നിഷിദ്ധങ്ങളെ സൂക്ഷിക്കുക

പത്രാധിപർ

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

ഇസ്‌ലാം നന്മയുടെ മതമാണ്. അതുകൊണ്ട് ഇസ്‌ലാം പറയുന്നു; നല്ലതേ പറയാവൂ. നല്ലതേ കേൾക്കാവൂ. നല്ലതേ കാണാവൂ. നല്ലതേ ചിന്തിക്കാവൂ. നല്ലതേ ഉടുക്കാവൂ. നല്ലതു മാത്രമെ തിന്നാനും കൂടിക്കാനും പാടുള്ളൂ. വിശുദ്ധ ക്വുർആൻ പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയ വസ്തുക്കളിൽനിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങൾ ആരാധിക്കുന്നതെങ്കിൽ’’ (2:172).

നല്ലത് തിന്നുക, നല്ലത് കുടിക്കുക, നല്ലത് ഉടുക്കുക എന്നെല്ലാം പറയുമ്പോൾ ഉദ്ദേശിക്കുന്നത് ശുദ്ധമായത് എന്നാണ്. ശുദ്ധമാകുന്നത് അനുവദനീയമായതാകുമ്പോഴാണ്.

ഭക്ഷ്യവിഭവങ്ങൾ അന്വേഷിക്കുവാനും ഉപയോഗിക്കുവാനും കൽപിക്കുന്ന ഇസ്‌ലാം അതിന് ചില വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുണ്ട്. അനുവദനീയമായ മാർഗത്തിലൂടെയല്ലാതെ ഉപജീവനം നേടുവാൻ ഒരു മുസ്‌ലിമിന് അനുവാദമില്ല. പലിശ, കൈക്കൂലി, കൊള്ള, മോഷണം തുടങ്ങിയ മാർഗങ്ങളിലൂടെയെല്ലാം പണം സമ്പാദിക്കുവാൻ കഴിയും. എന്നാൽ ഇസ്‌ലാം ഈ മാർഗങ്ങളെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അത്തരം മാർഗങ്ങളിലൂടെ സമ്പാദിച്ചവൻ തിന്നുന്നതും കുടിക്കുന്നതും ഉടുക്കുന്നതുമെല്ലാം നിഷിദ്ധമാണ്. അങ്ങനെയുള്ള സമ്പാദ്യം കൊണ്ട് ഉപജീവനം നടത്തുന്നവന്റെ പ്രാർഥനയ്ക്ക് അല്ലാഹു ഉത്തരം നൽകില്ല എന്നാണ് നബി ﷺ  പഠിപ്പിക്കുന്നത്. പലരുടെയും ധാരണ പലിശ വാങ്ങിയും മറ്റും സമ്പാദിച്ചാലും അതിനോടൊപ്പം ആ തെറ്റ് പൊറുത്തു തരുവാൻ വേണ്ടി പ്രാർഥിച്ചാൽ മതി, പിന്നെ കുഴപ്പമില്ല എന്നാണ്. എന്നാൽ താഴെ കൊടുക്കുന്ന നബിവചനം ആ ധാരണ തിരുത്തുന്നു:

നബി ﷺ  പറഞ്ഞു: “നിശ്ചയമായും അല്ലാഹു പരിശുദ്ധനാകുന്നു. വിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. തീർച്ചയായും അല്ലാഹു എന്താണോ പ്രവാചകന്മാരോട് കൽപിച്ചിരുന്നത് അതാണ് വിശ്വാസികളോടും കൽപിച്ചിരിക്കുന്നത്. പ്രവാചകന്മാരോട് അവൻ കൽപിച്ചിരിക്കുന്നു: ‘അല്ലയോ പ്രവാചകന്മാരേ, നിങ്ങൾ പരിശുദ്ധമായവ ആഹരിച്ചുകൊള്ളുക. സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക.’ വിശ്വാസികളോട് അവൻ പറഞ്ഞിരിക്കുന്നു: ‘അല്ലയോ വിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയതിൽനിന്ന് പരിശുദ്ധമായത് നിങ്ങൾ ആഹരിച്ചുകൊള്ളുക.’ പിന്നീട് പ്രവാചകൻ ﷺ  ഒരാളെക്കുറിച്ച് പറഞ്ഞു: ദീർഘ യാത്രക്കാരൻ. പൊടിപുരണ്ട, പാറിപ്പറന്ന തലമുടി, ഇരുകൈകളും ആകാശത്തേക്കുയർത്തി അയാൾ പറഞ്ഞു: ‘എന്റെ നാഥാ...എന്റെ നാഥാ...’ അയാളുടെ ഭക്ഷണം നിഷിദ്ധം. വെള്ളം നിഷിദ്ധം. വസ്ത്രവും നിഷിദ്ധം, അയാൾ നിഷിദ്ധവസ്തുക്കളാൽ ഊട്ടപ്പെട്ടിരിക്കുന്നു. എങ്ങനെ അയാൾക്ക് ഉത്തരം നൽകപ്പെടും?’’ (മുസ്‌ലിം).

വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടുമുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്...’’ (4:29)

കുറുക്കുവഴികളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ മാർഗങ്ങളെയും ഇസ്‌ലാം നിരാകരിക്കുന്നു. സംതൃപ്തിയോടെ ലഭിക്കുമ്പോഴേ അന്യരുടെത് അനുവദനീയമാകൂ എന്നും ഇസ്‌ലാം അറിയിക്കുന്നു. നിഷിദ്ധമായത് സ്വയം ഭക്ഷിക്കുന്നതുപോലെത്തന്നെ മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതും വിലക്കപ്പെട്ടതാണ്. നിഷിദ്ധ മാർഗത്തിലൂടെ സമ്പാദിച്ചത് ദാനം ചെയ്താൽ അതിൽ പുണ്യമില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾക്ക് നാം ഉൽപാദിപ്പിച്ചുതന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ...’’ (2:267).