തെരുവുനായ്ക്കളുടെ സ്വന്തം കേരളം

പത്രാധിപർ

2022 സെപ്തംബർ 10, 1444 സ്വഫർ 13

എല്ലാ ജീവികളുടെ ജീവനും വിലപ്പെട്ടതാണ്. അന്യായമായി ഒന്നിനെയും ഉപദ്രവിച്ചുകൂടാ. മനുഷ്യരോടും ഇതര ജന്തുജാലങ്ങളോടുമെല്ലാം കരുണകാണിക്കൽ മനുഷ്യത്വത്തിന്റെ ഭാഗമാണ്. എന്നാൽ എല്ലാറ്റിനെക്കാളും വിലപ്പെട്ടത് മനുഷ്യജീവനാണ്. ഇടുക്കി മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലൻ എന്ന വ്യക്തി തന്റെ മേൽ ചാടിവീണ് ആക്രമിച്ച പുലിയെ ജീവൻമരണ പോരാട്ടത്തിനൊടുവിൽ വാക്കത്തികൊണ്ട് വെട്ടിക്കൊന്നതും സ്വയരക്ഷക്കാണ് പുലിയെ കൊന്നത് എന്നതിനാൽ ഇയാൾക്കെതിരെ കേസെടുക്കില്ലെന്നും ചികത്സ സഹായം നൽകുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞതും ഇതിനുള്ള തെളിവാണ്.

എന്നാൽ പലപ്പോഴും മനുഷ്യരുടെ സുരക്ഷിതത്വത്തെക്കാൾ മൃഗങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന ദയനീയാവസ്ഥ കണ്ടുവരുന്നു. മനുഷ്യർ കൊത്തിനുറുക്കപ്പെടുന്ന സംഭവങ്ങളിൽ പ്രതികരിക്കാത്തവർ ഒരു തെരുവുനായയോ പാമ്പോ മറ്റോ മനുഷ്യനാൽ കൊല്ലപ്പെട്ടാൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ അടുത്തകാലത്തായി തെരുനായ്ക്കളുടെ ആക്രമണത്തിന് എത്രയോ ആളുകൾ വിധേയരായിടുണ്ട്. പേയിളകിയ നായ്ക്കളും അല്ലാത്തവയും കടിച്ചവയുടെ കൂട്ടത്തിലുണ്ട്. പത്തും പതിനഞ്ചും അംഗങ്ങളുള്ള നായ്ക്കളുടെ സംഘം കൂട്ടത്തോടെ കടിച്ചുകീറാൻ വരുന്ന രംഗം ഒന്ന് ആലോചിച്ചുനോക്കുക. അതിരാവിലെ മദ്‌റസയിലേക്ക് പോകുന്ന കുട്ടികൾ, നടക്കാനിറങ്ങുന്നവർ, വൈകുന്നേരം സ്‌കൂൾ വിട്ട് മടങ്ങിവരുന്ന കുട്ടികൾ പോലുള്ളവരാണ് കൂടുതലായും നായ്ക്കളുടെ ആക്രമണത്തിന് ഇരകളാകുന്നത്. മനുഷ്യരെ കടിച്ചുകീറുന്നത് തെരുവുനായ്ക്കൾ മാത്രമല്ല; വളർത്തുനായ്ക്കളും അക്കൂട്ടത്തിലുണ്ട്. വല്ലാതെ ചർച്ചാവിഷയമാകുമ്പോൾ ഏതെങ്കിലും തദ്ദേശ സ്ഥാപനം നാലു നായ്ക്കളെ പിടിച്ച് വന്ധ്യംകരണം ചെയ്യും. അതോടെ തങ്ങളുടെ കടമ നിർവഹിച്ചതായി അവർ സായൂജ്യമടയും. നായ്ക്കൾ ആക്രമണം തുടരുകയും ചെയ്യും. ശാശ്വതമായ പരിഹാരമാർഗമെന്തെന്ന് സർക്കാർ ആലോചിക്കുന്നേയില്ല.

കടിയേറ്റുകഴിഞ്ഞാൽ പേവിഷബാധക്കുള്ള കുത്തിവെപ്പ് നിർബന്ധമാണ്. എന്നാൽ ഇപ്പോൾ കേരളത്തിൽ ലഭ്യമായ വാക്‌സിന്റെ ഗുണനിലവാരം സംശയത്തിന്റെ നിഴലിലാണ്. വാക്‌സിനെടുത്ത പലരും പേയിളകി മരണപ്പെട്ട സംഭവം അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

പേവിഷബാധക്കെതിരായ വാക്‌സിനെടുത്ത പത്തനംതിട്ടയിലെ 12 വയസ്സുകാരിക്ക് പേവിഷ ലക്ഷണങ്ങൾ സ്ഥിരീകരിച്ചതോടെ വാക്‌സിൻ സംബന്ധിച്ച സംശയങ്ങൾ വീണ്ടും ബലപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്യൂണോഗ്ലോബുലിനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമാണിത്. ഇതുവരെ 20 പേവിഷ മരണങ്ങൾ ഉണ്ടായിട്ടും കൃത്യമായ ഡെത്ത് ഓഡിറ്റിങ് നടന്നിട്ടില്ല. കഴിഞ്ഞ മാസം 13ന് പാൽ വാങ്ങാൻ പോകുമ്പോഴാണ് കുട്ടിയുടെ മുഖത്തും ഇടതുകണ്ണിനും കടിയേറ്റത്. കുട്ടിയെ ഉടൻ പത്തനംതിട്ട ജില്ല ആശുപത്രിയിൽ എത്തിക്കുകയും പേവിഷ ബാധക്കുള്ള കുത്തിവെപ്പ് നൽകുകയും ചെയ്തിരുന്നു. പേവിഷബാധയുടെ ലക്ഷണമുള്ള കുട്ടിയുടെ കണ്ണിന് അണുബാധയുണ്ടാകുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ച പകുതിയിലേറെപേരും വാക്‌സിനെടുത്തിരുന്നുവെന്നാണ് വിവരമെങ്കിലും ആരോഗ്യവകുപ്പ് സ്ഥീരീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ വാക്‌സിൻ പരാജയപ്പെട്ട നാലു സംഭവങ്ങൾ ഈ വർഷം ഉണ്ടായതായി ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശരിയായ ഗുണനിലവാരമുള്ള വാക്‌സിനും ഇമ്യൂണോ ഗ്ലോബുലിനുമാണോ സംസ്ഥാനത്ത് നൽകുന്നത്, ശരിയായ രീതിയിലും താപനിലയിലുമാണോ ഈ വാക്‌സിനുകൾ സൂക്ഷിക്കപ്പെടുന്നത്, ശരിയായ രീതിയിലാണോ ഇത് കുത്തിവെക്കുന്നത് എന്നീ ചോദ്യങ്ങൾക്ക് അടിയന്തരമായി ഉത്തരം കാണണമെന്ന വിദഗ്ധരുടെ ആവശ്യം സർക്കാർ മുഖവിലക്കെടുക്കേണ്ടതുണ്ട്.