പ്രവാചക ദൗത്യത്തിന്റെ വിവിധ വശങ്ങള്‍

പത്രാധിപർ

2022 ഫെബ്രുവരി 12, 1442 റജബ്  10

ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ചു: ‘‘ഞങ്ങളുടെ രക്ഷിതാവേ, അവര്‍ക്ക് (ഞങ്ങളുടെ സന്താനങ്ങള്‍ക്ക്) നിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പിച്ചു കൊടുക്കുകയും, വേദവും വിജ്ഞാനവും അഭ്യസിപ്പിക്കുകയും, അവരെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍നിന്നുതന്നെ നീ നിയോഗിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ പ്രതാപവാനും അഗാധജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 2:129).

ഈ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കുകയും മുഹമ്മദ് നബി ﷺ യെ അന്തിമ ദൂതനായി നിയോഗിക്കുകയും ചെയ്തു. മുഹമ്മദ് നബി ﷺ യുടെ നിയോഗമനത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ‘‘നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പിച്ച് തരികയും, നിങ്ങളെ സംസ്‌കരിക്കുകയും, നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ചുതരികയും, നിങ്ങള്‍ക്ക് അറിവില്ലാത്തത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്ക് നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും'' (ക്വുര്‍ആന്‍ 2:151).

അല്ലാഹുവിന്റെ മതത്തിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക, അവര്‍ക്ക് വേദഗ്രന്ഥം പഠിപ്പിക്കുകയും അവരെ എല്ലാവിധത്തിലും സംസ്‌കരിക്കുകയും ചെയ്യുക എന്നതാണ് പ്രവാചകന്റെ ദൗത്യം എന്ന് ഈ സൂക്തം മനസ്സിലാക്കിത്തരുന്നു. ആ ദൗത്യം നബി ﷺ ഭംഗിയായി നിര്‍വഹിച്ചുകാണ്ടാണ് ഈ ലോകത്തോട് യാത്രപറഞ്ഞത്. ഒരു വിശ്വാസി എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നബി ﷺ സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. മതത്തിന്റെ എല്ലാ നിയമങ്ങളും (ശരീഅത്ത്) അവിടുന്ന് സമൂഹത്തെ പഠിപ്പിച്ചു. അത് പാലിക്കേണ്ടതിന്റെ അനിവാര്യതയും പാലിക്കാതിരുന്നാലുള്ള ദോഷവും എന്തെന്ന് വിശദമാക്കിത്തന്നു.

നിസ്സാരമായി ജനങ്ങള്‍ കണക്കാക്കുന്ന കാര്യങ്ങള്‍ മുതല്‍ ഗൗരവതരമായ വിഷയങ്ങളില്‍ വരെ അല്ലാഹുവിന്റെ ദിവ്യബോധനം അനുസരിച്ചുള്ള നിയമങ്ങള്‍ ഇസ്‌ലാമിന്റെ സവിശേഷതയാണ്. കുടുംബപരവും സാമൂഹികവും വൈയക്തികവും സാമ്പത്തികവും രാഷ്ട്രീയപരവുമായ കാര്യങ്ങള്‍ മുതല്‍  ഇതരജീവികളോട് അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍വരെ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. യുദ്ധത്തിലും സമാധാനത്തിലും സന്ധിയിലും കൈകൊള്ളേണ്ട നിയമങ്ങള്‍ അതില്‍ ഉണ്ട്.

വ്യക്തികളും കുടുംബങ്ങളും ഉള്‍ക്കൊള്ളുന്ന സമൂഹത്തിന്റെ ശാന്തമായ പ്രയാണത്തിന് നിയമങ്ങളും മാര്‍ഗരേഖകളും അനിവാര്യമാണ്. അവ പാലിക്കപ്പെടുമ്പോഴാണ് ശക്തവും സംഘടിതവുമായ ഒരു ജനത രൂപപ്പെടുന്നത്. മനുഷ്യരാല്‍ ഉണ്ടാക്കപ്പെട്ട നിയമങ്ങള്‍ സര്‍വരാലും സുസമ്മതമായിത്തീരുകയോ സാര്‍വകാലികവും സര്‍വജനീനവുമായി അംഗീകരിക്കപ്പെടുകയോ ചെയ്യുന്നില്ല.

മനുഷ്യേന്ദ്രിയങ്ങള്‍ക്ക് പരിധിയും പരിമിതിയും ഉണ്ട് എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതോടൊപ്പം മനുഷ്യബുദ്ധിയുടെ അതിരുകളും ഇത് നമ്മെ അറിയിക്കുന്നു. ചിലര്‍ക്ക് സദാചാരമായിത്തീരുന്നത് മറ്റു ചിലര്‍ക്ക് ദുരാചാരമായി കാണേണ്ടിവരുന്നു. ചില ദേശക്കാര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ മറ്റുചിലര്‍ക്ക് പ്രതികൂലമായിത്തീരുന്നു. മനുഷ്യബുദ്ധിക്ക് എത്രതന്നെ വികാസം സംഭവിച്ചാലും ഇത്തരം പരിമിതികളില്‍ നിന്നും പുറത്തുപോകാനാവില്ല. എങ്കില്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമായവന്റെ ആജ്ഞാനിര്‍ദേശങ്ങള്‍ അനിവാര്യമാണെന്ന് നാം അംഗീകരിക്കേണ്ടി വരുന്നു.

മുന്‍ വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും നിശ്ചിത സമയത്തേക്കോ ഏതെങ്കിലും സ്ഥലത്തേക്കോ സമൂഹത്തിലേക്കോ മാത്രം പരിമിതമായിരുന്നുവെങ്കില്‍ മുഹമ്മദ് നബിയാല്‍ സമാപ്തി കുറിച്ച ഇസ്‌ലാം സര്‍വലോകര്‍ക്കുമുള്ള സന്ദേശവും വിശുദ്ധ ക്വുര്‍ആന്‍ എല്ലാ കാലത്തേക്കുമുള്ള ജീവിതരേഖയുമാണ്.