ്പ് ചിലപ്പോള്‍ ഉണ്ടാകാം. പക്ഷേ, അത് നീതിപ്രകാരമായിക്കൊള്ളണമെന്നില്ല. മറിച്ച്, അക്രമപരവും ഒരു കക്ഷിയിലേക്ക് ചാഞ്ഞുകൊണ്ടുമാവാം. ഇത് യഥാര്‍ഥത്തില്‍ നിര്‍ദേശിക്കപ്പെട്ട രജ്ഞിപ്പല്ല. കുടുംബബന്ധമോ ദേശമോ മറ്റെന്തെങ്കിലും താല്പര്യമോ ലക്ഷ്യമോ ഇതില്‍ പരിഗണിക്കാതിരിക്കല്‍ നിര്‍ബന്ധമാണ്. (തീര്‍ച്ചയായും അല്ലാഹു നീതിപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു) ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കുന്നതില്‍ നീതി പാലിക്കുന്നവരെ.

അവര്‍ക്കധികാരമുള്ള എല്ലാ അധികാരസ്ഥലത്തും. ഒരാള്‍ തന്റെ ഭാര്യയിലും മക്കളിലും അവരോടുള്ള ബാധ്യത നിര്‍വഹിക്കുന്നതില്‍ കാണിക്കുന്ന നീതിവരെ ഇതില്‍ ഉള്‍പ്പെടും. സ്വഹീഹായ ഹദീസില്‍ വന്നതുപോലെ:

  ‘‘നീതി പാലിക്കുന്നവര്‍ അല്ലാഹുവിന്റെ അടുക്കല്‍ പ്രകാശത്തിന്റെ പീഠങ്ങളിലായിരിക്കും. അവരുടെ വിധികളിലും കുടുംബങ്ങളിലും ഏല്‍പിക്കപ്പെട്ടതിലും അവര്‍ നീതി കാണിക്കുന്നവരായിരുന്നു.’’

10. (സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു) സത്യവിശ്വാസികള്‍ക്കിടയില്‍ അല്ലാഹു ഉണ്ടാക്കിയ ഒരു ബന്ധമാണിത്. ഭൂമിയിലെ പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളില്‍ എവിടെയാണങ്കിലും അല്ലാഹുവിലും മലക്കുകളിലും വേദഗ്രന്ഥങ്ങളിലും പ്രവാചകന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഏതൊരു വ്യക്തിയെ കണ്ടാലും അവന്‍ സത്യവിശ്വാസികളുടെ സഹോദരനാണ്. തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നത് ആ വിശ്വാസികള്‍ക്ക് വേണ്ടിയും ഇഷ്ടപ്പെടുകയും അനിഷ്ടകരമായി കണ്ടാല്‍ അവര്‍ക്കുവേണ്ടിയും അനിഷ്ടകരമായി കാണലും നിര്‍ബന്ധമായ സാഹോദര്യം. വിശ്വാസ സാഹോദര്യത്തിന്റെ നിര്‍ദേശമായി നബി ﷺ പറഞ്ഞു.

‘‘നിങ്ങള്‍ പരസ്പരം അസൂയ കാണിക്കരുത്, പരസ്പരം വില കയറ്റിപ്പറയരുത്, വിദ്വേഷം കാണിക്കരുത്, പരസ്പരം അവഗണിക്കരുത്. സഹോദരങ്ങളായ, അല്ലാഹുവിന്റെ അടിമകളാവുക. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവനെ അക്രമിക്കുകയോ കയ്യൊഴിക്കുകയോ കളവാക്കുകയോ ഇല്ല’’(ബുഖാരി, മുസ്‌ലിം)

മറ്റൊരു ഹദീസില്‍ നബി ﷺ പറയുന്നു:

‘‘ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ഒരു കെട്ടിടംപോലെയാണ്. അത് പരസ്പരം ശക്തിപ്പെടുത്തുന്നു.’’ നബി ﷺ തന്റെ വിരലുകള്‍ കോര്‍ത്ത് പിടിച്ചു.

സത്യവിശ്വാസികള്‍ പരസ്പരം കടമകള്‍ നി ര്‍വഹിക്കണമെന്നാണ് അല്ലാഹുവും റസൂലും കല്പിക്കുന്നത്; അവര്‍ക്കിടയില്‍ പരസ്പരം സ്‌നേഹവും ഇണക്കവും ബന്ധവും ഉണ്ടാക്കണമെന്നും. ഇതെല്ലാംതന്നെ പരസ്പര ബാധ്യതകളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. അതില്‍പെട്ടതാണ് ഹൃദയങ്ങള്‍ ഭിന്നിക്കുന്നതിനും പരസ്പര വിദ്വേഷത്തിനും അവഗണനയ്ക്കും കാരണമാകുന്ന ഏറ്റുമുട്ടല്‍ അവര്‍ക്കിടയില്‍ സംഭവിച്ചാല്‍ സത്യവിശ്വാസികള്‍ അവരുടെ സഹോദരങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണം എന്നത്. അവര്‍ക്കിടയിലെ വെറുപ്പുകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കുകയും വേണം.

ധര്‍മനിഷ്ഠ പാലിക്കാന്‍ പൊതുവായി കല്‍പിക്കുകയാണ് പിന്നീട്. തക്വ്‌വ പാലിക്കുന്നതിനോടൊപ്പം വിശ്വാസികളോടുള്ള കാരുണ്യത്തിനും (നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം). കാരുണ്യം ലഭിച്ചാല്‍ ഇഹവും പരവും ലഭിച്ചു. സത്യവിശ്വാസികള്‍ തമ്മില്‍ കടമ നിര്‍വഹിക്കാതിരിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യത്തെ തടഞ്ഞുവെക്കുന്നതിന്റെ ഏറ്റവും വലിയ കാരണമാണെന്നും മനസ്സിലാക്കാം. ഈ പറഞ്ഞതല്ലാത്ത ചില പ്രയോജനങ്ങളും ഈ രണ്ട് വചനങ്ങളിലുമുണ്ട്. വിശ്വാസപരമായ സാഹോദര്യത്തെ ഇല്ലാതാക്കുന്നതാണ് വിശ്വാസികള്‍ക്കിടയിലുള്ള ഏറ്റുമുട്ടലുകള്‍. അതിനാല്‍ തന്നെ ഇത് ഏറ്റവും വലിയ മഹാപാപമാണ്. വിശ്വാസവും വിശ്വാസ സാഹോദര്യവും നിലനിര്‍ത്തുന്നതോടൊപ്പം പരസ്പരം ഏറ്റുമുട്ടുകയാണെങ്കില്‍ ശിര്‍ക്കില്‍തൊട്ട് താഴെ പരിഗണിക്കാവുന്ന മഹാപാപമാണത്. ഇതാണ് അഹ്‌ലുസ്സുന്ന വല്‍ജമാഅയുടെ വീക്ഷണം. നീതിപൂര്‍വം വിശ്വാസികള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കല്‍ നിര്‍ബന്ധമാണ്. അതിക്രമം കാണിക്കുന്നവരോട് അവര്‍ അല്ലാഹുവിന്റെ കല്‍പനയിലേക്ക് മടങ്ങുന്നതുവരെ യുദ്ധം ചെയ്യല്‍ നിര്‍ബന്ധമാണ്. അല്ലാഹുവിന്റെതല്ലാത്ത ഒരു കല്‍പനയിലേക്ക് മടങ്ങിയാലും നടപടി തുടരണം. അവര്‍ മടങ്ങിക്കഴിഞ്ഞാല്‍ അവരെ നിര്‍ബന്ധിക്കാന്‍ പാടില്ല. അവരുടെ ധനം സുരക്ഷിതമാണ്. കാരണം അല്ലാഹു അവരുടെ രക്തം അനുവദിച്ചത് അവര്‍ അതിക്രമങ്ങളില്‍ തുടരുന്ന സമയത്ത് മാത്രമാണ്. ധനം അനുവദിച്ചിട്ടുമില്ല.

11. ഇതും സത്യവിശ്വാസികള്‍ പരസ്പരമുള്ള കടമകളില്‍ പെട്ടതാണ്. മുസ്‌ലിമായ സഹോദരനെ നിന്ദിക്കുന്ന വിധമുള്ള വാക്കും പ്രവൃത്തിയും കൊണ്ട് ഒരു ജനതയും മറ്റൊരു ജനതയെ പരിഹസിക്കാവതല്ല. അത് നിഷിദ്ധമാണ്. അത് പരിഹസിക്കുന്നവന് അവനെക്കുറിച്ചുള്ള അമിത മതിപ്പിന്റെ അടയാളം കൂടിയാണ്. ഒരുപക്ഷേ, പരിഹസിക്കുന്നവനെക്കാള്‍ ഉത്തമനായേക്കാം പരിഹസിക്കപ്പെടുന്നവന്‍. അതിനാണ് സാധ്യത കൂടുതലുള്ളതും. യാഥാര്‍ഥ്യവും അതായിരിക്കും. ചീത്ത സ്വഭാവങ്ങള്‍ നിറഞ്ഞ ഒരു ഹൃദയത്തില്‍നിന്നല്ലാതെ പരിഹാസമുണ്ടാവില്ല. എല്ലാ ദുര്‍ഗുണങ്ങളുള്ളവനുമായിരിക്കും; ഒരു സല്‍സ്വഭാവവും ഇല്ലാത്തവനും. അതാണ് നബി ﷺ പറഞ്ഞത്.

‘‘മുസ്‌ലിമായ തന്റെ സഹോദരനെ നിന്ദിക്കുന്നത് മാത്രം മതി ഒരാള്‍ക്ക് തിന്മയായിത്തീരാന്‍‘’ (മുസ്‌ലിം 254).

തുടര്‍ന്ന് പറയുന്നു: (നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്) പരസ്പരം ആക്ഷേപിക്കരുത്. ‘ലമസ’ എന്നത് വാക്കുകള്‍കൊണ്ട് ഒരാളെ ആക്ഷേപിക്കലാണ്. ‘ഹമസ്’ എന്നതാവട്ടെ, എന്തെങ്കിലും ചെയ്തുകൊണ്ട് അപമാനിക്കലാണ്.

‘‘കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം’’ (104:1). മുസ്‌ലിമായ സഹോദരനെ തന്റെ ശരീരം എന്നാണ് വിശേഷിപ്പിച്ചത്. കാരണം, സത്യവിശ്വാസികള്‍ അങ്ങനെ ആയിരിക്കണം. ഒരു ശരീരം പോലെ. ഒരാള്‍ മറ്റൊരുത്തനെ ആക്ഷേപിച്ചാല്‍ മറ്റുള്ളവര്‍ അവനെ ആക്ഷേപിക്കല്‍ അനിവാര്യമായി. ഇപ്പോള്‍ അതിന് കാരണമുണ്ടാക്കിയത് അവന്‍ തന്നെ. (നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ചു അന്യോന്യം അപമാനിക്കുകയും അരുത്).

വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടാത്ത പേരുകള്‍ വിളിച്ച് ഒരാളും തന്റെ  സഹോദരനെ ആക്ഷേപിക്കരുത്. ഇതാണ് ‘തനാബസ്’ എന്ന് പറയുന്നത്. ആക്ഷേപകരമല്ലാത്ത വിളിപ്പേരുകള്‍ ഇതില്‍ പെടില്ല. (സത്യവിശ്വാസം കൈക്കൊണ്ടതിനുശേഷം അധാര്‍മികമായ പേര് വിളിക്കുന്നത് എത്ര ചീത്ത). സത്യവിശ്വാസത്തെയും മതാനുസൃതമായ പ്രവര്‍ത്തനങ്ങളെയും നിങ്ങള്‍ എത്ര മോശമായാണ് മാറ്റിമറിച്ചത്. അതിന്റെ വിധിവിലക്കുകളെ അവഗണിക്കുകയും ചെയ്തു; ഈ ചീത്തപ്പേര് വിളിക്കുന്നതിലൂടെയും അനുസരണക്കേടിലൂടെയും. (വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രകാരികള്‍).

അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക എന്നത്, ഒരടിമക്ക് നിര്‍ബന്ധമായ കാര്യമാണ്. തന്റെ മുസ്‌ലിം സഹോദരന്റെ അവകാശ ലംഘനങ്ങളില്‍നിന്ന് അവനോട് മാപ്പ് ചോദിച്ച് ഒഴിവാകേണ്ടതുണ്ട്; അവനെ ആക്ഷേപിച്ചതിന് പകരം നല്ലത് പറയുകയും പാപമോചനം തേടുകയും ചെയ്തുകൊണ്ട്. (വല്ലവനും പശ്ചാത്തപിക്കാത്തപക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍). ജനങ്ങള്‍ രണ്ട് വിധമുണ്ട്. തെറ്റ് ചെയ്ത് പശ്ചാത്തപിക്കാത്തവന്‍, പശ്ചാത്തപിച്ച് വിജയിക്കുന്നവന്‍.