ബുദ്ധിജീവികളുടെ  ചാഞ്ചാട്ടം

പത്രാധിപർ

2022 മാർച്ച് 12, 1442 ശഅബാൻ 9

ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരിക ജീവിതത്തെ സാരമായി സ്വാധീനിച്ച രണ്ടു ഘടകങ്ങളാണ് മതമൗലികവാദത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വളര്‍ന്നുവന്ന വര്‍ഗീയതയും ബഹുരാഷ്ട്ര മൂലധനത്തിന്റെ താല്‍പര്യത്തില്‍ അധിഷ്ഠിതമായ സാംസ്‌കാരിക അധിനിവേശവും. ചരിത്രപരമായി ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നുവന്ന സാംസ്‌കാരികസ്വത്വബോധത്തെ ഇവ രണ്ടും പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്നു. വര്‍ഗീയത മതസാംസ്‌കാരിക ദേശീയതയെ സൃഷ്ടിക്കാന്‍ പാടുപെടുമ്പോള്‍ ബഹുരാഷ്ട്ര മുതലാളിത്തശക്തികള്‍ ദേശീയതയെത്തന്നെ താഴ്ത്തിക്കെട്ടാനാണ് ലക്ഷ്യമിടുന്നത്.

ബിജെപി കേന്ദ്രത്തില്‍ ഭരണസാരഥ്യത്തിലെത്തിയ ശേഷം സാംസ്‌കാരികമണ്ഡലത്തെ വര്‍ഗീയ തയുടെ വരുതിയില്‍ വരുത്താന്‍ നടത്തിയ നീക്കങ്ങള്‍ നിരവധിയാണ്. ചിന്താസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും എതിരായി സംഘടിപ്പിക്കപ്പെട്ട ആക്രമണങ്ങള്‍ പൊതുജന ശ്രദ്ധയില്‍ വരികയും അവയ്‌ക്കെതിരായി വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരികയുമുണ്ടായിട്ടുണ്ട്. എം.എഫ് ഹുസൈന്‍ ഒരു ഉദാഹരണം മാത്രം. അത്രതന്നെ അറിയപ്പെടാത്ത ആക്രമണങ്ങള്‍ നിരവധിയാണ്. വര്‍ഗീയതയ്‌ക്കെതിരായി ശബ്ദമുയര്‍ത്തിയ എല്ലാ ബുദ്ധിജീവികളെയും കലാകാരന്മാരെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമവും നടന്നിട്ടുണ്ട്. സംഘപരിവാരത്തിന്റെ കാര്‍മികത്വത്തിലും ഭരണകൂടത്തിന്റെ സഹായത്തോടെയും നടന്ന സാംസ്‌കാരികധ്വംസനം വ്യക്തിപരമായ അധിക്ഷേപങ്ങളിലും അവഹേളനങ്ങളിലും അടങ്ങിനിന്നിരുന്നില്ല. സാംസ്‌കാരിക ബഹുസ്വരതയില്‍ അധിഷ്ഠിതമായ പാരമ്പര്യത്തെയും ജീവിതരീതിയെയും സാമൂഹ്യബന്ധങ്ങളെയും തമസ്‌കരിക്കാനുള്ള ശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിലെ ബുദ്ധിജീവികളില്‍ ഒരു വിഭാഗം വര്‍ഗീയതയുടെ ചേരിയിലേക്ക് മാറിയതായി കാണാം. ഈ മാറ്റത്തെ അധികാരവുമായി ബന്ധപ്പെട്ട അവസരവാദം മാത്രമായി തള്ളിക്കളയാന്‍ കഴിയില്ല. ഇന്ത്യയിലെ സാംസ്‌കാരിക-ധൈഷണിക മണ്ഡലങ്ങളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്നത് മതേതര ബുദ്ധിജീവികളാണ്. സാംസ്‌കാരിക രംഗത്തെ വര്‍ഗീയതയുടെ വരുതിയില്‍ കൊണ്ടുവരണമെങ്കില്‍ അവരുടെ സ്വാധീനത്തെ ഇല്ലായ്മ ചെയ്‌തേ മതിയാകൂ. അതുകൊണ്ടാണ് മതേതര, സാംസ്‌കാരിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും അപകീര്‍ത്തിപ്പെടുത്താനും ആക്രമിക്കാനും ശ്രമങ്ങളുണ്ടായത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും ശാരീരികമായ പീഡനങ്ങള്‍ പോലും ചില സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരിടേണ്ടിവന്നു. ഫാഷിസ്റ്റ് ശക്തികള്‍ അനുവര്‍ത്തിച്ചുപോന്ന ഈ തന്ത്രം പരിവാരസംഘടനകള്‍ വളരെ ഫലപ്രദമായി ഉപയോഗിച്ചു.

ഈ ആക്രമണം നേരിടാന്‍ ധൈര്യമില്ലാത്ത പലരും നിശ്ശബ്ദരാവുകയോ പിന്‍വാങ്ങുകയോ ചെയ്തു. അതുതന്നെയാണ് സംഘപരിവാരം ആഗ്രഹിച്ചത്. കാരണം മതേതരബുദ്ധിജീവികള്‍ ഉപേക്ഷിച്ചുപോയ പൊതുമണ്ഡലത്തെ കീഴ്‌പ്പെടുത്താന്‍ അവര്‍ക്ക് എളുപ്പം സാധിക്കും. അധികാരം വല്ലാത്തൊരു ലഹരിയാണ്. മതേതരബുദ്ധിജീവികളില്‍ പലര്‍ക്കും വര്‍ഗീയശക്തികള്‍ ഭരണത്തിലെത്തിയപ്പോഴുണ്ടായ ‘മനഃപരിവര്‍ത്തനം' ഈ ലഹരിയുടെ ഫലമാണെന്നുവേണം കരുതാന്‍. അവരില്‍ പലരും ‘കാവി' ഭാരതീയ പാരമ്പര്യത്തിന്റെ ചിഹ്നമാണെന്ന് ‘കണ്ടുപിടിച്ചു.' ഇന്ത്യയുടെ സംസ്‌കാരം ഹിന്ദുസംസ്‌കാരമാണെന്ന് ‘തിരിച്ചറിഞ്ഞു.' ഇന്ത്യ മതേതര രാഷ്ട്രമായത് ഹിന്ദുമതത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് വാദിച്ചു. ഈ തിരിച്ചറിവുകള്‍ അവരില്‍ പലരെയും കാവിപക്ഷത്തേക്കെത്തിച്ചു. അവിടെനിന്ന് സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് ചേക്കേറാന്‍ സഹായിക്കുകയും ചെയ്തു.