ഹരിദ്വാറിൽ നിന്നുയര്‍ന്ന വിഷപ്പുക

പത്രാധിപർ

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

എവിടേക്കാണ് നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ഭയപ്പാടോടെ ആളുകള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ചിലയാളുകള്‍ക്ക്, ചില വിഭാഗക്കാര്‍ക്ക് ഇവിടെ എന്തും പറയാം, എന്തും പ്രവര്‍ത്തിക്കാം, ചോദിക്കേണ്ടവര്‍ ഒന്നും ചോദിക്കില്ല, എല്ലാറ്റിനും മൗനാനുവാദം നല്‍കും എന്ന സ്ഥിതിവിശേഷമാണുള്ളത്.

ഓരോ 12 വര്‍ഷം കൂടുമ്പോഴും ലക്ഷക്കണക്കിന് ഹിന്ദുമത സന്യാസികളും വിശ്വാസികളും കുംഭമേളക്കായി ഒരുമിച്ചുചേരുന്ന ഗംഗാതീര നഗരമാണ് ഹരിദ്വാര്‍. അവിടെവെച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ 17,18,19 തീയതികളില്‍ ‘ധര്‍മസംസദ്' എന്ന പേരില്‍ നടന്ന പരിപാടി രാജ്യത്തെ ഒരുപറ്റം അധര്‍മകാരികളുടെ സംഗമമായി മാറുകയായിരുന്നു. ഉച്ചരിക്കുന്ന ഓരോ വാക്കിലും വര്‍ഗീയ ഭീകരത നുരക്കുന്ന, കലാപാഹ്വാനങ്ങളും അതിക്രമങ്ങളും വഴി കുപ്രസിദ്ധനായ ഗോരഖ്പൂരിലെ യതി നരസിംഹാനന്ദായിരുന്നു മുഖ്യസംഘാടകരിലൊരാള്‍. സംഗമത്തിലെ, ഇപ്പോള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വിദ്വേഷ ഭാഷണങ്ങള്‍ ഊഹിക്കാനാവാത്തത്ര അപകടകരമായ മതധ്രുവീകരണത്തിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നു വെളിപ്പെടുത്തുന്നതാണ്.

മുസ്‌ലിംകളെ രാജ്യത്തുനിന്ന് തുടച്ചുനീക്കുന്നതിന് ആയുധമെടുത്തിറങ്ങണം എന്നതായിരുന്നു ഏറ്റവും നേര്‍പ്പിച്ചു പറഞ്ഞാല്‍ സമ്മേളനത്തിന്റെ സന്ദേശം. മ്യാന്‍മറിലേതുപോലെ ഒരു ‘ശുചീകരണയജ്ഞം' വേണമെന്നും മുസ്‌ലിം കച്ചവടക്കാരെ ഹിന്ദുക്കളുടെ നഗരങ്ങളില്‍നിന്ന് പുറത്താക്കണമെന്നും ഗ്രാമങ്ങളില്‍നിന്ന് ആട്ടിപ്പായിക്കണമെന്നും കള്ളക്കേസുകളില്‍ കുടുക്കണമെന്നും തുടങ്ങി അവരെ കൊലപ്പെടുത്തി ജയിലുകള്‍ നിറക്കാന്‍ തയാറാവണമെന്നുവരെ സമ്മേളനത്തിന്റെ വിവിധ സെഷനുകളില്‍ വിദ്വേഷ പ്രസംഗകര്‍ പറഞ്ഞുവെച്ചതായാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

രാഷ്ട്രപിതാവിന്റെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനുനേരെ നിറയൊഴിച്ച് അരിശം തീര്‍ക്കുകയും ഘാതകനായ നാഥുറാം ഗോഡ്‌സെയെ പ്രകീര്‍ത്തിക്കുകയും ചെയ്ത പൂജ ശകുന്‍ പാണ്ഡേ ആയിരുന്നു ഒരു പ്രസംഗക. മുസ്‌ലിംകളോട് അനുഭാവം പുലര്‍ത്തിയെന്നാരോപിച്ച് മുന്‍ പ്രധാന‌ മന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെതിരെയുമുയര്‍ന്നു കൊലവിളി. ബി.ജെ.പി നേതാക്കളായ അശ്വിനി കുമാര്‍ ഉപാധ്യായ, ഉദിത ത്യാഗി, ഈയിടെ നരസിംഹാനന്ദിന്റെ കാര്‍മികത്വത്തില്‍ മതംമാറ്റം പ്രഖ്യാപിച്ച് ജിതേന്ദ്ര നാരായണ്‍ സിങ് ത്യാഗി എന്ന പേരു സ്വീകരിച്ച മുന്‍ ശിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ തുടങ്ങി നിരവധി പേര്‍ പ്രസംഗകരായെത്തി.

ഹരിദ്വാര്‍ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പരസ്യമായി പാദവന്ദനം ചെയ്ത പ്രബോധാനന്ദഗിരി സമ്മേളനശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലും തന്റെ അക്രമ നിലപാടുകള്‍ ആവര്‍ത്തിക്കുകയും പോലീസിനെ ഭയമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പുഷ്‌കര്‍ സിങ് ധാമിക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെയും ഉത്തമ സുഹൃത്താണ് ഗിരിയെന്നറിയുമ്പോള്‍ ഈ നിര്‍ഭയത്വത്തിന്റെ സ്രോതസ്സ് വ്യക്തം. ജനവിരുദ്ധതക്കും കര്‍ഷക ദ്രോഹത്തിനും ബാലറ്റിലൂടെ കണക്കുചോദിക്കാന്‍ ഉത്തര്‍പ്രദേശ് ജനത ഒരുങ്ങവെ മുസ്‌ലിം വിരുദ്ധത ആളിക്കത്തിച്ച് വര്‍ഗീയ വിഷപ്പുക പരത്തി കാര്യങ്ങള്‍ അനുകൂലമാക്കിയെടുക്കുകയാണ് ഈ സമ്മേളനം നടത്തിയവരുടെയും നടത്തിച്ചവരുടെയും ഉള്ളിലിരിപ്പ് എന്നത് വ്യക്തമാണ്.

നമ്മെ നടുക്കിക്കളയുന്നത് രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന ഇത്തരമൊരു അരുതായ്മ നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവാദികള്‍ക്കെതിരെ അവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിയമപാലന സംവിധാനങ്ങള്‍ താല്‍പര്യമെടുത്തില്ല എന്നതാണ്. പരാതിയൊന്നും ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തത് എന്നായിരുന്നു ഹരിദ്വാര്‍ എസ്.പി പ്രതികരിച്ചത്. ഒടുവില്‍ സമ്മര്‍ദമേറിയപ്പോള്‍ 5 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.