ക്വുര്‍ആനുമായി കൂടുതല്‍ അടുക്കുക

പത്രാധിപർ

2022 ഏപ്രിൽ 02, 1442 റമദാൻ 01

വിശുദ്ധ ക്വുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസത്തിലാണ് സ്രഷ്ടാവ് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ക്വുര്‍ആന്‍ പാരായണത്തിലൂടെയും പഠനത്തിലൂടെയും മനഃപാഠമാക്കുന്നതിലൂടെയും ക്വുര്‍ആനുമായി കൂടുതല്‍ അടുക്കുന്ന മാസമാണ് റമദാന്‍.

അന്തിമ പ്രവാചകന് നല്‍കപ്പെട്ട ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുര്‍ആന്‍. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ യാതൊരുവിധ മാറ്റത്തിരുത്തലുകള്‍ക്കും വിധേയമാകാതെ ഇന്നും നിലകൊള്ളുന്നു എന്നതുതന്നെ അതിന്റെ ദൈവികതക്ക് തെളിവാണ്. കോടിക്കണക്കിന് മുസ്‌ലിംകള്‍ ഒരേ ഭാഷയില്‍ അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. അനേകം ആളുകള്‍ക്ക് അത് മനഃപാഠമാണ്. എത്രയോ ആളുകള്‍ അതില്‍ ആകൃഷ്ടരായി ഇസ്‌ലാമിലേക്ക് കടന്നുവന്നു; ഇന്നും കടന്നുവന്നുകൊണ്ടിരിക്കുന്നു.

ക്വുര്‍ആന്‍ ഇറക്കിയതിന്റെ ലക്ഷ്യമെന്താണെന്ന് അല്ലാഹു പറഞ്ഞുതരുന്നു: ‘‘...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതിപ്രകാരം ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്; ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാര്‍ഗത്തിലേക്ക് അവരെ കൊണ്ടുവരാന്‍ വേണ്ടി)...’’ (ക്വുര്‍ആന്‍ 14:1,2).

ആറാം നൂറ്റാണ്ടില്‍ ഇരുളടഞ്ഞ മനസ്സും കാടന്‍ ജീവിതരീതിയുമായി കഴിഞ്ഞുകൂടിയിരുന്ന ഒരു സമൂഹത്തെ വെളിച്ചത്തിലേക്ക് നയിച്ചതും അവരുടെ മനസ്സുകളെ പ്രകാശമാനമാക്കിയതും ക്വുര്‍ആനായിരുന്നു. പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും കയ്യൊഴിക്കുവാന്‍ അവര്‍ തയാറായത് വിശുദ്ധ ക്വുര്‍ആന്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തിയതുകൊണ്ടായിരുന്നു.

‘‘തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും, സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്നും (സന്തോഷവാര്‍ത്ത അറിയിക്കുന്നു)’’ (17:9,10).

‘‘നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉദ്ബുദ്ധരാകേണ്ടതിനും വേണ്ടി’’ (38:29).

മനുഷ്യന്റെ ഇഹപര ജീവിത വിജയത്തിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ഗ്രന്ഥം എന്ന നിലയില്‍ ക്വുര്‍ആന്‍ പഠിക്കല്‍ സത്യവിശ്വാസികളുടെ ബാധ്യതയാണ്. അതിലെ ഓരോ അക്ഷരവും പാരായണം ചെയ്താല്‍ അതിന് പ്രതിഫലം ഇരട്ടിയായി ലഭിക്കും എന്ന പ്രവാചകവചനം വിശ്വാസികള്‍ക്ക് സന്തോഷദായകമാണ്. ഒരു വിശ്വാസി ക്വുര്‍ആനുമായി അഭേദ്യമായ ബന്ധം ഉണ്ടായിരിക്കേണ്ടവനാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യുന്നവനെയും പാരായണം ചെയ്യാത്തവനെയും നബി ﷺ ഉപമിച്ചത് കാണുക:

‘‘ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസിയുടെ ഉപമ-അവന്‍ മാതളനാരങ്ങ പോലെയാണ്. അതിന്റെ ഗന്ധം ഹൃദ്യവും രുചി നല്ലതുമാണ്. ക്വുര്‍ആന്‍ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ- അവന്‍ കാരക്കപോലെയാണ്. അതിന് സുഗന്ധമില്ല; മാധുര്യമുണ്ട്’’ (ബുഖാരി, മുസ്‌ലിം).

വിശ്വത്തിന്റെ പ്രകാശമായ വിശുദ്ധ ക്വുര്‍ആന്‍ പഠിക്കുവാനും പാരായണം ചെയ്യുവാനും ഈ പരിശുദ്ധ റമദാനിലെ രാപകലുകളെ ഉപയോഗപ്പെടുത്തുവാന്‍ എല്ലാവരും പരിശ്രമിക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ-ആമീന്‍.