ബദ്‌റിന്റെ സന്ദേശം

പത്രാധിപർ

2022 ഏപ്രിൽ 16, 1442 റമദാൻ 14

പുണ്യറമദാനില്‍ ഏറെ സ്മരിക്കപ്പെടുന്ന ഒരു മഹാസംഭവമാണ് ബദ്‌ർ യുദ്ധം. ഇസ്‌ലാമിന്റെ ബദ്ധശത്രുക്കള്‍ക്കെതിരില്‍ മുസ്‌ലിംകള്‍ വിജയം നേടിയ ഈ യുദ്ധം നടന്നത് ഹിജ്‌റ വര്‍ഷം രണ്ടിലെ റമദാന്‍ പതിനേഴിനാണ്. ‘യൗമുല്‍ ഫുര്‍ക്വാന്‍‘ അഥവാ ‘സത്യാസത്യവിവേചനത്തിന്റെ ദിവസം’ എന്നാണ് ഈ ദിവസത്തെ ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘‘..അല്ലാഹുവിലും സത്യാസ ത്യവിവേചനത്തിന്റെ ദിവസത്തില്‍ അഥവാ ആ രണ്ടു സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിവസത്തില്‍ നമ്മുടെ ദാസന്റെ മേല്‍ നാം അവതരിപ്പിച്ചതിലും നിങ്ങള്‍ വിശ്വസിച്ചുകഴിഞ്ഞിട്ടുണ്ടെങ്കില്‍....’’(8:41).

പ്രവാചകത്വ ലബ്ധിക്കുശേഷം 13 വര്‍ഷം മക്കയില്‍ നബി ﷺ യും അനുചരന്മാരും ജീവിച്ചത് ശത്രുക്കളുടെ കഠിനമായ ഉപദ്രവങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു. അല്ലാഹുവിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഒരു പ്രത്യാക്രമണത്തിന് വിശ്വാസികള്‍ ശ്രമിച്ചില്ല. ഒരു രക്ഷാമാര്‍ഗത്തിനായി അവര്‍ പ്രപഞ്ച സ്രഷ്ടാവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മക്കയില്‍നിന്ന് മദീനയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. എന്നിട്ടും ശത്രുക്കള്‍ അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. ആ ഘട്ടത്തിലാണ് പ്രതിരോധിക്കാന്‍ അല്ലാഹു അനുവാദം നല്‍കിയത്.

ബദ്‌റിലേക്ക് പുറപ്പെട്ട നബി ﷺ ക്കും അനുചരന്മാര്‍ക്കും ആള്‍ബലവും ആയുധബലവുമല്ല ശക്തി പകര്‍ന്നത്; ആദര്‍ശബലമാണ്. മുന്നൂറോളം അംഗങ്ങള്‍ മാത്രമുള്ള മുസ്‌ലിം സൈന്യവും ആയിരത്തിലധികം ആളുകളുള്ള ശത്രുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ ഒരു വലിയ ദൃഷ്ടാന്തമായിട്ടാണ് ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്നത്: ‘‘(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ടുവിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ് തോന്നിയിരുന്നത്. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്’’ (3:13).

അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ, അവനോടു മാത്രമെ പ്രാര്‍ഥിക്കാവൂ എന്നതില്‍ വിട്ടുവീഴ്ച കാണിക്കാന്‍ തയ്യാറില്ലാത്ത മുസ്‌ലിംകളും അല്ലാഹുവിലേക്ക് തങ്ങളെ അടുപ്പിക്കുന്ന മറ്റനേകം ആരാധ്യരുണ്ടെന്നും അവയെ ആരാധിച്ചാലേ ഫലമുള്ളൂ എന്നും വിശ്വസിക്കുന്ന ബഹുദൈവാരാധകരുംതമ്മിലാണ് ബദ്‌റില്‍ ഏറ്റുമുട്ടിയതെന്ന് ഓര്‍ക്കുക. മുസ്‌ലിംകളുടെ എതിര്‍പക്ഷത്തുണ്ടായിരുന്നവര്‍ അല്ലാഹുവിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നവരോ, അല്ലാഹുവിന് സമാനമായ ആരാധ്യര്‍ വേറെയുണ്ടെന്ന് വിശ്വസിക്കുന്നവരോ ആയിരുന്നില്ല എന്ന് മനസ്സിലാക്കുക. അല്ലാഹുവാണ് എല്ലാറ്റിന്റെയും സ്രഷ്ടാവെന്ന കാര്യം അവര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ആരാധന അല്ലാഹുവിന് മാത്രമാകണമെന്നത് അവര്‍ക്ക് സമ്മതമല്ലായിരുന്നു. ഒട്ടേറെ മഹാന്മാരുടെ പ്രതിമകള്‍ ഉണ്ടാക്കി ആ മഹാന്മാര്‍ അല്ലാഹുവിന്റ അടുക്കല്‍ തങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ പറയുമെന്ന വിശ്വാസത്തോടെ അവരോട് അവര്‍ പ്രാര്‍ഥിച്ചു. മുഹമ്മദ് നബി ﷺ യെ അംഗീകരിക്കാന്‍ അവര്‍ തയ്യാറായതുമില്ല.

ഏത് അവസ്ഥയിലായിരുന്നാലും ശരി ഒരു സത്യവിശ്വാസി അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട കാര്യങ്ങള്‍ അവനോട് മാത്രെമ ചോദിക്കാവൂ എന്നതിനും അതിലൂടെ മാത്രമെ ആഗ്രഹ സാഫല്യം സാധ്യമാവുകയുള്ളൂ എന്നതിനുമുള്ള ഏറ്റവും വലിയ തെളിവാണ് ബദ്‌റിലെ സത്യവിശ്വാസികളുടെ വിജയം. നബി ﷺ ക്വിബ്‌ലക്ക് മുന്നിട്ട് ഇരുകൈകളും നീട്ടി ‘അല്ലാഹുവേ, എനിക്ക് നല്‍കിയ വാഗ്ദാനം നീ പൂര്‍ത്തിയാക്കേണമേ, അല്ലാഹുവേ ഈ ചെറുസംഘത്തെ നീ നശിപ്പിക്കരുത്’ എന്നാണ് തേടിയത്. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിക്കുകയും ചെയ്തു. ‘‘...അല്ലാഹു സത്യവിശ്വാസികളുടെ കൂടെ തന്നെയാണ്’’(ക്വുര്‍ആന്‍ 8:19).