തിരുത്തപ്പെേടണ്ട ദുഷ്ചിന്തകൾ

പത്രാധിപർ

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

പാശ്ചാത്യ ശൈലി കടമെടുത്ത് കുടുംബം എന്ന സംവിധാനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നമ്മുടെ നാട്ടിലും സ്വതന്ത്രചിന്തയുടെ മറവിൽ നടന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ ചിന്തകളെയും വികാരങ്ങളെയും ശീലങ്ങളെയും നന്നാക്കിയെടുക്കുന്നതിൽ ‘കുടുംബം’ എന്ന സാമൂഹിക ഘടകം വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ശരിയായ ധാർമികശിക്ഷണം നൽകാത്ത കുടുംബങ്ങളിൽ വളരുന്ന കുട്ടികൾ സാംസ്‌കാരികവും ധാർമികവുമായ മൂല്യങ്ങളില്ലാതെ വളരാൻ ഇടയാകുമെന്നതിൽ സംശയമില്ല.

ജാതകദോഷത്തിന്റെ പേരിൽ ജീവിതം ഹോമിക്കപ്പെടാൻ ഇടയുള്ള സാമൂഹിക സാഹചര്യത്തിൽ, സ്വന്തം കുഞ്ഞിന്റെ ‘നല്ലനാളു’ നോക്കി സിസേറിയനിലൂടെ ഗർഭപാത്രത്തിൽനിന്നും കുഞ്ഞിനെ പുറത്തേക്കാനയിക്കാൻ ശ്രമിക്കുന്ന പുതിയ തലമുറയിലെ മാതാവ്, സ്വന്തം യൗവനം കാത്തുസൂക്ഷിക്കുകയും പ്രസവവേദനയിൽനിന്നും രക്ഷപ്പെടുകയും ചെയ്യാനുള്ള രഹസ്യ അജണ്ടകൂടി നടപ്പാക്കുന്നുണ്ട്. അമ്മയും കുഞ്ഞും തമ്മിലുണ്ടായിരുന്ന പ്രകൃതിജന്യവും ജൈവപരവുമായ ഊഷ്മളബന്ധം പോലും ഇല്ലാതെ ‘ഗർഭകാലം’ എന്ന ഒരു ‘രോഗ’വുമായി കഴിയേണ്ടിവരുന്ന മാതാവിനെ മക്കൾ അനുസരിക്കാതിരുന്നാൽ ആരെയാണ് പഴിപറയുക?

പിറക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് മുൻകൂട്ടി അറിയാനും പണമുണ്ടെങ്കിൽ വാടകയ്ക്ക് ഗർഭപാത്രം ലഭിക്കാനും കഴിയുമെന്ന അവസ്ഥയിലെത്തിനിൽക്കുന്നു മലയാളി സമൂഹം. മുലയൂട്ടൽ എന്ന പ്രക്രിയ ഒരു മാതാവിന് സ്വന്തം കുഞ്ഞിനോടുള്ള നിസ്വാർഥ വാത്സല്യത്തിന്റെ ഉദാത്തമായ ആവിഷ്‌കാരമായിരുന്ന കാലത്തുനിന്നും ഏറെ സഞ്ചരിച്ച മലയാളി വനിതകളിൽ പലർക്കുമിന്നത് കുഞ്ഞിനെ വളർത്തി വലുതാക്കുന്നതിന്റെ പ്രതിഫലമായി തിരിച്ചുനൽകേണ്ട കരുതൽ മൂലധനമായിത്തീർന്നിട്ടുണ്ടെങ്കിൽ കാരണക്കാരാരാണ്?

രക്തബന്ധങ്ങളെപ്പോലും തിരസ്‌കരിക്കുന്ന ഭൗതികചിന്തകൾ മനുഷ്യനെ മൃഗീയതയിലേക്ക് നയിക്കും. ഉദാത്തമായ ചില മൂല്യങ്ങളാണ് മനുഷ്യനെ മൃഗമാക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നത്. എന്നാൽ മൂല്യബോധമില്ലാത്ത പുതുതലമുറയാണ് വളർന്നുവരുന്നത്. ധാർമികമൂല്യങ്ങളെ അവമതിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന നിഷേധാത്മക നിലപാടാണ് സ്വതന്ത്ര ചിന്തകരെന്ന് സ്വയം പരിചയപ്പെടുത്തുന്നവർ സ്വീകരിച്ചുവരുന്നത്. മതത്തെ ഇക്കൂട്ടർ പിന്തിരിപ്പനും അപ്രായോഗികവുമായ ആശയമായിട്ടാണ് നോക്കിക്കാണുന്നത്.

ദൈവിക മാർഗദർശനാനുസൃതമായ ജീവിതം അതിന്റെ പ്രത്യക്ഷ ഘടനയിൽ ഞെരുക്കമുള്ളതായി അനുഭവപ്പെടുകയും എന്നാൽ ആത്യന്തികമായി അത് ആയാസരഹിതമായിരിക്കുകയും ചെയ്യുമെന്ന സത്യം എക്കാലത്തും പ്രവാചകന്മാരുടെ പ്രബോധനത്തിൽ പെട്ടതാണ്. മനുഷ്യൻ അവന്റെ ഇഛയുടെ നിയന്ത്രണമേറ്റെടുക്കാതെ, ഇഛ അവന്റെ നിയന്ത്രണമേറ്റെടുത്തുകൊണ്ടു ജീവിക്കുന്ന ജീവിത ക്രമത്തിനിടയിൽ ദൈവികമാർഗദർശനങ്ങളെ കുറിച്ചു ചിന്തിക്കുക എന്നതുതന്നെ ഭാരമായി അനുഭവപ്പെടുക സ്വാഭാവികമാണ്. ഈ മാനസികാവസ്ഥയെ മറികടക്കുവാൻ ദൈവികനിർദേശങ്ങൾ അനുസരിച്ചു ജീവിക്കുന്നതിലൂടെ കരഗതമാകുന്ന ഹൃദയവിശാലതയിലൂടെ സാധിക്കുന്നു എന്നാണ് വിശുദ്ധ ക്വുർആൻ പഠിപ്പിക്കുന്നത്. ദൈവികമാർഗ ദർശനത്തെ അകന്നുനിന്ന് വീക്ഷിക്കുമ്പോൾ അതിൽ പ്രയാസം ഏറെയുള്ളതായി അനുഭവപ്പെടുകയാണു ചെയ്യുക.

പരലോക വിജയത്തിനായുള്ള കർമ മേഖലാണ് ഇഹലോകം. അതിനാൽ പരലോകത്തിന്റെ കാര്യത്തിനാണ് പ്രാമുഖ്യം നൽേകണ്ടത്. എന്നാൽ മനുഷ്യൻ പൊതുവെ ഇതിനു വിപരീതമായാണ് പ്രവർത്തിക്കുന്നത്: “പക്ഷേ, നിങ്ങൾ ഐഹിക ജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനിൽക്കുന്നതും’’ (ക്വുർആൻ 87:16-17).