അധികാര പ്രയോഗ സേനയോ ജനസേവന സേനയോ

പത്രാധിപർ

2022 നവംബർ 19, 1444 റബീഉൽ ആഖിർ 24

സംസ്ഥാന പൊലീസ് സേനയിലെ 744 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളാണെന്ന കണക്ക് ഈയിടെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സംസ്ഥാനത്തെ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ 744 പേരിലുണ്ട്. കേസുകളിൽ ശിക്ഷിക്കപ്പെട്ട് പുറത്താക്കപ്പെട്ടവരുടെ പട്ടിക പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി ശിക്ഷിച്ച, കുറ്റക്കാരെന്ന് ബോധ്യപ്പെട്ടവരുടെ മാത്രം കണക്കാണിത്. കൊലക്കേസ് പ്രതികൾ മുതൽ പോക്‌സോ കേസിൽ ഉൾപ്പെട്ട പ്രതികൾവരെ പുറത്താക്കപ്പെട്ട പോലീസുകാരുടെ പട്ടികയിലുണ്ട്. ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള അധികാരം റെയ്ഞ്ച് ഐജിമാർക്കുണ്ട്. ഇത്തരത്തിൽ പുറത്താക്കപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 691 പേർക്കെതിരെയാണത്രെ വകുപ്പുതല അന്വേഷണം നടക്കുന്നത്.

മുഖ്യമന്ത്രി ഇടയ്ക്കിടെ ശക്തമായിത്തന്നെ പൊലീസുകാർക്കിടയിലെ ദൃഷ്പ്രവണതകൾക്കെതിരെ ശബ്ദിക്കാറുണ്ട്. കേരള ഹൈക്കോടതിയും പൊലീസിന്റെ ‘എടാ, പോടാ’ വിളി അവസാനിപ്പിക്കുവാനും ജനങ്ങളോട് മാന്യമായി പെരുമാറുവാനും പറയാറുണ്ട്.

ഇപ്പോഴിതാ മുഖ്യമന്ത്രി വീണ്ടും പൊലീസിനെതിരെ രുക്ഷമായ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നു. കൊല്ലം റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കരയിൽ നിർവഹിക്കവെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. പൊലീസ് സേനയിലെ വിരലിൽ എണ്ണാവുന്നവർ ചെയ്യുന്ന ചില പ്രവൃത്തികൾ സേനയ്ക്ക് ആകെ കളങ്കമായിത്തീരുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അത്തരക്കാരോട് ഒരു ദയവും ദാക്ഷിണ്യവും കാണിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസ് സേനയെ കളങ്കപ്പെടുത്തുന്നവരെ സംരക്ഷിക്കേണ്ടതോ ഉൾക്കൊള്ളേണ്ടതോ ആയ ബാധ്യത പൊലീസിനില്ല. ‘അധികാര പ്രയോഗ സേന’യെന്ന ധാരണയുണ്ടെങ്കിൽ അതു തിരുത്തി പൊലീസ് ‘ജനസേവന സേന’യാകണം. തന്നെക്കാൾ പ്രാധാന്യത്തോടെ പൊതുജനങ്ങളെ കാണാനും സേവനം നൽകാനും കഴിയുക എന്നതാണ് പൊലീസ് സേനയുടെ പ്രാഥമിക കർത്തവ്യം. വാക്കും പ്രവൃത്തിയും മികച്ചതാവാൻ ജാഗരൂകരാകണം. കളങ്കിതരെ സേനയുടെ ഭാഗമാക്കില്ല എന്നാണ് നിലപാട്’ എന്നെല്ലാം മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്. സേനയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി മൂന്നാം മുറയുൾപ്പെടെയുള്ള, സമൂഹത്തിന് ചേരാത്ത പ്രവണതകൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു.

‘നിയമ പാലകർ’ എന്നാണ് പൊലീസിനെ നാം വിശേഷിപ്പിക്കാറുള്ളത്. എന്നാൽ നിയമ ലംഘകരായി പൊലീസിലെ ചിലർ മാറുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ. ഇത് മൊത്തത്തിൽ പൊലീസ് സേനയുടെ സൽപേരിന് കങ്കമുണ്ടാക്കുന്നുവെന്നതിൽ സംശയമില്ല.

ജനങ്ങളുടെ നിർഭയ ജീവിതം ഉറപ്പുവരുത്തുക എന്നത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. പൊലീസും പൊലീസ് സ്‌റ്റേഷനും ഉള്ളതുകൊണ്ടുതന്നെയാണ് കുറ്റകൃത്യങ്ങൾ ഭീകരമായ രൂപത്തിൽ വർധിക്കാതിരിക്കുന്നത്. പൊലീസിനെയും പൊലീസ് സ്‌റ്റേഷനെയും പൊതുജനം ഭയത്തോടെ നോക്കിക്കാണുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ആളുകളുടെ മുഖത്തുനോക്കി ഏറ്റവും വൃത്തികെട്ട വാക്കുകൾ പറയുക എന്നത് ഒരു ക്വാളിഫിക്കേഷനായി കാണുന്ന പൊലീസുകാരുണ്ട്. സ്വന്തം പിതാവിന്റെ പിതാവിനെക്കൾ പ്രായമുള്ള വ്യക്തിയെ പോലും എടാ എന്നു വിളിക്കാനും അതിന്റെ കൂടെ മറ്റു ചില അശ്ലീല പദങ്ങൾ കൂട്ടിച്ചേർക്കാനുമൊക്കെ ‘ചങ്കൂറ്റം’ കാണിക്കുന്ന പൊലീസുകാർക്ക് എങ്ങനെ ജനമൈത്രി പൊലീസുകാർ ആകാൻ കഴിയും?