സർക്കാർ ആശുപത്രികളിലെ ചൂഷണം തടയുന്ന തീരുമാനങ്ങൾ

പത്രാധിപർ

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

മെഡിക്കൽ സേവനരംഗത്ത് നടക്കുന്ന കൊള്ളരുതായ്മകളെക്കുറിച്ച് പല വാർത്തകളും ഇടയ്ക്കിടെ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങളുടെ കഥകൾ പറയാൻ അനുഭവസ്ഥർ ഏറെയുണ്ട്. സർക്കാർ ആശുപത്രികളെ കൂടുതലായും ആശ്രയിക്കുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. എന്നാൽ ഈ മേഖലയിലും പൊതുജനങ്ങൾ പലവിധ ചൂഷണങ്ങൾക്ക് ഇരയാകുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് തടയിടാൻ സർക്കാർ മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്.

മരുന്നുകളുടെ കുറിപ്പടിയിൽ ജനറിക് പേരുകൾ നിർബന്ധമാക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നു. മരുന്ന് കുറിപ്പടിയിൽ രോഗികൾക്ക് വായിക്കാനാവുന്നവിധം കൂട്ടക്ഷരമല്ലാതെ ജനറിക് പേര് എഴുതാൻ ഡോക്ടർമാർക്ക് വ്യക്തമായ മാർഗനിർദശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത് ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ജനറിക് പേരുകൾ എഴുതണമെന്ന് 2014ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ അത് പാലിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് ഇപ്പോൾ സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടായിട്ടുള്ളത്.

മനസ്സിലാകും വിധം മരുന്ന് കുറിയ്ക്കുക, സർക്കാർ സംവിധാനത്തിന് പുറത്തുള്ള ഫാർമസികളിലേക്ക് പരമാവധി കുറിപ്പടി നൽകാതിരിക്കുക എന്നീ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനികൾ വിവിധ ബ്രാൻഡ്‌പേരുകളിലാണ് മരുന്നുകൾ വിപണിയിലിറക്കുന്നത്. എല്ലാ മരുന്നുകൾക്കും രാസനാമവും ജനറിക് പേരും ബ്രാൻഡ് പേരുമുണ്ട്. എന്നാൽ ബ്രാൻഡ് പേര് മാത്രമാണ് ഡോക്ടർമാർ കുറിപ്പടിയിൽ എഴുതുന്നത്. ഡോക്ടർക്ക് താൽപര്യമുള്ള കമ്പനികളുടെ മരുന്നുമാത്രമെ കുറിപ്പടിയിൽ ഉണ്ടാകാറുള്ളൂ. മറ്റു കമ്പനികളുടെ മരുന്നുകൾക്കില്ലാത്ത മികവ് തങ്ങളുടെ മരുന്നിനുണ്ടെന്ന് ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചും വിലയേറിയ പാരിതോഷികം നൽകി പ്രലോഭിപ്പിച്ചുമാണ് കമ്പനികൾ സ്വന്തം ബ്രാൻഡ് രോഗികളിൽ എത്തിക്കുന്നത്. നിലവിൽ ഡോക്ടർമാർ എഴുതുന്ന പല മരുന്നുകളും അവരുടെ ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ പരിസരത്തുമാത്രമാണ് ലഭിക്കുക. ജനറിക് പേരുകൾ നിർബന്ധമാക്കുന്നതോടെ ബ്രാൻഡ് പേരുകൾ അപ്രസക്തമാകും. വിലകൂടിയ ബ്രാൻഡുകൾ രോഗികൾക്ക് നിർദേശിക്കുന്നതും ഒഴിവാകും.

ആശുപത്രികളിൽ സ്‌റ്റോക്കുള്ള മരുന്നുകൾ നിർദേശിക്കാതെ ചില പ്രത്യേക കമ്പനികളുടെ മരുന്നുകൾ മാത്രം കുറിപ്പടിയിൽ എഴുതുന്നുവെന്നും രോഗികൾക്ക് ഇവ പുറത്തുനിന്നു വാങ്ങേണ്ടിവരുന്നതു പതിവാകുന്നുവെന്നുമുള്ള പരാതിയെത്തുടർന്ന് ഇതിന് കടിഞ്ഞാണിടുമെന്ന് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചതായാണ് പുതിയ വാർത്ത. സൗജന്യമായി നൽകാനുള്ള മരുന്നുകൾ എഴുതാതെ മറ്റു കമ്പനികളുടെ മരുന്ന് പുറത്തുനിന്നും വാങ്ങിപ്പിക്കുന്ന ഏർപ്പാടാണ് പല ഡോക്ടർമാരും നടത്തിക്കൊണ്ടിരിക്കുന്നത്. മെഡിക്കൽ സർവീസ് കോർപറേഷന്റെ കരാറിൽ യോഗ്യത നേടുന്ന കമ്പനിയുടെ മരുന്നു മാത്രമാണ് ആശുപത്രി സ്‌റ്റോറുകളിലെത്തുക. എന്നാൽ വൻകിട മരുന്നുകമ്പനികളുടെ സ്വാധീനത്തിൽ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ സ്‌റ്റോറിൽ കാണില്ല. കൂടുതൽ ഡോക്ടർമാർ പതിവായി നിർദേശിക്കുന്ന മരുന്നുകൾ കണ്ടെത്താനും ഈ മരുന്നുകൾ ആശുപത്രി സ്‌റ്റോറിൽ സൗജന്യ വിലയ്ക്ക് ലഭ്യമാക്കാനും നടപടിയുണ്ടാകുമെന്ന ആരോഗ്യവകുപ്പു മന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണ്. ബന്ധപ്പെട്ടവർ സർക്കാരിന്റെ നിർദേശം നടപ്പിലാക്കുമെങ്കിൽ അത് സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുമെന്നതിൽ സംശയമില്ല.