ഇന്ത്യയുടെ പ്രതാപകാലം തിരിച്ചുവരുമോ?

പത്രാധിപർ

2022 മെയ് 28, 1442 ശവ്വാൽ 26

സിന്ധുനദീതട സംസ്‌കാര ഭൂമിയായ ഇന്ത്യ പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ, സാംസ്‌കാരിക സമ്പത്തിനു പ്രശസ്തമാണ്. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ ഇവിടെയാണ് ജന്മമെടുത്തത്. കൂടാതെ ഇവിടെയെത്തിയ ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാംമതം എന്നിവ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തിന് ആഴമേകി.

പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങളെ മുതലെടുത്ത് അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കംമുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. 1857ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ് ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപത്തെ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി.

നാനാത്വത്തിൽ ഏകത്വം എന്ന മനോഹരമായ മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന, ജനാധിപത്യവും മതേതരത്വവും അടിത്തറയായുള്ള രാഷ്ട്രം എന്ന നിലയിൽ ഇന്ത്യ ലോകത്തിനു മുന്നിൽ തലയുയർത്തിനിന്നു. ഭാവനാസമ്പന്നരും ജനസ്‌നേഹികളുമായ ഭരണാധികാരികളുടെ ശ്രമഫലമായി രാജ്യം അഭിവിവൃദ്ധിലേക്ക് കുതിച്ചുയർന്നു. എന്നാൽ 1992ൽ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങൾ തീവ്രചിന്താഗതിയുള്ള രാജ്യദ്രോഹികൾ തച്ചുടയ്ക്കുകയും അനുബന്ധമായ കൂട്ടക്കൊലകൾ അരങ്ങേറുകയും ചെയ്തതു മുതൽ ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സ് കുറയാൻ തുടങ്ങി. പിന്നീട് ഇതുവരെയും നമ്മുടെ രാജ്യത്തിന് പഴയ പ്രഭാവത്തിലേക്ക് മടങ്ങാൻ സാധിച്ചിട്ടില്ലെന്നു മാത്രമല്ല അനുദിനം അതിന് മങ്ങലേറ്റുകൊണ്ടേയിരിക്കുകയുമാണ് എന്നതാണ് വസ്തുത.

രാമജന്മഭൂമിയുടെ പേരിൽ ബാബരി മസ്ജിദ് തകർത്തും അക്രമാസക്തർ അഴിഞ്ഞാടിയ രഥയാത്രയിലൂടെയും തീവ്രഹിന്ദുത്വവാദികൾ അധികാരത്തിലേക്കുള്ള വഴി സുഗമമാക്കി. പശുവിന്റെ പേരിൽ മുസ്‌ലിംകളെയും ദലിതരെയും തല്ലിക്കൊന്നും മർദിച്ചവശരാക്കിയും ഭീകരമുഖം വെളിവാക്കി, പലതരം ജിഹാദുകൾ സങ്കൽപിച്ചുണ്ടാക്കി മുസ്‌ലിംകളെയും ഇസ്‌ലാമിനെയും പ്രതിസ്ഥാനത്തു നിർത്താൻ ശ്രമിച്ചു, ജനങ്ങളെ വർഗീയമായി വേർതിരിച്ച് പരസ്പരം ശത്രുക്കളാക്കാനുള്ള ഹീനശ്രമം നടത്തി, പൗരത്വവിഷയത്തിൽ ഇരട്ടത്താപ്പിന്റെ നിയമം കൊണ്ടുവരാൻ ശ്രമിച്ചു, ഇന്ന് രാജ്യത്തെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്നതിന്റെ വക്കോളമെത്തിനിൽക്കുന്നു, നിത്യോപയോഗസാധനങ്ങളുടെയും ഇന്ധനത്തിന്റെയും മറ്റും വിലവർധനവ് ജനജീവിതത്തെ പ്രയാസക്കടലിൽ ആഴ്ത്തിയിരിക്കുന്നു, ഇപ്പോഴിതാ മറ്റുചില പള്ളികളുടെ മേലും അവകാശവാദമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നു! ഇങ്ങനെ എണ്ണിയാൽ തീരാത്തത്ര അതിക്രമങ്ങൾ കാണിച്ച് ഇന്ത്യയുടെ മഹത്തായ പൈതൃകത്തെ തല്ലിത്തകർത്തുകൊണ്ടിരിക്കുകയാണ്. യഥാർഥ രാജ്യസ്‌നേഹികൾ ശക്തമായ പ്രതിരോധം തീർത്തില്ലെങ്കിൽ രാജ്യത്തിന്റെ മൊത്തം തകർച്ച നോക്കിക്കാണേണ്ടിവരും.