സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 9

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

അധ്യായം: 43, ഭാഗം 9 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَىٰهُم ۚ بَلَىٰ وَرُسُلُنَا لَدَيْهِمْ يَكْتُبُونَ (٨٠) قُلْ إِن كَانَ لِلرَّحْمَـٰنِ وَلَدٌ فَأَنَا۠ أَوَّلُ ٱلْعَـٰبِدِينَ (٨١) سُبْحَـٰنَ رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ رَبِّ ٱلْعَرْشِ عَمَّا يَصِفُونَ (٨٢) فَذَرْهُمْ يَخُوضُوا۟ وَيَلْعَبُوا۟ حَتَّىٰ يُلَـٰقُوا۟ يَوْمَهُمُ ٱلَّذِى يُوعَدُونَ (٨٣) وَهُوَ ٱلَّذِى فِى ٱلسَّمَآءِ إِلَـٰهٌ وَفِى ٱلْأَرْضِ إِلَـٰهٌ ۚ وَهُوَ ٱلْحَكِيمُ ٱلْعَلِيمُ (٨٤)

80. അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്കുന്നില്ല എന്ന് അവർ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്മാർ(മലക്കുകൾ) അവരുടെ അടുക്കൽ എഴുതിയെടുക്കുന്നുണ്ട്.

81. നീ പറയുക: പരമകാരുണികന് സന്താനമുണ്ടായിരുന്നെങ്കിൽ ഞാനായിരിക്കും അതിനെ ആരാധിക്കുന്നവരിൽ ഒന്നാമൻ.

82. എന്നാൽ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്, സിംഹാസനത്തിന്റെ നാഥൻ അവർ പറഞ്ഞുണ്ടാക്കുന്നതിൽ നിന്ന് എത്രയോ പരിശുദ്ധനത്രെ.

83. അതിനാൽ നീ അവരെ വിട്ടേക്കുക. അവർക്കു താക്കീത് നൽകപ്പെടുന്ന അവരുടെ ആ ദിവസം അവർ കണ്ടുമുട്ടുന്നതുവരെ അവർ അസംബന്ധങ്ങൾ പറയുകയും കളിതമാശയിൽ ഏർപെടുകയും ചെയ്തുകൊള്ളട്ടെ.

84. അവനാകുന്നു ആകാശത്ത് ദൈവമായിട്ടുള്ളവനും, ഭൂമിയിൽ ദൈവമായിട്ടുള്ളവനും. അവനാകുന്നു യുക്തിമാനും സർവജ്ഞനും.

80). (അതല്ല അവർ വിചാരിക്കുന്നുണ്ടോ?) അവരുടെ അക്രമവും അനീതിയും നിമിത്തം. (അവരുടെ രഹസ്യം നാം കേൾക്കുന്നില്ല എന്ന്) അവരുടെ ഹൃദയങ്ങളിൽ മാത്രമുള്ള, സംസാരിച്ചിട്ടില്ലാത്ത രഹസ്യങ്ങൾപോലും. (ഗൂഢാലോചനയും) അവർ പരസ്പരം അടക്കം പറയുന്ന രഹസ്യസംസാരങ്ങളും. അതാണവർ തെറ്റുകളിലേക്ക് വരാൻ കാരണം. അവർ രഹസ്യമാക്കുന്ന കാര്യങ്ങൾക്ക് നടപടിയോ പരിണിത ഫലങ്ങളോ ഇല്ലെന്നവർ ധരിച്ചു. അതിന് അല്ലാഹു മറുപടി പറയുന്നു: (അതെ), അവരുടെ രഹസ്യങ്ങളും ഗൂഢാലോചനകളും നാം അറിയുന്നുണ്ട്. (നമ്മുടെ ദൂതന്മാർ) ആദരണീയരായ മലക്കുകൾ. (അവരുടെ അടുക്കൽ എഴുതിയെടുക്കുന്നുണ്ട്) അവർ പ്രവർത്തിക്കുന്നതെല്ലാം. ഉയിർത്തെഴുന്നേൽപുനാളിൽ അവർ വരുന്നതുവരെ അതെല്ലാം കാത്തുസൂക്ഷിക്കപ്പെട്ടു. അങ്ങനെ അവർ ചെയ്തതെല്ലാം അവർക്ക് മുന്നിൽ ആസന്നമായിക്കാണും. നിന്റെ രക്ഷിതാവ് യാതൊരനീതിയും ഒരാളോടും ചെയ്യുകയില്ല.

81). അല്ലാഹുവിന് സന്താനങ്ങളെ നിശ്ചയിക്കുന്നവരോട് പ്രവാചകരേ, പറയുക. അവൻ ഒരുവനും ഏകനുമാണ്. (നീ പറയുക, പരമകാരുണികന് സന്താനമുണ്ടായിരുന്നെങ്കിൽ ഞാനായിരിക്കും അതിനെ ആരാധിക്കുന്നവരിൽ ഒന്നാമൻ. കാരണം, ആ സന്താനം അതിന്റെ പിതാവിന്റെ ഭാഗമായിരിക്കും. അല്ലാഹുവിന് ഇഷ്ടമുള്ള കാര്യങ്ങളിൽ അവന് കീഴ്‌പെടുന്ന സൃഷ്ടികളിൽ ഒന്നാമൻ ഞാനായിരിക്കും. എന്നാൽ അതിനെ നിഷേധിക്കുന്നവരിൽ ഒന്നാമൻ ഞാനാണ്; അതിനെ ഏറ്റവും ശക്തമായി എതിർക്കുന്നവനും. അത് അസത്യമാണെന്നറിയുന്നതിനാൽ.

പ്രവാചകൻമാരെക്കുറിച്ച് മനസ്സിലാക്കുന്നവർക്ക് ഇതിൽ വലിയ തെളിവുകൾ ലഭിക്കും. അവർ സൃഷ്ടികളിൽ പരിപൂർണരാണ്. ഏത് നന്മയും ജനങ്ങളിൽ ആദ്യം ചെയ്യുന്നവരും പൂർത്തീകരിക്കുന്നവരും അവരായിരിക്കും. ഏത് തിന്മയും ജനങ്ങളിൽ ആദ്യം ഉപേക്ഷിക്കുകയും അകന്നുനിൽക്കുകയും എതിർക്കുകയും ചെയ്യുന്നതും അവരായിരിക്കും. പരമകാരുണികന് സന്താനമുണ്ടെന്നത് സത്യമാണെങ്കിൽ പ്രവാചകരിൽ ശ്രേഷ്ഠനായ മുഹമ്മദ് ഇബ്‌നു അബ്ദുല്ലയായിരിക്കും അതിനെ ആദ്യം ആരാധിക്കുന്നവൻ; ബഹുദൈവവിശ്വാസികൾ അത് ചെയ്യുംമുമ്പ്.

ഈ വചനത്തിന് മറ്റൊരർഥം കൂടിയുണ്ട്. പരമകാരുണികന് സന്താനമുണ്ടങ്കിൽ അതിന് ആരാധന ചെയ്യുന്നവരിൽ ഒന്നാമൻ ഞാനായിരിക്കും. കാരണം അല്ലാഹുവിനുള്ള എന്റെ ആരാധന അവൻ അവനുവേണ്ടി സ്ഥിരപ്പെടുത്തിയത് സ്ഥിരപ്പെടുത്തുകയും അവൻ നിരാകരിച്ചത് നിരാകരിക്കലുമാണ്. ഈ ആരാധന വാക്കിൽ നിർവഹിക്കേണ്ട വിശ്വാസകാര്യങ്ങളിൽ ഉൾപ്പെട്ടു. അതിനാൽ ഇത് സത്യമാണെങ്കിൽ അവന് സന്താനത്തെ അംഗീകരിക്കുന്ന ആദ്യ‌െത്തയാൾ ഞാനായിരിക്കും. ബുദ്ധിപരമായും പ്രമാണികമായും മുശ്‌രിക്കുകളുടെ ഈ വാദം അസത്യമാണെന്ന് ഇതിൽനിന്ന് വ്യക്തം.

82) (എന്നാൽ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്, സിംഹാസനത്തിന്റെ നാഥൻ അവർ പറഞ്ഞുണ്ടാക്കുന്നതിൽനിന്ന് എത്രയോ പരിശുദ്ധൻ; മുശ്‌രിക്കുകൾ അല്ലാഹുവിനുണ്ടന്ന് പറയുന്ന പങ്കാളി, സഹായി, സന്താനം തുടങ്ങിയവയിൽ നിന്നെല്ലാം.

83). (അതിനാൽ നീ അവരെ വിട്ടേക്കുക അവർ അസംബന്ധങ്ങൾ പറയുകയും കളി തമാശയിൽ ഏർപ്പെടുകയും ചെയ്തുകൊള്ളട്ടെ) അസത്യങ്ങളിൽ മുഴുകിയും അനർഥങ്ങളിൽ രസിച്ചും അവരുടെ അറിവുകൾ ഉപദ്രവകരവും പ്രയോജനരഹിതവുമാണ്. പ്രവാചകന്മാർ കൊണ്ടുവന്നതിനെയും യഥാർഥ സത്യത്തെയും നേരിടാനുള്ള വിജ്ഞാന ഗവേഷണങ്ങളും പരിശ്രമങ്ങളുമാണ് അവർക്കുള്ളത്. അവരുടെ ഈ പ്രവർത്തനങ്ങളാകട്ടെ കളിയും ബുദ്ധിശൂന്യവുമാണ്. മനസ്സിനെ സംസ്‌കരിക്കാനോ ശരിയായ അറിവിനെ ഉണ്ടാക്കാനോ ഉപകരിക്കില്ല. അതുകൊണ്ടാണ് വരാൻപോകുന്ന ഉയിർത്തെഴുന്നേൽപുനാളിനെക്കുറിച്ച് അവരെ താക്കീത് ചെയ്യുന്നത്. (അവർക്ക് താക്കീത് നല്കപ്പെടുന്ന അവരുടെ ആ ദിവസം അവർ കണ്ടുമുട്ടുന്നതുവരെ) അപ്പോൾ അവർക്ക് മനസ്സിലാകും അവരെന്ത് നേടിയെന്ന്? അവർ നേടിയത് നിത്യദുരിതവും വിട്ടുമാറാത്ത ശിക്ഷയുമാണ്.

84). (അവനാകുന്നു ആകാശത്ത് ആരാധ്യനായിട്ടുള്ളവനും ഭൂമിയിൽ ആരാധ്യനായിട്ടുള്ളനും) ആകാശത്തും ഭൂമിയിലും ആരാധിക്കപ്പെടേണ്ടവനായി അവൻ മാത്രമാണെന്ന് അല്ലാഹു അറിയിക്കുന്നു. അതിനാൽ ആകാശത്തുള്ള സർവരും ഭൂമിയിലുള്ള സത്യവിശ്വസികളും അവനെ ആരാധിക്കുകയും മഹത്ത്വപ്പെടുത്തുകയും അവന്റെ മഹത്ത്വത്തിന് കീഴൊതുങ്ങുകയും അവന്റെ പരിപൂർണതയെ ആശ്രയിക്കുകയും ചെയ്യുന്നു.

تُسَبِّحُ لَهُ ٱلسَّمَـٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ

“ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചുകൊണ്ട്-അവന്റെ-പരിശുദ്ധിയെ പ്രകീർത്തിക്കാത്തതായി ഇല്ല’’ (17:44)

وَلِلَّهِ يَسْجُدُ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ طَوْعًا وَكَرْهًا

“അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിർബന്ധിതരായിട്ടും’’ (13:15)

അല്ലാഹുവാണ് ആരാധനക്കർഹൻ. സർവസൃഷ്ടികളും നിർബന്ധിതരായോ സ്വമനസ്സോടെയോ അവനെ ആരാധിച്ചുകൊണ്ടിരിക്കുന്നു.

وَهُوَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَفِى ٱلْأَرْضِ ۖ

“അവൻ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും സാക്ഷാൽ ദൈവം’’ (6:3).

അവനുള്ള ആരാധനയും സ്‌നേഹവുമെല്ലാം ആകാശഭൂമികളിലാണ് നടക്കുന്നത്. അവൻ തന്റെ സിംഹാസനത്തിന് മുകളിലാണ്. തന്റെ സൃഷ്ടികളിൽനിന്ന് തീർത്തും വ്യത്യസ്തൻ. തന്റെ മഹത്ത്വത്താൽ ഏകനായവൻ, തന്റെ പരിപൂർണതയാൽ ശ്രേഷ്ഠതയുള്ളവൻ. (യുക്തിമാനായവൻ) അവൻ സൃഷ്ടിച്ചതിനെ അവൻ യുക്തിഭദ്രമാക്കുകയും അവൻ നിയമമാക്കിയതിനെ അന്യൂനമാക്കുകയും ചെയ്തു. യുക്തിപൂർണമായിട്ടല്ലാതെ അവനൊന്നും സൃഷ്ടിക്കുന്നില്ല. യുക്തിഭദ്രമല്ലാതൊന്നും നിയമമാക്കിയിട്ടില്ല. മതപരവും വിധിസംബന്ധവും പ്രതിഫലപരവുമായ വിധികളിലെല്ലാം യുക്തിയുണ്ട്. (സർവജ്ഞൻ) എല്ലാ കാര്യങ്ങളെക്കുറിച്ചും, രഹസ്യവും പരസ്യവും. ഭൗതികലോകത്തും ഉപരിയിലും ഒരു നിസ്സാരകാര്യംപോലും -അത് ചെറുതാവട്ടെ-വലുതാകട്ടെ അവനറിയാതെ പോകില്ല.