പാപ്പരായി മാറരുത്

പത്രാധിപർ

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

സമൂഹ മാധ്യമങ്ങളുടെ ഗുണഫലങ്ങൾ ചെറുതല്ല. നന്മകളുടെ പ്രസരണത്തിനായി ഒട്ടേറെ വ്യക്തികളും കൂട്ടായ്മകളും അവയെ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു സാധുവായ രോഗിയെ സഹായിക്കാനോ മറ്റോ ഏതാനും ലക്ഷങ്ങൾ സംഭാവനയായി പിരിച്ചെടുക്കുവാൻ ദിവസങ്ങളും മാസങ്ങളുമൊക്കെ എടുക്കും. കുറെ പേരുടെ അധ്വാനവും അതിനായി വേണ്ടിവരും. എന്നാൽ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ ഏതാനും മണിക്കൂറിനകം ലക്ഷങ്ങളും കോടികളും പിരിഞ്ഞുകിട്ടുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ പതിവായി മാറിയിരിക്കുന്നു. നല്ല നല്ല സന്ദേശങ്ങൾ നിമിഷങ്ങൾക്കകം ജനലക്ഷങ്ങളിലേക്ക് എത്തിക്കാനും ഈ നവമാധ്യമങ്ങൾ സഹായകമാണ്. ഇതേപോലെത്തന്നെയാണ് അവയുടെ ദുരുപയോഗ ഫലവും. തെറ്റായ ഒരു സന്ദേശം പോസ്റ്റുചെയ്താൽ കലാപങ്ങളും വർഗീയ ചേരിതിരിവുമൊക്കെ സംഭവിക്കാൻ അധികസമയമെടുക്കില്ല.

തനിക്ക് ഇഷടമില്ലാത്ത വ്യക്തികളെയും കൂട്ടായ്മകളെയും അപകീർത്തിപ്പെടുത്താൻ പലരും സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തിവരുന്നു. ഒരു ചെലവുമില്ല. വീട്ടിനകത്തിരുന്ന് വിരലുകൾകൊണ്ട് അക്ഷരങ്ങൾ കോറി പോസ്റ്റുചെയ്താൽ മതി. അത് ആരുടെയൊക്കെ അഭിമാനത്തിന് ക്ഷതമേൽപിക്കുന്നു, എന്തൊക്കെ പ്രയാസം സമൂഹത്തിലുണ്ടാക്കുന്നു എന്നതൊന്നും ഇവർക്ക് വിഷയമല്ല.

മുസ്‌ലിം നാമധാരികളായ പലരും സ്ഥിരമായി കളിയാക്കിയും പരിഹസിച്ചും കുത്തുവാക്കുകൾ പറഞ്ഞുമൊക്കെ തങ്ങൾക്ക് ഇഷ്ടമില്ലാത്തവർക്കെതിരിൽ പോസ്റ്റുകൾ പടച്ചുവിടുന്നത് കണ്ടുവരുന്നുണ്ട്. ചിലർ വീഡിയോ, ഓഡിയോ സന്ദേശമായും ഈ പണിചെയ്യുന്നുണ്ട്. ഒരാളും അന്യായമായി ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്ന കാര്യം ഇവർക്ക് അറിയാത്തതാകാൻ വഴിയില്ല. വാക്കുകൊണ്ടും നോക്കുകൊണ്ടും കൈകാലുകൾ കൊണ്ടുമൊന്നും ഒരു സത്യവിശ്വാസി ഒരാളെയും ഉപദ്രവിക്കുവാൻ പാടില്ല. താൻ ഒരു നിലയ്ക്കും ഉപദ്രവിക്കപ്പെട്ടുകൂടാ എന്ന് ആഗ്രഹിക്കുന്നവൻ അതേ ആഗ്രഹം എല്ലാവർക്കുമുണ്ടെന്ന് മനസ്സിലാക്കണം.

നാവ് വലിയ ഒരനുഗ്രഹമാണ്. അത് ഒരായുധവുമാണ്. അതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. നേരിൽ കാണാതെ ആരോടും ദേഷ്യം തീർക്കാൻ കഴിയുന്ന ഒരു ഫ്ളാറ്റ് ഫോമാണല്ലോ സമൂഹമാധ്യമങ്ങൾ. അതാണ് പലർക്കും ധൈര്യം നൽകുന്നത്. ആവശ്യമെങ്കിൽ പോസ്റ്റ് പിൻവലിച്ച് രക്ഷപ്പെടാനും പറ്റും.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: നബി ﷺ  ചോദിച്ചു: “പാപ്പരായവർ ആരാണെന്ന് അറിയുമോ?’’ സ്വഹാബികൾ പറഞ്ഞു: “പണവും വിഭവങ്ങും ഇല്ലാത്തവനാണ് പാപ്പരായവൻ’’. നബി ﷺ  പറഞ്ഞു: “എന്റെ സമുദായത്തിലെ പാപ്പരായവൻ ഇവനാണ്-നമസ്‌കാരവും നോമ്പും സകാത്തുമായി അവൻ വരും. പക്ഷേ, അവൻ ഒരുത്തനെ ശകാരിച്ചിരിക്കും. മറ്റൊരുത്തനെപ്പറ്റി ദുഷ്‌പരാതി പറഞ്ഞിരിക്കും. വേറൊരുത്തന്റെ സ്വത്ത് തിന്നിരിക്കും. മറ്റൊരുത്തന്റെ രക്തം ചിന്തിയിരിക്കും. അങ്ങനെ അവർക്കൊക്കെ അവന്റെ പുണ്യങ്ങളെടുത്തുകൊടുക്കും. അവന്റെ കടം തീരുന്നതിന് മുമ്പ് പുണ്യം കഴിഞ്ഞുപോയാൽ അവരുടെ പാപമെടുത്ത് ഇവന് കൊടുക്കും. അങ്ങനെ അവൻ നരകത്തിൽ തള്ളപ്പെടും’’ (മുസ്‌ലിം).

ഒരാൾക്ക് മാനഹാനിയുണ്ടാക്കുന്ന വാക്കും പ്രവർത്തനവും ഒരു സത്യവിശ്വാസിയിൽനിന്ന് ഉണ്ടാകാൻ പാടില്ല. അത് നേരിട്ടായാലും സമൂഹമാധ്യമങ്ങളിലൂടെയായാലും ഒരുപോലെയാണ്. സൂക്ഷിച്ചാൽ അവനവനുതന്നെയാണ് ഗുണം.