മകനേ, മാപ്പ്!

പത്രാധിപർ

2022 ആഗസ്റ്റ് 20, 1442 മുഹർറം 21

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം കെങ്കേമമായിത്തന്നെ രാജ്യം ആഘോഷിച്ചു. പതിവിൽ കവിഞ്ഞ ഒരാവേശം ഇത്തവണ സ്വാതന്ത്ര്യദിനം കൊണ്ടാടുന്നതിൽ ആബാലവൃദ്ധം ജനങ്ങൾ കാണിച്ചതായി തോന്നുന്നു. വിവിധ പാർട്ടിക്കാരും ക്ലബ്ബുകളുമൊക്കെ വെവ്വേറെയായി ആഘോഷിച്ചപ്പോൾ നാടും നഗരവുമൊക്കെ ഉൽസവഛായയിൽ മുങ്ങി.

നാട്ടിൽ നടന്ന ഒരു ആഘോഷത്തിൽ പങ്കെടുത്ത്, ഇന്ത്യയിലെ ജനങ്ങൾ എല്ലാ ഭിന്നതകളും മറന്ന് ഒന്നിച്ചുനിന്ന് അടരാടി സ്വാതന്ത്ര്യം നേടിയതിന്റെ ഹ്രസ്വമായ ചരിത്രവിവരണം കേട്ട് വീട്ടിൽ തിരിച്ചെത്തി പത്രം കയ്യിലെടുത്തപ്പോൾ അകപ്പേജിൽ കൊടുത്ത പെട്ടിക്കോളം വാർത്തയുടെ തലക്കെട്ടിൽ കണ്ണുകൾ ഉടക്കി: ‘കുടിവെള്ള പാത്രത്തിൽ തൊട്ടു; അധ്യാപകൻ മർദിച്ച ദലിത് ബാലൻ മരിച്ചു!’

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാന ഗ്രാമത്തിലെ ഒരു സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു വേണ്ടി കുടിവെള്ളം സൂക്ഷിച്ച പാത്രത്തിൽ തൊട്ടു എന്നാരോപിച്ചാണത്രെ അധ്യാപകൻ ഇന്ദ്രകുമാർ മേഘ്‌വാൾ എന്ന കുട്ടിയെ ക്രൂരമായി മർദിച്ചത്. കഴിഞ്ഞ മാസം 20ന് മർദനമേറ്റ കുട്ടി ഈ മാസം സ്വാതന്ത്ര്യദിന തലേന്നാണ് മരണപ്പെട്ടത്.

വാർത്ത വായിച്ചപ്പോൾ വല്ലാത്തൊരു നീറ്റൽ ഉള്ളിൽ പടർന്നുകയറുന്നതുപോലെ തോന്നി. ഈ വാർത്ത വായിച്ച, മനുഷ്യത്വം അൽപമെങ്കിലൂം ഉള്ളിൽ അവശേഷിക്കുന്ന ആർക്കാണ് സങ്കടപ്പെടാതിരിക്കാൻ കഴിയുക?

സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടിട്ടും, ശാസ്ത്ര - സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടം നടത്തിയിട്ടും, വിദ്യാഭ്യാസ രംഗത്ത് ഏറെ പുരോഗമിച്ചിട്ടും ഇന്നും ജാതീയതയുടെ അഴുക്കുവെള്ളം മനുഷ്യമനസ്സുകളിൽ കെട്ടിക്കിടക്കുകയാണ്! ആദിവാസി വിഭാഗത്തിൽപെട്ട ഒരു വനിതയെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു എന്ന് അഹങ്കാരത്തോടെയും അഭിമാനത്തോടെയും പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഉയർന്ന ജാതിക്കാരുടെ കുടിവെള്ള പാത്രത്തിൽ തൊട്ടതിന്റെ പേരിൽ ഒരു ദലിത് ബാലനെ അവന്റെ ഗുരുനാഥൻ (?) തല്ലിക്കൊന്നിരിക്കുന്നത്.

ആ സ്‌കൂളിൽ ഉയർന്ന ജാതിക്കാർക്കു മാത്രം കുടിക്കാനായി വെള്ളപ്പാത്രം ഉണ്ടായിരുന്നുവെന്നതു തന്നെ വർത്തമാനകാല ലോകത്ത് വലിയ വാർത്തയായി മാറേണ്ടതല്ലേ? ഒരു സംസ്‌കൃത സമൂഹത്തിന് ചിന്തിക്കാൻ പറ്റുന്ന ഒന്നാണോ ഈ തൊട്ടുകൂടായ്മ? രാജസ്ഥാനിൽ മാത്രമല്ല, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ജാതീയത അതിന്റെ എല്ലാവിധ കരാളതയോടും കൂടി ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം. എത്രയെത്ര ഇന്ദ്രകുമാറുമാർ ജാതീയതയുടെ ചാട്ടവാറടിയേറ്റ് പുളഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകും... അപൂർവം ചില വാർത്തകൾ മാത്രമാണല്ലോ പുറംലോകത്തെത്തുന്നത്.

‘സ്വാതന്ത്ര്യം സഫലമാകുന്നത് രാഷ്ട്രത്തിലെ ഓരോ പൗരനും നിർഭയമായ, ആഹ്ലാദകരമായ ജീവിത സാഹചര്യം രൂപപ്പെടുമ്പോഴാണ്. വർഗ, വർണ, ജാതി, വംശ, ഭാഷ, രാഷ്ട്രീയ, ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും തുല്യതയും നീതിയും ജീവിതോപാധികളും ലഭ്യമാകുന്ന ഐശ്വര്യപൂർണമായ ഒരു രാഷ്ട്രീയ ജീവിതത്തെയാണ് സ്വാതന്ത്ര്യം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്’ എന്ന, സ്വാതന്ത്ര്യത്തെകുറിച്ചുള്ള വിലയിരുത്തൽ ഏറെ ശ്രദ്ധേയമാണ്.

മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തവനെ മനുഷ്യനെന്നു വിശേഷിപ്പിക്കുന്നതുതന്നെ മനുഷ്യത്വവിരുദ്ധമാണ് എന്നേ പറയാനുള്ളൂ.