സംഘ്പരിവാർ തിരക്കഥയെഴുതുന്ന ‘മുസ്‌ലിം കൊലപാതകങ്ങൾ’

പത്രാധിപർ

2022 ജൂലായ് 09, 1442 ദുൽഹിജ്ജ 10

ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പ്രവാചക നിന്ദയെ പിന്തുണച്ചുവെന്നതിന്റെ പേരിൽ രാജ സ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽക്കാരനായ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് വർഗീയ ചേരിതിരിവിന് തുടക്കം കുറിച്ച അക്രമി ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച പ്രവർത്തകനാണെന്ന വാർത്തയുണർത്തുന്ന ആശങ്കകൾ ചെറുതല്ല. പ്രതികളായ റിയാസ് അത്താരി, മുഹമ്മദ് ഗൗസ് എന്നിവർ ബി.ജെ.പിയിൽ പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവുകൾ ദേശീയ മാധ്യമമായ ‘ഇന്ത്യാ ടുഡേ’ പുറത്തുവിട്ടത് കൃത്യസമയത്തെ ശക്തമായ ഇടപെടലാണ്.

കൊലയാളി റിയാസ് അത്താരി ഒരു പതിറ്റാണ്ടിലേറെയായി ബി.ജെ.പി പ്രാദേശിക നേതൃത്വത്തിൽ സജീവസാന്നിധ്യമാണ്. റിയാസിനെ രാജസ്ഥാനിലെ ബി.ജെ.പിയുടെ ന്യൂനപക്ഷ മോർച്ച നേതാവായ ഇർഷാദ് ചെയിൻവാല സ്വീകരിക്കുന്ന ചിത്രങ്ങളും രാജസ്ഥാൻ പ്രതിപക്ഷ നേതാവും മുതിർന്ന ബി.ജെ.പി നേതാവുമായ ഗുലാബ് ചന്ദ് കഠാരിയക്കൊപ്പമുള്ള ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുമ്പ് പ്രവാചകനെ അവഹേളിച്ച് ‘രംഗീലാ റസൂൽ’ രചിച്ച സ്വാമി ശ്രദ്ധാനന്ദയെ കൊന്നുകളഞ്ഞതിന്റെ പേരിൽ വർഗീയ കലാപം സൃഷ്ടിച്ചതും, ഗോധ്ര തീവെപ്പിന് പ്രതികാരമെന്ന വ്യാജേനെ ഗുജറാത്ത് കൂട്ടക്കൊല നടത്തിയതുമെല്ലാം നാം കണ്ടതാണ്. സംഘ്പരിവാറിനെ ഭരണത്തിൽ നിന്നകറ്റിയ രാജസ്ഥാനിൽ ബോധപൂർവമായ വർഗീയ കലാപം സൃഷ്ടിച്ച് അതുവഴി അധികാരം വാഴാനുള്ള സമാനശ്രമമാണ് വസ്തുനിഷ്ഠമായ വാർത്തയിലൂടെ തടയിടാൻ കഴിഞ്ഞത് എന്ന കാര്യത്തിൽ മാത്രം ആശ്വസിക്കാം.

സംഝോത എക്സ്പ്രസ്സ്, മലേഗാവ്, മക്ക മസ്ജിദ്, അജ്മീർ തുടങ്ങി രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളും തുടക്കത്തിൽ മുസ്‌ലിം പേരുകളിലേക്കും സംഘ ടനകളിലേക്കും ചേർത്തിപ്പറഞ്ഞതായിരുന്നു. മലേഗാവ് സ്ഫോടന കേസിൽ പിടിയിലായ ലഫ്. കേണൽ പുരോഹിതിനെ ബെംഗളൂരുവിൽ നാർകോ അനാലിസിസിന് വിധേയമാക്കിയപ്പോഴാണ് രാജ്യത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ഹിന്ദുത്വർ ആസൂത്രണം ചെയ്തു നടപ്പാക്കിയതാണ് ഈ സ്ഫോടനങ്ങളെന്ന് തെളിഞ്ഞത്. ആർ എസ് എസ് പ്രചാരക് സുനിൽ ജോഷിയാണ് സ്ഫോടനത്തിന് നേതൃത്വം നൽകിയതെന്നും കേണൽ പുരോഹിത് എത്തിച്ചു കൊടുത്ത സൈന്യത്തിന്റെ ആർ.ഡി.എക്സ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നും കണ്ടെത്തി.

ഉദയ്‌പൂർ കൊലപാതകത്തിലും കോൺസ്പിറൻസി തിയറിയുമായി ആഭ്യന്തര വകുപ്പ് മുന്നോട്ട് വന്നിരുന്നു. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളും പാക് ചാരസംഘടനകളുമായുള്ള ബന്ധമെന്ന പതിവ് ഗൂഢാ ലോചനാ വാദങ്ങൾക്ക് പുറമെ അവരുപയോഗിച്ചിരുന്ന ബൈക്കിന്റെ നമ്പർ വരെ ചർച്ചക്ക് വിഷയീഭവിച്ചു. എന്നാൽ പ്രതികളുടെ ബി.ജെ.പി ബന്ധം സ്ഥിരീകരിച്ചതോടെ പിടിച്ചുനിൽക്കാനുള്ള തത്രപ്പാടിലായി നേതൃത്വം. അതിനിടയിലാണ് മുസ്‌ലിം പേരുള്ള മറ്റൊരു തീവ്രവാദിയുടെ ബി.ജെ.പി ബന്ധം കൂടി പുറത്തുവന്നത്.

അമർനാഥ് തീർഥാടകർക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടതിനെ തുടർന്ന് പിടിയിലായ ലഷ്‌കർ ഭീകരൻ താലിബ് ഹുസൈൻ ഷാ ബിജെപിയുടെ സജീവ പ്രവർത്തകനും ന്യൂനപക്ഷ മോർച്ചയുടെ ജമ്മുവിലെ ഐടി സെൽ ചുമതലക്കാരനുമായിരുന്നു എന്നതാണ് ആ വാർത്ത. രക്ഷപ്പെടാനായി തുക്‌സോൺ ധാക് മേഖലയിൽ ഒളിച്ച ഇവരെ തിരിച്ചറിഞ്ഞതും പിടികൂടിയതും പോലീസിനെയും സൈന്യത്തെയും അറിയിച്ചതും പിടികൂടിയതുമൊക്കെ നാട്ടുകാർ തന്നെയാണ്. അതിനാൽ തന്നെ തിരക്കഥയെഴുതാൻ വേണ്ടത്ര സമയം കിട്ടിയില്ലെന്ന് വേണം അനുമാനിക്കാൻ.

പുതിയ കണ്ടെത്തലോട് കൂടി ഇന്ത്യയിൽ നടന്ന പല സ്‌ഫോടനങ്ങളുടെയും കൊലപാതങ്ങളുടെയും പിന്നാമ്പുറ കഥകൾ ചർച്ചക്കെടുക്കേണ്ടിവരും. അങ്ങനെ വന്നാൽ മുമ്പ് അസീമാനന്ദയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പുറത്തുവന്ന സംഘ്പരിവാർ ഗൂഢാലോചകളുടെ രണ്ടാം വേർഷനിലേക്കുള്ള ടീസർ മാത്രമായി ഇപ്പോഴത്തെ തിരിച്ചറിവുകൾ മാറുമെന്ന കാര്യത്തിൽ സംശയമില്ല.