മനസ്സമാധാനം അകലെയല്ല

പത്രാധിപർ

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

ഒരു വ്യക്തിയിൽ ദൈവവിശ്വാസം രൂഢമൂലമാകുമ്പോഴാണ് അയാളിൽ നല്ല പ്രവർത്തനങ്ങളും നല്ല ചിന്തകളും ഉണ്ടാവുക. അപ്പോഴേ അസൂയയും പകയും വിദേഷവും അനാവശ്യമായ കിടമത്സരവും അഹങ്കാരവും ഇല്ലാതാവുകയുള്ളൂ.

ഏകനായ സ്രഷ്ടാവിലും അവന്റെ മതം പഠിപ്പിക്കുന്ന അദൃശ്യകാര്യങ്ങളിലും ഉറച്ചുവിശ്വസിക്കുന്നവർക്കാണ് ശാന്തിയും സമാധാനവും ലഭിക്കുക. അവനെക്കുറിച്ചുള്ള സ്മരണ തന്നെ അവാച്യമായ അനുഭൂതി പകരുന്നതാണ്.

“അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓർമകൊണ്ട് മനസ്സുകൾ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമ കൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (ക്വുർആൻ 13:28).

ശാന്തിയുടെ മതമായ ഇസ്‌ലാം മനുഷ്യരുടെ രക്ഷയ്ക്കും സമാധാനത്തിനുമായി അതിന്റെ സന്ദേശങ്ങൾ സമർപ്പിക്കുന്നു. ശാന്തി തേടിയലയുന്ന മനുഷ്യരെ സമാധാനം നിറഞ്ഞ സുരക്ഷിത താവളത്തിലേക്കാണ് ഇസ്‌ലാം നയിക്കുന്നത്. സ്രഷ്ടാവിന്റെ മാർഗദർശനം പിൻപറ്റി ജീവിക്കുക എന്നതാണ് മുഖ്യമായത്. അവരുടെ മുന്നിലാണ് ഇഹപര രക്ഷയുടെ കവാടം തുറക്കപ്പെടുക. അല്ലാത്തവർക്ക് ഇഹലോകം തന്നെ കുടുസ്സായി മാറും.

“...അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ചുപോവുകയില്ല; കഷ്ടപ്പെടുകയുമില്ല. എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീർച്ചയായും അവന് ഇടുങ്ങിയ ഒരു ജീവിതമാണ് ഉണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ചു കൊണ്ടുവരുന്നതുമാണ്’’ (ക്വുർആൻ 20:123,124).

സ്രഷ്ടാവിന്റെ വിധിയിലുള്ള ഉറച്ച വിശ്വാസവും മനസ്സമാധാനം പകരുന്ന ഒന്നാണ്. പരീക്ഷണങ്ങളിൽ അടിപതറാതിരിക്കാൻ അത് അനിവാര്യമാണ്. തനിക്ക് അല്ലാഹു വിധിച്ചതെന്തോ അതു മാത്രമെ തനിക്ക് ലഭിക്കൂ എന്ന തിരിച്ചറിവ് അത്യാർത്തിയിൽനിന്നും അസൂയയിൽനിന്നും വിശ്വാസിയെ കാത്തുരക്ഷിക്കുന്നു; അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ ചെറുതായി കാണാതിരിക്കാനും അത് സഹായിക്കുന്നു. നബി(സ്വ) പറഞ്ഞു:

“നിങ്ങളെക്കാൾ താഴെയുള്ളവരിലേക്ക് നിങ്ങൾ നോക്കുക. നിങ്ങളെക്കാൾ മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്. അതാണ് അല്ലാഹു നിങ്ങൾക്കു ചെയ്തുതന്ന അനുഗ്രഹങ്ങളെ നിസ്സാരമായി കാണാതിരിക്കാൻ ഏറ്റവും നല്ലത്’’ (മുസ്‌ലിം).

ധാരാളം സമ്പത്തും എല്ലാവിധ സൗകര്യങ്ങളുമുള്ള വീടും മുന്തിയ വാഹനവുമൊക്കെ സ്വന്തമായുണ്ടായാൽ ജീവിതം ധന്യമായി എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാൽ അതൊക്കെയുണ്ടായിട്ടും മനസ്സമാധാനമില്ലാതെ ഒട്ടേറെയാളുകൾ ജീവിക്കുന്നത് ഇക്കൂട്ടർ കാണുന്നില്ല. നബി(സ്വ) പറഞ്ഞു: “ധന്യതയെന്നത് ഭൗതികവിഭവങ്ങളുടെ ആധിക്യമല്ല. മറിച്ച് മനഃസംതൃപ്തി, അതാണ് ധന്യതയും ഐശ്വര്യവുവും’’ (ബുഖാരി, മുസ്‌ലിം).

മരണത്തെക്കുറിച്ചുള്ള ഓർമയും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ബോധവുമുണ്ടെങ്കിൽ ആസ്വാദനങ്ങൾക്കു പിന്നാലെയുള്ള ആർത്തിപൂണ്ട ഓട്ടമുണ്ടാകില്ല, മനസ്സ് ഒരവസ്ഥയിലും അസ്വസ്ഥമാകുകയില്ല. നബി(സ്വ) പറഞ്ഞു: “സർവ സുഖങ്ങളെയും തകർത്തുകളയുന്നതിനെ(മരണത്തെ)ക്കുറിച്ച് നിങ്ങൾ ധാരാളമായി ഓർക്കുക’’(ബുഖാരി).