കൗമാരക്കാരും പെരുകുന്ന കുറ്റകൃത്യങ്ങളും

പത്രാധിപർ

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

കൗമാരക്കാർക്കിടയിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായി ദിനേന പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. കൗമാരക്കാർക്കിടയിൽ സ്വന്തം മാതാപിതാക്കളെ പോലും വളരെ മോശമായി അധിക്ഷേപിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നവരുണ്ട് എന്നതും അത്തരക്കാരുടെ എണ്ണം വർധിച്ചുവരികയാണ് എന്നതും ആശങ്കയുളവാക്കുന്നതാണ്.

കുടുംബബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ട കുടുംബങ്ങളിലാണ് കൗമാര കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്നത് എന്നാണ് കൗമാര കുറ്റവാസന സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഒരു കുട്ടിയുടെ വ്യക്തിത്വവികാസം രക്ഷകർത്താക്കളുടെ പെരുമാറ്റത്തെയും സ്വഭാവത്തെയും ആശ്രയിച്ചാണിരിക്കുന്നത്. രക്ഷകർത്താക്കൾ സ്ഥിരമായി കള്ളം പറയുകയും മറ്റുള്ളവരെ പറ്റിക്കുകയും വഞ്ചന നടത്തുകയും മയക്കുമരുന്നുകൾ ഉപയോഗിക്കുകയുമൊക്കെ ചെയ്താൽ അത്തരം കുടുംബങ്ങളിലെ കുട്ടികൾ വഴിതെറ്റുക സ്വാഭാവികം.

കുടുംബം കഴിഞ്ഞാൽ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സ്ഥാപനം വിദ്യാലയമാണ്. ഒരു കുട്ടിയുടെ വ്യക്തിത്വം വാർത്തെടുക്കുന്നതിൽ സ്‌കൂളിലെ ചുറ്റുപാടുകൾ നിർണായക പങ്കാണ് വഹിക്കുന്നത്. കൗമാരക്കാരുടെ വ്യക്തിത്വത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് കൂട്ടുകാരുടെ സ്വഭാവമാണ്. ‘ഒരു വ്യക്തി അവന്റെ കൂട്ടുകാരന്റെ ആദർശത്തിലായിരിക്കും’ എന്ന പ്രവാചകവചനം ഇവിടെ ശ്രദ്ധേയമാണ്. വിദ്യാലയങ്ങളിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ മിക്കപ്പോഴും പ്രത്യേക കൂട്ടുകെട്ടിൽ (gap) അകപ്പെട്ടിട്ടുള്ളവരാണെന്നുള്ള വസ്തുത പ്രത്യേകം ഓർക്കേണ്ടതാണ്.

കൗമാര കുറ്റകൃത്യങ്ങൾ പെരുകുന്നതിനുള്ള കാരണങ്ങളിൽ മുന്നിൽനിൽക്കുന്നത് സിനിമയും അക്രമവാസന വളർത്തുന്ന ഗെയ്മുകളുമാണെന്നതിൽ സംശയമില്ല. പ്രേമരംഗങ്ങളും സാഹസികതകളും ചിത്രീകരിക്കുമ്പോൾ കുറ്റകൃത്യങ്ങളുടെയും ആക്രമണത്തിന്റെയും പുതിയ മാതൃകകൾ ആവിഷ്‌കരിക്കാറുണ്ട്. കൗമാരക്കാരുടെ മനസ്സിൽ ഇവ ശക്തമായ സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല.

വൈകാരിക അസ്ഥിരതയാണ് കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മറ്റൊരു പ്രധാന കാരണം. സ്‌നേഹത്തിന്റെ അഭാവം, വൈകാരിക സുരക്ഷിതത്വമില്ലായ്മ, കർശനമായ അച്ചടക്കം, ഇല്ലായ്മകൾ മൂലമുണ്ടാകുന്ന അസംതൃപ്തി, അപകർഷത, അവഗണന, ഒറ്റപ്പെടൽ, അധികാരികള എതിർക്കാനുള്ള പ്രവണത എന്നിവയൊക്കെ ഒരു കുട്ടിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കും. ഇത്തരം സാഹചര്യത്തിൽ വളർന്നുവരുന്ന കുട്ടികളുടെ മാനസികാവസ്ഥ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരകമായിട്ടുള്ളതായിരിക്കും.

ഇഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന രൂപത്തിൽ കാശ് ലഭിക്കുന്നതും കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നു. ദാരിദ്ര്യവും കുറ്റകൃത്യങ്ങളും തമ്മിൽ അഭേദ്യബന്ധമുള്ളതായി ധാരാളം ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ദരിദ്ര കുടുംബത്തിലെ കുട്ടികൾക്ക് മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാനായി വിദ്യാഭ്യാസം ഉപേക്ഷിച്ച് ഹോട്ടലുകളിലും ചായക്കടയിലും മറ്റും മാലിക്ക് പോകേണ്ടതായിവരുന്നു. ഇവിടങ്ങളിൽ ഇവരെ പ്രലോഭിപ്പിച്ച് പലതരം കുറ്റകൃത്യങ്ങൾ ചെയ്യിക്കാറുണ്ട്. എന്നാൽ, ദാരിദ്ര്യമാണ് കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നു പൂർണമായും പറയുക സാധ്യമല്ല. പല സമ്പന്ന കുടുംബങ്ങളിലെയും കുട്ടികൾ കുറ്റകൃത്യങ്ങൾ ധാരാളമായി ചെയ്യാറുള്ളപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ധാരാളം കുട്ടികൾ നല്ലവരായി വളർന്നുവരുന്നുണ്ട്. മാതാപിതാക്കൾ നല്ല മാതൃക കാണിച്ചുകൊടുക്കുകയും ധാർമികബോധം പകർന്നുകൊടുക്കുകയും ചെയ്താൽ ഒരു പരിധിവരെ കൗമാരക്കാരെ കുറ്റകൃത്യങ്ങളിൽനിന്ന് അകറ്റുവാൻ സാധിക്കും.