സൂറഃ അസ്സുഖ് റുഫ് (സുവർണാലങ്കാരം), ഭാഗം 4

അബ്ദുറഹ്മാന്‍ നാസിര്‍ അസ്സഅദി

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

അധ്യായം: 43, ഭാഗം 4 (മക്കയില്‍ അവതരിച്ചത്)

വിവ: ഹാരിസ് ബിന്‍ സലീം

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

وَجَعَلَهَا كَلِمَةًۢ بَاقِيَةً فِى عَقِبِهِۦ لَعَلَّهُمْ يَرْجِعُونَ (٢٨‬) بَلْ مَتَّعْتُ هَـٰٓؤُلَآءِ وَءَابَآءَهُمْ حَتَّىٰ جَآءَهُمُ ٱلْحَقُّ وَرَسُولٌ مُّبِينٌ (٢٩) وَلَمَّا جَآءَهُمُ ٱلْحَقُّ قَالُوا۟ هَـٰذَا سِحْرٌ وَإِنَّا بِهِۦ كَـٰفِرُونَ (٣٠) وَقَالُوا۟ لَوْلَا نُزِّلَ هَـٰذَا ٱلْقُرْءَانُ عَلَىٰ رَجُلٍ مِّنَ ٱلْقَرْيَتَيْنِ عَظِيمٍ (٣١) أَهُمْ يَقْسِمُونَ رَحْمَتَ رَبِّكَ ۚ نَحْنُ قَسَمْنَا بَيْنَهُم مَّعِيشَتَهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا ۚ وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَـٰتٍ لِّيَتَّخِذَ بَعْضُهُم بَعْضًا سُخْرِيًّا ۗ وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ (٣٢)

33. മനുഷ്യർ ഒരേതരത്തിലുള്ള (ദുഷിച്ച) സമുദായമായിപ്പോകുകയില്ലായിരുന്നെങ്കിൽ പരമകാരുണികനിൽ അവിശ്വസിക്കുന്നവർക്ക് അവരുടെ വീടുകൾക്ക് വെള്ളികൊണ്ടുള്ള മേൽപുരകളും അവർക്ക് കയറിപ്പോകാൻ (വെള്ളികൊണ്ടുള്ള) കോണികളും നാം ഉണ്ടാക്കികൊടുക്കുമായിരുന്നു.

34. അവരുടെ വീടുകൾക്ക് (വെള്ളി) വാതിലുകളും അവർക്ക് ചാരിയിരിക്കാൻ (വെള്ളി) കട്ടിലുകളും.

35. സ്വർണംകൊണ്ടുള്ള അലങ്കാരവും നാം നൽകുമായിരുന്നു. എന്നാൽ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്റെ രക്ഷിതാവിന്റെ അടുക്കൽ സൂക്ഷ്മത പാലിക്കുന്നവർക്കുള്ളതാകുന്നു.

36. പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവനു നാം ഒരു പിശാചിനെ ഏർപ്പെടുത്തികൊടുക്കും. എന്നിട്ട് അവൻ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും.

37. തീർച്ചയായും അവർ(പിശാചുക്കൾ) അവരെ നേർമാർഗത്തിൽ നിന്ന് തടയും. തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും.

38. അങ്ങനെ നമ്മുടെ അടുത്ത് വന്നെത്തുമ്പോൾ (തന്റെ കൂട്ടാളിയായ പിശാചിനോട്) അവൻ പറയും: എനിക്കും നിനക്കുമിടയിൽ ഉദയാസ്തമയസ്ഥാനങ്ങൾ തമ്മിലുള്ള അകലം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ. അപ്പോ ൾ ആ കൂട്ടുകാരൻ എത്ര ചീത്ത!

39. നിങ്ങൾ അക്രമം പ്രവർത്തിച്ചിരിക്കെ നിങ്ങൾ ശിക്ഷയിൽ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന് നിങ്ങൾക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല.

40. എന്നാൽ (നബിയേ,) നിനക്ക് ബധിരന്മാരെ കേൾപിക്കാനും, അന്ധന്മാരെയും വ്യക്തമായ ദുർമാർഗത്തിലായവരെയും വഴികാണിക്കാനും കഴിയുമോ?

41. ഇനി നിന്നെ നാം കൊണ്ടുപോകുന്ന പക്ഷം അവരുടെ നേരെ നാം ശിക്ഷാനടപടി എടുക്കുക തന്നെ ചെയ്യുന്നതാണ്.

42. അഥവാ നാം അവർക്ക് താക്കീത് നൽകിയത് (ശിക്ഷ) നിനക്ക് നാം കാട്ടിത്തരികയാണെങ്കിലോ, നാം അവരുടെ കാര്യത്തിൽ കഴിവുള്ളവൻ തന്നെയാകുന്നു.

43. ആകയാൽ നിനക്ക് ബോധനം നൽകപ്പെട്ടത് നീ മുറുകെപിടിക്കുക. തീർച്ചയായും നീ നേരായ പാതയിലാകുന്നു.

44. തീർച്ചയായും അത് നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉൽബോധനം തന്നെയാകുന്നു. വഴിയെ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.

45. നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചുനോക്കുക; പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളേയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്.

33-35). ഇഹലോകം അല്ലാഹുവിന്റെ അടുക്കൽ ഒന്നുമല്ലെന്ന് അറിയിക്കുന്നു അല്ലാഹു. തന്റെ ദാസന്മാരോട് അവന് കരുണയില്ലായിരുന്നുവെങ്കിൽ അവർക്കൊന്നും നൽകുമായിരുന്നില്ല. സത്യനിഷേധികൾക്കാകട്ടെ അവൻ ഇഹലോകത്തെ വളരെയധികം വിശാലമാക്കി നൽകുകയും ചെയ്യുമായിരുന്നു. അവൻ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു; (അവരുടെ വീടുകൾക്ക് വെള്ളികൊണ്ടുള്ള മേൽപുരകളും അവർക്ക് കയറിപ്പോകാൻ (വെള്ളികൊണ്ടുള്ള) കോണികളും) അതായത് വെള്ളിസ്റ്റെപ്പുകൾ. (അവർക്ക് കയറിപ്പോകാൻ) മുകളിലേക്ക്. (അവരുടെ വീടുകൾക്ക് (വെള്ളി) വാതിലുകളും അവർക്ക് ചാരിയിരിക്കാൻ (വെള്ളി കട്ടിലുകളും) വെള്ളി കൊണ്ടുള്ള അലങ്കാരങ്ങളും അവർക്ക് എർപ്പെടുത്തുമായിരുന്നു. ഭൗതിക ജീവിതത്തിലെ വ്യത്യസ്തമായ അലങ്കാരങ്ങളും അവർ ആഗ്രഹിക്കുന്നത് നൽകുകയും ചെയ്യുമായിരുന്നു. പക്ഷേ, തന്റെ ദാസന്മാരോടുള്ള കരുണ കൊണ്ടാണിങ്ങനെ ചെയ്യാതിരിക്കുന്നത്. ഇഹലോകത്തോടുള്ള സ്‌നേഹം കാരണം പാപങ്ങൾ അധികരിപ്പിക്കുകയും അവിശ്വാസത്തിൽ ഏർപ്പെടുകയും ചെയ്യുമോ എന്ന ഭയത്താൽ. തന്റെ ദാസന്മാരുടെ നന്മക്കുവേണ്ടി പൊതുവായിട്ടോ അല്ലാതെയോ ചില ഭൗതിക കാര്യങ്ങൾ അല്ലാഹു തടസ്സപ്പെടുത്തിയേക്കാം എന്നും ഇതിൽനിന്ന് മനസ്സിലാക്കാം. ഒരു കൊതുകിന്റെ ചിറകിന്റെ വിലപോലും അല്ലാഹുവിന്റെ അടുക്കൽ ഇഹലോകത്തിനില്ല. ഇവിടെ പരാമർശിക്കപ്പെട്ട ഭൗതിക വിഭവങ്ങളെല്ലാം നശ്വരമാണ്. അല്ലാഹുവിന്റെ കൽപനാവിരോധങ്ങൾ പാലിക്കുന്ന സൂക്ഷ്മാലുക്കൾക്ക് തങ്ങളുടെ രക്ഷിതാവിന്റെ അടുക്കലുള്ള പരലോക വിഭവമാണ് ഏറ്റവും ഉത്തമമായത്. എല്ലാ നിലക്കും അവിടത്തെ സുഖം പൂർണതയുള്ളതാണ്. സ്വർഗത്തിൽ മനസ്സുകൾ ഗ്രഹിക്കുന്നതും കണ്ണുകൾക്ക് ആനന്ദം നൽകുന്നതുമാണുള്ളത്. അവരതിൽ നിത്യവാസികളായിരിക്കും. രണ്ടുലോകവും തമ്മിലുള്ള അന്തരം എത്ര വലുതാണ്!

36). തന്റെ ഉദ്‌ബോധനങ്ങളെ അവഗണിക്കുന്നവർക്കുള്ള കഠിനമായ ശിക്ഷയെക്കുറിച്ചാണ് അല്ലാഹു ഇവിടെ പരാമർശിക്കുന്നത്. അല്ലാഹു പറയുന്നു: (ആരെങ്കിലും അന്ധത നടിക്കുന്നപക്ഷം) തടയുകയും തിരിഞ്ഞുകളയുകയും ചെയ്യുന്നപക്ഷം. (പരമ കാരുണികന്റെ ഉദ്‌ബോധനത്തിന്റെ നേർക്ക്) മഹത്തായ ക്വുർആനാണ് ആ ഉദ്‌ബോധനം. പരമകാരുണ്യവാൻ തന്റെ ദാസന്മാരോട് ചെയ്ത ഏറ്റവും വലിയ കാരുണ്യമാണത്. അതിനെ സ്വീകരിക്കുന്നവൻ ഏറ്റവും ഉത്തമമായ സമ്മാനം സ്വീകരിച്ചവനാണ്; ഉന്നതമായ ആഗ്രഹങ്ങൾ സഫലീകരിച്ചവനും. എന്നാൽ അതിനെ നിരാകരിച്ചവനും അവഗണിച്ചവനും ഒരിക്കലും സൗഭാഗ്യം തിരിച്ചുകിട്ടാത്ത നഷ്ടവും പരാജയവും സംഭവിച്ചവനാണ്. പരമകാരുണ്യവാൻ അവന് ഒരു പിശാചിനെ ഏർപ്പെടുത്തിക്കൊടുക്കും. ആ പിശാചാകട്ടെ, സദാസമയവും അവനോടൊപ്പം നിന്ന് അവനെ ഭീഷണിപ്പെടുത്തിയും കൊതിപ്പിച്ചും തെറ്റിലേക്ക് ശക്തമായി തള്ളിവിട്ടുകൊണ്ടിരിക്കും.

37). (തീർച്ചയായും അവർ അവനെ നേർമാർഗത്തിൽനിന്നും തടയും) അതായത് ശരിയായ മതത്തിൽനിന്നും നേർമാർഗത്തിൽനിന്നും. (തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും) പിശാച് അവർക്ക് അസത്യത്തെ അലങ്കാരമായി കാണിക്കുകയും നല്ലതാണെന്ന് തോന്നിപ്പിക്കുകയും ചെയ്തതിനാലും സത്യത്തെ അവർ അവഗണിച്ചതുകൊണ്ടുമാണത്. ഇങ്ങനെ ഇവയെല്ലാം അവരിൽ ഒരുമിച്ചുചേർന്നു. സന്മാർഗിയാണെന്ന് വിചാരിച്ചാണ് ഇതെല്ലാം ചെയ്തത് എന്നത് അവർക്ക് രക്ഷപ്പെടാനുള്ള ഒരു കാരണമാകുമോ എന്ന് ചോദിച്ചാൽ അതിന്റെ മറുപടി എന്തായിരിക്കും? അല്ലെന്നാണ് മറുപടി. അവർ അറിവില്ലാത്തവരായത് സന്മാർഗം സ്വീകരിക്കാൻ അവസരമുണ്ടായിട്ടും അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങളെ അവഗണിച്ചതുകൊണ്ടാണ്. അങ്ങനെ സാധിച്ചിട്ടും സന്മാർഗത്തിൽനിന്നവർ അകന്നുനിന്നു. അസത്യത്തിൽ തൽപരരായി. അതിനാൽ കുറ്റം അവരുടേതുതന്നെ.

38). തന്റെ കൂട്ടുകാരനായ പിശാചിനോട് ചേർന്ന് അല്ലാഹുവിന്റെ ഉദ്‌ബോധനങ്ങളെ അവഗണിക്കുന്നവന്റെ അവസ്ഥ ഇഹലോകത്ത് ഇതാണ്. വഴികേടും യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ കഴിയാതിരിക്കലുമൊക്കെയാണ്. പരലോകത്ത് തന്റെ രക്ഷിതാവിങ്കൽ ചെല്ലുമ്പോഴാകട്ടെ, അങ്ങേയറ്റം ദാരുണമാണ് അവന്റെ കാര്യം. അഗാധമായ ഖേദവും ദുഃഖവും തന്റെ കൂട്ടുകാരനായ പിശാചിനെ തള്ളിപ്പറയലും. അതൊന്നും അന്നത്തെ വിപത്തുകൾക്ക് പരിഹാരമല്ല. അതാണ് അല്ലാഹു പറഞ്ഞത്: (അങ്ങനെ നമ്മുടെയടുത്ത് വന്നെത്തുമ്പോൾ അവൻ പറയും, എനിക്കും നിനക്കുമിടയിൽ ഉദയാസ്മയസ്ഥാനങ്ങൾ തമ്മിലുള്ള അകലം ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ). മറ്റൊരിടത്ത് അല്ലാഹു പറയുന്നു:

وَيَوْمَ يَعَضُّ ٱلظَّالِمُ عَلَىٰ يَدَيْهِ يَقُولُ يَـٰلَيْتَنِى ٱتَّخَذْتُ مَعَ ٱلرَّسُولِ سَبِيلًا (٢٧) يَـٰوَيْلَتَىٰ لَيْتَنِى لَمْ أَتَّخِذْ فُلَانًا خَلِيلًا (٢٨‬) لَّقَدْ أَضَلَّنِى عَنِ ٱلذِّكْرِ بَعْدَ إِذْ جَآءَنِى ۗ وَكَانَ ٱلشَّيْطَـٰنُ لِلْإِنسَـٰنِ خَذُولًا (٢٩)

“അക്രമം ചെയ്തവൻ തന്റെ കൈകൾ കടിക്കുന്ന ദിവസം. റസൂലിന്റെ കൂടെ ഞാനൊരു മാർഗം സ്വീകരിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ, ഇന്ന ആളെ ഞാൻ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നുകിട്ടിയതിനുശേഷം അതിൽ നിന്നവൻ എന്നെ തെറ്റിച്ചുകളഞ്ഞല്ലോ എന്നിങ്ങനെ അവൻ പറയും. പിശാച് മനുഷ്യനെ കൈവിട്ട് കളയുന്നവനാകുന്നു’’(25:27-29).

39). അല്ലാഹു പറയുന്നു: (നിങ്ങൾ അക്രമം പ്രവർത്തിച്ചിരിക്കെ നിങ്ങൾ ശിക്ഷയിൽ പങ്കാളികളാകുന്നു എന്ന വസ്തുത ഇന്ന് നിങ്ങൾക്ക് ഒട്ടും പ്രയോജനം ചെയ്യില്ല) നിങ്ങളും നിങ്ങളുടെ കൂട്ടുകാരും ഉറ്റവരും നരകശിക്ഷയിൽ ഒരുമിച്ചാണെന്നത് ഉയിർത്തെഴുന്നേൽപ് നാളിൽ നിങ്ങൾക്കൊരു പ്രയോജനവും ചെയ്യില്ല. അക്രമത്തിൽ നിങ്ങൾ ഒന്നിച്ചായിരുന്നതിനാൽ ശിക്ഷയിലും നിങ്ങൾ ഒന്നിച്ചായി. വിപത്തുക്കളിലെ സമാശ്വസിപ്പിക്കൽ അവർക്ക് പ്രയോജനകരമല്ല. ഇഹലോകത്തെ ദുരന്തങ്ങളിൽ ഒന്നിച്ച് ശിക്ഷ അനുഭവിക്കുമ്പോൾ ശിക്ഷ ലഘുവായി അനുഭവപ്പെടാം, പരസ്പരമുള്ള ആശ്വസിപ്പിക്കൽ മൂലം. എന്നാൽ പരലോക വിപത്തിൽ ചെറിയൊരാശ്വാസത്തിനുപോലും വകയില്ല. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ സൗഖ്യം നൽകേണമേ. നിന്റെ കാരുണ്യത്താൽ നീ ആശ്വാസം നൽകേണമേ.

40). പ്രവാചകന്റെ പ്രബോധനം സ്വീകരി ക്കാത്ത നിഷേധികളുടെ കാര്യത്തിൽ അദ്ദേഹത്തെ ആശ്വസിപ്പിച്ചുകൊണ്ടാണ് ഈ വചനത്തിൽ അല്ലാഹു പറയുന്നത്; അവരെ സന്മാർഗത്തിലെത്തിക്കാൻ വഴിയില്ല: (എന്നാൽ നിനക്ക് ബധിരന്മാരെ കേൾപ്പിക്കാനാകുമോ?) കേൾക്കാത്തവരായ. (അന്ധന്മാരെ വഴി കാണിക്കാനും) കാണാത്തവരായ; അതല്ലെങ്കിൽ നീ വഴികാണിക്കുമോ? (വ്യക്തമായ ദുർമാർഗത്തിലായവരെ) അവൻ ദുർമാർഗത്തെ ഇഷ്ടപ്പെടുന്നവനും വഴികേട് വ്യക്തമായി മനസ്സിലാക്കിയവനുമായിരിക്കെ, യഥാർഥത്തിൽ അവൻ ശബ്ദമൊന്നും കേൾക്കാത്ത, ബധിരനെപ്പോലെയല്ല. കാഴ്ചയില്ലാത്ത അന്ധനെപ്പോലെയുമാണ്; സന്മാർഗം സ്വീകരിക്കാതെ വ്യക്തമായ വഴികേടിൽ പെട്ടുപോയവൻ. അല്ലാഹുവിന്റ സ്മരണ വിട്ടതിനാൽ അവരുടെ ബുദ്ധിയും യുക്തിയുമെല്ലാം പാടെ മാറിയിരിക്കുന്നു. സന്മാർഗത്തിലെത്തുന്നതിനെ തടയാവുന്ന ധാരാളം ദുർഗുണങ്ങളും തെറ്റായ വിശ്വാസങ്ങളും അവർ പുതുതായി പടച്ചുണ്ടാക്കി. അങ്ങനെ വിനാശം അവരിൽ അനിവാര്യമായി.

41). ഈ വിഭാഗത്തിന് ഇരുലോകത്തും ശിക്ഷയല്ലാതെ മറ്റൊന്നും ശേഷിക്കുന്നില്ല. അതാണ് അല്ലാഹു പറഞ്ഞത്: (ഇനി നിന്നെ നാം കൊണ്ടുപോകുന്നപക്ഷം അവരുടെ നേരെ നാം ശിക്ഷാനടപടി എടുക്കുകതന്നെ ചെയ്യുന്നതാണ്.) നാം അവർക്ക് വാഗ്ദാനം ചെയ്ത ശിക്ഷ നിനക്ക് കാണിച്ചുതരുന്നതിന് മുമ്പ് നാം നിന്നെ കൊണ്ടുപോകുകയാണെങ്കിൽ നമ്മിൽനിന്നുള്ള സത്യസന്ധമായ വിവരമായി നീ അറിയുക. നാം അവരെ ശിക്ഷിക്കുകതന്നെ ചെയ്യും.

42). (അഥവാ നാം അവർക്ക് താക്കീത് നൽകിയത് നിനക്ക് നാം കാട്ടിത്തരികയാണെങ്കിലോ) ശിക്ഷക്ക്. (നാം അവരുടെ കാര്യത്തിൽ കഴിവുള്ളവൻ തന്നെയാകുന്നു) ശിക്ഷ നൽകുന്നതും താമസിപ്പിക്കുന്നതുമെല്ലാം ചില യുക്തികൾക്കനുസരിച്ച് മാത്രമാണ്. ഇതാണ് താങ്കളുടെയും സത്യനിഷേധികളുടെയും അവസ്ഥ.

43). എന്നാൽ താങ്കൾ ചെയ്യേണ്ടത്: (നിനക്ക് ബോധനം നൽകപ്പെട്ടത് നീ മുറുകെപ്പിടിക്കുക) പ്രയോഗവത്കരിച്ചും നിർദിഷ്ട ഗുണങ്ങൾ ഉൾക്കൊണ്ടും പ്രബോധനം ചെയ്തും; സ്വന്തത്തിലും മറ്റുള്ളവരിലും അത് നടപ്പിലാ ക്കാൻ ആഗ്രഹിച്ചും. (തീർച്ചയായും നീ നേരായ പാതയിലാകുന്നു) അല്ലാഹുവിലേക്കും അവന്റെ ആദരണീയ ഭവനത്തിലേക്കും എത്തിക്കുന്ന പാതയിൽ, അത് താങ്കളെ കൂടുതൽ സന്മാർഗിയാവാനും അതിനെ മുറുകെപ്പിടിക്കാനും നിർബന്ധിപ്പിക്കുന്നു. താങ്കളല്ലാത്തവരുടെ അടിസ്ഥാനം സംശയങ്ങളും ഊഹാപോഹങ്ങളും അക്രമവും അനീതിയുമാവുമ്പോൾ സത്യസന്ധതയും നീതിയുമാണ് ഈ സത്യം നിർമിക്കപ്പെട്ടതിന്റെ അടിത്തറ.

44). (തീർച്ചയായും അത്) അതായത് ഈ പരിശുദ്ധ ക്വുർആൻ. (നിനക്കും നിന്റെ ജനതയ്ക്കും ഒരു ഉദ്‌ബോധനം തന്നെയാകുന്നു) നിങ്ങൾക്ക് അഭിമാനവും പരിശുദ്ധവും ഒരാൾക്കും നിർണയിക്കാനോ നിർവഹിക്കാനോ പറ്റാത്ത അനുഗ്രഹവുമാണ്. ഇഹപര നന്മകൾ അത് നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. അതിന് പ്രേരണ നൽകുകയും ചെയ്യുന്നു. രോഗകരമായതിനെ താക്കീതു ചെയ്യുകയും അതിനെക്കുറിച്ച് നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. (വഴിയെ നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്) അതിനെക്കുറിച്ച്; അത് നിങ്ങൾ നിർവഹിക്കുകയും ഉയർച്ച പ്രാപിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്‌തോ എന്ന്. നിർവഹിച്ചിട്ടില്ലെങ്കിൽ അത് നിങ്ങൾക്കെതിരെ തെളിവും നിങ്ങളുടെ നന്ദികേടുമാണ്.

45). (നിനക്ക് മുമ്പ് നമ്മുടെ ദൂതന്മാരായി നാം അയച്ചവരോട് ചോദിച്ചു നോക്കുക; പരമകാരുണികന് പുറമെ ആരാധിക്കപ്പെടേണ്ട വല്ല ദൈവങ്ങളെയും നാം നിശ്ചയിച്ചിട്ടുണ്ടോ എന്ന്) പ്രവാചകന്മാരിൽ ഒരാളെയെങ്കിലും അവർ പിൻപറ്റുന്നുണ്ടന്ന് തെളിവ് പറയാൻ മുശ്‌രിക്കുകൾക്കുണ്ടോ? നീ ആ പ്രവാചകന്മാരോട് ചോദിക്കുകയും വിവരമാരായുകയും ചെയ്താൽ, അല്ലാഹുവിനോടൊപ്പം മറ്റൊരാരാധ്യനെ സ്വീകരിക്കാൻ നിർദേശിച്ചതായി. ഒരു ദൂതനനെയോ മുഴുവൻ പ്രവാചകന്മാരെയോ എടുത്താലും അവരെല്ലാം ഉപദേശിച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനിൽ പങ്കുചേർക്കരുതെന്നുമാണെന്ന് കാണാനാവും. അല്ലാഹു പറയുന്നു:

وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ فَمِنْهُم

“തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ ആരാധിക്കുകയും ദുർമൂർത്തികളെ വെടിയുകയും ചെയ്യണം’’ (16:36).

എല്ലാ പ്രവാചകന്മാരും തങ്ങളുടെ ജനതയോട് പറഞ്ഞത്:

اعبدوا الله مالكم من إله غيره

“നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക; അവനല്ലാതെ മറ്റാരാരാധ്യനും നിങ്ങൾക്കില്ല.’’

ഇതിൽനിന്ന് മനസ്സിലാകുന്നത് ശിർക്കിനെ സ്ഥാപിക്കുവാൻ മുശ്‌രിക്കുകൾക്ക് യാതൊരവലംബമോ ബുദ്ധിപരമോ പ്രവാചകന്മാരിൽനിന്ന് ഉദ്ധരിക്കുന്നതോ ആയ യാതൊരു തെളിവോ ഇല്ലെന്നാണ്.