മാനവികതയുടെ മതം

പത്രാധിപർ

2022 സെപ്തംബർ 24, 1444 സ്വഫർ 27

ഇസ്‌ലാം മനുഷ്യത്വത്തിന് ഊന്നൽ നൽകുന്ന മതമാണ്. അതിന്റെ നിയമങ്ങളും നിർദേശങ്ങളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സമൂഹത്തിൽനിന്നും അകന്ന്, പ്രത്യേക വേഷഭൂഷാദികൾ സ്വീകരിച്ച്, ശാരീരികമായ ശുദ്ധിയിൽ ശ്രദ്ധിക്കാതെ, എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അലഞ്ഞുതിരിഞ്ഞു നടന്ന് ദൈവത്തിന്റെ സാമീപ്യം നേടാമെന്ന തലതിരിഞ്ഞ ചിന്താഗതി ഇസ്‌ലാം പഠിപ്പിക്കുന്നില്ല.

നമസ്‌കാരം, നോമ്പ്, സ്തുതികീർത്തനങ്ങൾ തുടങ്ങിയവയല്ലാം മഹത്തായ പുണ്യകർമങ്ങളാണ്. എന്നാൽ അത്തരത്തിലുള്ള കർമങ്ങൾ മാത്രം ചെയ്തുകൊണ്ടും സഹജീവികളെക്കുറിച്ചു ചിന്തിക്കാതെയും അവരുടെ പ്രയാസങ്ങളിൽ സഹായഹസ്തം നീട്ടുവാൻ ശ്രമിക്കാതെയും കഴിയണമെന്നല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. നന്മയായ എന്തും സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്നത് അവനുള്ള ആരാധനയാണ്.

മനുഷ്യന്ന് മനുഷ്യരോട് ചില കടമകളും കടപ്പാടുകളുമുണ്ട്. അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: “സൂര്യൻ ഉദിക്കുന്ന ഓരോ ദിവസവും മനുഷ്യരുടെ എല്ലാ സന്ധികൾക്കും ഓരോ ധർമമുണ്ട്. രണ്ടാളുകൾ തമ്മിലുള്ള ഒരു പ്രശ്‌നത്തിൽ നീതി പാലിക്കുന്നത് ധർമമാകുന്നു. ഒരാളെ അയാളുടെ സവാരിമൃഗത്തിന്റെ കാര്യത്തിൽ സഹായിക്കുന്നത് ധർമമാകുന്നു. അയാളെ അതിന്മേൽ കയറ്റിക്കൊടുക്കുകയോ അയാളുടെ ചരക്കുകൾ അതിന്റെ പുറത്ത് പൊക്കിവച്ചുകൊടുക്കുകയോ ചെയ്യുന്നത് ധർമാകുന്നു. നല്ല വാക്ക് ധർമമാകുന്നു. നീ നമസ്‌കരിക്കുവാനായി നടന്നുപോകുന്ന ഓരോ കാൽവയ്പിലും ധർമമുണ്ട്. വഴിയിൽനിന്ന് നീ ഉപദ്രവം നീക്കം ചെയ്യുന്നതും ധർമമാകുന്നു’’ (ബുഖാരി, മുസ്‌ലിം).

അല്ലാഹു നൽകിയ അളവറ്റ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ടാണ് ഏതൊരു മനുഷ്യനും ഭൂലോകത്ത് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് നൽകപ്പെട്ട സമ്പത്ത്, ആരോഗ്യം, അറിവ് തുടങ്ങിയ പല അനുഗ്രഹങ്ങൾകൊണ്ടും മറ്റുള്ളവരെ സഹായിക്കൽ സത്യവിശ്വാസിയുടെ ബാധ്യതയാണ്. ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും വർഗത്തിന്റെയും ഭാഷയുടെയും മതിൽക്കെട്ടുകൾ ഭേദിക്കുന്നതാണ് ഇസ്‌ലാമിന്റെ ധാർമികചിന്തകൾ. വഴിയിൽനിന്നും ഉപദ്രവങ്ങൾ നീക്കം ചെയ്യണമെന്ന് നബി ﷺ  പഠിപ്പിച്ചപ്പോൾ അത് ‘മുസ്‌ലിംകൾ മാത്രം നടക്കുന്ന വഴിയാണെങ്കിൽ’ എന്ന നിബന്ധന വച്ചിട്ടില്ല. ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ആഹരിക്കുന്നവൻ എന്നിൽ പെട്ടവനല്ല’ എന്ന് നബി ﷺ  പറഞ്ഞപ്പോൾ ‘മുസ്‌ലിമായ അയൽവാസി’ എന്ന് പറഞ്ഞിട്ടില്ല.

അളുകൾക്കിടയിലെ തർക്കങ്ങളിൽ നീതിപൂർവം വിധികൽപിക്കണമെന്ന അധ്യാപനത്തിൽ സ്വന്തക്കാരനെന്നോ അന്യനെന്നോ നോക്കി, സത്യം അവരുടെ പക്ഷത്തല്ലെങ്കിലും ആണെന്നു വരുത്തി അവർക്ക് അനുകൂലമായി വിധികൽപിക്കാൻ പറഞ്ഞിട്ടില്ല. സ്വന്തക്കാർക്കെതിരാണെങ്കിലും നീതിയുടെ പക്ഷത്ത് നിലകൊള്ളണമെന്ന് വ്യക്തമായി നിർദേശിക്കുകയും ചെയ്യുന്നു.

നല്ല വാക്ക് പറയുക എന്നതും ധർമമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. അവിടെയും വിവേചനം കാണിക്കാൻ പറയുന്നില്ല.

ഒരാൾ യഥാർഥ മുസ്‌ലിമാണെങ്കിൽ അവന്റെ വായിൽനിന്ന് അന്യർക്ക് അരോചകത്വവും വ്യസനമുണ്ടാക്കുന്നതുമായ വാക്കുകൾ പുറത്തുവരില്ല.

ഇതുപോലെ ഓരോ വ്യക്തിക്കും ദിനേന പലവിധത്തിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയും. ചുമട് തലയിലേറ്റാനോ വാഹനത്തിൽ കയറ്റാനോ സഹായിക്കുന്നതുപോലും ധർമമായി ഇസ്‌ലാം പഠിപ്പിക്കുന്നു. ആത്മാർഥമായും പ്രതിഫലേച്ഛയോടെയും എത്ര ചെറിയ നന്മ ചെയ്താലും നാളെ പരലോകത്ത് അതിന്റെ പ്രതിഫലം ലഭിക്കുമെന്ന കാര്യം വിശ്വാസികൾ വിസ്മരിച്ചുകൂടാ.