സ്വാതന്ത്ര്യദിന ചിന്തകൾ

പത്രാധിപർ

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

നമ്മുടെ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. നീണ്ടകാലത്തെ വൈദേശികാധിപത്യത്തിന്റെ പിടിയിൽനിന്ന് രാജ്യം സ്വതന്ത്രമായിട്ട് 75 വർഷം തികയുന്നു എന്നർഥം. ‘ഇന്ത്യ സ്വതന്ത്രയായി’ എന്ന് പറയുവാൻ എളുപ്പമാണ്. എന്നാൽ ആ സ്വാതന്ത്ര്യം എങ്ങനെ നേടി, അഥവാ നാടിനെ അടക്കിഭരിക്കുകയും ജനങ്ങളെ അടിമകളായി കാണുകയും ചെയ്ത ബ്രിട്ടീഷുകാർ രാജ്യം വിട്ടു പോകാൻ എന്തുകൊണ്ട് തയ്യാറായി എന്ന ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം ഓരോ ഇന്ത്യക്കാരന്റെയും കണ്ണുകൾ നിറയിക്കുന്നതാണ്.

സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള സമരത്തിന്റെ വഴിയിൽ ഒട്ടേറെ മനുഷ്യരുടെ ജീവൻ നഷ്ടമായിട്ടുണ്ട്. കൊടിയ പീഡനങ്ങൾ അനുഭവിച്ചവരുണ്ട്. വർഷങ്ങളോളം ജയിലിലടക്കപ്പെട്ടവരുണ്ട്. നാടുകടത്തപ്പെട്ടവരുണ്ട്. ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥകളുണ്ട്. വെള്ളക്കാരെ തുരത്തിയിട്ടേ അടങ്ങൂ എന്ന് തീരുമാനിച്ച മഹാന്മാരായ നേതാക്കളുടെ അശ്രാന്ത പരിശ്രമമുണ്ട്. ഇങ്ങനെ വിവരണാതീതമായ ഒട്ടേറെ കഷ്ടപ്പാടുകളുടെ ചരിത്രമാണ് ഓരോ സ്വാതന്ത്ര്യദിനവും ഓർമിപ്പിക്കുന്നത്.

സ്വാതന്ത്ര്യം നേടിയശേഷം രാജ്യം ഭരിച്ചവർ ജനങ്ങളുടെയും രാജ്യത്തിന്റെയും സർവ മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യംവെച്ചാണ് പ്രവർത്തിച്ചത്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ അവർ ആവിഷ്‌കരിച്ചു. ജാതി, മത വേർതിരിവില്ലാതെ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ മനുഷ്യരെയും ഇന്ത്യക്കാരായി കാണാൻ അവർക്ക് സാധിച്ചു. അങ്ങനെ ഭരണകർത്താക്കളുടെയും ജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രയാണം ഫലം കണ്ടു. ഇന്ത്യ അതിവേഗം മുന്നേറി. ലോകത്തിനു മുന്നിൽ ഇന്ത്യയുടെ യശസ്സുയർന്നു. പട്ടിണി മരണങ്ങൾ കുറഞ്ഞു തുടങ്ങി.

എന്നാൽ അടുത്ത കാലത്തായി ഈ യശസ്സിന് കോട്ടം തട്ടിയിരിക്കുന്നു. സാമ്പത്തികമായി രാജ്യം അധോഗതിയിലാണ്. ജനങ്ങളെ വർഗീയമായി വേർതിരിക്കുന്ന നിലപാട് ഭരണകൂടം സ്വീകരിക്കുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു. മതം നോക്കി പൗരത്വം നൽകാനും നിഷേധിക്കാനും ഒരുമ്പെടുന്നു. ദാരിദ്ര്യം വർധിക്കുകയാണ്. ഇന്ത്യ വികസനത്തിന്റെ പരകോടിയിൽ എന്ന് പെരുമ്പറയടിക്കുമ്പോഴും വികസനത്തിന്റെ ഇളംകാറ്റുപോലും കടന്നുചെല്ലാത്ത പ്രദേശങ്ങളിൽനിന്ന് കരളുരുക്കും വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഇന്നത്തെ (ഓഗസ്റ്റ് 2) പത്രത്തിൽ വന്ന ഒരു വാർത്ത കാണുക: “ഭോപാൽ (മധ്യപ്രദേശ്): അമ്മയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോകാൻ വാഹനം ലഭിക്കാത്തതിനെത്തുടർന്ന് ബൈക്കിൽവച്ചുകെട്ടി 80 കിലോ മീറ്റർ സഞ്ചരിച്ച് മകൻ. ശാഹ്‌ഡോൽ മെഡിക്കൽ കോളേജിൽ വാഹനം ലഭിക്കാതെ വരികയും സ്വകാര്യ ആംബുലൻസുകൾ 5000 രൂപ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സുന്ദർ യാദവ് അമ്മയുടെ മൃതദേഹം പലകയിൽവച്ച് ബൈക്കിന്റെ പിൻസീറ്റിൽ ചേർത്തുകെട്ടി വീട്ടിലേക്ക് ഒാടിച്ചുപോയത്..’’ സംഭവത്തിന്റെ ഫോട്ടോയും പത്രങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദേശ ഭരണാധികാരികൾ സന്ദർശനത്തിന് വരുമ്പോൾ അവർ സഞ്ചരിക്കുന്ന വഴിവക്കിലുള്ള, ദരിദ്രരും സ്വന്തമായി വീടും ശൗചാലയവുമില്ലാത്ത പതിനായിരങ്ങൾ തിങ്ങിത്താമസിക്കുന്ന ചേരികൾ അവർ കാണാതിരിക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് താൽക്കാലികമായി മറച്ചുകെട്ടുന്ന ഗതികേട് മറ്റേതു രാജ്യത്തിനാണുള്ളത്? പൊതുമേഖല സ്ഥാപനങ്ങൾ മുഴുവൻ കോർപ്പറേറ്റുകൾക്ക് തീരെഴുതിക്കൊടുക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണത്രെ 73 ശതമാനം സമ്പത്തും കുമിഞ്ഞുകൂടിക്കിടക്കുന്നത്!