മനുഷ്യബുദ്ധിയോട് സംവദിക്കുന്ന മതം

പത്രാധിപർ

2022 സെപ്തംബർ 03, 1444 സ്വഫർ 06

ഇസ്‌ലാമിനെ ഇതര മതദർശനങ്ങളെയോ ചിന്താധാരകളെയോ പോലെ വിലയിരുത്തുന്ന മുസ്‌ലിം നാമധാരികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണിന്ന്. ഇസ്‌ലാമുമായി ബന്ധപ്പെട്ട ആനുകാലിക സംഭവവികാസങ്ങളിലെ ചർച്ചകളിൽ അവർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങൾ അങ്ങനെയാണ് മനസ്സിലാക്കിത്തരുന്നത്. ഇതര മതാചാരങ്ങളിൽനിന്നും പ്രത്യയ ശാസ്ത്രങ്ങളിൽ നിന്നും കടമെടുത്തും കൊണ്ടും കൊടുത്തും നിലകൊള്ളുന്ന ഒരു പ്രാകൃത വിശ്വാസ കർമാനുഷ്ഠാന സംഹിതയാണ് ഇസ്‌ലാം എന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവരുടെ റാൻമൂളികളായി മാറുകയാണ് യഥാർഥത്തിൽ ഇവർ ചെയ്യുന്നത്. ‘നിങ്ങൾ അല്ലാഹുവിന് അങ്ങോട്ട് ദീൻ പഠിപ്പിക്കുകയാണോ?’എന്ന വിശുദ്ധ ക്വുർആന്റെ ചോദ്യം അന്വർഥമാകുന്നതും ഇവിടെയാണ്.

തീർത്തും അബദ്ധജടിലമായ വിശ്വാസാചാരങ്ങളിൽ നിന്ന് ഇസ്‌ലാമിനെ വ്യതിരിക്തമാക്കുന്ന സുപ്രധാന സവിശേഷതകളിലൊന്ന് അറിവിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിൽ മനുഷ്യബുദ്ധിയോട് സംവദിക്കുന്ന ഒരേ ഒരു വിശ്വാസാദർശമാണ് അതെന്നുള്ളതാണ്. മുസ്‌ലിംകൾക്കിടയിലെ അഭ്യസ്തവിദ്യർക്കിടയിൽ ഇന്നും ഇസ്‌ലാമെന്നാൽ കേവല കർമാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട തർക്കവിതർക്കങ്ങളും കുറെ അന്ധവിശ്വാസങ്ങളും അതിന്റെ മറവിൽ നടക്കുന്ന ചൂഷണവുമാണെന്ന ധാരണകളുമായി കഴിഞ്ഞുകൂടുന്നവരുണ്ട്.

ഇസ്‌ലാമെന്നാൽ ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളുടെയും കൂടിയുള്ള മതമാണെന്നാണ് വിശുദ്ധ ക്വുർആന്റെ അധ്യാപനം: “അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വമനസ്സോടെയും നിർബന്ധിതരായിട്ടും അവരുടെ നിഴലുകളും അവന്ന് പ്രണാമം ചെയ്യുന്നു’’ (13:15).

മാത്രമല്ല മനുഷ്യപ്രകൃതിയോട് അങ്ങേയറ്റം ഇഴുകിച്ചേർന്ന ഒരേയൊരു ആദർശവും അതത്രെ. പക്ഷേ, ആ ലളിതസത്യം ബഹുഭൂരിഭാഗം മനുഷ്യരും മനസ്സിലാക്കുന്നില്ല. അല്ലാഹു പറയുന്നു: “ആകയാൽ (സത്യത്തിൽ) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചുനിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ, വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരിൽ അധികപേരും മനസ്സിലാക്കുന്നില്ല’’ (30:30).

പ്രവാചകൻമാരായി പരമകാരുണികനാൽ നിയുക്തരായവർ ഒന്നടങ്കം പ്രഘോഷിച്ച മതമാണ് ഇസ്‌ലാം. പരലോകത്തിലെ ശാശ്വത വിജയമെന്ന മഹാജീവിതലക്ഷ്യം പഠിപ്പിച്ച, അടിസ്ഥാന പ്രമാണങ്ങളിലൂടെ ഐഹിക, പാരത്രിക ജീവിതങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം അരക്കിട്ടുറപ്പിച്ച ദൈവികമായ നേർസരണിയാണത്.

അല്ലാഹു പറയുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്കു പൂർണമായി നൽകപ്പെടുകയുള്ളു. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റി നിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (ക്വുർആൻ 3:185). ജീവിതത്തെക്കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാടിന്റെ ആകെത്തുകയായി നമുക്ക് ഈ വചനത്തെ കാണുവാൻ സാധിക്കുന്നു.