തന്നിഷ്ടങ്ങളെ പിന്തുടർന്നാൽ...

പത്രാധിപർ

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

മനുഷ്യമനസ്സ് നിർവചനങ്ങൾക്കതീതമായ ഒന്നാണ്. വ്യത്യസ്തമായ ആഗ്രഹങ്ങൾ അതിൽ നിരന്തരം ഉടലെടുക്കുന്നു. ചിലപ്പോൾ നല്ല ആഗ്രഹങ്ങൾ, ചിലപ്പോൾ മോശം ആഗ്രഹങ്ങളും. പൊതുവെ തിന്മയോടായിരിക്കും അതിന് ആഭിമുഖ്യം. ഇഹലോകത്തിന്റെ വർണപ്പൊലിമയും ആസ്വാദനങ്ങളും മനസ്സിനെ വല്ലാത സ്വാധീനിക്കുന്നതാണ്. പിശാചാകട്ടെ അതിന് സദാ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവനുമാണ്. ഇബ്‌ലീസ് പറഞ്ഞതായി ക്വുർആനിൽ ഇങ്ങനെ കാണാം: “...ഭൂലോകത്ത് അവർക്കു ഞാൻ (ദുഷ്പ്രവൃത്തികൾ) അലംകൃതമായി തോന്നിക്കുകയും അവരെ മുഴുവൻ ഞാൻ വഴികേടിലാക്കുകയും ചെയ്യും; തീർച്ച. അവരുടെ കൂട്ടത്തിൽനിന്ന് നിന്റെ നിഷ്‌കളങ്കരായ ദാസൻമാരൊഴികെ’’ (15:39,40).

ആത്മാർഥതയില്ലാത്തവരെ പെട്ടെന്നുതന്നെ വഴിപിഴപ്പിക്കുവാൻ പിശാചിന് സാധിക്കും. തിന്മകൾ ചെയ്യാനുള്ള പ്രേരണ അവൻ മനസ്സിലുണ്ടാക്കും. അങ്ങനെ മനസ്സിന്റെ ചീത്തയായ ഇച്ഛകൾക്കനുസരിച്ച് മനുഷ്യൻ ജീവിക്കും. അല്ലാഹു പറയുന്നു: “തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്. കാരണം അത് അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവരാരോ അവർക്ക് തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്...’’(38:26).

“ഇനി നിനക്ക് അവർ ഉത്തരം നൽകിയില്ലെങ്കിൽ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവർ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കൽനിന്നുള്ള യാതൊരു മാർഗദർശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടർന്നവനെക്കാൾ വഴിപിഴച്ചവൻ ആരുണ്ട്?...’’(28:50).

നബി ﷺ പറഞ്ഞു: “തന്റെ ദേഹത്തെ കീഴ്‌പ്പെടുത്തുകയും മരണത്തിനു േശഷമുള്ളതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാൻ. തന്റെ ദേഹത്തെ അതിെൻറ ഇച്ഛയെ പിന്തുടരാൻ വിട്ടുകൊണ്ട് അല്ലാഹുവിനെപ്പറ്റി ആഗ്രഹങ്ങൾ വച്ചുപുലർത്തുന്നവാനാണ് ദുർബലൻ’’ (അഹ്‌മദ്, തിർമിദി, ഇബ്‌നുമാജ).

അല്ലാഹുവാണ് എല്ലാത്തിന്റെയും സർവാധികാരിയെന്നും അവങ്കലേക്കാണ് എല്ലാവർക്കും മടങ്ങിച്ചെല്ലേണ്ടതെന്നുമുള്ള ബോധം മനുഷ്യർക്ക് വേണം. ഈ ബോധമില്ലാത്തവർ അല്ലാഹുവിനെ കണക്കാക്കേണ്ടതുപോലെ കണക്കാക്കില്ല. അല്ലാഹു തൃപ്തിപ്പെടുന്നതോ വെറുക്കുന്നതോ; പ്രതിഫലാർഹമോ ശിക്ഷാർഹമോ എന്നൊന്നും നോക്കാതെ സ്വന്തം ഇച്ഛാനുസരണമാണ് ഇങ്ങനെയുള്ളവർ ഓരോരോ കാര്യങ്ങൾ ചെയ്യുക. സത്യനിഷേധവും സൃഷ്ടിപൂജയുമെല്ലാം അല്ലാഹുവിനെ മനസ്സിലാക്കേണ്ടതുപോലെ മനസ്സിലാക്കാതിരിക്കുന്നതിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു:

“ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ സന്ദർഭത്തിൽ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ് അവർ ചെയ്തത്...’’(6:90).

“മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങൾ അത് ശ്രദ്ധിച്ചുകേൾക്കുക. തീർച്ചയായും അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നവർ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേർന്നാൽ പോലും. ഈച്ച അവരുടെ പക്കൽ നിന്ന് വല്ലതും തട്ടിയെടുത്താൽ അതിെൻറ പക്കൽനിന്ന് അത് മോചിപ്പിച്ചെടുക്കാനും അവർക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബലർ തന്നെ. അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവർ കണക്കാക്കിയിട്ടില്ല. തീർച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു’’ (22:73,74).

തന്നിഷ്ടങ്ങളെ അവഗണിച്ച് സ്രഷ്ടാവിന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുന്നവർക്കാണ് ആത്യന്തിക വിജയം: “അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽനിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ, (അവന്ന്) സ്വർഗം തന്നെയാണ് സങ്കേതം’’ (79:40,41).