പുതുതലമുറ മൂല്യനിരാസത്തിന്റെ വഴിയിൽ

പത്രാധിപർ

2022 ജൂൺ 04, 1442 ദുൽഖഅദ 03

പുതിയൊരു അധ്യയനവർഷം കടന്നുവന്നിരിക്കുകയാണ്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കാനായി ഉന്നത കലാലയങ്ങളിൽ പ്രവേശനം ലഭിക്കുവാനായുള്ള ഓട്ടത്തിലാണ് സമ്പന്നരായ മാതാപിതാക്കൾ. മധ്യവർഗത്തിൽ പെട്ടവർ ലോണെടുത്തും മറ്റും പഠിപ്പിക്കാൻ പാടുപെടുന്നു. ദരിദ്രരായവർ സർക്കാർ സ്ഥാപനങ്ങളിൽ അഭയം പ്രാപിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം മക്കളുടെ ഭാവി ഭദ്രമാവണം എന്നതുതന്നെ.

മക്കളെ പഠിപ്പിച്ച് ഉയർന്ന ശമ്പളം പറ്റുന്ന ജോലിക്കാരാക്കി മാറ്റണം, അല്ലെങ്കിൽ നല്ല ലാഭം കൊയ്യുന്ന ബിസിനസ്സുകാരാക്കണം എന്നൊക്കെയാണ് പൊതുവെ എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹം. അതിനപ്പുറമൊരു ചിന്തയും അവർക്കില്ല. ധാർമികമോ മൂല്യപരമോ ആയ യാതൊരു സംസ്‌കാരവും പകർന്നു നൽകാതെയാണ് പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത്. കുട്ടികളാണ് ഓരോ വീടും ഭരിക്കുന്നത്. അവരുടെ ആവശ്യങ്ങളാണ് മാതാപിതാക്കളുടെ ആവശ്യം. ഏത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, അവധിക്ക് എവിടെ പോകണം, ഏത് വാഹനം വാങ്ങണം എന്നെല്ലാം കുട്ടികൾ തീരുമാനിക്കും. പ്രോവിഡന്റ് ഫണ്ടിൽനിന്നോ ബാങ്കിൽനിന്നോ ലോണെടുത്താണെങ്കിലും മാതാപിതാക്കൾ മക്കളുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കും. നേർവഴി പറഞ്ഞുകൊടുക്കാൻ മാതാപിതാക്കൾക്ക് മക്കളെ പേടിയാണ്. ഭാവിയിലേക്കുള്ള സാമ്പത്തിക നിക്ഷേപം മാത്രമായിട്ടാണ് അവർ മക്കളെ കാണുന്നത്.

രക്ഷിതാക്കൾ തങ്ങളുടെ കടമ യഥാവിധി നിർവഹിക്കുന്നുവെങ്കിൽ തിന്മയുടെ ഒഴുക്കിനെതിരെ നീന്താൻ മക്കൾക്ക് കഴിയുമെന്നതിൽ സംശയമില്ല. അവർ മക്കൾക്ക് സർവ സ്വാത്രന്ത്യവും നൽകുകയാണ്. എന്നാൽ അവർക്ക് അത്യാവശ്യമുള്ളതെന്തോ അത് നൽകുന്നില്ല. അത് നൽകിയാലേ അവർ മനുഷ്യരാവൂ. അതാണ് ധാർമിക ബോധം അഥവാ ദൈവചിന്ത. ധർമാധർമവും സത്യാസത്യവും വ്യവഛേദിച്ചറിയാനും ധർമത്തിനും സത്യത്തിനും വേണ്ടി നിലകൊള്ളാനും സഹപാഠികളെ ഉടപ്പിറപ്പുകളായി കാണാനും മാതാപിതാക്കളെ സ്‌നേഹിക്കാനും ആദരിക്കാനും ഗുരുനാഥന്മാരെ ബഹുമാനിക്കാനും കഴിയണമെങ്കിൽ നന്മതിന്മകൾക്ക് തക്കതായ രക്ഷാശിക്ഷകൾ ലഭിക്കുന്ന ഒരു ലോകമുണ്ട് എന്ന ബോധം മക്കളുടെ മനസ്സിൽ ചെറുപ്പം മുതലേ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കണം.

മരണത്തോടുകൂടി എല്ലാം അവസാനിക്കും, ദൈവവും പരലോകവുമൊക്കെ സാങ്കൽപികം മാത്രമാണ് എന്നൊക്കെയാണ് പുതുതലമുറയെ യുക്തിവാദികൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ കെണിയിൽ വിശ്വാസികളായ യുവാക്കൾ അകപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് നാം കാണാതിരുന്നുകൂടാ. മരണാനന്തര ജീവിതം സത്യവും ബുദ്ധിയുള്ളവരുടെ തേട്ടവുമാണ്, നന്മതിന്മകൾകൾക്കുള്ള രക്ഷാശിക്ഷകൾ ഈ ലോകത്ത് പൂർണമായി ഒരു കോടതിക്കും നൽകാനാവില്ല, ഒരാളെ കൊന്നാലും നൂറുപേരെ കൊന്നാലും ഭൗതിക കോടതികൾക്കു നൽകാനുള്ള ശിക്ഷകൾ വ്യത്യസ്തമല്ല തുടങ്ങിയ യാഥാർഥ്യം പുതുതലമുറയുടെ മനസ്സിൽ വേരുറക്കേണ്ടതുണ്ട്. അതിനുള്ള കൃത്യമായ വേദിയാണ് പരലോകം. ക്വുർആൻ പറയുന്നത് കാണുക.

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’(3:185).

ദൈവനിഷേധം വളർത്തുന്ന പ്രത്യയശാസ്ത്രങ്ങൾക്കും മൂല്യങ്ങളെ നിരാകരിക്കുന്ന സിനിമകൾക്കും മറ്റു കലകൾക്കും സാഹിത്യത്തിനുമിടയിൽ വളരുന്ന വിദ്യാർഥികൾക്ക് ദിശാബോധം നൽകാൻ മാതാപിതാക്കൾ മടി കാണിക്കുന്നതിന്റെ ദുരന്തഫലങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.