മഴക്കാലം ഓർമപ്പെടുത്തുന്നത്

പത്രാധിപർ

2022 ജൂലായ് 23, 1442 ദുൽഹിജ്ജ 23

ഈ ലോകത്തേക്ക് നമ്മൾ ജനിച്ചുവീഴും മുമ്പുതന്നെ നമുക്ക് സുരക്ഷിതമായി ജീവിക്കുവാൻ തക്ക വിധത്തിൽ ഭൂമിയെയും ഉപരിലോകത്തെയും സ്രഷ്ടാവ് സംവിധാനിച്ചുവെച്ചിരിക്കുന്നു. മികച്ച രൂപത്തിൽ അവൻ നമ്മെ സൃഷ്ടിച്ചു. ശാരീരിക, മാനസിക കഴിവുകൾ നൽകി. ശുദ്ധമായ ആഹാരപദാർഥങ്ങളുടെ ഒരു കലവറ തന്നെ തുറന്നുവെച്ചു. ജലം, തീ, ധാന്യങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം, മാംസം, ഉപ്പ്, മുളക്...അങ്ങനെയങ്ങനെ എന്തെല്ലാം! ഇതൊന്നുമില്ലായിരുന്നുവെങ്കിൽ എങ്ങനെ ജീവിതം സുസാധ്യമാകും?

വെള്ളത്തിന്റെ കാര്യമെടുക്കുക. മഴക്കാലം തുടങ്ങുവാൻ അൽപം വൈകിയാൽ നമുക്ക് ആധിയും വെപ്രാളവുമായി. ജല ദൗർലഭ്യം നേരിടുന്നവർ കുടിക്കാനും കുളിക്കാനുമൊക്കെയുള്ള വെള്ളത്തിന് നെട്ടോട്ടമോടുകയായി. എന്നാൽ മഴ പെയ്യൽ എന്നെന്നേക്കുമായി നിന്നുപോയാൽ, ഭൂമിയിലെ സകല ജലസ്രോതസ്സുകളും വറ്റിപ്പോയാൽ എന്തായിരിക്കും ലോകത്തിന്റെ അവസ്ഥ? അത് ചിന്തിക്കുമ്പോൾതന്നെ ഉൾക്കിടിലമുണ്ടാകുന്നു! അങ്ങനെ സംഭവിച്ചാൽ ഈ ഭൂമുഖത്ത് ആർക്കാണ് വീണ്ടും സമൃദ്ധമായി മഴ പെയ്യിക്കുവാനും ജലസ്രോതസ്സുകളുണ്ടാക്കുവാനും കഴിയുക? ശാസ്ത്രജ്ഞർക്ക് കഴിയുമോ? മരിച്ചുപോയ വല്ല മഹാന്മാർക്കും സാധിക്കുമോ? ആൾദൈവം ചമയുന്നവർക്ക് കഴിയുമോ? യുക്തിവാദികളും നിരീശ്വരവാദികളും പറയുന്ന ‘യാദൃശ്ചികത’യ്ക്ക് കഴിയുമോ? വിശുദ്ധ ക്വുർആൻ ചോദിക്കുന്നു:

“പറയുക: നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളുടെ (വിവിധ ആവശ്യങ്ങൾക്കുള്ള) വെള്ളം വറ്റിപ്പോയാൽ ആരാണ് നിങ്ങൾക്ക് ഒഴുകുന്ന ഉറവുവെള്ളം കൊണ്ടുവന്നുതരിക?’’ (67:30).

കൃത്രിമ മഴ പെയ്യിക്കാൻ ശാസ്ത്രത്തിനു കഴിയുന്നില്ലേ എന്നു ചിലപ്പോൾ ചോദിച്ചേക്കാം. മഴമേഘങ്ങൾ തണുത്താണ് സാധാരണ മഴ പെയ്യുന്നത്. എന്നാൽ, കാർമേഘങ്ങളെ കൃത്രിമമായി ഘനീഭവിപ്പിച്ച് ചില രാജ്യങ്ങളിൽ അപൂർവമായി മഴ പെയ്യിക്കാറുണ്ട്. ഇതിനെയാണ് കൃത്രിമ മഴ എന്ന് പറയുന്നത്. മേഘമുണ്ടെങ്കിലേ ഇത് സാധിക്കൂ. മേഘങ്ങൾ കൃത്രിമമായി നിർമിക്കുവാനാകട്ടെ ഇതുവരെ കഴിഞ്ഞിട്ടുമില്ല.

ധാരാളം മേഘമുണ്ടെങ്കിലും മഴ പെയ്യാത്ത അവസ്ഥയിലാണ് കൃത്രിമ മഴ പെയ്യിക്കാറുള്ളത്. അമേരിക്കൻ രസതന്ത്രജ്ഞനും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ വിൻസെന്റ് ഷെയ്ഫർ ആണ് കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യ 1946ൽ ആദ്യമായി രൂപപ്പെടുത്തിയത്. എന്നാൽ ഇതുകൊണ്ടൊന്നും സ്വാഭാവികമായ മഴയുടെ ഫലം ലഭിക്കില്ല. രാസവസ്തുക്കൾ വിതറിയതിനാൽ വെള്ളത്തിന് അതിന്റെതായ ദോഷവുമുണ്ടാകും.

അല്ലാഹു പറയുന്നു: “ആകാശത്തുനിന്നും ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിർജീവമായ നാടിന് അതുമുഖേന ജീവൻ നൽകുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലി കൾക്കും മനുഷ്യർക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവർ ആ ലോചിച്ച് മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവർക്കിടയിൽ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാൽ മനുഷ്യരിൽ അധി കപേർക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സുവന്നില്ല’’(25:48-50).

ഇതെല്ലാം സംവിധാനിച്ചവൻ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. യഥാർഥ ദൈവം അങ്ങനെയുള്ളവനാണ്. അതിനാൽ മനുഷ്യൻ അവനെമാത്രം ആരാധിക്കുവാൻ കടപ്പെട്ടനും കൽപിക്കപ്പെട്ടവനുമാണ്.