മുൾക്കിരീടമാകുന്ന മക്കൾ

പത്രാധിപർ

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

മക്കളുടെ കരങ്ങളാൽ കൊല്ലപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചുവരികയാണോ? ആണെന്നാണ് വാർത്താമാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സ്വത്തിന്റെ പേരിലും ലഹരിക്ക് അടിമയായതിനാലുമാണ് കൂടുതൽ കൊലപാതകങ്ങളും നടക്കുന്നത്. ഏതാനും ദിവസം മുമ്പ് എഫ്ബിയിൽ ഒരു വീഡിയോ കാണാനിടയായി. പതിനഞ്ചു വയസ്സിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടി ഭ്രാന്തനെപോലെ ‘എനിക്കു കാശ് താ...എനിക്കു കാശ് വേണം...’ എന്നു പറഞ്ഞ് അലമുറയിടുന്നു. മാതാവിനെയും മുത്തശ്ശിയെയുമൊക്കെ അടിക്കുന്നു, വളരെ വൃത്തികെട്ട വാക്കുകളാൽ അഭിസംബോധന ചെയ്യുന്നു. കഞ്ചാവിന് അടിമയായ ആ കുട്ടിയോട് മാതാവോ മറ്റോ ‘നീ ഇഷ്ടമുള്ളത് പറഞ്ഞോളൂ, ചെയ്‌തോളൂ, ഞാൻ പോലീസിനെ വിളിക്കുകയാണ്...’ എന്നെല്ലാം പറയുന്നുണ്ട്. കാശു കിട്ടിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലാനും മടിക്കാത്ത അവസ്ഥയിലേക്ക് അവൻ എത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്. സ്‌കൂളിൽ ഫീസ് അടക്കാനോ, പുസ്തകമോ പേനയോ വാങ്ങാനോ കാശിനുവേണ്ടി കരയുകയും വാശിപിടിക്കുകയുമൊക്കെ ചെയ്തിരുന്ന കുട്ടികളുടെ കാലം കഴിഞ്ഞിരിക്കുന്നു! ഇന്ന് കള്ളിനും കഞ്ചാവിനും ബൈക്കിനുമൊക്കെ കാശു ചോദിച്ചാണ് ന്യൂജെൻ വിദ്യാർഥികൾ വാശിപിടിക്കുന്നത്!

നല്ല മക്കളാവുക എന്നത് വലിയൊരു അനുഗ്രഹമാണ്. ആർക്കൊക്കെ കഴിയും ഇങ്ങനെ ആയിത്തീരാൻ? ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമായ ഒരു കാര്യമാണ് ഇത്. നമ്മളെല്ലാവരും ജീവിതായോധനത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ്. ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന പലരുടെയും ഇഷ്ടവും സ്‌നേഹവും നേടിയെടുക്കാൻ പെടാപാട് പെടുന്നവരാണ് മനുഷ്യർ.

ഒരേസമയം നേതാക്കളുടെയും അണികളുടെയും സ്‌നേഹം പിടിച്ചുപറ്റാൻ ശ്രമിക്കുന്ന രാഷ്ട്രീയ പ്രവർത്തകൻ, മേലുദ്യോഗസ്ഥന്റെ പ്രശംസ കിട്ടാൻ അധ്വാനിക്കുന്ന കീഴ്ജീവനക്കാരൻ, തൊഴിലുടമയുടെ തൃപ്തി കൈവരിക്കാൻ കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളി, ഉപഭോക്താവിന്റെ സ്‌നേഹം കിട്ടാൻ മുഖത്ത് ഫിറ്റ് ചെയ്ത പുഞ്ചിരിയുമായി കാത്തുനിൽക്കുന്ന കച്ചവടക്കാരൻ, അങ്ങനെയങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക! ഭൗതിക ജീവിതത്തിലെ നിസ്സാരമായ നേട്ടങ്ങൾക്കുവേണ്ടി അത്യധ്വാനം ചെയ്യുന്നവർ പലപ്പോഴും സ്വന്തം മാതാപിതാക്കളുടെ കാര്യത്തിൽ പരാജയപ്പെട്ടുപോകുന്നു എന്നത് ഏറെ ഖേദകരമാണ്. പലരും വിചാരിക്കുന്നത് മാതാപിതാക്കൾക്ക് യഥേഷ്ടം പണവും ഭേദപ്പെട്ട ചികിത്സയും ഉയർന്ന ജീവിത നിലവാരവും നൽകിയാൽ എല്ലാമായി എന്നാണ്.

ഇവിടെയാണ് അവരും നമ്മളും തമ്മിലുള്ള കൃത്യമായ രണ്ടു വ്യത്യാസങ്ങൾ പ്രകടമാകുന്നത്. ഒന്ന്, നമ്മൾ എല്ലാറ്റിനും കണക്കുവെക്കുന്നു എന്നതാണ്. രണ്ട്, നാം അവർക്കുവേണ്ടി ചെയ്യുമ്പോൾ; കുറച്ചുകാലത്തേക്കു വേണ്ടി മാത്രം ചെയ്താൽ മതി, അവർ അധിക കാലം ജീവിച്ചിരിക്കില്ല എന്ന പ്രതീക്ഷയാണ് നമ്മുടെ ഉള്ളിലുള്ളത്.

നാം തിരിച്ചറിയേണ്ട ഒരു കാര്യം, അവർക്ക് ഈ രണ്ടു വിചാരവും ഉണ്ടായിരുന്നില്ല എന്നതാണ്. വളരെ മോശമായ ഭൗതിക സാഹചര്യങ്ങളോട് പടവെട്ടി പാടുപെട്ട് നമ്മെ നാമാക്കി മാറ്റാൻ നീണ്ട വർഷങ്ങൾ കഠിനാധ്വാനം ചെയ്ത അവർ, നാം എത്ര കുത്തി നോവിച്ചാലും ചെയ്ത ത്യാഗങ്ങളുടെ കണക്ക് പറയില്ല! നാം അധിക കാലം ജീവിച്ചിരിക്കില്ല എന്നു ചിന്തിക്കാൻ പോലും അവർക്ക് കഴിയുമായിരുന്നില്ല.

സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തി ലഭിക്കണമെങ്കിൽ മാതാപിതാക്കളെ തൃപ്തിപ്പെടുത്താൻ കഴിയണം. അവർക്ക് നമ്മോട് ദേഷ്യമാണെങ്കിൽ അല്ലാഹുവിന് നമ്മോടും ദേഷ്യമായിരിക്കും. ഈ ബോധമുള്ള സത്യവിശ്വാസികൾക്ക് മാതാപിതാക്കളെ അവഗണിക്കാൻ കഴിയില്ല, തീർച്ച !