പശ്ചാത്താപം മുക്തിമാർഗം

പത്രാധിപർ

2022 ഏപ്രിൽ 23, 1442 റമദാൻ 21

ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാൻ ആവശ്യപ്പെടുന്ന മതമാണ് ഇസ്‌ലാം. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. എന്നാൽ മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങൾ വർജിച്ചുകൊണ്ടും പശ്ചാത്തപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു: “തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (2:222).

ശരീരത്തിൽ മണ്ണ് പുരളുന്നതും മനസ്സിൽ പാപത്തിന്റെ മാലിന്യം പുരളുന്നതും മനുഷ്യ ജീവിതത്തിൽ സ്വാഭാവികമാണ്. സംശുദ്ധരായി ജീവിക്കാൻ കൽപിക്കപ്പെട്ടവരാണ് സത്യവിശ്വാസികൾ. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചകമൊഴി അക്കാര്യമാണ് ബോധ്യപ്പെടുത്തുന്നതും. ഒരു മുസ്‌ലിം എങ്ങനെ ശുദ്ധിയുടെ ഉടമയല്ലാതിരിക്കും? ഇസ്‌ലാമിൽനിന്നും അവൻ ഉൾക്കൊണ്ട വിശ്വാസം, ആരാധനകൾ, സ്വഭാവങ്ങൾ, പെരുമാറ്റങ്ങൾ, നിലപാടുകൾ, സഹവർത്തിത്വ മര്യാദകൾ എല്ലാം പരിശുദ്ധമാണ്. ഇവയിലൊന്നും കറപുരണ്ടു കൂടാ എന്ന നിഷ്‌കർഷ ഉണ്ടാകുമ്പോഴാണ് വിശുദ്ധിയോടെ ജീവിക്കാൻ സത്യവിശ്വാസിക്ക് സാധ്യമാവുക.

പാപം മനുഷ്യസഹജമാണ്. പശ്ചാത്താപമാണ് അതിന്ന് പരിഹാരം. പശ്ചാത്തപിക്കുന്നവരാണ് പാപം ചെയ്തവരിലെ ശ്രേഷ്ഠൻമാർ. നബി ﷺ പറഞ്ഞു: “ആദമിന്റെ പുത്രന്മാർ എല്ലാവരും തെറ്റു ചെയ്യുന്നവരാണ്. തെറ്റു ചെയ്യുന്നവരിൽ ഉത്തമന്മാർ പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്’’ (തിർമിദി, ഇബ്‌നു മാജ, അഹ്‌മദ്).

വിശുദ്ധ ക്വുർആൻ പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ’’ (66:8).

എത്ര സൂക്ഷിച്ചാലും വന്നുചേരുന്നതാണ് ജീവിതത്തിലെ അബദ്ധങ്ങളും തെറ്റുകളും. ഏത് ആരിലും എപ്പോഴും സംഭവിച്ചേക്കാം; പ്രവാചകൻമാരല്ലാത്ത ഏത് വിശുദ്ധന്റെ ജീവിതത്തിലും. സംഭവിച്ചാൽ, തെറ്റാണെന്ന് ബോധ്യമായാൽ ഉടൻ ഖേദിച്ചു മടങ്ങണം. അല്ലാഹുവിലേക്ക് ആത്മാർഥമായി പശ്ചാത്തപിച്ചു മടങ്ങി പരിശുദ്ധി നേടുവാൻ ശ്രമിക്കണം.

പശ്ചാത്താപം തീർത്തും അടിമയും അല്ലാഹുവുമായി ബന്ധപ്പെട്ടതാണ്. മാപ്പിരക്കുന്നത് അടിമയാണ്; മാപ്പ് നൽകുന്നത് അല്ലാഹുവും. വാക്കുകളിലോ, കർമങ്ങളിലോ, വീക്ഷണങ്ങളിലോ, സ്വഭാവത്തിലോ തെറ്റുകൾ സംഭവിച്ചിരിക്കുന്നൂ എന്ന് മനസ്സിലാക്കുന്നതോടെ അവ ശരിയാക്കാൻ ശ്രമിക്കുന്നു എന്നതാണ് പശ്ചാത്താപ മനഃസ്ഥിതിയുള്ളവന്റെ ഗുണം. തെറ്റുകൾ അംഗീകരിച്ചാൽ, അവ തിരുത്തിയാൽ, അല്ലാഹുവിനോട് ഖേദിച്ചാൽ സമൂഹം എന്തു പറയുമെന്ന ചിന്ത അവന്നുണ്ടാകില്ല. അങ്ങനെയൊന്നും ചെയ്യാതിരുന്നാൽ തന്റെ പര്യവസാനം എന്തായിത്തീരുമെന്ന ആധിയേ അവന്നുണ്ടാകൂ. എങ്കിൽ, അവൻ വിനീതനാണ്.

സത്യവിശ്വാസി ഉൾക്കൊണ്ട തൗഹീദിന്റെ താൽപര്യമാണ് പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോട് നടത്തുന്ന അവന്റെ പ്രാർഥന. പ്രവാചകന്മാരെ അല്ലാഹു ശീലിപ്പിച്ച സമ്പ്രദായമാണത്. ക്വുർആൻ അത് പഠിപ്പിക്കുന്നുണ്ട്: “ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക.)’’ (47:19).