ആസ്വാദനത്തിന്റെ അതിരടയാളങ്ങൾ; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും

പത്രാധിപർ

2022 ഡിസംബർ 03, 1444 ജുമാദുൽ ഊല 08

കളിക്കളത്തിന് പുറത്തെ ‘കളിനിയമങ്ങൾ’ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ് കളിലോകത്തെ ഇത്തിരിക്കുഞ്ഞനായ ഖത്തർ. വിനോദങ്ങൾക്കായി തങ്ങളുണ്ടാക്കിയ അഭിനവ കൊളോസിയത്തിന്റെ ഇട്ടാവട്ടങ്ങൾക്കപ്പുറത്തേക്ക് കാര്യങ്ങൾ കടന്നുപോയാൽ മുരടനക്കി തിട്ടൂരങ്ങളിറക്കുന്ന യൂറോപ്യന്മാരുടെ തിരുവായിലേക്കാണ് ഖത്തറെന്ന അറേബ്യൻ രാജ്യം നിയമങ്ങളുടെ മാനവിക മൂല്യങ്ങൾ പകർന്നുനൽകിയത്.

ഉണ്ടും ഉറങ്ങിയും ഭോഗിച്ചും ദ്രോഹിച്ചും, സ്വാതന്ത്ര്യത്തിന്റേതെന്ന് പാശ്ചാത്യർ വിളിക്കുന്ന ‘വിശാലസ്ഥലികളെ’ മുഴുവൻ ഫിഫയുടെ ആശീർവാദത്തോടെ ഫുട്ബാൾ സ്റ്റേഡിയത്തിന്റെ കൽഭിത്തിക്ക് പുറത്ത് നിർത്തിയ ഖത്തർ ഭരണകൂടത്തിന്റെ നടപടികൾ ‘സ്വതന്ത്രവാദി’കളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

പാശ്ചാത്യന്റെ എന്ത് വിഴുപ്പും തക്കവും തരവും നോക്കാതെ തോളിൽകേറ്റുക എന്ന പതിവുരീതി ഫുട്‌ബാൾ ജ്വരത്തിന്റെ കാര്യത്തിൽ മാത്രം മലയാളികൾ മാറ്റിവെക്കുമെന്ന് പ്രതീക്ഷിക്കുന്നത് അതിമോഹമാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്. ഭാഷാവ്യാകരണങ്ങൾക്ക് വഴങ്ങാത്ത പോർവിളികളും പിരടി മടക്കിയാലും കണ്ണിലൊതുങ്ങാത്ത കട്ടൗട്ട് ഗോപുരങ്ങളും ഒരുവേള അവരെപ്പോലും കടത്തിവെട്ടുന്ന രൂപത്തിലേക്ക് നമ്മുടെ ഫുട്‌ബോൾ ഭ്രാന്തിനെ കൊണ്ടുചെന്നെത്തിച്ചു എന്നത് ജഴ്‌സി ധരിക്കാത്ത യാഥാർഥ്യമാണ്.

അരവയറൂണിന്റെ ആഹാര ദാരിദ്ര്യത്തിൽനിന്ന് പാലഭിഷേകത്തിന്റെ ധന്യതയിലേക്കും ചോരുന്ന കൂരയുടെ ചതുരക്കള്ളികത്തുനിന്ന് ത്രീ ലെയർ ഫ്ളക്‌സ് കോഴിക്കൂടിന്റെ വിശാലതയിലേക്കും സമൂഹം നടന്നടുത്തപ്പോൾ സാമാന്യബോധം പേരിനെങ്കിലും ബാക്കിയുള്ള ചിലർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാവൽ ശുനകൻമാരെ പരിഗണിക്കാതെ പ്രതികരിച്ചുപോയത് നിവൃത്തികേടുകൊണ്ടാവണം.

മതത്തിന്റെ കാര്യത്തിലായായും ‘മദ’ത്തിന്റെ കാര്യത്തിലായാലും ഔചിത്യബോധത്തിനായി വിരിച്ച പട്ടുപായയുടെ പുറത്തേ കിടക്കൂ എന്ന് വാശി പിടിക്കാറുള്ള പ്രത്യേക നേതൃത്വം ഇവിടെയും സമുദായത്തിന്റെ മിഅ്റാബിൽ കേറി പ്രതികരിച്ചിട്ടുണ്ട്. പക്ഷേ, അത് മന്ത്രിയും തന്ത്രിയും വരെ ഉന്തിക്കേറി തിട്ടൂരമിറക്കാനും രാജശാസനം കേട്ടയുടനെ വാ പൊത്തി റാൻ മൂളി മാപ്പ് പറയാനുമെല്ലാം നിമിത്തമായ പാതകമാണെന്ന് മനസ്സിലാക്കാനുള്ള വിവേകമൊന്നും തൊട്ടുതീണ്ടാതെ പോയത് സാമൂഹ്യബോധം കൊണ്ട് മാത്രമായിരിക്കില്ല, ‘ജീവജല’ത്തിൽ ഇത്തിരി ശൂരത്വത്തിന്റെ ഉപ്പ് കൂടിയതു കൊണ്ടായിരിക്കണം; തമ്പ്രാന്മാർ ക്ഷമിച്ചേക്കുക.

താരാരാധനയുടെ പേരിൽ നടക്കുന്ന പേക്കൂത്തുകൾ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അതിൽ കൈകടത്താൻ മതസംഘടനകൾക്കവകാശമില്ലെന്നുമാണ് ബഹു. മന്ത്രിയുടെ പ്രസ്താവന. പാട്ടു കേൾക്കണോ ഫുട്‌ബോൾ കാണണോ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് വ്യക്തികളാണ്, മത സംഘടനകളല്ല എന്ന് വ്യക്തമാക്കിയ അദ്ദേഹത്തിന് പക്ഷേ, മതനേതാക്കൾ എന്ത് പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വകവെച്ച് കൊടുക്കാൻ തോന്നാത്തത് മോശമായിപ്പോയി. അതിനുശേഷം, താൻ പ്രസംഗിക്കുന്ന സദസ്സിൽ വെച്ച് സംസാരിച്ച സ്‌കൂൾ വിദ്യാർഥിയോട് ക്ഷുഭിതനായി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട മന്ത്രിയുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വിശാലത കണ്ടപ്പോഴാണ് ആശ്വാസമായത്. സ്പീക്കറുടെ ഡയസ്സ് നൃത്തവേദിയാക്കാൻ വിശാല മനസ്‌കത കാണിച്ചവർക്ക് മന്ത്രിയുടെ സദസ്സ് അടക്കംപറച്ചിലിന്റെ അരങ്ങാക്കിയത് അംഗീകരിക്കാൻ പ്രയാസമൊന്നുമുണ്ടാവില്ലല്ലോ. ദോഷം പറയരുത്; അഭിപ്രായ സ്വാതന്ത്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അസീമമായ അർഥതലങ്ങൾ ആത്മജ്ഞാനികൾക്ക് മാത്രമെ പിടികിട്ടൂ.