ആദർശ പ്രഖ്യാപനത്തിന്റെ ഹജ്ജും ബലിപെരുന്നാളും

പത്രാധിപർ

2022 ജൂലായ് 02, 1442 ദുൽഹിജ്ജ 02

ഇബ്‌റാഹീം നബി(അ)യെയും പുത്രൻ ഇസ്മാഈൽ നബി(അ)യെയും ഓർക്കാതെ പരിശുദ്ധ ഹജ്ജ് കർമം ചെയ്യുവാനും ബലിപെരുന്നാൾ ആഘോഷിക്കുവാനും സാധ്യമല്ല. കാരണം ആ മഹാപ്രവാചകന്മാരുടെ ത്യാഗനിർഭരമായ ആദർശജീവിതത്തിന്റെ സ്മരണ പുതുക്കുക കൂടിയാണ് ഹജ്ജിലൂടെയും ബലിപെരുന്നാൾ ആഘോഷത്തിലൂടെയും മുസ്‌ലിംകൾ ചെയ്യുന്നത്.

പൂർണമായ സമർപ്പണത്തിന്റെയും നിരുപാധികമായ കീഴ്‌വണക്കത്തിന്റെയും കാര്യത്തിൽ ഇബ്‌റാഹീം നബി(അ)യുടെ മാതൃക അതുല്യമാണ്. നേർമാർഗത്തിന്റെ പര്യായപദമായിട്ടാണ് ഇബ്‌റാഹീം നബി(അ)യുടെ മാർഗത്തെ ക്വുർആൻ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിലെ സവിശേഷതകൾ അല്ലാഹു എടുത്തുപറയുന്നത് കാണുക:

“തീർച്ചയായും ഇബ്‌റാഹീം അല്ലാഹുവിന് കീഴ്‌പെട്ട് ജീവിക്കുന്ന, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്ന ഒരു സമുദായം തന്നെയായിരുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല. അവന്റെ (അല്ലാഹുവിന്റെ) അനുഗ്രഹങ്ങൾക്ക് നന്ദികാണിക്കുന്നവനായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അവൻ തെരഞ്ഞെടുക്കുകയും നേരായ പാതയിലേക്ക് നയിക്കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം നന്മ നൽകുകയും ചെയ്തിരിക്കുന്നു. പരലോകത്താകട്ടെ തീർച്ചയായും അദ്ദേഹം സദ്‌വൃത്തരുടെ കൂട്ടത്തിലായിരിക്കും...’’ (ക്വുർആൻ 16:120-123).

രക്തബന്ധത്തെക്കാൾ ആദർശബന്ധത്തിന് പ്രാധാന്യം കൽപിച്ചുകൊണ്ടാണ് ഇബ്‌റാഹീം നബി(അ) ജീവിച്ചത്. ഏകദൈവവിശ്വാസത്തിലും ധാർമികതയിലും കണിശമായ ദൈവസ്മരണയിലും അധിഷ്ഠിതമായ ആദർശമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടിയിരുന്നത്. തൗഹീദിന്റെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്ക് അദ്ദേഹം ഒരുക്കമായിരുന്നില്ല. സ്വന്തം കുടുംബത്തിലും പിതൃ-പുത്ര ബന്ധത്തിലും അദ്ദേഹം പിന്തുടർന്നത് തൗഹീദിന് മുൻതൂക്കം നൽകുന്ന നിലപാടായിരുന്നു. അല്ലാഹു പറയുന്നു:

“പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേർമാർഗത്തിൽ നിലകൊണ്ട ഇബ്‌റാഹീമിന്റെ ആദർശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല...’’ (ക്വുർആൻ 6:161-164).

ഏകദൈവവിശ്വാസത്തിൽ കണിശമായ പ്രതിബദ്ധത പുലർത്തിയതിന്റെ പേരിൽ ഇബ്‌റാഹീം നബി(അ)ക്ക് തന്റെ പിതാവിനെതിരിൽ നിൽക്കേണ്ടിവന്നു എന്നത് ചരിത്രമാണ്. ബഹുദൈവാരാധകനായിരുന്ന പിതാവിനോട് ആദർശത്തിന്റെ കാര്യത്തിൽ തെല്ലും വിട്ടുവീഴ്ച കാണിക്കുവാൻ ഇബ്‌റാഹീം നബി(അ) ഒരുക്കമായിരുന്നില്ല. ഇക്കാര്യത്തിലേക്ക് സൂചന നൽകിക്കൊണ്ട് ക്വുർആൻ പറയുന്നത് കാണുക:

“ഇബ്‌റാഹീം അദ്ദേഹത്തിന്റെ പിതാവിനുവേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട് അങ്ങനെ വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമായിരുന്നു. എന്നാൽ അയാൾ (പിതാവ്) അല്ലാഹുവിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോൾ അദ്ദേഹം അയാളെ (പിതാവിനെ) വിട്ടൊഴിഞ്ഞു’’ (ക്വുർആൻ 9:114).

പ്രവാചകന്മാർ മനുഷ്യരാശിയുടെ മാർഗദർശികളായിത്തീരുന്നത് അവർ തൗഹീദ് ആദർശമായി അംഗീകരിക്കുകയും ധാർമിക ജീവിതം നയിക്കുകയും നന്മ പ്രവർത്തിച്ചുകൊണ്ട് സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കുകയും ചെയ്തതുകൊണ്ടാണ്. ഇബ്‌റാഹീം നബിയുടെ മാർഗത്തിൽ നിലകൊള്ളുന്നവർ എന്ന് അഭിമാനിക്കുന്നവർ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ആദർശപാത പിന്തുടർന്ന് ജീവിക്കലാണ്.

എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ.