ക്വുർആനും ചരിത്രവും

പത്രാധിപർ

2022 മെയ് 21, 1442 ശവ്വാൽ 19

മനുഷ്യൻ വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും പിന്നിട്ടുപോന്ന വിവിധ അവസ്ഥകളിലേക്കും ചിന്താപരവും പ്രവൃത്തിപരവുമായ സ്ഥിതിവിശേഷങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ് ക്വുർആനിലെ ചരിത്രപരാമർശങ്ങൾ. വിവിധ ജനവിഭാഗങ്ങൾ, രാഷ്ട്രങ്ങൾ, അവ പിന്നിട്ടുവന്ന നാൾവഴികൾ, ആ ജനവിഭാഗങ്ങൾക്ക് സ്രഷ്ടാവിനോടുണ്ടായിരുന്ന ബന്ധത്തിന്റെ സ്വഭാവങ്ങൾ, അവയിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്മാരും അവർക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അവരുടെ പ്രബോധിത സമൂഹത്തിന്റെ സ്ഥിതിഗതികളും ദൂതരോടുള്ള അവരുടെ സമീപനങ്ങളും... എന്നിങ്ങനെ ക്വുർആൻ അനാവൃതമാക്കുന്ന ചരിത്ര വസ്തുതകൾ നിരവധിയാണ്. പൂർവകാലത്തിന്റെ അനുഭവ പാരാവാരത്തിൽനിന്ന് മാനവരാശി അറിയേണ്ടതും ഉൾക്കൊള്ളേണ്ടതുമായ കാര്യങ്ങളെ ആവിഷ്‌കരിക്കുന്നവയാണ് ക്വുർആനിലെ ആവർത്തിക്കപ്പെട്ടവയും അല്ലാത്തവയുമായ എല്ലാ ചരിത്ര പരാമർശങ്ങളും. വൃഥാവിവരണവും കാൽപനികതയും കാവ്യാത്മകതയും ലക്ഷ്യമാക്കി ആവിഷ്‌ക രിക്കപ്പെട്ടിട്ടുള്ളവയല്ല ക്വുർആനിലെ ഒരൊറ്റ ചരിത്രപരാമർശവും. കൃത്യമായ പാഠം ഉരുത്തിരിച്ചെടുക്കുവാൻ കഴിയുന്ന തരത്തിൽ ലക്ഷ്യാധിഷ്ഠിതമായ വ്യക്തതയോടെ മാത്രമാണ് ഓരോ ചരിത്ര പരാമർശവും ക്വുർആനിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് എന്നത് പ്രത്യേക ശ്രദ്ധയർഹിക്കുന്നു.

ചരിത്രത്തിന്റെ വസ്തുതകളെയും അനുഭവാംശങ്ങളെയും കോർത്തിട്ടിരിക്കുന്നത് കാലത്തിന്റെ ഇഴകളിലാണ്. ചരിത്രത്തിന്റെ സുപ്രധാന ഭാഗമായി കാലം കടന്നുവരുന്നു. കാലത്തിന്റെ പശ്ചാത്തല പരിസരത്ത് ദൈവികതീരുമാനത്തിന്റെ അണുവിട തെറ്റാത്ത സംഭവശൃംഖലകൾ കടന്നുവന്നു പോയിക്കൊണ്ടിരിക്കുന്നതാണ് ചരിത്രത്തിന്റെ മൗലികമായ സ്വഭാവം. അതുകൊണ്ടുതന്നെ ചരിത്രത്തിന്റെ ആകെതുകയിൽ കാലം അവഗണിക്കാനാവാത്ത ഒരു പ്രധാന ഘടകമാണ്. ക്വുർആനിലെ ചരിത്രപരാമർശങ്ങളിലും സൂചനകളിലും കാലത്തിന് നൽകുന്ന പരിഗണന പ്രത്യേകം ശ്രദ്ധേയമാണ്. അതോടൊപ്പം തന്നെ കാലത്തെ മാത്രം അതിന്റെ ചരിത്ര പശ്ചാത്തലപരമായ പ്രാധാന്യം പരിഗണിച്ചുകൊ ണ്ട് പരാമർശിക്കുന്ന ഇടങ്ങളും ക്വുർആനിലുണ്ട്. ക്വുർആനിലെ ഒരു അധ്യായത്തിന്റെ പേരുതന്നെ ‘അൽ അസ്വ്ർ’ അഥവാ ‘കാലം’ എന്നാണ്. “കാലത്തെ തന്നെ സത്യം! തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു; വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ’’ (103:1-3).

മനുഷ്യന്റെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവൻ വിലയിരുത്തപ്പെടുന്നത് എന്നും മനുഷ്യന്റെ വിജയവും പരാജയവും അവന്റെ കർമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള പാഠം വളരെ ലളിതമായി പറഞ്ഞുതരികയാണ് ഈ ചെറിയ അധ്യായം.

പൂർവ പ്രവാചകന്മാരുടെ ജീവിതാനുഭവങ്ങൾ, അവരുടെ ജനതയിൽനിന്നുണ്ടായ പ്രശ്‌നങ്ങൾ, പ്രതികരണങ്ങൾ, അവരുടെ പ്രവൃത്തികളുടെ ഫലങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങൾക്ക് ക്വുർആനിൽ പരാമർശിക്കപ്പെട്ട വിശേഷണം ‘ഖസ്വസ്വ്’ എന്നാണ്. കഥകൾ, അനുഭവവിവരണങ്ങൾ, പാഠാത്മക സൂചനകൾ, ചരിത്രപാഠങ്ങൾ എന്നീ അർഥങ്ങൾ ‘ഖസ്വസി’ന് ക്വുർആൻ പണ്ഡിതർ നൽകിയിട്ടുണ്ട്. ക്വുർആൻ 7:176 വചനത്തിന്റെ അന്ത്യം ഇപ്രകാരമാണ്: ‘...അതിനാൽ (അവർക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവർ ചിന്തിച്ചെന്നുവരാം’ (7: 176).

വേദഗ്രന്ഥത്തിൽ അവഗാഹം നേടിയിട്ടും ഭൗതികനേട്ടങ്ങളിൽ ആകൃഷ്ടനായി അവിശ്വാസത്തിലേക്കും അധാർമികതയിലേക്കും വഴുതിപ്പോയ, ഇസ്‌റാഈല്യരിലെ ഒരു വേദപണ്ഡിതനെക്കുറിച്ച് പരാമർശിച്ച ശേഷമാണ് ക്വുർആൻ മേൽപറഞ്ഞ ഉദ്‌ബോധനം നടത്തിയിരിക്കുന്നത്. ചിന്തിച്ച് പാഠമുൾക്കൊള്ളുവാനാണ് ക്വുർആൻ ചരിത്ര വസ്തുതകൾ പറഞ്ഞുതരുന്നത് എന്നർഥം.