റമദാനിനു ശേഷം?

പത്രാധിപർ

2022 ഏപ്രിൽ 30, 1442 റമദാൻ 28

അങ്ങനെ ഒരു റമദാൻ മാസംകൂടി വിടപറഞ്ഞിരിക്കുന്നു. കോവിഡിന്റെ ഭീതിയില്ലാതെ തന്നെ ഇത്തവണ വിശ്വാസികൾ നോമ്പിന്റെ മാസം കഴിച്ചുകൂട്ടി. പള്ളികൾ രാത്രിയും പകലും സജീവമായിരുന്നു. ക്വുർആൻ പാരായണം ചെയ്യുന്നതിലും പഠിക്കുന്നതിലും പഠനക്ലാസ്സുകളിൽ പങ്കെടുക്കുന്നതിലും വിശ്വാസികൾ പ്രത്യേകം ശ്രദ്ധ ചെലുത്തി. ഇന്ധനത്തിനും നിത്യോപയോഗ സാധനങ്ങൾക്കുമെല്ലാം വില കുത്തനെ ഉയർന്നിട്ടുണ്ടെങ്കിലും ഇഫ്താർ സംഗമങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ദാനധർമങ്ങളിലും വിശ്വാസികൾ പിശുക്കു കാട്ടിയില്ല. സർവശക്തനായ സ്രഷ്ടാവിന്റെ പ്രീതിയാഗ്രഹിച്ചുകൊണ്ടാണ് ഇതെല്ലാം ചെയ്തത്. വിശ്വാസത്തോെടയും പ്രതിഫലേച്ഛയോടെയും ചെയ്യുന്ന ആരാധനാകർമങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലത്തിലാണ് പ്രതീക്ഷ.

റമദാനിൽ കാണിച്ച ഭയഭക്തിയും സൂക്ഷ്മതയും റമദാനിനുശേഷവും ജീവിതത്തിൽ നിലനിർത്താൻ കഴിയുന്നുണ്ടോ ഇല്ലേ എന്ന് സ്വയം പരിശോധിക്കേണ്ടതുണ്ട്. ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നോമ്പ് സാർഥകമായി എന്നു മനസ്സിലാക്കാം. എല്ലാ കാലത്തും എല്ലാ മേഖലകളിലും സ്രഷ്ടാവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിക്കുവാൻ കരാർ ചെയ്തവനാണ് സത്യവിശ്വാസി. ശരീരവും സമ്പത്തും ആരാധനയും എന്നു മാത്രമല്ല ജീവിതവും മരണവും സ്രഷ്ടാവിന് സമർപ്പിക്കുവാൻ സന്നദ്ധനാകുന്നവനാണ് അവൻ. “പറയുക: തീർച്ചയായും എന്റെ പ്രാർഥനയും എന്റെ ആരാധനാകർമങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു’’ (ക്വുർആൻ 6:162).

വിശ്വാസത്തിൽ മായം കലരാതിരിക്കാൻ ജാഗ്രത കാണിക്കേണ്ടതുണ്ട്. സ്രഷ്ടാവിലുള്ള വിശ്വാസം അതിന്റെ ശരിയായ രൂപത്തിലല്ലെങ്കിൽ നിഷ്ഫമായ ഒരു സങ്കൽപം മാത്രമായിരിക്കും അത്. വിശ്വാസം ശരിയാകാത്തിടത്ത് കർമങ്ങളും നിഷ്ഫലമായിരിക്കുക സ്വാഭാവികമാണ്. വിശുദ്ധ ക്വുർആൻ പറയുന്നു: “ആണാകട്ടെ പെണ്ണാകട്ടെ, ആർ സത്യവിശ്വാസിയായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവർ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല’’ (4:124).

സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ ആ സ്രഷ്ടാവിന്റെ മാർഗദർശനം ജീവിതത്തിൽ പ്രായോഗികമാക്കേണ്ടത് ആവശ്യമാണ്. അത് ഏതെങ്കിലുമൊരു മാസത്തിൽ മാത്രം പ്രാവർത്തികമാക്കേണ്ടതല്ല. സ്രഷ്ടാവിന്റെ താൽപര്യപ്രകാരമുള്ള ജീവിതം നയിക്കുകയെന്നതാണ് വിശ്വാസാധിഷ്ഠിതമായ ജീവിതത്തിന്റെ അടിത്തറ. “നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക...’’ (7:3).

വ്യക്തിയുടെ ജീവിതത്തിൽ സമൂലമായി സ്വാധീനം ചെലുത്തുകയും വാക്കുകളെയും വികാരങ്ങളെയും വിചാരങ്ങളെയും സ്വാധീനിക്കുകയും ചെയ്യുന്ന ഘടകമായി വിശ്വാസം മാറേണ്ടതുണ്ട്. കർമങ്ങളിലേക്കുള്ള പ്രേരണകൾ വിശ്വാസത്തിൽനിന്നും ലഭിച്ചില്ലെങ്കിൽ വിശ്വാസം കേവലം മാനസികമായ പ്രവൃത്തി മാത്രമായിത്തീരും.

“വിശ്വാസികളേ, നിങ്ങൾ വിശ്വാസികളാവുക’ എന്ന വിശുദ്ധ ക്വുർആനിന്റെ ആഹ്വാനം ഏറെ അർഥതലങ്ങൾ ഉൾക്കൊള്ളുന്നതാണ്: “സത്യവിശ്വാസികളേ, അല്ലാഹുവിലും അവന്റെ ദൂതനിലും അവന്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും നിങ്ങൾ വിശ്വസിക്കുവിൻ...’’ (ക്വുർആൻ 4: 136).

വിശ്വാസികളെ വിളിച്ചുകൊണ്ട് വിശ്വാസികളാകുവിൻ എന്ന് കൽപിക്കുമ്പോൾ വിശ്വാസം ദൃഢീകരിക്കേണ്ടതിന്റെ ആവശ്യം ബോധ്യമാകുന്നു. അതോടൊപ്പം പ്രവർത്തനങ്ങളിലൂടെയുള്ള വിശ്വാസ പ്രതിഫലനത്തിന്റെ ആവശ്യകതയും അത് മനസ്സിലാക്കിത്തരുന്നു. റമദാനിലൂടെ നേടിയെടുത്ത വിശ്വാസദാർഢ്യവും ഭയഭക്തിയും നിലനിർത്തി മുന്നേറാൻ ശ്രമിക്കുക.