എതിർപ്പുകളിൽനിന്ന് ഊർജം ഉൾക്കൊള്ളുക

പത്രാധിപർ

2022 ജൂലായ് 30, 1442 ദുൽഹിജ്ജ 30

ധാർമിക സദാചാര മൂല്യങ്ങളെ സമൂഹത്തിൽനിന്നും തുടച്ചുനീക്കാനുള്ള തീവ്രമായ പരിശ്രമങ്ങളാണ് ലിബറലിസ്റ്റുകളും യുക്തിവാദികളും നടത്തിക്കൊണ്ടിരിക്കുന്നത്. ആൺ-പെൺ വേർതിരിവ് എന്തിനെന്നതാണ് ഇപ്പോൾ ഇവരുടെ ചോദ്യം. പൊതു ഇടങ്ങളിൽ പോലും പരസ്യമായി കാമകേളികൾ നടത്താൻ മടിയില്ലാത്തവരായി ‘പുരോഗമന’ യുവസമൂഹം മാറിക്കൊണ്ടിരിക്കുന്നു. അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അവർ പിന്തിരിപ്പന്മാരായി ചിത്രീകരിക്കപ്പെടുന്നു. ഇത് മലയാളികൾക്ക് പരിചയമില്ലാത്ത കാര്യമാണ്. അഥവാ അവരുടെ ഇതപര്യന്തമുള്ള ശീലങ്ങൾക്കെതിരാണ്.

ജീവിതത്തിന്റെ നിഖില മേഖലകളിലും ധാർമികത മുറുകെ പിടിക്കണമെന്ന് നിഷ്‌കർശിക്കുന്ന മതമാണ് ഇസ്‌ലാം എന്നതിനാൽതന്നെ മൂല്യനിഷേധികളുടെയെല്ലാം വാൾത്തലകൾ ആദ്യം നീളുന്നത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേർക്കാണ്. അതുകൊണ്ടൊന്നും അധർമത്തിനെതിരിലുള്ള പോരാട്ടത്തിൽനിന്നും പിന്തിരിയേണ്ടവരല്ല ഇസ്‌ലാമിക പ്രബോധകർ.

സത്യവിശ്വാസവും സൽകർമങ്ങളും സ്വീകരിച്ചാൽ ലഭിക്കാനിരിക്കുന്ന സൽഫലങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നവരും തെറ്റായ വിശ്വാസവും ദുഷ്‌കർമങ്ങളും സ്വീകരിച്ചാൽ അനുഭവിക്കേണ്ടിവരുന്ന ദുഷ്ഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നവരായിക്കൊണ്ടുമാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചതെന്ന് അനേകം ക്വുർആൻ സൂക്തങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രവാചകന്മാരുടെ കാലശേഷം അവരുടെ ദൗത്യം നിർവഹിക്കേണ്ടവരാണ് സത്യപ്രബോധകർ. അവർക്കും നിർവഹിക്കുവാനുള്ളത് സന്തോഷവാർത്ത അറിയിക്കലും മുന്നറിയിപ്പ് നൽകലും തന്നെയാണ്.

സത്യസന്ധവും ആത്മാർഥവുമായ പ്രബോധനത്തിനുനേരെ എതിർപ്പുകളുയരുമെന്നതിൽ സംശയമില്ല. എന്നുവച്ച് ഭയന്ന് പിൻമാറുവാൻ പാടില്ല. പൊതുവായ തിന്മകളോടും മുസ്‌ലിം സമുദായത്തിനകത്തുള്ള വിശ്വാസ, കർമ കാര്യങ്ങളിലുള്ള വ്യതിയാനങ്ങളോടും രാജിയാകാനല്ല; പ്രതികരിക്കുവാനും യാഥാർഥ്യം ബോധ്യപ്പെടുത്താനുമാണ് പ്രബോധകർ ശ്രമിക്കേണ്ടത്. നബി  ﷺ  പഠിപ്പിക്കാത്ത വിശ്വാസങ്ങൾ പുലർത്തുന്നവരും അവിടുന്ന് മാതൃക കാണിക്കാത്ത ആരാധനാകർമങ്ങൾ അനുഷ്ഠിക്കുന്നവരും അവിടുന്ന് പഠിപ്പിക്കാത്ത കാര്യങ്ങൾക്ക് പുണ്യം വിധിക്കുന്നവരുമാണ് മുസ്‌ലിം സമുദായത്തിൽ ഭൂരിപക്ഷം. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലും സ്ഥിരപ്പെട്ട വിശ്വാസ-കർമങ്ങളേ സ്വീകരിക്കാവൂ എന്ന് നിഷ്‌കർഷിക്കുന്നവർ ന്യൂനപക്ഷവും. തെളിവില്ലാത്ത വിശ്വാസാചാരങ്ങൾ ഉപേക്ഷിക്കണമെന്ന് പറയുന്നവരെ ഭൂരിപക്ഷം ഭിന്നിപ്പുകാരായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ഈ പ്രതികൂല സാഹചര്യത്തിലും സത്യത്തിൽ ഉറച്ചു നിൽക്കുന്നവർക്ക് ആശ്വാസം നൽകുന്ന പല ഘടകങ്ങളുമുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ക്വുർആനും പ്രവാചകചര്യയും ആർക്കും പരിശോധിക്കാവും വിധം ലഭ്യമാണെന്നതാണ് ഒരു ഘടകം. മിക്ക ഭാഷകളിലും ഇവയുടെ പരിഭാഷകൾ ലഭ്യമാണ്താനും. ഇസ്‌ലാമിക ചരിത്രത്തിലെ എല്ലാ ഘട്ടങ്ങളിലും പ്രമാണങ്ങളോട് പ്രതിബദ്ധത പുലർത്തിയ കുറച്ചു പണ്ഡിതന്മാരെങ്കിലും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു ഘടകം. ശിയാക്കളും വിധിനിഷേധികളും അദ്വൈതവാദികളും ക്വബ്‌റാരാധകരും ഇസ്‌ലാമിന്റെ പേരിൽ കെട്ടിച്ചമച്ച വാദങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് അവർ ഇസ്‌ലാമിന്റെ കാവൽഭടന്മാരായി വർത്തിച്ചിട്ടുണ്ട്. വർത്തമാന കാലത്ത് ലോകത്തുടനീളം ഇസ്‌ലാമിന്റെ മൗലിക രൂപം തെളിയിച്ചുകാണിക്കുന്നതിനു വേണ്ടി കൂട്ടായ്മകൾ നിലകൊള്ളുന്നു എന്നതാണ് മറ്റൊരു ഘടകം.

അല്ലാഹുവും റസൂലും പഠിപ്പിച്ച രൂപത്തിൽ തന്നെ ഇവിടെ ഇസ്‌ലാം നിലനിർത്തുന്നതിനു വേണ്ടി പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരുന്ന സത്യപ്രബോധകർ ഇല്ലായിരുന്നുവെങ്കിൽ മുസ്‌ലിം സമൂഹത്തിന്റെ സ്ഥിതി എന്താകുമായിരുന്നു എന്ന് ഉൗഹിക്കാവുന്നതേയുള്ളൂ. തർക്കിച്ചുതോൽപിക്കാൻ വെമ്പൽകൊള്ളുന്ന ഒരു എതിരാളിയുടെ റോളല്ല, പ്രബോധിതന് എല്ലാവിധത്തിലും നന്മയും രക്ഷയും ഉണ്ടാകണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു ഗുണകാംക്ഷിയുടെ ഭാവമാണ് സത്യപ്രബോധകന് ഉണ്ടായിരിക്കേണ്ടത്.