പുതുവഴികൾ തേടുന്ന നബിദിനാഘോഷം!

പത്രാധിപർ

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

‘നബിദിനാഘോഷം’ എന്ന പുത്തനാചാരം ഇന്ന് ഒരു ഫാഷനും ഹരവുമായി മാറിയിട്ടുണ്ട്. ‘നബിദിന ഗിഫ്റ്റുകൾ ഇവിടെ ലഭിക്കും’ എന്ന ബാനർ ഒരു ടൗണിലെ കടയുടെ മുമ്പിൽ കാണാനിടയായി. പുത്തൻ കോലങ്ങളിൽ വ്യത്യസ്തയിനം പരിപാടികളുമായി നബിദിനാഘോഷത്തിൽ സമുദായത്തിലെ ‘ഭൂരിപക്ഷം’ മൽസരിക്കുകയാണ്. ‘നബിദിനം ഇസ്‌ലാമികം, വഹാബിസം അനിസ്‌ലാമികം’ എന്നെഴുതിയ പോസ്റ്ററും ചില സ്ഥലങ്ങളിൽ കാണാൻ കഴിയുന്നു. ജനങ്ങൾ നന്നാവാൻ തീരുമാനിച്ചാലും പുരോഹിതന്മാർ അതിനനുവദിക്കുന്നില്ല എന്നതാണ് വാസ്തവം.

നബിദിനാഘോഷത്തെ അനുകൂലിക്കുന്ന ഒരു പണ്ഡിതന്റെ പ്രസംഗം എഫ്ബിയിൽനിന്ന് കേട്ടു. നബിദിനം ആഘോഷിക്കണം; എന്നാൽ അതിലെ ധൂർത്ത് ഒഴിവാക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ചില കണക്കുകൾ അദ്ദേഹം നിരത്തുന്നുണ്ട്. തങ്ങളുടെ സംഘടനക്ക് കീഴിൽ പതിനായിരം മദ്‌റസകളുണ്ട്. ഓരോ മദ്‌റസയും നബിദിനാഘോഷത്തിന് ഒരു ലക്ഷമോ രണ്ടു ലക്ഷമോ ചെലവഴിക്കുന്നുണ്ട്. ശരാശരി ഒരു ലക്ഷം കൂട്ടിയാൽതന്നെ 100 കോടി രൂപ നബിദിനാഘോഷത്തിന്റെ പേരിൽ ഒരു വർഷം ചെലവഴിക്കുന്നു. അത്രയും തുക കൊണ്ട് വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രയോ സ്ഥാപിക്കാം. അതുകൊണ്ട് ഈ ധൂർത്ത് അവസാനിപ്പിക്കണം എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം.

ധൂർത്തിനെതിരിൽ ശബ്ദിക്കുന്നത് നല്ലകാര്യംതന്നെ. എന്നാൽ മതത്തിൽ കടത്തിക്കൂട്ടുന്ന പുത്തനാചാരങ്ങളെയും എതിർക്കേണ്ടതില്ലേ? തങ്ങളുടെ തെറ്റായ നിലപാടുകളെ എതിർക്കുന്നവരെയെല്ലാം ‘പുത്തൻവാദികൾ’ (മുബ്തദിഉകൾ) എന്ന് അടിസ്ഥാനരഹിതമായി ആക്ഷേപിക്കുന്നവർ തങ്ങൾ ചെയ്യുന്ന ബിദ്അത്തുകളെ (പുത്തനാചാരങ്ങളെ) വെള്ളപൂശുകയാണ് ചെയ്യുന്നത്.

പ്രവാചകനോ സ്വഹാബിമാരോ കൊണ്ടാടാത്ത, ഉത്തമ നൂറ്റാണ്ടുകളിൽ ജീവിച്ചവർക്കൊന്നും പരിചയമില്ലാത്ത, ഹിജ്‌റ 300നുശേഷം ഇർബൽ ഭരിച്ചിരുന്ന മുളഫ്ഫർ രാജാവ് തുടങ്ങിവെച്ചതെന്ന് കേരളത്തിലെ നബിദിനാഘോഷക്കാർ തന്നെ സമ്മതിക്കുന്ന ഒരാചാരം എങ്ങനെയാണ് മതത്തിന്റെ കാര്യമായി മാറുന്നത് എന്ന ലളിതമായ ചോദ്യം സാധാരണക്കാരന്റെ മനസ്സിലുദിച്ചാൽ അവനെ പുരോഹിതന്മാർ പുത്തൻവാദിയായി മുദ്രകുത്തും! എന്നിട്ട് അവർ ജനങ്ങളെക്കൊണ്ട് ചെയ്യിക്കുന്നതൊക്കെയും മാതൃകയില്ലാത്ത പുത്തനാചാരങ്ങളും! അവരിൽ ഊട്ടിയുറപ്പിക്കുന്നതൊക്കെയും വികലവിശ്വാസങ്ങളും! അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങളത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചുകളയും...’’ (അൽഅൻആം:153).

വിശുദ്ധ ക്വുർആനിൽനിന്നും പ്രവാചകചര്യയിൽനിന്നും ആർ തിരിഞ്ഞുകളഞ്ഞുവോ അവരെ പിഴച്ച മാർഗങ്ങളും അനാചാരങ്ങളുമായിരിക്കും പിടികൂടുക. മതനിയമങ്ങളിലുള്ള അജ്ഞത, ദേഹഛയെ പിൻപറ്റൽ, അഭിപ്രായങ്ങളോടും വ്യക്തികളോടും പക്ഷംചേരൽ, സത്യനിഷേധികളോട് സാദൃശ്യപ്പെടൽ, അവരെ അനുകരിക്കൽ തുടങ്ങിയവ ശിർക്ക്-ബിദ്അത്തുകൾ ചെയ്യാൻ കാരണമാകുമെന്നതിൽ തർക്കമില്ല. അല്ലാഹു പറയുന്നു: “അല്ലാഹു അവതരിപ്പിച്ചത് നിങ്ങൾ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാൽ അല്ല, ഞങ്ങളുടെ പിതാക്കൾ സ്വീകരിച്ചതായി കണ്ടതേ ഞങ്ങൾ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവർ പറയുന്നത്’’ (ക്വുർആൻ 2:170).

ഇതുതന്നെയാണ് നമ്മുടെ നാട്ടിലെ ‘നബിദിനാഘോഷ’ക്കാരും ക്വബ്‌റാരാധകരുമായവരുടെ അവസ്ഥ. ക്വുർആനിലേക്കും സുന്നത്തിലേക്കും വിളിക്കപ്പെട്ടാൽ അവ രണ്ടിനും എതിരായ അവരുടെ നിലപാടുകൾ ഉപേക്ഷിക്കാൻ അവർ തയ്യാറാകില്ല.