സോലാപുരിലെ വേറിട്ട പ്രതിഷേധം ഉയർത്തുന്ന ചിന്തകൾ

പത്രാധിപർ

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

ഈയിടെ മഹാരാഷ്ട്രയിലെ സോലാപുരിൽ യുവാക്കളുടെ വേറിട്ട ഒരു പ്രതിഷേധം നടക്കുകയുണ്ടായി. വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമത്താൽ വിവാഹവസ്ത്രമണിഞ്ഞ്, കുതിരപ്പുറത്തു കയറി കുറെ യുവാക്കൾ കളക്‌ട്രേറ്റ് മാർച്ച് നടത്തിയതാണ് സംഭവം. ജ്യോതി ക്രാന്തി പരിഷത് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാകളക്ടർക്ക് സംഘടന നിവേദനം നൽകിയിട്ടുമുണ്ട്. സംസ്ഥാനത്ത് സ്ത്രീ-പുരുഷ അനുപാതം കുറവായതിനാലാണ് വധുവിനെ ലഭിക്കാത്തത് എന്നാണ് ഇവർ പറയുന്നത്. 1000 പുരുഷന്മാർക്ക് 889 സ്ത്രീകൾ എന്നതാണത്രെ മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ അനുപാതം. പെൺ ഭ്രൂണഹത്യ വർധിക്കുന്നതാണ് കാരണമെന്നും സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും സംഘടനയുടെ പ്രസിഡൻറ് ആരോപിക്കുന്നുണ്ട്.

ഭരണാധികാരികളും ജനങ്ങളും ഉറക്കെ ചിന്തിക്കേണ്ട, വളരെ ഗൗരവമുള്ള ഒരു വിഷയം ഇതിലൂടെ പ്രതിഷേധം നടത്തിയവർ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്. പെൺ ഭ്രൂണത്തെ ഗർഭപാത്രത്തിൽ വെച്ചുതന്നെ നശിപ്പിച്ച് കളയുന്നതാണ് പെൺ ഭ്രൂണഹത്യ (Female foeticide). റോയിട്ടേഴ്‌സ് നടത്തിയ ഒരു പഠനത്തിൽ പെൺഭ്രൂണഹത്യ ഉൾപ്പെടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണുള്ളത്. പെൺഭ്രൂണഹത്യ ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നതിനാൽ ഭാവിയിൽ ബാല ലൈംഗിക പീഡനം, ഭാര്യയെ പങ്കുവയ്ക്കൽ എന്നിവയിലേക്ക് നയിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുമ്പേ മുന്നറിയിപ്പ് നൽകിയതാണ്. പ്രതിദിനം 2000 പെൺ ഭ്രൂണഹത്യകൾ ഇന്ത്യയിൽ നടക്കുന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

കുഞ്ഞ് ആണായാലും പെണ്ണായാലും ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുന്നതും ഭ്രൂണഹത്യ എന്ന ഓമനപ്പേരിൽ നിഷ്‌കരുണം വെട്ടിമുറിച്ച് ഇല്ലാതാക്കുന്നതും ഒരു സംസ്‌കൃത ജനതയ്ക്ക് ചേർന്നതാണോ?

ഈയിടെ യുഎസ് കോടതി പ്രഖ്യാപിച്ചത് ഭ്രൂണഹത്യ ഒരിക്കലും ഒരു മൗലികാവകാശമല്ല എന്നാണ്. ഈ വിധിയിലൂടെ, 50 വർഷം നീണ്ട നിയമപരമായ കീഴ്‌വഴക്കമാണ് കോടതി മാറ്റിമറിച്ചത്. എന്നാൽ ഈ വർഷം നമ്മുടെ സുപ്രീം കോടതി 50 വർഷമായി തുടർന്നുവരുന്ന കീഴ്‌വഴക്കത്തെ മാറ്റിമറിച്ചുകൊണ്ട് ഗർഭഛിദ്രം അനുവദിക്കുകയാണ് ചെയ്തിരിക്കുന്നത്. 1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്റ്റ് പ്രകാരം 20-24 ആഴ്ച ഗർഭിണിയായ അവിവാഹിതരായ സ്ത്രീകൾക്ക് സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് ശേഷം നിയമപരമായ ഗർഭഛിദ്രം നടത്തുന്നത് നിയമവിരുദ്ധമായിരുന്നു. അതിനെ ഇപ്പോൾ നിയമവിധേയമാക്കിയിരിക്കുകയാണ്.

എല്ലാ സ്ത്രീകൾക്കും അവരുടെ വൈവാഹികനില എന്തുതന്നെയായാലും 24 ആഴ്ചയെത്തിയ ഗർഭം വരെ സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ പുതിയ വിധി. 24 ആഴ്ച എന്നത് 6 മാസമാണ്. മൂന്നുമാസം പൂർത്തിയാകുന്നതോടെ ഗർഭസ്ഥശിശുവിന് എല്ലാ ശരീരഭാഗങ്ങളും ഉണ്ടായിരിക്കും. ആറുമാസം പ്രായമാകുമ്പോൾ മുക്കാൽ കിലോയോളം തൂക്കമുണ്ടായിരിക്കുന്ന ഗർഭസ്ഥ ശിശുവിന് അമ്മയുടെ ഉദരത്തിന് വെളിയിലുള്ള സുരക്ഷിത സജ്ജീകരണത്തിലും അതിജീവനം സാധ്യമാണ്. അങ്ങനെയുള്ള കുഞ്ഞിനെ പോലും നശിപ്പിക്കാൻ അഥവാ കൊല്ലാൻ നിയമം അനുമതി നൽകുന്നു എന്നത് മനസ്സാക്ഷിയുള്ളവർക്ക് എങ്ങനെ ഉൾക്കൊള്ളാനാവും?

വധുവിനെ കിട്ടാനില്ലാത്തതിനാൽ പ്രതിഷേധം നടന്നത് ഇപ്പോൾ മഹാരാഷ്ട്രയിലാണ്. അത് നമ്മുടെ കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും നടക്കാതിരിക്കണമെങ്കിൽ ഗർഭഛിദ്രത്തിലെ ഉദാരസമീപനം ഒഴിവാക്കിയേ തീരൂ.