സൂറഃ മുഹമ്മദ്, ഭാഗം 5

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 ജൂൺ 11, 1442 ദുൽഖഅദ 10

അധ്യായം: 47, ഭാഗം 5 (മദീനയില്‍്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ (٢٩) وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ (٣٠) وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ (٣١) إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ (٣٢) يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ (٣٣)

29. അതല്ല, ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ അല്ലാഹു അവരുടെ ഉള്ളിലെ പക വെളിപ്പെടുത്തുകയേയില്ല എന്നാണോ വിചാരിച്ചത്?

30. നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണംകൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു. സംസാരശൈലിയിലൂടെയും തീർച്ചയായും നിനക്ക് അവരെ മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികൾ അറിയുന്നു.

31. നിങ്ങളുടെ കൂട്ടത്തിൽ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വർത്തമാനങ്ങൾ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നതുവരെ നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും.

32. അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് (ജനങ്ങളെ) തടയുകയും, തങ്ങൾക്ക് സൻമാർഗം വ്യക്തമായി കഴിഞ്ഞതിനു ശേഷം റസൂലുമായി മാത്സര്യത്തിൽ ഏർപ്പെടുകയും ചെയ്തവരാരോ തീർച്ചയായും അവർ അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല. വഴിയെ അവൻ അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും.

33. സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങൾ അനുസരിക്കുക. നിങ്ങളുടെ കർമങ്ങളെ നിങ്ങൾ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.

29) അല്ലാഹു പറയുന്നു: (അതല്ല, ഹൃദയങ്ങളിൽ രോഗമുള്ള ആളുകൾ വിചാരിച്ചുവോ) സംശയങ്ങളോ ദേഹേച്ഛകളോ, ഇവമൂലം ഹൃദയം അതിന്റെ ആരോഗ്യാവസ്ഥ ശരിയായി നിലനിൽക്കാതിരിക്കുന്നു. (അല്ലാഹു വെളിപ്പെടുത്തുകയേ ഇല്ലെന്ന്) ഇസ്‌ലാമിനോടും അതിന്റെ ആളുകളോടും അവരുടെ ഉള്ളിലുള്ള ശത്രുതയും പകയും ഇത് അല്ലാഹുവിന്റെ യുക്തിക്ക് നിരക്കാത്ത വിചാരമാണ്. അസത്യവാനെയും സത്യവാനെയും അല്ലാഹു വേർതിരിക്കുകതന്നെ ചെയ്യും. വിശ്വാസത്തിൽ മാറ്റം വരാതെ അതിൽ ഉറച്ച് നിൽക്കുന്നതാരെന്ന് മനസ്സിലാക്കാവുന്ന പരീക്ഷണങ്ങളിലൂടെയായിരിക്കും അത്. അവനാണ് യഥാർഥ വിശ്വാസി. എന്നാൽ ക്ഷമിക്കാതെ തിരിഞ്ഞുകളയുന്നവൻ പരീക്ഷണങ്ങൾ വരുമ്പോൾ വിശ്വാസം ദുർബലമാവുകയും അസ്വസ്ഥനാവുകയും മനസ്സിലുള്ള വിദ്വേഷവും കാപട്യവും വെളിവാകുകയും ചെയ്യുന്നു. ഇത് ദൈവികയുക്തിയുടെ താല്പര്യമാണ്.

30) അതോടൊപ്പം അല്ലാഹു പറയുന്നു: (നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, നിനക്ക് നാം അവരെ കാട്ടിത്തരുമായിരുന്നു. അങ്ങനെ അവരുടെ ലക്ഷണംകൊണ്ട് നിനക്ക് അവരെ മനസ്സിലാക്കാമായിരുന്നു.) ആ അടയാളങ്ങൾ അവരുടെ മുഖങ്ങളിൽ വരച്ചുവെച്ചതുപോലെയുണ്ട്. (സംസാരശൈലിയിലൂടെയും നിനക്കവരെ മനസ്സിലാക്കാവുന്നതാണ്) അവരുടെ ഹൃദയങ്ങളിലുള്ളത് വെളിവാകാതിരിക്കുകയില്ല. അവരുടെ നാവുകളിൽ അത് വ്യക്തമാകും. ഹൃദയങ്ങളിലുള്ളത് അറിയിക്കുന്ന ഉപകരണമാണ് നാവ്. ഹൃദയത്തിലെ നന്മതിന്മകളെ നാവ് പുറത്തുകൊണ്ടുവരുന്നു (അല്ലാഹു നിങ്ങളുടെ പ്രവൃത്തികൾ അറിയുന്നു) അങ്ങിനെ നിങ്ങൾക്കതിന് പ്രതിഫലവും നൽകുന്നു.

31) തന്റെ അടിമയെ അല്ലാഹു പരീക്ഷിക്കുന്ന ഏറ്റവും വലിയ പരീക്ഷണത്തെക്കുറിച്ചാണ് തുടർന്ന് അല്ലാഹു പറയുന്നത്. അത് അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമസമരമാണ്. അല്ലാഹു പറയുന്നു: (നിങ്ങളെ നാം പരീ ക്ഷിക്കുകതന്നെ ചെയ്യും) അതായത് നിങ്ങളുടെ ക്ഷമയും വിശ്വാസവും നാം പരീക്ഷിക്കുകതന്നെ ചെയ്യും. (നിങ്ങളുടെ കൂട്ടത്തിൽ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും നിങ്ങളുടെ വർത്തമാനങ്ങൾ നാം പരിശോധിച്ച് നോക്കുകയും ചെയ്യുന്നതുവരെ) അല്ലാഹുവിന്റെ കൽപനകൾ സ്വീകരിക്കുകയും അവന്റെ മാർഗത്തിൽ യുദ്ധം ചെയ്യുകയും അവന്റെ ദീനിനെ സഹായിക്കുകയും അവന്റെ വചനത്തെ ഉന്നതമാക്കുകയും ചെയ്യുന്നവൻ ആരെന്ന്. അവനാണ് യഥാർഥ വിശ്വാസി. ഇതിനെല്ലാം മടികാണിക്കുന്ന അവൻ വിശ്വാസത്തിലും ന്യൂനതയുള്ളവനാണ്.

32) അല്ലാഹുവിലേക്കെത്തിക്കുന്ന വഴിയിൽ നിന്ന് സൃഷ്ടികളെ തടയുകയും അല്ലാഹുവിൽ അവിശ്വസിക്കുന്നതടക്കമുള്ള സർവതിന്മകളും ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതാണിത് (തങ്ങൾക്ക് സന്മാർഗം വ്യക്തമായതിനുശേഷം റസൂലുമായി മാത്സര്യത്തിൽ ഏർപ്പെടുകയും ചെയ്തവരാരോ) അവനോട് ധിക്കാരം കാണിക്കുകയും മനപ്പൂർവം എതിരു പ്രവർത്തിക്കുകയും ചെയ്തവർ, അറിവില്ലായ്മയോ വഴികേടോ മൂലമല്ല തീർച്ചയായും അവർ (അല്ലാഹുവിന് യാതൊരു ഉപദ്രവവും വരുത്തുകയില്ല). അവന്റെ ആധിപത്യത്തിന് അതുകൊണ്ടൊരു കുറവുംവരില്ല. (അവരുടെ കർമങ്ങൾ നിഷ്ഫലമാക്കിക്കളയുകയും ചെയ്യും) അതായത് അസത്യത്തെ സഹായിക്കാൻ അവർ ചെയ്ത അധ്വാനങ്ങൾ. അതൊന്നും പരാജയവും നഷ്ടവുമല്ലാതെ അവർക്ക് വരുത്തുകയില്ല. അവർ പ്രതിഫലം കാംക്ഷിക്കുന്ന പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാതെ പോകു ന്നു. സ്വീകരിക്കാനാവശ്യമായ നിബന്ധനകളില്ലാത്തതിനാൽ.

33) ഇവിടെ ചില കാര്യങ്ങൾ അല്ലാഹു നിർദേശിക്കുന്നു. അവരുടെ കാര്യങ്ങൾ പൂർത്തിയാക്കാനും മത-ഭൗതിക സൗഭാഗ്യങ്ങൾ നേടാനുതകുന്നതുമായവ. അത് മതത്തിന്റെ അടിസ്ഥാനപരവും അല്ലാത്തതുമായ കാര്യങ്ങളിൽ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കലാണ്. അനുസരണമെന്നാൽ കൽപനകൾ സ്വീകരിക്കലും വിരോധങ്ങൾ ഉപേക്ഷിക്കലുമാണ്. അതാവട്ടെ നിർദേശിച്ച രൂപത്തിൽ തന്നെയും ആത്മാർഥതയോടും പൂർണമായും മതനിർദേശങ്ങൾ പാലിച്ചുംകൊണ്ടായിരിക്കണം. (നിങ്ങളുടെ കർമങ്ങളെ നിങ്ങൾ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക) പ്രവൃത്തിച്ചതിനുശേഷം അത് നിഷ്ഫമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടവ ഇതിൽ ഉൾപ്പെടും. കൊടുത്തത് എടുത്തുപറയുക, തന്നെക്കുറിച്ചുള്ള മതിപ്പ്, അഹങ്കാരം, സൽകീർത്തിക്കുവേണ്ടിയുള്ള പ്രവർത്തനം മുതലായവ പ്രവർത്തനങ്ങളെ തകരാറാക്കുന്ന കാര്യങ്ങളാണ്. അവ പ്രതിഫലം നഷ്ടപ്പെടുത്തുന്നു. പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന പാപങ്ങൾ ചെയ്യുന്നതും ഇതിൽപെടും. ഒരു പ്രവർത്തനം ചെയ്യുമ്പോൾ അത് ചെയ്യുന്ന സമയത്ത് അതിൽ സംഭവിച്ചേക്കാവുന്ന തകരാറുകൾ പാടില്ലെന്നതും ഇതിൽപെടും. നമസ്‌കാരം, നോമ്പ്, ഹജ്ജ് മുതലായ കാര്യങ്ങളെ നിഷ്ഫലമാക്കുന്ന കാര്യങ്ങൾ, ഇവയെല്ലാം ഈ വിരോധത്തിന്റെ പരിധിയിൽ കൊണ്ടുവരാം.

അനിവാര്യ കാരണങ്ങളില്ലാതെ നിർബന്ധമായ ഒരു കർമം അവസാനിപ്പിക്കുന്നത് നിഷിദ്ധമാണെന്നും സുന്നത്തായ ഒരു കാര്യം അവസാനിപ്പിക്കുന്നത് കറാഹത്താണെന്നും ഈ വചനത്തിന്റെ അടിസ്ഥാനത്തിൽ ഫുഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടണ്ട്. കർമങ്ങൾ നിഷ്ഫമാക്കുന്നതിനെ അല്ലാഹു വിരോധിക്കുമ്പോൾ അത് ആ പ്രവർത്തനം ശരിയായ രൂപത്തിലും പൂർണതയിലും ആയിരിക്കണമെന്നും അറിവിലും പ്രവർത്തനത്തിലും അത് ഏറ്റവും നല്ല രൂപത്തിൽ ആയിരിക്കണമെന്നതിനുകൂടിയുള്ള കൽപനയാണിത്.