ഭരണകൂടത്തോടുള്ള പ്രതിഷേധം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത്

പത്രാധിപർ

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തിലാണ് നാം ജീവിക്കുന്നത്. പൗരന്മാർക്ക് സംഘടിക്കുവാനും അവകാശങ്ങൾ ചോദിച്ചുവാങ്ങുവാനും അനീതിക്കെതിരെ പ്രതിഷേധിക്കുവാനും ഇവിടെ അനുവാദമുണ്ട്; സ്വാതന്ത്ര്യമുണ്ട്. എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങളെ ചവിട്ടിമെതിക്കുവാനും കവർന്നെടുക്കുവാനും അവരെ ബുദ്ധിമുട്ടിക്കുവാനും ആർക്കും അവകാശമില്ല. എന്നാൽ അതാണിന്ന് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നതും.

മണിക്കൂറുകളോളം ഗതാഗത സ്തംഭനമുണ്ടാക്കി യാത്രക്കാരെ വലച്ചും രോഗികളെ പ്രയാസപ്പെടുത്തിയും പ്രകടനം നടത്തുന്നു, ബന്ദിന്റെയും ഹർത്താലിന്റെയും പേരിൽ റോഡുകളിൽ കല്ലും മരവുമിട്ടും ടയറുകൾ കൂട്ടിയിട്ട് കത്തിച്ചും ഗതാഗതം സ്തംഭിപ്പിക്കുന്നു... ഇതെല്ലാം നടക്കുന്നത് പ്രാകൃതയുഗത്തിലല്ല, ആധുനിക കാലഘട്ടത്തിലാണ്; സാംസ്‌കാരിക കേരളത്തിലാണ്. ഈ കുളിമുറിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നഗ്‌നരാണ്; എന്തിനേറെ മതഘോഷ യാത്രകൾ നടത്തി ഗതാഗതക്കുരുക്കുണ്ടാക്കി മതസംഘടനകൾ പോലും ഇതിൽ പങ്കുചേരുന്നു!

ഏതാനും ദിവസം മുമ്പ് കേരളത്തിൽ നടന്ന ഒരു ഹർത്താൽ എന്തുമാത്രം ജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്നതും എത്ര ഭീമമായ സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിത്തീർത്തതെന്നും ആലോചിക്കുക. ‘വഴിയിൽനിന്ന് ഉപദ്രവങ്ങൾ നീക്കം ചെയ്യൽ ധർമമാകുന്നു’ എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികളെന്ന് അഭിമാനിക്കുന്നവരും മുസ്‌ലിംകളുടെ സംരക്ഷണത്തിന്റെ മൊത്തക്കുത്തക സ്വയം ഏറ്റെടുത്തതായി നടിക്കുന്നവരുമാണ് 12 മണിക്കൂർ നേരം പൊതുജനത്തെ വലച്ചതും വാഹനത്തിൽ നിരത്തിലിറങ്ങിയവരെയും കടകൾ തുറന്നവരെയും അക്രമിച്ചതും എന്നതാണ് ഇതിലെ വിരോധാഭാസം. കേരളത്തിൽ ഹർത്താലും അതിന്റെ പേരിലുള്ള അക്രമവും പൊതുമുതൽ നശിപ്പിക്കലും ആദ്യമല്ല. ഇതിലും വലിയ അക്രമങ്ങളും പൊതുമുതൽ നശിപ്പിക്കലും ഹർത്താലിന്റെയും ബന്ദിന്റെയും മറവിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയിട്ടുണ്ട്. അവരാരും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരിലോ ബോലോ തക്ബീർ മുഴക്കിയോ ആയത്തും ഹദീസും നബിചരിത്രവും ഉദ്ധരിച്ചോ അക്രമങ്ങളെ ന്യായീകരിച്ചവരല്ല. എന്നാൽ ഇക്കൂട്ടർ തക്ബീർ മുഴക്കി പൊലീസിനെ നേരിടുന്നവരാണ്. സ്വർഗം നേടുന്ന പ്രവർത്തനങ്ങളാണ് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്നവരാണ്. അതാകട്ടെ മുസ്‌ലിം സമൂഹത്തിന് ഗുണകരമല്ലാത്തതും സംഘ്പരിവാറിന്റെ താൽപര്യങ്ങൾക്ക് അനുകൂലവുമായ പ്രവർത്തനമാണ്. ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമാണ്.

ഭരണകൂടം തങ്ങളോട് അക്രമവും അനീതിയും കാണിച്ചുവെങ്കിൽ അതിനെ നിയമപരമായും രാഷ്ട്രീയമായുമാണ് നേരിടേണ്ടത്; അല്ലാതെ പൊതുജനങ്ങളെ ബുദ്ധിമിട്ടിച്ചും അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുമല്ല. ജന്തുജാലങ്ങളോടുപോലും കാരുണ്യം കാണിക്കുവാൻ പഠിപ്പിക്കുന്ന ഇസ്‌ലാം മനുഷ്യ ജീവനും സ്വത്തിനും അഭിമാനത്തിനും പവിത്രത നൽകിയ മതമാണ്. സ്വന്തം താൽപര്യം മാത്രം സംരക്ഷിക്കുകയും അതിന്റെ മാർഗത്തിൽ മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്ന സ്വാർഥമതികൾ വർധിച്ചുകൊണ്ടിരിക്കെ സത്യവിശ്വാസികൾ ചെയ്യേണ്ടത് പ്രവാചക ശിഷ്യന്മാരെപോലെ അന്യരുടെ സുഖക്ഷേമം ആഗ്രഹിക്കുകയും അതിനുവേണ്ടി തങ്ങളാലാകുന്നത് ചെയ്യുകയുമാണ്.

ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങളിൽനിന്നും മതഘോഷ യാത്രകളിൽനിന്നും ബന്ദ്, ഹർത്താൽ പോലുള്ള ജനദ്രോഹ പ്രവർത്തനങ്ങളിൽനിന്നും വിട്ടുനിൽക്കാൻ സത്യവിശ്വാസികൾ തയാറാവേണ്ടതുണ്ട്. വഴിയിലെ ഉപദ്രവകരമായ വസ്തുക്കൾ നീക്കം ചെയ്യൽ ധർമമാണെന്ന പ്രവാചക വചനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് സകലവിധ ജന ദ്രോഹ പ്രവർത്തനങ്ങളിൽനിന്നും സത്യവിശ്വാസികൾ അകന്നുനിൽക്കണം.