ഹലാല്‍, ഹറാം പരിഗണനകള്‍ ജീവിതത്തില്‍ വരുത്തുന്ന മാറ്റം

പത്രാധിപർ

2022 ഫെബ്രുവരി 26, 1442 റജബ്  25

ഏകനായ അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച്, അവന്റെ പ്രീതിയും പൊരുത്തവും മാത്രം കാംക്ഷിച്ചു കഴിയുന്ന അനുസരണയുള്ള ദാസന്മാരാണ് യഥാര്‍ഥ മുസ്‌ലിംകള്‍. ഈ ജീവിതത്തിനുശേഷം ശാശ്വതമായ മറ്റൊരു ജീവിതമുണ്ടെന്നും അവിടെ ഗുണവും ദോഷവുമായി മാറുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്നും വിശദീകരിച്ചുതരാന്‍ അന്ത്യനാള്‍വരേക്കുമുള്ള സകല ജനങ്ങളിലേക്കും നിയോഗിക്കപ്പെട്ട മുഹമ്മദ് നബി ﷺ യെ മാതൃകയാക്കിയാണ് മുസ്‌ലിംകള്‍ ജീവിക്കേണ്ടത്. ഈ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ പലതിലും വിശ്വസിക്കുന്നു; പലതിലും അവിശ്വസിക്കുകയും ചെയ്യുന്നു. അതുപോലെ പലതും പ്രവര്‍ത്തിക്കുന്നു; പലതും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നു. നന്മകളോട് ആഭിമുഖ്യം പുലര്‍ത്തുകയും തിന്മമകളെ വെറുക്കുകയും ചെയ്യുന്നു. വിശ്വാസത്തിലും കര്‍മത്തിലും പുലര്‍ത്തുന്ന ഈ പ്രത്യേകതകള്‍ മുസ്‌ലിംകളുടെ സവിശേഷതകളാണ്.

ജീവിത സന്ധാരണത്തിന് മറ്റുള്ളവരെ പോലെത്തന്നെ മുസ്‌ലിംകളും നാനാതരം ജോലികളില്‍ വ്യാപൃതരാകുന്നു. കച്ചവടം ചെയ്യുന്നു, കൃഷിചെയ്യുന്നു, ഉദ്യോഗം വഹിക്കുന്നു... വ്യാപാരങ്ങളിലും വ്യവസായങ്ങളിലും കൃഷിയിലും മുസ്‌ലിംകളുടെ ലക്ഷ്യവും ലാഭം തന്നെയാണ്. ഉദ്യോഗത്തില്‍ അവര്‍ തേടുന്നതും വരുമാനം തന്നെയാണ്. ഓരോ തൊഴിലിലും മറ്റുള്ളവര്‍ ഉദ്ദേശിക്കുന്നതുതന്നെ അവരും ഉദ്ദേശിക്കുന്നു; വ്യത്യാസമൊന്നുമില്ല. പക്ഷേ, ഏറ്റവും പ്രധാനമായ ഒരു വ്യത്യാസമുണ്ട്. ആദ്യംതന്നെ ആ തൊഴില്‍ അനുവദനീയമോ നിഷിദ്ധമോ എന്നു നോക്കുന്നു. നിഷിദ്ധമാണെങ്കില്‍ പിന്നെ ലാഭനഷ്ടങ്ങളുടെ കണക്കെടുക്കുന്നില്ല; പൂര്‍ണമായും അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. അനുവദനീയമല്ലാത്തതെല്ലാം വര്‍ജിക്കുന്നു. അതുമൂലം ഉണ്ടായേക്കാവുന്ന ലാഭവും ഉല്‍പാദനവും ആദായവും സസന്തോഷം കയ്യൊഴിക്കുന്നു. മനസ്സില്‍ നഷ്ടത്തെക്കുറിച്ചു വേവലാതിയുണ്ടാകുന്നില്ല. മാത്രമല്ല, വിരോധിക്കപ്പെട്ടതില്‍നിന്നു രക്ഷപ്പെട്ട ആത്മസംതൃപ്തി അനുഭവിക്കുകയും ചെയ്യുന്നു.

ജീവിത സന്ധാരണത്തിന്ന് ഒരു മുസ്‌ലിം കച്ചവടമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ അനുവദനീയമായ കച്ചവടം നോക്കുന്നു. ഇസ്‌ലാം ഹറാമാക്കിയ മദ്യവില്‍പനയും മയക്കുമരുന്നു കച്ചവടവും പോലുള്ളവ സ്വീകരിക്കുന്നില്ല. അത് കൂടുതല്‍ ആദായകരവും ലാഭകരവുമാണ്. എന്നിട്ടും, അതു വിരോധിക്കപ്പെട്ടതാണെന്നതുകൊണ്ട് അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നു. ഇനി ഹലാലായ കച്ചവടങ്ങളിലേര്‍പെട്ടാല്‍ തന്നെ അതിലെ ഹലാല്‍ അല്ലാത്ത വശങ്ങള്‍ നിര്‍ബന്ധമായും വര്‍ജിക്കുന്നു. പൂഴ്‌ത്തിവയ്‌പ്പ്, കരിഞ്ചന്ത, കൊള്ളലാഭം, മായം ചേര്‍ക്കല്‍... തുടങ്ങിയ നിഷിദ്ധ മാര്‍ഗങ്ങള്‍, അവ കൂടുതല്‍ ലാഭകരമാണെന്നുറപ്പുള്ളതോടുകൂടിത്തന്നെ വെടിയുന്നു. അങ്ങനെ ജീവിത സന്ധാരണത്തിന്നുള്ള ഒരു മാര്‍ഗമായി തെരഞ്ഞെടുക്കപ്പെടുന്ന കച്ചവടത്തില്‍ ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഭക്തരായ മുസ്‌ലിംകള്‍ മറ്റുളളവരില്‍നിന്നു വ്യതിരിക്തരായി നിലകൊള്ളുന്നു.

മുസ്‌ലിംകളും കൃഷിയിലേര്‍പ്പെടുന്നു. എന്നാല്‍ അതിലും ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിക്കുന്നു.  മറ്റുളളവരുടെ വെള്ളം അവരറിയാതെ സ്വന്തം നിലങ്ങളിലേക്ക് തിരിച്ചുവിടുന്നില്ല. അതിരുകള്‍ മാന്തി സ്വന്തം നിലത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നില്ല. കാര്‍ഷികവിളകളുടെ സകാത്ത് കൊടുക്കാനുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുവെങ്കില്‍ സകാത്ത് കൊടുക്കാതിരിക്കുന്നില്ല.  

ഉദ്യോഗം വഹിക്കുന്ന യഥാര്‍ഥ മുസ്‌ലിംകള്‍ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വിലോപം കാണിക്കുകയില്ല. ആര്‍ക്കിടയിലും ഒരു വിവേചനവും കാണിക്കുകയില്ല. അഴിമതി കാണിക്കുകയില്ല; കൈക്കൂലി വാങ്ങുകയില്ല. അധികാരം ദുരുപയോഗപ്പെടുത്തുകയില്ല; അഹിതമായതൊന്നും ചെയ്യുകയില്ല. അങ്ങനെ ഇവിടെയും ഈ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ യഥാര്‍ഥ മുസ്‌ലിംകള്‍ മറ്റുള്ളവരില്‍ നിന്നു വേര്‍തിരിഞ്ഞു നില്‍ക്കുന്നു. കാരണം അവര്‍ ഹലാല്‍, ഹറാം എന്നീ ഇസ്‌ലാമികവിധികള്‍ ഉള്‍ക്കൊള്ളുന്നു.