വിവേകം ഭീരുത്വമല്ല

പത്രാധിപർ

2022 മെയ് 14, 1442 ശവ്വാൽ 12

പൗരത്വനിയമ ഭേദഗതി, ഏകസിവിൽകോഡ് നടപ്പാക്കുമെന്ന പ്രഖ്യാപനം, ‘ഗോമാതാവി’ന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകം, വംശീയ ഉൻമൂലനത്തിനുള്ള ബോധപൂർവമുള്ള ശ്രമം, ബാങ്കുവിളി-ഹിജാബ് പോലുള്ള ഇസ്‌ലാമിക ചിഹ്നങ്ങൾ നിരോധിക്കാനുള്ള ശ്രമം, വർഗീയവാദികളായ നേതാക്കളുടെ കൊല്ലാനും മാനഭംഗപ്പെടുത്താനുമുള്ള പരസ്യമായ ആഹ്വാനം... ഇങ്ങനെ മുസ്‌ലിംകളുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഒരുപാട് കാര്യങ്ങൾ വർത്തമാനകാല ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തുള്ള തങ്ങളുടെ നിലനിൽപും സമാധാനത്തോടെയുള്ള ജീവിതവും നഷ്ടപ്പെടുമോ എന്ന ചിന്ത മുസ്‌ലിം ന്യൂനപക്ഷത്തെ അലട്ടിക്കൊണ്ടിരിക്കുന്നുണ്ട്.

എന്നാൽ നിരാശയിലേക്ക് കൂപ്പുകുത്താനോ പ്രതികാരബുദ്ധ്യാ തീവ്രനിലപാടിലേക്ക് നീങ്ങാനോ ഇതൊന്നും കാരണമായിക്കൂടാ. കാരണം രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഈ വർഗീയ ഭ്രാന്തിനെ അംഗീകരിക്കാത്തവരും മുസ്‌ലിം സമുദായത്തിന്റെ കൂടെ നിൽക്കുന്നവരുമാണ്. മതനിരപേക്ഷ നിലപാടുള്ളവരുടെ കൂടെനിന്ന് എല്ലാവിധ അതിക്രമങ്ങൾക്കും അനീതിക്കുമെതിരെ നിയമപരമായി പോരാടുക എന്നതാണ് ഈ അവസരത്തിൽ കരണീയമായിട്ടുള്ളത്.

സത്യവിശ്വാസം ശക്തിയുടെ ഉറവിടമാണ്. സത്യവിശ്വാസി ഏതവസ്ഥയിലും ഉന്നതനും ശക്തനും തന്നെയാണ്, ആയിരിക്കണം. ഏത് പ്രതികൂല സാഹചര്യങ്ങളിലും പതറാതെയും പ്രശ്‌നങ്ങളെ അതിജയിച്ചും സൽകർമനിരതനായിരിക്കാൻ സത്യവിശ്വാസം (ഈമാൻ) മനഷ്യനു കരുത്തേകും.

അല്ലാഹുവിന്റെ തീരുമാനങ്ങൾക്കപ്പുറം ഈ ലോകത്ത് യാതൊനും സംഭവിക്കുകയില്ല. അതിനാൽ അവന്റെ വിധിയെ-അത് നമുക്ക് ഇഷ്ടകരമായതാണെങ്കിലും അനിഷ്ടകരമായതാണെങ്കിലും-പരീക്ഷണമായിക്കാണാൻ നമുക്കാവണം. അല്ലാഹുവിന്റെ വിധിയുടെ വീഥിയിലൂടെ ക്ഷമയോടെ, സഹനത്തോടെ, അർപ്പണബോധത്തോടെ ദൈവികനിയമങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നവരായി ജീവിക്കുവാൻ കഴിയാത്തവൻ വിശ്വാസി എന്ന് സ്വയം അഭിമാനിക്കുന്നത് അർഥശൂന്യമാണ്.

സമൂഹത്തിൽ നിലനിൽക്കുന്ന പിഴച്ച മൂല്യങ്ങളോടും ദുഷിച്ച ആചാരങ്ങളോടും രാജിയാകാതെ നന്മ കൽപിക്കുവാനും തിന്മ വിരോധിക്കുവാനുമുള്ള ആർജവം പകർന്നുതരുന്നത് ഈമാനാണ്. സ്വന്തത്തോടും മറ്റുള്ളവരോടും ചെയ്യുന്ന നന്മയും ഗുണകാംക്ഷയുമാണത്. ആ വഴിയിലുള്ള യാത്ര അത്ര സുഗമമായിരിക്കില്ല. ആ മാർഗത്തിൽ കാണുവാൻ കഴിയുക പൂക്കൾ വിതറിയ പരവതാനിയല്ല; കല്ലും മുള്ളും വിതറിയ കരിമ്പടങ്ങളായിക്കും. എതിർപ്പിന്റെ, പരിഹാസങ്ങളുടെ കൂരമ്പുകൾ പാഞ്ഞുവന്നേക്കാം. ഇരുട്ടിന്റെ മിത്രങ്ങൾക്കെങ്ങനെ വെളിച്ചത്തെ സ്‌നേഹിക്കുവാൻ കഴിയും? അവരോടു നാമെന്തു പറയണമെന്ന് ക്വുർആൻ പറഞ്ഞുതരുന്നുണ്ട്:

“പറയുക: എന്റെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുകതന്നെയാകുന്നു. എന്നാൽ വഴിയെ നിങ്ങൾ അറിയും; അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആർക്കാണെന്ന്’’ (39:39-40).

ആത്മബോധത്തിന്റെ കരുത്തിൽ സത്യവിശ്വാസി ആരുടെ മുമ്പിലും ചങ്കുറപ്പോടെ നിവർന്നുനിൽക്കുന്നവനായിരിക്കണം. അല്ലാഹുവിന്റെ കാവൽ ഉള്ളതിനാൽ അവൻ മറ്റാരെയും ഭയപ്പെടേണ്ടതുമില്ല.