അധഃപതനത്തിന്റെ കാരണം തേടുമ്പോൾ

പത്രാധിപർ

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

മനുഷ്യനെ സൃഷ്ടിക്കുകയും അവന് ജീവിതവും മരണവും നിശ്ചയിക്കുകയും ചെയ്ത പ്രപഞ്ചനാഥൻ നിരവധി സ്വഭാവ വൈവിധ്യങ്ങളോട് കൂടിയാണ് മനുഷ്യപ്രകൃതിയെ സംവിധാനിച്ചിട്ടുള്ളത്. ഒരു ജീവിയെന്ന നിലയിൽ മനുഷ്യനിൽ സഹജമായി നിലകൊള്ളുന്ന പല ശീലങ്ങളെയും സ്വഭാവങ്ങളെയും മറികടന്നുകൊണ്ടും അവയെ അടിച്ചമർത്തിക്കൊണ്ടും മുന്നോട്ടു പോവുക സാധ്യമല്ല. എന്നാൽ അവയെ നിയന്ത്രിക്കുകയും നിയമവിധേയവും സ്രഷ്ടാവിന്റെ താൽപര്യാനുസൃതവും വിനിയോഗിക്കുകയും ചെയ്തുകൊണ്ട് തന്റെ ജീവിതത്തെ മുന്നോട്ട് നയിക്കുവാൻ മനുഷ്യൻ ബാധ്യസ്ഥനാണ് എന്ന് വിശുദ്ധ ക്വുർആൻ മാനവരാശിയെ പഠിപ്പിക്കുന്നു. വിശുദ്ധ ക്വുർആൻ പറയുന്നു:

“ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല’’(30:30).

പ്രകൃതിയുമായുള്ള ഇണക്കം ഇസ്‌ലാമിന്റെ സഹജ ഗുണമാണെന്നും അത് മനുഷ്യന് അനിവാര്യമായ മാർഗദർശനമാണെന്നും ഈ സൂക്തം ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രകൃതിയുമായി ഇസ്‌ലാം പുലർത്തുന്ന ഈ ബന്ധത്തെ നിഷേധിക്കുകയും ഇസ്‌ലാമിനെ ജീവിത മാർഗമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് നിരർഥകമായ നിലപാടാണ്.

“(നിങ്ങൾ) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും അവനെ സൂക്ഷിക്കുകയും നമസ്‌കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക. നിങ്ങൾ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. അതായത് തങ്ങളുടെ മതത്തെ ഛിന്നഭിന്നമാക്കുകയും പല കക്ഷികളായി തിരിയുകയും ചെയ്തവരുടെ കൂട്ടത്തിൽ. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ സന്തോഷമടയുന്നവരത്രെ’’ (30: 31,32).

മനുഷ്യപ്രകൃതിയിലെ സവിശേഷതകളും ഗുണങ്ങളുമെല്ലാം ഏകദൈവാദർശത്തിന്റെ അനിവാര്യത എന്ന സാക്ഷ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

“നിന്റെ രക്ഷിതാവ് ആദം സന്തതികളിൽനിന്ന്, അവരുടെ മുതുകുകളിൽനിന്ന് അവരുടെ സന്താനങ്ങളെ പുറത്ത് കൊണ്ടുവരികയും, അവരുടെ കാര്യത്തിൽ അവരെ തന്നെ അവൻ സാക്ഷി നിർത്തുകയും ചെയ്തു. സന്ദർഭവും (ഓർക്കുക). (അവൻ ചോദിച്ചു:) ‘ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ?’ അതെ, ഞങ്ങൾ സാക്ഷ്യം വഹിച്ചിരിക്കുന്നു. തീർച്ചയായും ഞങ്ങൾ ഇതിനെ പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു എന്ന് ഉയർത്തെഴുന്നേൽപിന്റെ നാളിൽ നിങ്ങൾ പറഞ്ഞേക്കും എന്നതിനാലാണ് അങ്ങനെ ചെയ്തത്’’(7:172).

വികലമനസ്‌കനല്ലാത്ത ഏതൊരു മനുഷ്യനും തുറന്നു സമ്മതിക്കും; ഞാൻ എങ്ങനെയോ അങ്ങ് ഉണ്ടായതല്ല; പ്രത്യുത സർവജ്ഞനും സർവശക്തനുമായ സൃഷ്ടികർത്താവ് വിസ്മയകരമാം വിധം തന്നെ സംവിധാനിച്ചിരിക്കുകയാണെന്ന്. ഈ തിരിച്ചറിവാണ് പ്രധാനം. അതില്ലാത്തവരാണ് സർവശക്തനിൽ അഭയം തേടേണ്ടതിനു പകരം സർവശക്തന്റെ ദുർബലരായ സൃഷ്ടികളിൽ അഭയം തേടുന്നത്. ജാറങ്ങളിലും ദർഗകളിലും ചെന്ന് സാഷ്ടാംഗം വീഴുന്നത്. ദിവ്യവേഷം കെട്ടി തട്ടിപ്പിനിരിക്കുന്നവരുടെ ചൂഷണത്തിന് വിധേയരായി ആരോഗ്യവും മാനവും പണവും നഷ്ടപ്പെട്ടവരുടെ വാർത്തകൾ എത്ര കേട്ടാലും ഇത്തരക്കാരിൽ അതൊന്നും സ്വാധീനം ചെലുത്തില്ല. ഇവരിൽ ആണും പെണ്ണുമുണ്ട്. വിദ്യാസമ്പന്നരും പാമരരുമുണ്ട്. ധനാഢ്യരും ദരിദ്രരുമുണ്ട്. അല്ലാഹുവിന്റെ പാശം കൈവിട്ടാൽ ആരും അധഃപതിച്ചുപോകും എന്നർഥം.