ബുൾഡോസറുകൾ വികൃതമാക്കുന്നത് രാജ്യത്തിന്റെ മുഖത്തെ

പത്രാധിപർ

2022 ജൂൺ 18, 1442 ദുൽഖഅദ 17

ജാതിമത വ്യത്യാസങ്ങൾ മറന്ന്, രാജ്യസ്‌നേഹികളും അഭിമാനബോധമുള്ളവരുമായ ഇന്ത്യക്കാർ കഠിനപ്രയത്‌നത്തിലൂടെ വെള്ളക്കാരെ ആട്ടിയോടിച്ച് സ്വാതന്ത്ര്യം നേടിയെടുത്തത് രാജ്യത്തിന്റെ ഭരണം സ്വേച്ഛാധിപതികളുടെ കൈകളിലേൽപിക്കാനോ ഏതെങ്കിലും മതത്തിന്റെ പേരിൽ രാഷ്ട്രം സ്ഥാപിക്കാനോ രാജ്യത്തിന്റെ സവിശേഷതയായ നാനാത്വവും വൈവിധ്യങ്ങളും തല്ലിത്തകർക്കാനോ അല്ലായിരുന്നു. ജനാധിപത്യത്തിന്റെ അടിത്തറയിൽ, മതനിരപേക്ഷതയിലൂന്നി, ജാതി, മത, വേഷ, ഭാഷ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് പരസ്പര വിശ്വാസത്തിലും സ്‌നേഹത്തിലും ജീവിക്കുന്ന ജനതയായിരുന്നു സ്വാതന്ത്ര്യസമര നായകരുടെ സ്വപ്‌നത്തിലുണ്ടായിരുന്നത്. അതിന് അനുഗുണമായ രൂപത്തിൽ, ബുദ്ധിയും ചിന്താശേഷിയുമുള്ള നേതാക്കൾ പൗഢമായ ഒരു ഭരണഘടന എഴുതിയുണ്ടാക്കുകയും ചെയ്തു.

സ്വാത്രന്ത്യാനന്തരം പതിറ്റാണ്ടുകൾ രാജ്യം ഭരിച്ചവർ രാജ്യത്തെ സർവമേഖലകളിലും ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു. അവർ ജനങ്ങളെ മതത്തിന്റെ പേരിൽ അടിപ്പിച്ചില്ല; അടുപ്പിക്കാൻ ശ്രമിച്ചു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വേഷം ധരിക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനുമൊക്കെയുള്ള ജനങ്ങളുടെ അവകാശത്തെ അവരാരും നിഷേധിച്ചില്ല. രാജ്യം ഭരിക്കുന്നവർ വിമർശനങ്ങൾക്കതീതരാണെന്നും അവരെ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്നും അവരാരും തിട്ടൂരമിറക്കിയില്ല. മറിച്ച് ജനാധിപത്യഭരണക്രമത്തിൽ പ്രതിപക്ഷമുണ്ടാകുമെന്നും അവർ വിമർശിക്കുമെന്നും ഭരണചക്രം തെറ്റായ ദിശയിലേക്ക് തിരിച്ചാൽ അത് ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നുമുള്ള യാഥാർഥ്യം അവർ അംഗീകരിച്ചു.

എന്നാൽ ഇന്ന് എന്താണ് അവസ്ഥ? അരാജകത്വമല്ലേ എങ്ങും കാണുന്നത്? പൊതുമേഖലാസ്ഥാപനങ്ങളെല്ലാം കോർപ്പറേറ്റുകൾക്ക് വിറ്റുകഴിഞ്ഞു. വില വർധനവിൽ ജനജീവിതം ശ്വാസം മുട്ടിക്കഴിയുകയാണ്. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഓരോന്നായി ധ്വംസിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളെ മതം പറഞ്ഞ് ഭിന്നിപ്പിച്ചുകൊണ്ടിരിക്കുന്നു. ആസൂത്രിതമായ കലാപങ്ങൾ നടക്കുന്നു. വേട്ടക്കാരെ സംരക്ഷിച്ച് ഇരകളെ പിടിച്ച് തുറുങ്കിലടക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയാണ് ഏറ്റവും കൂടുതൽ മുസ്‌ലിംകളുള്ള സംസ്ഥാനം. അവിടെ ഭരിക്കുന്ന ഒരു യോഗ്യതയുമില്ലാത്ത യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രിയും സിൽബന്ധികളും നടത്തുന്ന മുസ്‌ലിം വേട്ടയുടെ യഥാർഥ ചിത്രം മിക്ക മാധ്യമങ്ങളും മറച്ചുവയ്ക്കുകയാണ്, അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുകയാണ്. ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഭരണകൂടത്തെ വിമർശിച്ചുകൊണ്ടോ അനീതിക്കെതിരിൽ ശബ്ദിച്ചുകൊണ്ടോ സമരം ചെയ്താൽ, അല്ലെങ്കിൽ ഏതെങ്കിലും ക്രിമിനൽ കുറ്റം ഒരാൾ ചെയ്താൽ അയാളും കുടുംബവും താമസിക്കുന്ന വീട് ബുൾഡോസർകൊണ്ടോ മറ്റോ പൊളിച്ചുകളയാമെന്ന് പറയുന്നുണ്ടോ? അറസ്റ്റുചെയ്യാം, വിചാരണ നടത്താം. കോടതി വിധിച്ചാൽ തൂക്കിക്കൊല്ലാം, വീടും സ്വത്തും ജപ്തിചെയ്യാം.

എന്നാൽ ഒരു ന്യായവും നിരത്താനില്ലാതെ എതിർക്കുന്നവരുടെയെല്ലാം വീടുകൾ ഇടിച്ചുനിരപ്പാക്കുക എന്ന കൊടുംക്രൂരതയാണ് യുപിയിലും മറ്റു ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ലജ്ജാവഹം എന്നല്ലാതെ എന്തു പറയാൻ! ഇതിനെതിരിൽ ശബ്ദിക്കേണ്ടവർ ഉറക്കം നടിക്കുകയാണ്, അല്ലെങ്കിൽ മൗനാനുവാദം നൽകി മാറിനിന്ന് നോക്കി രസിക്കുകയാണ്.

നിരപരാധികളുടെ വീടുകളും സ്ഥാപനങ്ങളും ഇടിച്ചുതകർക്കുന്ന ബുൾഡോസറിൽ മതമുണ്ട്, രാഷ്ട്രീയമുണ്ട്, ചില മുന്നറിയിപ്പുകളും ഭീഷണിയും താക്കീതുമുണ്ട്. അവ തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിക്കാൻ രാജ്യസ്‌നേഹികൾ മൂന്നാട്ടുവന്നില്ലെങ്കിൽ സംഭവിക്കാനിരിക്കുന്നത് വൻദുരന്തമായിരിക്കും.