സാമ്പത്തികരംഗത്തെ ചതിക്കുഴികള്‍

പത്രാധിപർ

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

മലയാളികള്‍ സാക്ഷരതയില്‍ മുന്നിൽ നില്‍ക്കുന്നവരാണ്. പ്രബുദ്ധകേരളം എന്നൊക്കെ നാം നമ്മുടെ സംസ്ഥാനത്തെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ ഈ സാക്ഷരതയുടെയും പ്രബുദ്ധതയുടെയുമൊന്നും അടയാളം ചിലപ്പോഴൊക്കെ ചില മലയാളികള്‍ക്കിടയില്‍ കാണപ്പെടാറില്ല. അതിലൊന്നാണ് സാമ്പത്തിക ചൂഷണരംഗം.

പത്തുവെച്ചാല്‍ നൂറു കിട്ടുമെന്ന പരസ്യം കണ്ടാലുടന്‍ ചാടി വീഴുകയായി. ലക്ഷങ്ങളും കോടികളും അതിനായി നല്‍കാന്‍ ഒരു മടിയും കാണിക്കില്ല. തുടക്കത്തില്‍ തട്ടിപ്പുകാര്‍ ലാഭവിഹിതമെന്നു പറഞ്ഞ് കാശ് കൊടുക്കും. അതോടെ അവരിലുള്ള വിശ്വാസം വര്‍ധിക്കും. കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമൊക്കെ പണം നല്‍കും. ഒടുവില്‍ കോടികള്‍ കൈക്കലാക്കി തട്ടിപ്പുകാര്‍ മുങ്ങും.

ഇത്തരം സംഭവങ്ങള്‍ നടന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും കേട്ടവര്‍ പോലും പിന്നീട് അത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നുവെങ്കില്‍ അവരെ എന്താണ് വിശേഷിപ്പിക്കുക? ധനത്തോടുള്ള അമിതമായ ആര്‍ത്തിമൂലം കിടപ്പാടം പോലും നഷ്ടപ്പെട്ട എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. ഭര്‍ത്താക്കന്‍മാരറിയാതെ തട്ടിപ്പുകാരുടെ വലയില്‍ കുരുങ്ങി സ്വര്‍ണവും കാശും നഷ്ടപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. മന്ത്രവാദത്തിനായും നിധി ലഭിക്കുന്നതിനുമൊക്കെ ലക്ഷങ്ങള്‍ നല്‍കി വഞ്ചിക്കപ്പെടുന്ന അനേകരുണ്ട്.  

സാമ്പത്തിക രംഗത്ത് മനുഷ്യന്‍ പുതിയ വഴികള്‍ തേടുമ്പോള്‍ അത് അവനെ വലിയ അപകടങ്ങളിലേക്കും പരാജയങ്ങളിലേക്കും കൊണ്ടെത്തിക്കുന്നത് സ്വാഭാവികമാണ്. അതിന്റെ പേരില്‍ കുടുംബവും ബന്ധുക്കളും അനുഭവിക്കുന്ന പ്രയാസങ്ങളും തീരാവേദനകളും വറ്റാത്ത കണ്ണീരായി അവശേഷിക്കുന്ന എത്രയോ സംഭവങ്ങള്‍ ദിനപത്രങ്ങളിലൂടെയും വാര്‍ത്താ ചാനലുകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.

ഇത്തരത്തിലുള്ള സംഭവങ്ങളില്‍ പ്രതിയായി മാറുന്നവരും ഇരയായി മാറുന്നവരും ആരാണ്? അവരില്‍ പാവപ്പെട്ടവരുണ്ട്, ഇടത്തരക്കാരുണ്ട്, വന്‍ സമ്പന്നരുണ്ട്. സാമ്പത്തിക പരാധീനതകളുള്ളവര്‍ അതില്‍നിന്ന് കര കേറുവാനും സമ്പന്നര്‍ അതിമോഹം മൂത്ത് ഇരട്ടിയിരട്ടിയായി വര്‍ധിപ്പിക്കുവാനുമുള്ള ശ്രമം നടത്തുമ്പോഴാണ് ഇരകളോ പ്രതികളോ ആയി മാറുന്നത്. ഇസ്‌ലാം പഠിപ്പിച്ച ‘ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കണം' എന്ന തത്വം ഉള്‍ക്കൊണ്ട് ജീവിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുന്നില്ല. കിടമത്സരത്തിലാണവനെപ്പോഴും. താന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നു നില്‍ക്കണം; എല്ലാ കാര്യത്തിലും എന്നതാണവന്റെ ചിന്ത. അതിന് ഏതു നീച മാര്‍ഗവും അവലംബിക്കാന്‍ മടികാണിക്കുന്നില്ല. ഒരു സത്യവിശ്വാസി ഏത് നിലക്കുള്ള ജീവിത ശൈലി സ്വീകരിക്കണമെന്ന് നബി ﷺ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.

‘നിങ്ങള്‍ നിങ്ങളുടെ താഴെയുള്ളവരിലേക്ക് നോക്കുക. നിങ്ങള്‍ നിങ്ങളുടെ മുകളിലുള്ളവരിലേക്ക് നോക്കരുത.് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതരുന്ന അനുഗ്രഹത്തെ നിസ്സാരമായി കാണാതിരിക്കാന്‍ അതാണ് ഉത്തമം' എന്നാണ് അവിടുന്ന് കല്‍പിച്ചിരിക്കുന്നത്. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ ആസ്വദിച്ച് ജീവിക്കുമ്പോള്‍ തന്നെ അതിന് നന്ദികാണിക്കുകയും വേണം.

‘സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ അലങ്കാരങ്ങളാണ്' എന്നാണ് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നത്. ‘തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായുള്ളവനാകുന്നു' എന്ന അല്ലാഹുവിന്റെ വചനം എത്ര ശരിയാണ്. അതുകൊണ്ടാണല്ലോ ധനത്തിന്റെ പേരില്‍ മക്കള്‍ പിതാവിനെയും പിതാവ് മക്കളെയുമൊക്കെ വെട്ടിക്കൊന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നമുക്ക് വായിേക്കണ്ടിവരുന്നത്.