മുഗിളരാജാക്കന്മാരും ഇസ്‌ലാമും

പത്രാധിപർ

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

മുസ്‌ലിംകളായ മുഗിളരാജാക്കന്മാര്‍ പരമത വിദ്വേഷികളായിരുന്നെന്നും ഇന്ത്യയില്‍ അക്രമികളായി കടന്നുവന്ന അവര്‍ ക്ഷേത്രധ്വംസകരും കവര്‍ച്ചക്കാരുമായിരുന്നെന്നും സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുവാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ചരിത്രയാര്‍ഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് അസത്യത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക വഴി തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബാബരി മസ്ജിദ് വിഷയം തന്നെ ഉദാഹരണം.

വിമര്‍ശകരും അല്ലാത്തവരും മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. മുഗിളര്‍ ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രതിനിധികളായി പ്രത്യക്ഷപ്പെട്ടതായിരുന്നില്ല. ഇസ്‌ലാംമത പ്രചാരണത്തിനായല്ല അവര്‍ ഇന്ത്യയിലെത്തിയത്. മുഗിളരുടെ മംഗോളിയന്‍-പേര്‍ഷ്യന്‍ മിശ്രിത മതസംസ്‌കാരം ഇസ്‌ലാമിന്റെ മൗലിക ഘടനക്കും ആശയത്തിനും നിരക്കുന്നതുമായിരുന്നില്ല. ശീഇസത്തിന്റെയും പേര്‍ഷ്യനിസത്തിന്റെയും ഘടകങ്ങള്‍ മുഗിളര്‍ക്കിടയില്‍ കൂടിയ തോതില്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ക്ഷേത്രസംസ്‌കാരവുമായും ഹൈന്ദവ മതാത്മകതയുടെ ഒട്ടനവധി വശങ്ങളുമായും തങ്ങളുടെ മതത്തെയും വിശ്വാസ നിലപാടുകളെയും കൂട്ടിയിണക്കിക്കൊണ്ട് മിശ്രിത രൂപത്തിലുള്ള മതഘടനക്ക് രൂപം നല്‍കിയവരാണ് അറിയപ്പെടുന്ന മിക്ക മുഗിള ചക്രവര്‍ത്തിമാരും. ഈ പട്ടികയിൽ നിന്ന് അകലത്തില്‍ നിര്‍ത്താവുന്നത് ഔറംഗസീബിനെ മാത്രമാണ്. മതനിരപേക്ഷത, വിശാലചിന്ത എന്നിവയുടെയൊക്കെ പേരില്‍ അറിയപ്പെടുന്ന എല്ലാ മുഗിള ചക്രവര്‍ത്തിമാരും സ്വന്തം മതത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധാലുക്കളായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പുതിയൊരു മതം സഥാപിച്ചുകൊണ്ട് അക്ബര്‍ ചക്രവര്‍ത്തി സ്വന്തം മതത്തോടുള്ള തന്റെ അകല്‍ച്ചക്ക് ചരിത്രത്തില്‍ ഇടം നല്‍കുകയും ചെയ്തു. മുഗിള സാമ്രാജ്യത്തിന് ഇസ്‌ലാമിന്റെ ചരിത്രത്തില്‍ ഇടം നേടുവാനായിട്ടില്ലെങ്കിലും പില്‍ക്കാലത്ത് ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയമായി രേഖീകരിച്ചവര്‍ മുഗിളരെ മതഭ്രാന്തന്മാരായ മുസ്‌ലിം ഭരണാധികാരികളായി രേഖപ്പെടുത്തി. അവരുടെ ഭരണകാലം ഹൈന്ദവ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ ദശാസന്ധിയായി അവര്‍ ചിത്രീകരിച്ചു. അതേറ്റുപിടിച്ച് സാധ്യമാകുന്നത്ര ഇസ്‌ലാം ഭീതി പരത്തി സംഘപരിവാര്‍ മൂന്നോട്ടുപോയിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.  

ഏതു കാലഘട്ടത്തിലായാലും ഇസ്‌ലാമിനെ കുറിച്ചുള്ള ഭീതി വ്യാപിപ്പിക്കുന്നതില്‍ തെറ്റായ ചരിത്രം സുപ്രധാന ഉപാധിയായി വിനിയോഗപ്പെട്ടുകാണാം. വിഭജനാനന്തര ഘട്ടത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കെട്ടഴിച്ചുവിട്ട ചരിത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട നുണകള്‍ പ്രധാനമായും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റാരോപണ വിധേയമാക്കുന്നവയായിരുന്നു.

ഇത്തരം കുറ്റാരോപണങ്ങളില്‍ കഴിഞ്ഞ നൂറ്റാണ്ടുകളിലെ മുസ്‌ലിം നാമധാരികളായ ഭരണകര്‍ത്താക്കള്‍, സുല്‍ത്താന്മാര്‍, വിവിധ നാട്ടുരാജ്യങ്ങളില്‍ ഭരണം നടത്തിയ ഭരണാധികാരികള്‍ എന്നിവരുമായൊക്കെ ബന്ധപ്പെടുത്തിയുള്ള പല കഥകളും ഉണ്ടായിരുന്നു.

ഇന്ത്യയുടെ വിവിധയിടങ്ങളില്‍ ഭരണം നടത്തിയ എല്ലാ മുസ്‌ലിം നാമധാരികളും പൊതുവായി ചെയ്ത ഒരേയൊരു കാര്യം ഇവിടുത്തെ ഹിന്ദുക്കളെ കൊന്നൊടുക്കുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ഈ നാടിന്റെ പാരമ്പര്യ ശേഷിപ്പുകളെ നാമാവശേഷമാക്കുകയും ഉള്‍പ്പെടെയുള്ള വിധ്വംസകതയായിരുന്നുവെന്ന് പരിവാറിന്റെ പൂര്‍വികര്‍ പ്രച രിപ്പിച്ചു. ടിപ്പുസുല്‍ത്താനും ഇതിന്റെയൊരു ഇരയാണ്. സവര്‍ണഹിന്ദുക്കളുടെ സാമൂഹ്യഭീതിയിൽ നിന്നാവിര്‍ഭവിച്ച വിദ്വേഷം പില്‍ക്കാലത്ത് കൃത്രിമമായ ചരിത്രനിര്‍മാണത്തോളം വികസിക്കുകയായിരുന്നു. ചരിത്രാപനിര്‍മാണം ഇന്നും ഇക്കൂട്ടര്‍ നടത്തിക്കൊണ്ടേയിരിക്കുകയാണ്.