അപരവത്കരണത്തിന്റെ വഴിയടയാളങ്ങൾ

പത്രാധിപർ

2022 ഡിസംബർ 10, 1444 ജുമാദുൽ ഊല 15

“മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള വൈറലായ ആ വീഡിയോ കാണുകയായിരുന്നു. അധ്യാപകൻ ഒരു മുസ്‌ലിം വിദ്യാർഥിയെ തീവ്രവാദി എന്ന് വിളിക്കുന്നു. മുംബൈ തീവ്രവാദ ആക്രമണത്തിൽ പ്രതിയായി തൂക്കിലേറ്റപ്പെട്ട കസബിന്റെ പേരാണ് അയാൾ ആ വിദ്യാർഥിയെ വിളിക്കുന്നത്.

പലപ്പോഴും ഇത്തരം വിളികൾ കേൾക്കുന്നവരുണ്ടാകും. പാക്കിസ്ഥാനി, ഇമ്രാൻകുഞ്ഞ്, കസബിന്റെ മക്കൾ, അങ്ങനെ പലതും. പ്രതികരിക്കുന്നവരും പ്രതികരിക്കാത്തവരുമുണ്ടാകും. കേട്ട് കേട്ട് തഴകിയതിനാൽ തലതാഴ്ത്തി ഇരിക്കുന്നവരും ഉണ്ടാകും. പക്ഷേ, ആ വിദ്യാർഥി പ്രതികരിച്ചു. പ്രതികരിച്ചു എന്നത് മാത്രമല്ല, അവൻ അധ്യാപകനോട് ചോദിച്ച ചില ചോദ്യങ്ങൾക്ക് വല്ലാത്ത ക്ലാരിറ്റിയുണ്ടായിരുന്നു. അഗ്‌നിജ്വാലകൾ കണക്കെ അത് അയാളുടെ മുഖത്തേക്ക് ആളിപ്പടരുന്നതുപോലെ തോന്നി.

വിദ്യാർഥി പ്രതികരിച്ചപ്പോൾ ‘സോറി, ഞാൻ തമാശക്ക് പറഞ്ഞതാണ്’ എന്ന് അധ്യാപകൻ. ‘നോ... ഇത് തമാശയല്ല. തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല.’ പിന്നീട് അവൻ പറഞ്ഞ വാചകം വളരെ കൃത്യമാണ്: ‘being a Muslim in this country and facing all of this every day is not funny’.

അധ്യാപകൻ ക്ഷമ ചോദിക്കുന്നു. You are just like my son എന്ന് അയാൾ പറയുന്നു. അപ്പോൾ അവൻ തിരിച്ചു ചോദിക്കുന്നു: നിങ്ങളുടെ മകനോട് നിങ്ങൾ ഇത് പോലെ സംസാരിക്കുമോ? Will you call him by the name of a terrorist?’

ആ ചോദ്യത്തിൽ അയാൾ വിളറി വെളുത്തിട്ടുണ്ടാകണം. വീണ്ടും സോറി പറയുന്നു. അപ്പോൾ അവൻ പറഞ്ഞ ആ വാചകമാണ് ആ സംഭാഷണ ശകലങ്ങളിലെ ഏറ്റവും വലിയ ഹൈലൈറ്റ്: ‘Sorry does not change how you think or how you portray yourself here’

ആ പരാമർശത്തിന്റെ ശക്തി തിരിച്ചറിയാൻ മാത്രം അയാളുടെ തലക്കകത്ത് എന്തെങ്കിലും ഉണ്ട് എന്ന് വിശ്വസിക്കാൻ വയ്യ. അത്തരമൊരു പ്രതീക്ഷയുമില്ല. എന്നാൽ ഈ രാജ്യത്ത് ബോധപൂർവം വളർത്തിക്കൊണ്ട് വരുന്ന അപരവത്കരണത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതീകത്തോട് ഉജ്വലമായി പ്രതികരിച്ച ആ വിദ്യാർഥിയിൽ പ്രതീക്ഷയുണ്ട്; ഈ തലമുറയിലും.’’

മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള വൈറലായ ആ വീഡിയോ വായനക്കാരിൽ അധികപേരും കണ്ടിട്ടുണ്ടാകും. അത് കണ്ട ആരോ എഴുതി സോഷ്യൽ മീഡിയ വഴി പുറത്തുവിട്ട കുറിപ്പാണ് മുകളിൽ കൊടുത്തത്.

ഇത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. വിഭജനാനന്തര ഇന്ത്യയുടെ ആരംഭത്തിൽ കണ്ടുതുടങ്ങിയ ഈ മുസ്‌ലിം അപരവത്കരണ ശ്രമം ഇന്ന് പടർന്നു പന്തലിച്ചിട്ടുണ്ട്. മുസ്‌ലിമിന്റെ പേരും മതവും സംസ്‌കാരവും രാജ്യത്തെയും പൊതുസമൂഹത്തെയും സംബന്ധിച്ച് സംശയാസ്പദവും ഭീതിയുണർത്തുന്നതുമായ കാര്യങ്ങളാണ് എന്നു ചിന്തിക്കുവാൻ ഇന്ത്യയിലെ പൊതുസമൂഹത്തെ പാകപ്പെടുത്തിയെടുക്കുവാനുള്ള കഠിന ശ്രമത്തിലാണ് തീവ്ര ഹിന്ദുത്വവാദികൾ. സമൂഹത്തിൽ ‘ഇസ്‌ലാം ഭീതി’ വിതച്ച് വർത്തമാനകാല സാധ്യതകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നിരന്തരാന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾ. ഇന്നല്ലെങ്കിൽ നാളെ പരിപൂർണമായ ഒരു അബോധ സമൂഹത്തിന്റെ രൂപീകരണം ഇക്കാര്യത്തിൽ സംഭവിക്കാനിടയുണ്ടെന്ന് അവർ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു. സ്വന്തം പേരുപോലും മറച്ചുവയ്‌ക്കേണ്ട ഗതികേടിലേക്ക് മുസ്‌ലിംകൾ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു എന്നത് മതനിരപേക്ഷ ഇന്ത്യയിലാണെന്നത് ഓർക്കുക!