ഹദീസ് നിഷേധികള്‍ കാണാതെ പോകുന്നത്...

പത്രാധിപർ 

2022 ഫെബ്രുവരി 05, 1442 റജബ്  03

‌ഹദീസ് നിഷേധം ഇന്ന് ചില മുസ്‌ലിം നാമധാരികള്‍ക്ക് പുരോഗമനചിന്തയുടെ അടയാളമാണ്! ബുദ്ധിക്ക് യോജിക്കുന്നതല്ല, യുക്തിക്കെതിരാണ് എന്നെല്ലാം പറഞ്ഞ് പല ഹദീസുകളെയും അവര്‍ തള്ളിക്കളയുകയും പരിഹസിക്കുകയും ചെയ്യുന്നു! ചിലരാകട്ടെ ക്വുര്‍ആന്‍ മതി, അതല്ലാത്ത ഒരു പ്രമാണം ഇസ്‌ലാമിലില്ല എന്ന് വാദിക്കുന്നു. ഇത്തരമാളുകള്‍ കാണാതെ പോകുന്ന ചില കാര്യങ്ങളുണ്ട്.

നബി ﷺ യുടെ മക്കാജീവിത കാലഘട്ടം എടുത്താല്‍ അതിലെ പല കാര്യങ്ങളും വിശുദ്ധ ക്വുര്‍ആനില്‍ കാണാന്‍ സാധിക്കില്ല. ആ കാലത്തുണ്ടായ പല സംഭവങ്ങളും വിശുദ്ധ ക്വുര്‍ആനില്‍ വിശദീകരിക്കപ്പെട്ടിട്ടില്ല. ക്വുര്‍ആന്‍ മാത്രമെ അംഗീകരിക്കൂ എന്ന് പറയുന്നവര്‍ക്ക് അത്തരം കാര്യങ്ങള്‍ അറിയാന്‍ സാധിക്കില്ല. ഹിജ്‌റ സന്ദര്‍ഭത്തെക്കുറിച്ചും ഹിജ്‌റയുടെ വേളയില്‍ നബി ﷺ യുടെ കൂടെയുള്ള കൂട്ടുകാരനെക്കുറിച്ചും വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘‘നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്  എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്റെ വാക്കാണ് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (9:40).

ഹിജ്‌റയുടെ കൂടുതല്‍ കാര്യങ്ങളും വിശദീകരിക്കപ്പെട്ടത് ഹദീസിലാണ്. ഈ വചനത്തില്‍ പറഞ്ഞ നബി ﷺ യുടെ കൂട്ടുകാരന്‍ ആരാണ്? ഹദീസ് വേണ്ട എന്ന് പറഞ്ഞാല്‍ എങ്ങനെയാണ് അത് മനസ്സിലാക്കാന്‍ സാധിക്കുക?

വിശുദ്ധ ക്വുര്‍ആനെ അല്ലാഹു സംരക്ഷിക്കുന്നതോടൊപ്പം പ്രവാചകന്‍ ﷺ യുടെ ഹദീസുകളെയും അല്ലാഹു സംരക്ഷിക്കുന്നുണ്ട്. ഒന്നാം നൂറ്റാണ്ടിന് ശേഷം ഓരോ കാലഘട്ടങ്ങളില്‍ ഹദീസുകളെ തള്ളാനും കള്ള ഹദീസുകള്‍ ഉണ്ടാക്കാനും ആളുകള്‍ ശ്രമിച്ചിച്ചിട്ടുണ്ട്. എന്നാല്‍ അല്ലാഹു ഏറ്റെടുത്തതുകൊണ്ട് തന്നെ അങ്ങനെയുള്ളവരില്‍നിന്ന് അവന്‍ ഹദീസുകളെ സംരക്ഷിച്ചിട്ടുണ്ട്. അങ്ങനെയാണ് സ്വഹീഹായ ഹദീസ്, ഹസനായ ഹദീസ്, ദുര്‍ബലമായ ഹദീസ് എന്നിങ്ങനെയൊക്കെ ഹദീസുകള്‍ വേര്‍തിരിക്കപ്പെട്ടത്. മഹാരഥന്‍മാരായ ഇമാമുമാരിലൂടെ അല്ലാഹു ഈ കാര്യം നിറവേറ്റി എന്നത് നമുക്ക് ചരിത്രം പരിശോധിച്ചാല്‍ മനിസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ഥ്യമാണ്.

ക്വുര്‍ആന്‍ അല്ലാഹുവിന്റെ കലാം ആണെന്ന് നമ്മെ അറിയിക്കുന്നത് നബി(സ്വ)യാണ്. ജിബ്‌രീല്‍  ഇത് നമ്മുടെ കൈകളില്‍ നേരിട്ട് എത്തിച്ച് തന്നിട്ടില്ലല്ലോ. മുഹമ്മദ് നബി ﷺ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണെന്ന് വിശുദ്ധ ക്വുര്‍ആനില്‍ കാണാന്‍ സാധ്യമല്ല. റസൂല്‍(സ്വ മക്കയിലാണ് ജനിച്ചതെന്നും ക്വുര്‍ആനില്‍ പറഞ്ഞിട്ടില്ല. പിന്നെ അതൊക്കെ ഹദീഥിനെ നിഷേധിക്കുന്നവര്‍ എങ്ങനെ മനസ്സിലാക്കും? അതൊക്കെ ഹദീസുകളിലൂടെ റസൂല്‍ ﷺ പഠിപ്പിക്കുന്ന കാര്യങ്ങളാണ്. ഞാന്‍ നബിയാണെന്ന് റസൂല്‍(സ്വ) പറയുന്നുണ്ട്. അത് മക്കയിലെ ഇന്ന ആളാണെന്ന് ക്വുര്‍ആന്‍ മാത്രം മതി എന്ന് വാദിക്കുന്നവര്‍ക്ക് എങ്ങനെ മനസ്സിലക്കാന്‍ സാധിക്കും? മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്്. ആ മുഹമ്മദ് ഇന്ന വ്യക്തിയാണെന്ന് പഠിപ്പിക്കുന്നതും ഹദീസുകള്‍ തന്നെയാണ്.  

വിസ്ഡം യൂത്ത് സംസ്ഥാന സമിതി ‘ഹദീസ്: അജയ്യം അന്യൂനം' എന്ന പ്രമേയത്തില്‍ ജനുവരി 30ന് സംഘടിപ്പിച്ച 'ഡയലോഗ്' ഈ വിഷയങ്ങളില്‍ കൃത്യമായ വെളിച്ചം വീശുന്നതാണ്.